ADVERTISEMENT

 ദിവസങ്ങൾക്ക് മുൻപാണ് മൈക്രോസോഫ്റ്റിന്റെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പായ സര്‍ഫസ് ലാപ്‌ടോപ് എസ്ഇ അവതരിപ്പിച്ചത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും മനസില്‍കണ്ടു നിര്‍മിച്ച ഈ ലാപ്‌ടോപ് പഠന ആവശ്യങ്ങള്‍ക്കുള്ളതാണ്. 249.99 ഡോളറാണ് വില. പുതിയ ലാപ്‌ടോപ്പിനായി വിന്‍ഡോസ് 11 ഒഎസിന്റെ മറ്റൊരു പതിപ്പ് വിന്‍ഡോസ് 11 എസ്ഇയും ഇറക്കിയിരുന്നു. വിന്‍ഡോസ് 11 എസ്ഇ ഉപയോഗിച്ചുള്ള ലാപ്‌ടോപ്പുകള്‍ അസൂസ്, എച്പി, ഡെല്‍ എയ്‌സര്‍, ലെനോവോ തുടങ്ങിയ കമ്പനികളും നിര്‍മിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. സര്‍ഫസ് ലാപ്‌ടോപ് എസ്ഇ ഇന്ത്യയില്‍ വിറ്റാലും ഇല്ലെങ്കിലും മറ്റു കമ്പനികളുടെ വിന്‍ഡോസ് 11 എസ്ഇ ഉള്ള ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണ്. സ്‌കൂളുകള്‍ക്കും മറ്റും മികച്ച സാധ്യതകളാണ് ഇത് തുറന്നിടുന്നത്. സ്‌കൂളുകളുടെ അഡ്മിനുകള്‍ക്കും മറ്റും ലാപ്‌ടോപ്പില്‍ നിയന്ത്രണങ്ങള്‍ വരെ നടത്താന്‍ സാധിച്ചേക്കുമെന്നാണ് സൂചന.

 

∙ ഇത് ക്രോം ബുക്കുകള്‍ക്ക് എതിരെയുള്ള നീക്കം

 

ഗൂഗിളിന്റെ ക്രോം ബുക്കുകള്‍ അമേരിക്കന്‍ സ്‌കൂളുകളില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതാണ് മൈക്രോസോഫ്റ്റിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രോംബുക്കുകള്‍ക്ക് എതിരെ നിരവധി വിന്‍ഡോസ് ലാപ്‌ടോപ്പുകൾ ഇറക്കിയെങ്കിലും കാര്യമായി വിജയിച്ചില്ല. അതേസമയം, സര്‍ഫസ് ലാപ്‌ടോപ് എസ്ഇ ആണ് ക്രോംബുക്കുകള്‍ക്കെതിരെയുള്ള ഗൗരവത്തിലെടുക്കേണ്ട മൈക്രോസോഫ്റ്റിന്റെ ആദ്യ പരീക്ഷണമെന്നും ദി വേര്‍ജ് നിരീക്ഷിക്കുന്നു. സര്‍ഫസ് ലാപ്‌ടോപ് ഗോ മോഡലിന്റെ കീബോര്‍ഡും ട്രാക്പാഡുമാണ് സര്‍ഫസ് ലാപ്‌ടോപ് എസ്ഇക്കും ഉപയോഗിച്ചിരിക്കുന്നത്. ലാപ്‌ടോപ്പിന് 11.6-ഇഞ്ച് വലുപ്പമുള്ള (1366 x 768 റെസലൂഷന്‍) സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ഈ സ്‌ക്രീനാണ് സര്‍ഫസ് ലാപ്‌ടോപ് എസ്ഇയുടെ ഏറ്റവും വലിയ പരിമിതി. പുതിയ ലാപ്‌ടോപ് മത്സരിക്കുന്നത് ലെനോവോ ക്രോംബുക്ക്ഡ്യൂവറ്റ് പോലെയുള്ള ലാപ്‌ടോപ്പുകളുമായാണ്. ഡ്യൂവറ്റിന് 10.1-ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. പക്ഷേ സ്‌ക്രീന്‍ റെസലൂഷന്‍ 1920 x 1200 ആണ്. ഇതിനും 249 ഡോളറാണ് വില.

 

∙ മറ്റു ഹാര്‍ഡ്‌വെയര്‍

 

ഇന്റല്‍ സെലറോണ്‍ എന്‍4020 അല്ലെങ്കില്‍ എന്‍4120 പ്രോസസറുകളാണ് സര്‍ഫസ് ലാപ്‌ടോപ് എസ്ഇക്കു ശക്തി പകരുന്നത്. ഇവയ്ക്ക് 4ജിബി അല്ലെങ്കില്‍ 8ജിബി റാമുള്ള വകഭേദങ്ങളും ഉണ്ട്. ടീംസ് മീറ്റിങ്‌സിനും മറ്റും മതിയായേക്കാവുന്ന 1എംപി ക്യാമറയും ഉണ്ട്. ക്യാമറയുടെ വിഡിയോ റെസലൂഷന്‍ 720പി ആണ്. ഒരു യുഎസ്ബി-എ പോര്‍ട്ട്, ഒരു യുഎസ്ബി-സി പോര്‍ട്ട്, ബാരല്‍ ടൈപ് ഡിസി കണക്ടര്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. സര്‍ഫസ് ലാപ്‌ടോപ് എസ്ഇക്ക് മൈക്രോസോഫ്റ്റിന്റെ മാഗ്നറ്റിക് സര്‍ഫസ് ചാര്‍ജിങ് പോര്‍ട്ടും ലഭിക്കുന്നില്ല. ഒറ്റ ഫുള്‍ ചാര്‍ജില്‍ 16 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനി പറയുന്നത്.

 

∙ ആപ്പുകള്‍

 

വിദ്യാര്‍ഥികള്‍ക്ക് അനാവശ്യമെന്നു തോന്നുന്ന ചില ഫീച്ചറുകള്‍ വിന്‍ഡോസ് 11ല്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. എന്നാല്‍, പുതിയ ചില ഡിഫോള്‍ട്ട് ഫീച്ചറുകൾ നിലനിർത്തിയിട്ടുമുണ്ട്. ഡോക്യുമെന്റുകളും മറ്റും മൈക്രോസോഫ്റ്റ് വണ്‍ഡ്രൈവിലേക്ക് ഓട്ടമാറ്റിക്കായി ബാക്-അപ് ചെയ്യാം. മൈക്രോസോഫ്റ്റ് ഓഫിസ്, ടീംസ്, വണ്‍നോട്ട്, മൈന്‍ക്രാഫ്റ്റ് ഫോര്‍ എജ്യൂക്കേഷന്‍, ഫ്‌ളിപ്ഗ്രിഡ് തുടങ്ങിയവയും പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. വെബ് കേന്ദ്രീകൃത, പഠന ആവശ്യ ആപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറ്റു കമ്പനികളുടെ ആപ്പുകളായ സൂമും ഗൂഗിള്‍ ക്രോമും ഉള്‍പ്പെടുത്താനും മൈക്രോസോഫ്റ്റ് മറന്നിട്ടില്ല. കൂടാതെ, തേഡ് പാര്‍ട്ടി സപ്പോര്‍ട്ട് വര്‍ധിപ്പിക്കുമെന്നും കമ്പനി പറയുന്നു. സ്‌കൂളുകളിലെ അഡ്മിനുകള്‍ക്ക് ഈ ഉപകരണങ്ങളുടെ നിയന്ത്രണവും ഉണ്ടായിരിക്കും. കുട്ടികള്‍ തമ്മിൽ സഹകരിച്ചുള്ള പഠനവും ലാപ്‌ടോപ്പില്‍ സാധ്യമായേക്കും.

 

∙ ഇഷ്ടംപോലെ റിപ്പെയര്‍ ചെയ്യാം

 

സര്‍ഫസ് ലാപ്‌ടോപ് എസ്ഇ വാങ്ങുന്ന സ്‌കൂളുകള്‍ക്ക് അവയ്ക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇഷ്ടംപോലെ റിപ്പെയര്‍ ചെയ്യാനുള്ള അവകാശവും നല്‍കും. ലാപ്‌ടോപ്പിനുള്ളിലെ ഭാഗങ്ങള്‍ കേടുവന്നാല്‍ അവ സ്‌കൂളുകളിലേയും മറ്റും ഐടി ടെക്‌നീഷ്യന്‍മാര്‍ക്ക് പരിഹരിക്കാന്‍ സാധിക്കും. ഇതിനായി എവിടെയും ലഭിക്കുന്ന സ്‌ക്രൂകളും മറ്റും ഉപയോഗിച്ചിരിക്കുന്നു. സ്‌കൂളുകളിലെ ഐടി അഡ്മിനുകള്‍ക്ക് ഡിസ്‌പ്ലേ, ബാറ്ററി, കീബോര്‍ഡ് എന്തിന് മദര്‍ബോര്‍ഡ് വരെ ആവശ്യം വന്നാല്‍ മാറ്റിവയ്ക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇക്കാര്യത്തില്‍ കഴിഞ്ഞ 18 മാസമായി സ്‌കൂളുകളിലെ ഐടി അഡ്മിനുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിവരികയായിരുന്നു കമ്പനി. ഇത്തരം ലാപ്‌ടോപ്പുകള്‍ക്ക് കേടുവന്നാല്‍ എന്തു സംഭവിക്കുമെന്ന ആശങ്ക അറിയിച്ചിരുന്നതിനാലാണ് മുന്നൊരുക്കം വേണ്ടിവന്നത്. വേണ്ട ഘടകഭാഗങ്ങളും കമ്പനി എത്തിച്ചു കൊടുക്കും.

 

∙ എല്ലാ മൈക്രോസോഫ്റ്റ് ലാപ്‌ടോപ്പുകളും ഇഷ്ടംപോലെ സര്‍വീസ് ചെയ്യാന്‍ സാധിച്ചേക്കും

 

അതേസമയം, മൈക്രോസോഫ്റ്റിന്റെ മറ്റു ലാപ്‌ടോപ്പുകളും ഇത്തരത്തില്‍ എളുപ്പത്തില്‍ റിപ്പെയർ ചെയ്‌തെടുക്കാനുള്ള അവസരം ഒരുക്കിയേക്കുമെന്നും പറയുന്നു. ഇത് 2022 മുതല്‍ ലഭ്യമാക്കിയേക്കും. അമേരിക്കയില്‍ ശക്തിയാര്‍ജിച്ചു വരുന്ന മുന്നേറ്റങ്ങളിലൊന്നാണ് റൈറ്റ് ടു റിപ്പെയര്‍, അല്ലെങ്കില്‍ ശരിയാക്കിയെടുക്കാനുള്ള അവകാശം ആണ്. നിലവിൽ ഉപഭോക്താവ് പണം കൊടുത്തു വാങ്ങുന്ന ഉപകരണത്തിനു കേടുവന്നാല്‍ അത് നിർമിച്ച കമ്പനിയുടെ സര്‍വീസ് സെന്ററുകള്‍ വഴി മാത്രമാണ് ശരിയാക്കാൻ സാധിക്കുക. ഇതിന് പറയുന്ന പണവും നല്‍കണം. ഇത്തരം രീതികളാണ് ആപ്പിള്‍ അടക്കമുളള മിക്ക കമ്പനികളും അനുവര്‍ത്തിക്കുന്നത്.

 

∙ വിന്‍ഡോസ് 11 എസ്ഇ

 

വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിന്‍ഡോസ് 11 എസ്ഇ സൃഷ്ടിച്ചെടുത്തത് എന്ന് കമ്പനി അറിയിച്ചു. കുട്ടികള്‍ക്ക് വില കുറഞ്ഞ ലാപ്‌ടോപ്പുകള്‍ വേണം. പഠനാവശ്യത്തിനു വേണ്ട ടൂളുകള്‍ എല്ലാം ഉള്‍ക്കൊള്ളിക്കുകയും വേണം. എന്നാല്‍, പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ അനാവശ്യമായി വ്യതിചലിപ്പിക്കുന്ന വിന്‍ഡോസ് 11 ലെ ഫീച്ചറുകള്‍ നീക്കം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. 

 

∙ ആദ്യം ഈ രാജ്യങ്ങളിലേ സ്‌കൂളുകളില്‍

 

തുടക്കത്തില്‍ അമേരിക്ക, യുകെ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്കായിരിക്കും സര്‍ഫസ് ലാപ്‌ടോപ് എസ്ഇ നല്‍കുക. ഈ വര്‍ഷം അവസാനം തന്നെ സ്‌കൂളുകളില്‍ സര്‍ഫസ് ലാപ്‌ടോപ് എസ്ഇ എത്തിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം. അതേസമയം, ഇത്തരം ലാപ്‌ടോപ്പുകളായിരിക്കും ഭാവിയില്‍ സ്‌കൂളുകളില്‍ എത്താന്‍ സാധ്യത. അഡ്മിനുകള്‍ക്കും മറ്റും കുറച്ചു നിയന്ത്രണാധികാരവും അതുപോലെ പഠനത്തിനല്ലാതെ ഉപയോഗിക്കുന്നത് കുറയ്ക്കാനുമുള്ള ശ്രമവും കൂടുതല്‍ ഉള്‍ക്കൊള്ളിക്കുന്ന ലാപ്‌ടോപ്പുകള്‍ സ്‌കൂളുകളും മറ്റും ഇഷ്ടപ്പെട്ടേക്കും.

 

English Summary: Microsoft announces Windows 11 SE, Surface Laptop SE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com