ADVERTISEMENT

വഴിയോരക്കച്ചവടത്തിൽ പോലും ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമാക്കി ഇന്റർനെറ്റ് വിപ്ലവം അരങ്ങുതകർക്കുമ്പോൾ അതിന്റെ ഭാഗമാകാൻ അവസരം കിട്ടാതിരിക്കുന്ന ജനലക്ഷങ്ങൾ ബാക്കിയുണ്ട്. സ്മാർട്ഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനാകാത്തതാണ് മിക്കവർക്കും തടസ്സം. അതുകൊണ്ടുതന്നെ വില കുറഞ്ഞ 4ജി സ്മാർട്ഫോണുകളുടെ പ്രസക്തി വളരെ വലുത്. 4ജി ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ഈയിടെ ‘ജിയോഫോൺ നെക്സ്റ്റ്’ എന്ന ഫോൺ പുറത്തിറക്കിയത് സ്മാർട്ഫോണിലേക്കും 4ജിയുടെ സൗകര്യങ്ങളിലേക്കും ജനത്തെ ആകർഷിക്കാനാണ്.

 

ഇന്റർനെറ്റിന്റെ പര്യായമായിമാറിയ സാക്ഷാൽ ഗൂഗിളുമായുള്ള പങ്കാളിത്തത്തിൽ ഒരുങ്ങിയതാണു ഫോൺ. ഗൂഗിൾ സേവനങ്ങൾ നിറച്ചെത്തുന്ന ജിയോഫോൺ നെക്സ്റ്റ് ഒട്ടേറെ സൗകര്യങ്ങളാണ് സാധാരണക്കാർക്കു മുന്നിലേക്ക് എത്തിക്കുന്നത്. ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ (ഒഎസ്) ആധാരമാക്കി ഗൂഗിൾ പ്രത്യേകമായി തയാറാക്കിയ പ്രഗതി ഒഎസ് ആണ് ജിയോഫോണിന്റേത്. 2 ജിബി വരെ റാം ഉള്ള ഫോണുകൾക്ക് സുഗമമായി പ്രവർത്തിക്കാനാകുംവിധം രൂപപ്പെടുത്തിയ ‘ആൻഡ്രോയ്ഡ് ഗോ’യുമായി തികഞ്ഞ സാമ്യമുള്ള അനായാസം ഉപയോഗിക്കാനാകുന്ന ഒഎസ് ആണു പ്രഗതി.

 

സ്ക്രീനിൽ തെളിയുന്ന എന്തും (അത് ആപ് ആയാലും വെബ് പേജ് ആയാലും കുറിപ്പ് ആയാലും ഫോട്ടോയിലുള്ള വാക്കുകളായാലും) നമ്മുടെ ഭാഷയിലേക്കു തർജമ ചെയ്ത് കാണിക്കും, വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഉറക്കെ വായിച്ചുകേൾപ്പിക്കും. ഇനി, ഇതിൽ ഏതെങ്കിലുമൊരു വാക്ക് ഇന്റർനെറ്റിൽ പരതി കൂടുതൽ അറിയണമെങ്കിൽ അതും കയ്യോടെ നടക്കും. ഗൂഗിൾ ലെൻസ്, ട്രാൻസ്‌ലേറ്റ്, അസിസ്റ്റന്റ് സംവിധാനങ്ങൾ ഏറ്റവും ‘യൂസർ–ഫ്രണ്ട്‌ലി’ ആയി സമ്മേളിക്കുകയാണ് ഈ ഫോണിൽ. 13 മെഗാപിക്സൽ മെയിൻ ക്യാമറയും 8എംപി സെൽഫി ക്യാമറയും മികച്ച റിസൽറ്റ് തരുന്നവ. വെളിച്ചക്കുറവുള്ളിടത്തും നന്നായി ചിത്രമെടുക്കാം. സെൽഫിയിൽ സ്നാപ്ചാറ്റ് ഫൺ കൂട്ടിയിണക്കി തൊപ്പിയും കൊമ്പുമൊക്കെ പിടിപ്പിച്ച് ആഘോഷമാക്കണമെങ്കിൽ അതുമാകാം. 5.45 ഇഞ്ച് സ്ക്രീനാണ്. 3500 എംഎഎച്ച് ബാറ്ററി നമുക്കു മാറ്റിയിടാനാകുന്നതാണ്. ശേഷി കുറഞ്ഞാൽ പുതിയ ബാറ്ററി വാങ്ങിയിടാനുള്ള സൗകര്യം വില കൂടിയ സ്മാർട്ഫോണുകളിലില്ല.

 

2 ജിബി റാം. 32 ജിബി സ്റ്റോറേജ് (512 ജിബി വരെയാക്കാം). 2 സിം. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൻ 215 പ്രോസസറാണ്. 6500 രൂപയാണു വില. 1999 രൂപ നൽകി ഫോൺ വാങ്ങാം; ബാക്കി തുകയും റീചാർജും ചേർന്ന തവണകളായി 18 മാസമോ 24 മാസമോ കൊണ്ട് അടയ്ക്കണം. അങ്ങനെ വാങ്ങിയിട്ട് തവണ മുടങ്ങിയാൽ ഫോൺ ബ്ലോക്ക് ആകും. ഒരു ജിയോ സിം എങ്കിലും ഇടണമെന്ന നിബന്ധനയുമുണ്ട്. ഇതുവരെ സ്മാർട്ഫോൺ ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ആ ലോകത്തേക്കു കടക്കാൻ മികച്ച ഓപ്ഷനാണ് ഈ ഫോൺ.

 

English Summary: 'JioPhone Next' sale starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com