ADVERTISEMENT

ഇനി ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ കയ്യിലിരിക്കുന്ന ഫോണ്‍ ഉപയോഗിക്കുകയൊന്നും വേണ്ട. വച്ചിരിക്കുന്ന കണ്ണടയിലുള്ള ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം മതി. പ്രമുഖ കണ്ണട നിര്‍മാണ കമ്പനിയായ റെയ്-ബാനുമായി (Ray-Ban) സഹകരിച്ച് ഫെയ്സ്ബുക്കാണ് പുതിയ സ്മാർട് കണ്ണട അവതരിപ്പിച്ചത്. 'റെയ്-ബാന്‍ സ്റ്റോറീസ്' എന്നു പേരിട്ടിരിക്കുന്ന ഗ്ലാസിന് ഇരുവശത്തുമായി രണ്ടു ക്യാമറകളും, ഇയര്‍ഫോണുകളായി പ്രവര്‍ത്തിക്കാവുന്ന തരത്തിലുള്ള സ്പീക്കറുകളും ഉണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ സ്മാര്‍ട് ഗ്ലാസുമായി ബന്ധിപ്പിക്കുന്ന ഫോണിലേക്ക് വരുന്ന കോളുകള്‍ സ്വീകരിക്കാനും മറുപടി പറയാനും സാധിക്കും. ഫോണിലുള്ള പാട്ടുകള്‍ വയര്‍ലെസ് ഇയര്‍ഫോണിലേത് പോലെ കേള്‍ക്കുകയും ചെയ്യാം എന്നതാണ് സ്മാർട് ഗ്ലാസിന്റെ പ്രധാന ഗുണങ്ങള്‍.

 

∙ കണ്ണട ഉപയോഗിച്ചു പാട്ടുകള്‍ കേള്‍ക്കാം

 

മ്യൂസിക്, ഫോണ്‍ കോൾ, ക്യാമറകൾ എല്ലാം ഗ്ലാസ് ഉപയോഗിച്ചു നിയന്ത്രിക്കുകയും ചെയ്യാം. അടുത്ത പാട്ടു കേള്‍ക്കാനും നേരത്തെ കേട്ടിട്ടുള്ള പാട്ടിലേക്കു മടങ്ങാനും എല്ലാം ഗ്ലാസ് വഴി സാധിക്കും. റെയ്-ബാന്‍ സ്‌റ്റോറീസ് ഉപയോഗിച്ച് ചെയ്യാവുന്നത് ഇതൊക്കെയാണെങ്കിലും ഫെയ്‌സ്ബുക്കിന്റെ പുതിയ ചുവടുവയ്പ് ഒരേസമയം ഭയവും ആഹ്ലാദവും തരുന്നതാണെന്ന് പറയുന്നു. ഗ്ലാസ് ധരിച്ചയാളിന് മറ്റുള്ളവര്‍ അറിയാതെ നിരത്തുകളിലൂടെയും മറ്റും ഫോട്ടോയും വിഡിയോയും പകര്‍ത്തി നടക്കാം. ഇത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായേക്കാം എന്നു വാദിക്കുന്നവരും ഉണ്ട്. മറ്റു വിശേഷങ്ങളിലേക്കും കടക്കാം:

 

∙ സ്‌പെക്റ്റക്ക്ൾ‍‍സിനു പിന്നില്‍ സ്ഥാനം

 

ലോകത്തെ മുൻനിര ടെക്‌നോളജി കമ്പനികളിലൊന്നായ ഫെയ്‌സ്ബുക് വെയറബ്ള്‍സ് എന്ന മേഖലയിലേക്ക് ശ്രദ്ധിച്ചു തുടങ്ങി എന്നതിന്റെ ഉദാഹരണമാണ് പുതിയ സ്മാര്‍ട് ഗ്ലാസ്. ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) മുതല്‍ മെറ്റാവേഴ്‌സ് (https://bit.ly/3nuR5J8) വരെയുള്ള കമ്പനിയുടെ അടുത്ത കുതിപ്പിന്റെ ആദ്യപടിയാണ് ഇതെന്നു പറയുന്നവരും ഉണ്ട്. അതേസമയം, ഇന്ന് റെയ്-ബാന്‍ സ്റ്റോറീസിനെക്കാള്‍ ആധുനികമായ സ്മാര്‍ട് ഗ്ലാസുകളുമുണ്ട്. 2016ല്‍ ഈ രംഗത്തെത്തിയ സ്‌നാപ്ചാറ്റിന്റെ 'സ്‌പെക്റ്റക്ക്ള്‍സ്' (പുതിയ മോഡല്‍) ഏറ്റവും ആധുനികമായ ഒന്നാണ്. ഓഗ്‌മെന്റഡ് റിയാലിറ്റിയും ഇതില്‍ സാധ്യമാണ് എന്നതാണ് അധികഗുണം. ഇത്തരത്തിലൊരു ഗ്ലാസ് ആപ്പിളും നിര്‍മിച്ചുവരികയാണ് എന്നും വാര്‍ത്തകളുണ്ട്. ഫെയ്‌സ്ബുക്കിന്റെ ആദ്യ ഗ്ലാസില്‍ എആര്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ മാത്രമാണ് ഫലം.

 

∙ സ്വകാര്യതയുടെ കാര്യത്തില്‍ ഗൂഗിള്‍ ഗ്ലാസിനേക്കാള്‍ ഭേദമോ?

 

വെയറബ്ള്‍സ് ടെക്‌നോളജി വളര്‍ച്ചയുടെ പാതയിലാണ്. കാലത്തിനു മുൻപേ എത്തിയതെന്നു വിളിക്കപ്പെടുന്ന ഗൂഗിള്‍ ഗ്ലാസ്, റെയ്-ബാന്‍ സ്റ്റോറീസിനേക്കാള്‍ ആധുനികം പോലും ആയിരുന്നു. പക്ഷേ, അതിനൊരു ഗുരുതരമായ സ്വകാര്യതാ പ്രശ്‌നമുണ്ടായിരുന്നു. ഇത് ധരിച്ചയാള്‍ നമ്മുടെ മുന്നില്‍വന്നാല്‍ അയാള്‍ നമ്മുടെ ചിത്രങ്ങളോ വിഡിയോയോ പകര്‍ത്തുകയാണോ എന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, അതല്ല തങ്ങളുടെ ഗ്ലാസിന്റെ കാര്യമെന്ന് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു. റെയ്-ബാന്‍ സ്റ്റോറീസ് ചിത്രങ്ങളോ വിഡിയോയോ പകര്‍ത്തുമ്പോള്‍ അതിന്റെ മുന്നിലൊരു ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കും. അതുകൊണ്ട് റെയ്-ബാന്‍ സ്റ്റോറീസ് ധരിക്കുന്നവരെ പേടിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, ഇതു ടെസ്റ്റു ചെയ്ത റിവ്യൂവര്‍മാര്‍ പറയുന്നത് നിരത്തിലും മറ്റും പകല്‍ സമയത്ത് ഈ ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നുണ്ടോ എന്നും മറ്റും ആരും ശ്രദ്ധിക്കില്ലെന്നാണ്. എന്നാല്‍, ഇത്തരമൊരു ലൈറ്റ് ഇല്ലാതിരുന്നതാണ് ഗൂഗിള്‍ ഗ്ലാസിന്റെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന് എന്നു ചില റിവ്യൂവര്‍മാര്‍ പറഞ്ഞിരുന്നു. ഗൂഗിള്‍ ഗ്ലാസ് ധരിച്ചവര്‍ മുറികളിലേക്കും മറ്റും കയറി വരുമ്പോള്‍ മറ്റുള്ളവര്‍ അസ്വസ്ഥരായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഒരു പരിധിവരെ അത് ഇല്ലാതാക്കാന്‍ സക്കര്‍ബര്‍ഗിന് സാധിച്ചിരിക്കുന്നു എന്നു പറയാം.

 

∙ രണ്ട് 5എംപി ക്യാമറകള്‍

 

റെയ്-ബാന്‍ സ്റ്റോറീസിന്റെ ഇരു വശത്തുമായി രണ്ട് 5 എംപി ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവയെ ഫ്രെയ്മിലുള്ള ഹാര്‍ഡ്‌വെയര്‍ ബട്ടണ്‍ ഉപയോഗിച്ചോ, വോയിസ് കമാന്‍ഡ് വഴിയോ (ഹായ് ഫെയ്‌സ്ബുക് ടെയ്ക് എ പിക്ചര്‍ അല്ലെങ്കില്‍ റെക്കോഡ് എ വിഡിയോ) നിയന്ത്രിക്കാം. എന്നാൽ ചിത്രങ്ങള്‍ക്ക് വേണ്ടത്ര മികവൊന്നും ഇല്ലെന്നാണ് സൂചന. അതേസമയം, ഫോണ്‍ എടുത്ത് ഫോട്ടോ എടുക്കേണ്ട കാര്യമില്ല എന്നത് ചിലര്‍ക്ക് ഗുണകരമാകും. കുക്കറി ഷോകളുടെയും മറ്റും വിഡിയോ പകര്‍ത്തുന്നുണ്ടെങ്കില്‍ ഇതില്‍ നിന്നുള്ള ഫുട്ടേജും ഉപയോഗിച്ചാല്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാന്‍ സാധിച്ചേക്കും. വിഡിയോ ഫുട്ടേജും അത്ര മികവാര്‍ന്നതല്ല. മികച്ച സ്മാര്‍ട് ഫോണുകള്‍ 12 എംപി എങ്കിലും റസലൂഷനുള്ള ക്യാമറകളാണ് ഉപയോഗിക്കുന്നത്. അതേസമയം, പകര്‍ത്തുന്ന ഫോട്ടോകളും വിഡിയോകളും ഫോണിലേക്ക് സ്വീകരിച്ച് ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയർ ചെയ്യാം.

 

∙ ഓഡിയോ

 

സ്മാര്‍ട് ഫോണുമായി ബന്ധിപ്പിച്ച് ഗ്ലാസിനെ ഒരു വയര്‍ലെസ് ഇയര്‍ഫോണ്‍ ആയും ഉപയോഗിക്കാം. പാട്ടും പോഡ്കാസ്റ്റും എല്ലാം കേള്‍ക്കുകയും ചെയ്യാം. എന്നാല്‍, 70 ശതമാനം വരെ വോളിയം ഇട്ടാല്‍ നിങ്ങള്‍ കേള്‍ക്കുന്ന പാട്ട് അടുത്തു നില്‍ക്കുന്നവരും കേള്‍ക്കുമെന്നും റിവ്യൂവര്‍മാര്‍ പറയുന്നു. തരക്കേടില്ലാത്ത ഗുണനിലവാരമുള്ള സ്പീക്കറുകളാണെങ്കിലും ആപ്പിളിന്റെ എയര്‍പോഡ്‌സിനെ പോലെയുള്ള വയര്‍ലെസ് ഇയര്‍ഫോണുകളുടെ ഗുണനിലവാരമൊന്നും പ്രതീക്ഷിക്കുകയും വേണ്ടെന്ന് പറയുന്നു. അതേസമയം, ക്യാമറയുടെയും ഓഡിയോയുടെയും കാര്യത്തിൽ ഏതാനും പുതുമകള്‍ ഫെയ്‌സ്ബുക്കിന്റെ ആദ്യ ഉദ്യമത്തില്‍ കാണാം. ഈ ഗ്ലാസ് വാട്ടര്‍ റെസിസ്റ്റന്റ് അല്ല. ഇതിനാല്‍ മഴയത്തും നീന്തല്‍ കുളങ്ങളുടെ അടുത്തും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

 

∙ റെയ്-ബാനുമായുള്ള സഹകരണം

 

ഫെയ്സ്ബുക്കിന്റേത് മികച്ച തുടക്കമാണ് എന്നാണ് മിക്കവരും വിലയിരുത്തുന്നത്. ഇതിന്റെ ഒരു കാരണം ഫ്രെയ്മുകള്‍ നിര്‍മിച്ചു തഴക്കം വന്ന കമ്പനിയായ റെയ്-ബാനുമായി സഹകരിക്കാനുള്ള തീരുമാനമാണ്. റെയ്-ബാന്‍ ഗ്ലാസുകള്‍ മിക്കപ്പോഴും എടുത്തുനില്‍ക്കുന്നു. റെയ്-ബാന്‍സ്റ്റോറീസിന്റെ കാര്യത്തിലും അത് വ്യക്തമാണ്. അതേസമയം, ഇതില്‍ എആര്‍ ഫീച്ചറുകള്‍ ഇല്ല എന്നത് ഒരു കുറവാണെന്നു പറയുന്നു. കാശുള്ളവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു പിറന്നാള്‍ സമ്മാനമായും മറ്റും നല്‍കാന്‍ കൊള്ളാവുന്ന ഒന്നാണെന്നും വിലയിരുത്തപ്പെടുന്നു. കാശിന്റെ കാര്യം പറഞ്ഞാല്‍, റെയ്-ബാന്‍ സ്റ്റോറീസിന് വിലയിട്ടിരിക്കുന്നത് 299 ഡോളറാണ്. ഏകദേശം 30,000 രൂപയായിരിക്കും വില. എപ്പോഴും റെക്കോഡു ചെയ്യാവുന്ന ക്യാമറ ധരിച്ചവർ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായേക്കാമെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരിക്കുമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

 

English Summary: Ray-Ban Stories: New smart glasses from Ray-Ban and Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com