ADVERTISEMENT

ആപ്പിള്‍ വാച്ചിന് എതിരാളിയാകാന്‍ ഒരു സ്മാര്‍ട് വാച്ചിന്റെ നിര്‍മാണത്തിലാണ് മെറ്റാ– ഫെയ്‌സ്ബുക് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. പുതിയതായി പ്രഖ്യാപിച്ച മെറ്റാ കമ്പനിക്കു കീഴിലായിരിക്കും പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുക. വൃത്താകൃതിയിലുള്ള സ്‌ക്രീനായിരിക്കും ഫെയ്‌സ്ബുക് വാച്ചിനെന്നും പറയുന്നു. വാച്ചിന്റെ നോച്ചില്‍ ക്യാമറയും ഘടിപ്പിച്ചിരിക്കും. സ്‌ക്രീനിന്റെ താഴെയായിരിക്കും നോച്ച്. ക്യാമറയുമായി ഒരു പ്രമുഖ കമ്പനി ഇറക്കുന്ന ആദ്യ സ്മാര്‍ട് വാച്ച് ആയിരിക്കും ഇതെന്നും പറയുന്നു.

 

ഫെയ്സ്ബുക്കിന്റെ ഐഒഎസ് ആപ്ലിക്കേഷനുകളിലൊന്നിലാണ് വാച്ചിന്റെ ചിത്രം കണ്ടെത്തിയത്. പുറത്തുവന്ന ചിത്രത്തിൽ കണ്ടതുപ്രകാരം ഫ്രണ്ട് ഫേസിങ് ക്യാമറയും വൃത്താകൃതിയിലുള്ള സ്‌ക്രീനുമുണ്ട്. അരികുകളിൽ ചെറുതായി വളഞ്ഞ സ്‌ക്രീനും കേസിങ്ങുമുള്ള ഒരു വാച്ചാണ് ഫോട്ടോയിൽ കാണിക്കുന്നത്. ഒരു സ്മാർട് ഫോണിൽ കാണുന്നത് പോലെയാണ് ഫ്രണ്ട് ഫേസിങ് ക്യാമറ. ഡിസ്‌പ്ലേയുടെ ചുവടെയാണ് ഇത് ദൃശ്യമാകുന്നത്. വലതുവശത്ത് വാച്ചിനായി ഒരു കണ്ട്രോൾ ബട്ടണും ഉണ്ട്.

 

റേ-ബാനുമായി സഹകരിച്ച് പുറത്തിറക്കിയ പുതിയ സ്മാർട് ഗ്ലാസുകൾ നിയന്ത്രിക്കുന്നതിനുള്ള കമ്പനിയുടെ ആപ്പിനുള്ളിലാണ് വാച്ചിന്റെ ചിത്രം കണ്ടെത്തിയത്. ആപ് ഡെവലപ്പർ സ്റ്റീവ് മോസർ കണ്ടെത്തിയ ചിത്രം ബ്ലൂംബെർഗ് ന്യൂസുമായി പങ്കിടുകയായിരുന്നു. എന്നാൽ, ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ മെറ്റാ വക്താവ് വിസമ്മതിച്ചു.

 

വാച്ചിൽ വേർപെടുത്താവുന്ന റിസ്റ്റ് സ്‌ട്രാപ്പും വാച്ച് കെയ്‌സിന്റെ മുകളിൽ ഒരു ബട്ടണായി കാണപ്പെടുന്നുണ്ട്. വിപണിയിൽ വിൽക്കുന്ന അടിസ്ഥാന ഫിറ്റ്നസ് ട്രാക്കറുകളേക്കാൾ വലിയ ഡിസ്പ്ലേയാണ് കാണുന്നത്. ആപ്പിൾ വാച്ചിന്റെ ശൈലിയെ അനുകരിക്കുന്നുമുണ്ട്. വിഡിയോ കോൺഫറൻസിങ്ങിനായി മെറ്റായുടെ വാച്ച് ഉപയോഗിക്കാൻ സാധിച്ചേക്കുമെന്നാണ് ഡിസ്പ്ലേയിലെ ക്യാമറ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ സ്മാർട് വാച്ചിൽ ക്യാമറയില്ല, സാംസങ് പോലുള്ള കമ്പനികളുടെ സ്മാർട് വാച്ചുകളിലും ക്യാമറയില്ല.

 

ഫെയ്സ്ബുക്കിന്റെ ആദ്യ വാച്ച് 2022 ൽ തന്നെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. അതേസമയം, ഫെയ്സ്ബുക് ഈ മേഖലയിലേക്കും ഇറങ്ങുന്നതിന്റെ ആദ്യ തെളിവാണിതെന്നും വിലയിരുത്തുന്നു. ഹാർട്ട് റേറ്റ് മോണിറ്ററും ഈ ഉപകരണങ്ങളിൽ ഉൾപ്പെട്ടേക്കാമെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിന്റെ വാച്ച് പ്ലാനുകളെ കുറിച്ച് ദി വെർജ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

 

English Summary: Meta Plans to Launch Smartwatch With Camera as Competitor to Apple Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com