ADVERTISEMENT

മുൻനിര ചൈനീസ് ടെക് കമ്പനിയായ വാവെയ് പുതിയ സ്മാർട് ഉൽപന്നം പുറത്തിറക്കി. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഉപയോഗപ്പെടുന്ന സ്മാർട് ഹെൽമെറ്റാണ് വാവെയ് അവതരിപ്പിച്ചത്. ബ്ലൂടൂത്ത് കോളിങ്, വോയ്‌സ് കമാൻഡുകൾ തുടങ്ങി വിവിധ ഫീച്ചറുകളോടെയാണ് സ്മാർട് ഹെൽമെറ്റ് വരുന്നത്.

 

വാവെയുടെ തന്നെ ഹാർമണി ഒഎസിലാണ് 'ഹെൽമറ്റ്‌ഫോൺ ബിഎച്ച്51എം നിയോ' പ്രവർത്തിക്കുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട് ഹെൽമെറ്റ് നിലവിൽ ചൈനയിൽ വാവെയ് വിമാൾ (Huawei VMall) വഴിയാണ് വിതരണം ചെയ്യുക. 799 യുവാൻ (ഏകദേശം 9000 രൂപ) ആണ് വില.

 

ഹാർമണിഒഎസ് കണക്ട് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതാണ് സ്മാർട് ഹെൽമെറ്റ്. ഈ ഒഎസ് വഴി നിങ്ങളുടെ സ്മാർട് ഫോണുമായി ഹെൽമെറ്റിനെ ബന്ധിപ്പിക്കാം. ഇതുവഴി ബ്ലൂടൂത്ത് വോയ്‌സ് കോളിങ് സാധ്യമാക്കാനും സഹായിക്കും. ഉപയോക്താവിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനു പുറമെ മറ്റു നിരവധി സഹായങ്ങളും ഹെൽമെറ്റിൽ നിന്ന് ലഭിക്കും. ഹെൽമെറ്റിന്റെ മുന്നിലും പിന്നിലും എൽഇഡി ലൈറ്റുകളും കാണാം.

 

15 കോടിയിലധികം ഉപകരണങ്ങൾ ഇപ്പോൾ ഹാർമണി ഒഎസിൽ ('HarmonyOS') ഉണ്ടെന്ന് വാവെയ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഒഎസ് ആയി മാറിയിരിക്കുകയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

ഗൂഗിളിന്റെ ആൻഡ്രോയ്ഡിനു പകരം വയ്ക്കാൻ വാവെയ് അവതരിപ്പിച്ച സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹാർമണി ഒഎസ്. ചൈനയിൽ ഹൊങ്മെങ് ഒഎസ് എന്ന പേരിലാണ് ഒഎസ് അറിയപ്പെടുന്നത്. 2019 ഓഗസ്റ്റിലെ വാവെയ് ഡവലപ്പർ കോൺഫറൻസിലാണ് ആൻഡ്രോയ്ഡ് അധിഷ്ഠിതമായ ബദൽ ഒഎസ് വാവെയ് അവതരിപ്പിച്ചത്. ചൈനീസ് ടെലികമ്യൂണിക്കേഷൻ കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിന് യുഎസ് കമ്പനികൾക്കു വിലക്കേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടർന്നാണു 2019 ജൂണിൽ വാവെയ്ക്കു ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ലൈസൻസ് നഷ്ടപ്പെട്ടത്.

 

സ്മാർട്ഫോണുകൾക്കു പുറമേ സ്മാർട് ടിവി, സ്മാർട് കാർ എന്നിവയിലും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ശൃംഖലയിലുള്ള ഉപകരണങ്ങളിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണു ഹാർമണി. മൈക്രോകെണൽ അധിഷ്ഠിത ഒഎസ് ആയതിനാൽ എല്ലാ ഉപകരണങ്ങളിലും ഒരുപോലെ പ്രവർത്തിക്കും. അതായത് ഫോണിനും ടിവിക്കും സ്മാർട്‍വാച്ചിനുമൊക്കെ പ്രത്യേകം ഒഎസ് പതിപ്പുകൾ ആവശ്യമില്ല.

 

English Summary: Huawei launches HarmonyOS powered Smart Helmet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com