ADVERTISEMENT

ഏതാനും വര്‍ഷം മുൻപ് വരെ പ്രീമിയം ഫോണുകളില്‍ മാത്രം കണ്ടിരുന്ന ഫീച്ചറായിരുന്നു വയര്‍ലെസ് ചാര്‍ജിങ്.  ഇന്നിത് മധ്യനിര ഫോണുകളിലേക്കും എത്തിരിക്കുന്നു. താമസിയാതെ വില കുറഞ്ഞ ഫോണുകളിലേക്കും എത്തും. എന്നാല്‍, വയര്‍ലെസ് ചാര്‍ജിങ്ങിനെക്കുറിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ചിലര്‍ പറയുന്നത് വയര്‍ലെസ് ചാര്‍ജര്‍ ആരോഗ്യത്തിനു ഹാനികരമായ റേഡിയേഷന്‍ ഉണ്ടാക്കുമെന്നാണ്. മറ്റുചിലര്‍ പറയുന്നത് ഇത് ഫോൺ ബാറ്ററിയുടെ ആയുസ് കുറയ്ക്കുമെന്നാണ്. 

അതേസമയം, വയര്‍ലെസ് ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പല കെട്ടുകഥകള്‍ക്കും ഉത്തരംകിട്ടാതെ വിഷമത്തിലാണ് ചില ഉപയോക്താക്കള്‍. വയര്‍ലെസ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോൾ ഫോണ്‍ കുത്തിവയ്‌ക്കേണ്ട, ഫോണ്‍ വെറുതെ വച്ചാല്‍ മതി എന്നത് സൗകര്യമാണ്. എന്നാൽ, വയര്‍ലെസ് ചാര്‍ജിങ്ങിന് പൊതുവെ വേഗം കുറവാണെന്നതും, വയര്‍ലെസ് ചാര്‍ജിങ് ചെയ്യുമ്പോൾ പല ഹാന്‍ഡ്‌സെറ്റുകളും ആവശ്യത്തിലേറെ ചൂടാകുന്നു എന്നതും പലരെയും വയര്‍ലെസ് ചാര്‍ജിങ്ങിൽ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. 

∙ ഇന്ത്യയില്‍ വയര്‍ലെസ് ചാര്‍ജിങ് വ്യാപകമാകാത്തത് എന്തുകൊണ്ട്?

കുറഞ്ഞ വിലയുടെ ഫോണുകളിലേക്ക് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍ എത്തുന്നതേയുള്ളു എന്നത് ഒരു കാര്യമാണ്. പക്ഷേ, ഫോണിനൊപ്പം ഒരു കമ്പനിയും വയര്‍ലെസ് ചാര്‍ജര്‍ ഫ്രീയായി നല്‍കാത്തതാണ് മറ്റൊരു കാരണം. വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുള്ള ഫോണുകള്‍ കൈവശമുള്ളവര്‍ പോലും ഉപയോഗിക്കാത്തതിന്റെ ഒരു കാരണവും ഇതാണ്. വയര്‍ലെസ് ചാര്‍ജര്‍ കാശുകൊടുത്തു വാങ്ങാനൊന്നും പലരും ഒരുക്കമല്ല. ഇതുകൊണ്ടു തന്നെ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് ഇല്ലെന്ന കാരണത്താല്‍ ആരും വാങ്ങാതിരിക്കുന്നില്ല. കൂടാതെ, വയര്‍ലെസ് ചാര്‍ജറുകള്‍ക്ക് പൊതുവെ വലുപ്പക്കൂടുതലുണ്ട്. ഇതിനാല്‍ കൊണ്ടുനടക്കുക അത്രയ്ക്ക് എളുപ്പമല്ല എന്നതും പല ഇന്ത്യന്‍ ഉപയോക്താക്കളെയും വയര്‍ലെസ് ചാര്‍ജിങ്ങിൽ നിന്നു പിന്തിരിപ്പിക്കുന്നു.

∙ വയര്‍ലെസ് ചാര്‍ജിങ് ആരോഗ്യത്തിനു ഹാനികരമോ?

വയര്‍ലെസ് ചാര്‍ജിങ് നടക്കുമ്പോള്‍ മനുഷ്യ ശരീരത്തിനു ഹാനികരമായ പ്രസരണങ്ങള്‍ നടക്കുന്നുവെന്ന വാദമുണ്ട്. എന്നാല്‍, വാങ്ങുന്ന വയര്‍ലെസ് ചാര്‍ജറുകള്‍ക്ക് ക്വി (Qi) സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ മുദ്ര ഉള്ളതാണെങ്കില്‍ ഈ പ്രശ്‌നമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതു പോരെങ്കില്‍ ഇങ്ങനെയുണ്ടാകുന്ന റേഡിയേഷന്‍ വളരെ ചെറിയ തോതിലാണെന്നും അത് മനുഷ്യ ശരീരത്തിന് ഹാനികരമല്ലെന്നും വാദമുണ്ട്.

∙ വയര്‍ലെസ് ചാര്‍ജിങ് ബാറ്ററിയുടെ ആയുസു കുറയ്ക്കുമോ?

വയര്‍ലെസായി ചാര്‍ജ് ചെയ്താല്‍ ഫോൺ ബാറ്ററിയുടെ കോശങ്ങള്‍ പെട്ടെന്നു നശിക്കുമെന്നും അതുവഴി താരതമ്യേന പെട്ടെന്നു ഉപയോഗശൂന്യമാകുമെന്ന വാദം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇതിനു വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പല ഗവേഷകരും പറയുന്നത്. ഒരുപക്ഷേ സാധാരണ ചാര്‍ജിങ് കോഡുപയോഗിച്ച് ചാര്‍ജു ചെയ്യുന്നതിനേക്കാള്‍ സുരക്ഷിതമായിരിക്കാമെന്നും അവര്‍ പറയുന്നു.

∙ വയര്‍ലെസായി ചാര്‍ജു ചെയ്താല്‍ ഫോണ്‍ അധികം ചൂടാകുന്നു

ഫോണ്‍ വയര്‍ലെസായി ചാര്‍ജു ചെയ്താല്‍ അധികം ചൂടാകുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍, ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അതുവഴി ഫോണിന്റെ ഉള്‍ഭാഗത്തിനു പ്രശ്‌നം വരില്ലെന്നും വിദഗ്ധര്‍ പറയുന്നു. ക്വി (Qi) സര്‍ട്ടിഫിക്കേഷനുള്ള ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു പ്രശ്നവുമില്ലെന്നാണ് വാദം.

battery

 

∙ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ല

 

കേബിള്‍ വഴിയാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതെങ്കില്‍ കോഡ് ഊരാതെ കോള്‍ എടുക്കാം. ചാര്‍ജിങ് തുടര്‍ന്നുകൊണ്ടിരിക്കും. അതേസമയം, മാറ്റില്‍ വച്ചു ചാര്‍ജ് ചെയ്യുന്ന സമയത്ത് കോള്‍ വന്നാല്‍ ഫോണ്‍ എടുക്കേണ്ടതായി വരും. ചാര്‍ജിങ് മുറിയും. പക്ഷേ, തുടര്‍ച്ചയായ ചാര്‍ജിങ് അല്ല ഇക്കാലത്ത് കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നത്. ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത് 0-100ലേക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതല്ല. മറിച്ച് ഇടയ്ക്കിടയ്ക്ക് ചാര്‍ജു ചെയ്യുന്നതാണ് നല്ലതെന്നാണ് പുതിയ വാദം. ഇതിനാല്‍ തന്നെ കോൾ വരുമ്പോള്‍ വയര്‍ലെസ് ചാര്‍ജിങ് മാറ്റില്‍ നിന്ന് ഫോൺ എടുത്താലും പ്രശ്‌നമുണ്ടാവില്ല. എല്ലാ ആധുനിക സ്മര്‍ട് ഫോണുകൾക്കും ഇടയ്ക്കിടയ്ക്ക് ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ചാര്‍ജ് മുഴുവന്‍ തീര്‍ന്നിട്ട് 0-100 ചാര്‍ജ് ചെയ്യുന്ന രീതി ബാറ്ററികള്‍ക്ക് ഹാനികരമാണ് എന്നാണ് പുതിയ കണ്ടെത്തൽ.

 

∙ വളരെ പതുക്കെയാണ് ചാര്‍ജിങ്

 

വാള്‍ ചാര്‍ജറുകളും മറ്റും ഉപയോഗിച്ചാല്‍ ലഭിക്കുന്ന വേഗം പല വയര്‍ലെസ് ചാര്‍ജറുകള്‍ക്കും ഇല്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അടുത്തിടെ ഇറക്കിയ വണ്‍പ്ലസ് 9 സീരീസിന് 50w വയര്‍ലെസ് ചാര്‍ജിങ് ശേഷിയുണ്ടെന്നു പറയുന്നു. പക്ഷേ, പൊതുവെ വയര്‍ലെസ് ചാര്‍ജിങ്ങിന് വേഗം കുറവാണ്.

 

∙ ഫോണിന്റെ കവറിട്ടാല്‍ വയര്‍ലെസ് ചാര്‍ജിങ് നടക്കില്ലേ?

 

വയര്‍ലെസ് ചാര്‍ജിങ് അവതരിപ്പിച്ച കാലത്ത് അങ്ങനെയൊരു പ്രശ്‌നമുണ്ടായിരുന്നു. ഫോണുകളുടെ പുറമേ കവര്‍ ഉണ്ടെങ്കില്‍ അത് നീക്കിയ ശേഷം മാത്രമാണ് ചാര്‍ജ് ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍, പുതിയ എല്ലാ മോഡലുകള്‍ക്കും തന്നെ ഈ പ്രശ്‌നമില്ല. കവറോടു കൂടി ചാര്‍ജിങ് മാറ്റില്‍ വയ്ക്കാം. ഓരോ തവണയും ചാര്‍ജ് ചെയ്യാനായി കവർ നീക്കേണ്ട കാര്യമില്ല.

 

English Summary: Myths and facts about wireless charging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com