ADVERTISEMENT

ഏറെ ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം മോട്ടോ വാച്ച് 100 ഔദ്യോഗികമായി അവതരിപ്പിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ പുതിയ സ്മാർട് വാച്ച് വൃത്താകൃതിയിലുള്ള ഡിസ്പ്ലേയിലാണ് വരുന്നത്. ഹൃദയമിടിപ്പ് ട്രാക്കിങ്, രക്തത്തിലെ ഓക്സിജൻ (SpO2) നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളുമായാണ് മോട്ടോ വാച്ച് 100 എത്തുന്നത്.

 

മോട്ടറോളയുടെ തന്നെ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട് വാച്ച് കൂടിയാണ് മോട്ടോ വാച്ച് 100. സ്‌മാർട് വാച്ചിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് മോട്ടോയുടെ ഓപ്പറേറ്റിങ് സിസ്റ്റം രൂപകൽപന ചെയ്‌തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ മോട്ടോ വാച്ച് 100 ന് സാധിക്കും.

 

മോട്ടോ വാച്ച് 100ന്റെ അടിസ്ഥാന വില 99.99 ഡോളറാണ് (ഏകദേശം 7,400 രൂപ). ഗ്ലേസിയർ സിൽവർ, ഫാന്റം ബ്ലാക്ക് നിറങ്ങളിലാണ് മോട്ടോ വാച്ച് 100 ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. നിലവിൽ യുഎസ് വിപണിയിൽ മാത്രമാണ് പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നത്. ഡിസംബർ 10 മുതൽ വിതരണം തുടങ്ങും. ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ മോട്ടോ വാച്ച് 100-ന്റെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

മോട്ടോ വാച്ച് 100 മോട്ടോ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 360 x 360 പിക്സൽ റെസലൂഷനുള്ള 1.3 ഇഞ്ച് വൃത്താകൃതിയിലുള്ള എൽസിഡി ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസ്പ്ലേ ‘എല്ലായ്പ്പോഴും ഓൺ’ ആയിരിക്കുന്ന ഫീച്ചറും ഉണ്ട്. ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 (SpO2) എന്നിവ ഉൾപ്പെടുന്ന സെൻസറുകളുടെ ഒരു നിര തന്നെയുണ്ട്. ഹൃദയമിടിപ്പ്, സ്ലീപ് ട്രാക്കിങ്, വെയ്റ്റ് ട്രാക്കിങ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ ഉൾപ്പെടെയുള്ള വിശദമായ സ്ഥിതിവിവരക്കണക്കുകളും ഡേറ്റയും ഉപയോഗിച്ച് ഉപയോക്താവിന് ഫിറ്റ്നസ് ഫലങ്ങൾ നൽകാൻ ഈ സെൻസറുകൾ സഹായിക്കുന്നു.

 

ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്മിന്റൺ, ബൈക്ക് ഇൻഡോർ, ക്രിക്കറ്റ്, സ്നോബോർഡ്, ടെന്നീസ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങളിലും ഗെയിമുകളിലും ഏർപ്പെടുമ്പോൾ ഫലങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന 26 സ്‌പോർട് മോഡുകൾ മോട്ടോ വാച്ച് 100-ൽ മോട്ടറോള പ്രീലോഡ് ചെയ്തിട്ടുണ്ട്. അനുയോജ്യമായ ഫോണുമായി ബന്ധിപ്പിക്കുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ഫിറ്റ്‌നസ് ട്രാക്കിങ് മോട്ടോ വാച്ച് 100 വഴി നിരീക്ഷിക്കാനും കഴിയും. ബ്ലൂടൂത്ത് v5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷണുകൾ.

 

English Summary: Motorola Moto Watch 100 goes official, ditches Wear OS for new Moto OS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com