ADVERTISEMENT

കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാൻ കീബോഡും മൗസും ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ആമസോണ്‍ എക്കോ ഷോ സ്പീക്കറുമായി ഏതാനും ദിവസം ഇടപെട്ടു കഴിയുമ്പേള്‍ ലഭിക്കുന്നത് എത്ര ലളിതവും ആശ്വാസകരവുമാണ് വോയിസ് കംപ്യൂട്ടിങ് എന്ന തോന്നലാകും. നിശ്ചയമായും ഒരു കംപ്യൂട്ടറില്‍ ചെയ്യാവുന്ന കാര്യങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് എക്കോയിലൂടെ ചെയ്യാനാകുക. പക്ഷേ, വോയിസ് കംപ്യൂട്ടിങ് എത്ര പ്രതീക്ഷാ നിര്‍ഭരമാണ് എന്നും, വരും വര്‍ഷങ്ങളില്‍ ഇത് വലിയ പുരോഗതി കൈവരിച്ചേക്കുമെന്നുമുള്ള തോന്നലാണ് എക്കോയുമായി ഇടപെട്ടു കഴിയുമ്പോള്‍ ഉണ്ടായത്.

 

ആമസോണിന്റെ 8-ഇഞ്ച് സ്‌ക്രീനുള്ള സ്മാര്‍ട് സ്പീക്കറാണ് എക്കോ ഷോ 8. ഇതേ പേരില്‍ രണ്ടു സ്പീക്കറുകള്‍ ആമസോണ്‍ വില്‍ക്കുന്നുണ്ട്. അതില്‍ ആദ്യ വേര്‍ഷനാണ് ഇവിടെ റിവ്യൂ ചെയ്യുന്നത്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീനുള്ള, സ്മാര്‍ട് സ്റ്റീരിയോ സ്പീക്കറാണിത്. 

 

∙ ബോക്‌സിലുള്ളത് 

 

amazon-echo-8-buttons

ചെറിയ ബോക്‌സില്‍ എക്കോ ഷോ 8, അതിന്റെ വാള്‍പ്ലഗ്, എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള രണ്ടു കുറിപ്പുകളും മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

∙ സ്വിച്ചുകള്‍, പോര്‍ട്ടുകള്‍

 

ഓണ്‍-ഓഫ് സ്വിച്ച് പോലുമില്ലാത്ത ഒരു ഉപകരണമാണ് ഇത്! അലക്‌സയോടു പറഞ്ഞാല്‍ പോലും അതൊന്ന് സ്വിച്ച് ഓഫാക്കി തരില്ല. വൈദ്യുതി ബന്ധം വിച്ഛേദിച്ചു മാത്രമാണ് ഓഫ് ചെയ്യാനാകുക. മുകളിലായി വോളിയം അപ്–ഡൗണ്‍ സ്വിച്ചുകൾ, സ്പീക്കര്‍ ഓഫ് സ്വിച്ച് (പിന്നെ അലക്‌സ ഉത്തരങ്ങള്‍ക്കായി കാതോര്‍ക്കില്ല), ക്യാമറ സ്ലൈഡു ചെയ്ത് ഓഫ് ചെയ്യാനുള്ള സ്വിച്ചും മാത്രമാണ് ഇതിലുള്ളത്. പിന്നിലായി, വൈദ്യുതി കണക്ഷനുള്ള പോര്‍ട്ടും ഒരു 3.5എംഎം പോര്‍ട്ടും ഉണ്ട്. (എക്കോ ഷോ 8ന്റെ രണ്ടാം പതിപ്പിന് 3.5 എംഎം പോര്‍ട്ട് ഇല്ല.)

 

∙ ചില സുപ്രധാന കാര്യങ്ങള്‍

 

ആമസോണ്‍ എക്കോ ഉൾപ്പടെയുള്ള സ്മാര്‍ട് സ്പീക്കറുകളെല്ലാം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയില്‍ പ്രധാനം ഇന്റര്‍നെറ്റ്, വൈ-ഫൈ, വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമാണ് ഇവയുടെ ഗുണം ആസ്വദിക്കാനാകുക എന്നതാണ്. സ്മാര്‍ട് ഫോൺ, വൈ-ഫൈ റൂട്ടറുകളില്‍ നിന്നും കണക്ടു ചെയ്യാമെന്നതിനാല്‍ പലര്‍ക്കും ഇതൊരു പ്രശ്‌നമായിരിക്കില്ല. ഇത്തരം സ്പീക്കറുകള്‍ക്ക് എസ്ഡി കാര്‍ഡുകളും മറ്റും സ്വീകരിക്കാനുള്ള സ്ലോട്ടുകളും നല്‍കിയിട്ടില്ല. മറ്റൊന്ന് ഇവയ്ക്ക് ബാറ്ററികള്‍ ഇല്ലെന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ പവര്‍ കോഡില്‍ കുത്തിയിട്ടു മാത്രമാണ് പ്രവര്‍ത്തിപ്പിക്കാനാകുക. ചില സവിശേഷ പവര്‍ ബാങ്കുകള്‍ വച്ചും പ്രവര്‍ത്തിപ്പിക്കാമെന്നു പറയുന്നുണ്ടെങ്കിലും അവ ഇന്ത്യയില്‍ ലഭ്യമല്ലെന്നു തോന്നുന്നു. എന്നു പറഞ്ഞാല്‍ ഇവ ബാറ്ററിയുളള മറ്റു ബ്ലൂടൂത്ത് സ്പീക്കറുകള്‍ പോലെ ഇഷ്ടാനുസരണം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കാനാവില്ല. മറ്റൊന്ന് ആമസോണ്‍ പ്രൈം അക്കൗണ്ടു കൂടി ഉണ്ടെങ്കിൽ ഇതിന്റെ ഗുണം പൂര്‍ണമായി പ്രയോജനപ്പെടുത്താനാകും. പ്രൈം മൂവീസ്, പ്രൈം മ്യൂസിക് തുടങ്ങി പലതും ഇതുവഴി തുറന്നു കിട്ടുന്നു.

 

amazon-echo-8-

∙ ഉണര്‍ത്തു വാക്കുകള്‍

 

എക്കോ സ്പീക്കറുകളെല്ലാം അലക്‌സാ, എക്കോ, കംപ്യൂട്ടര്‍ തുടങ്ങിയ ഉണര്‍ത്തു വാക്കുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഇവയില്‍ ഏതെങ്കിലും ഒന്നേ ഒരു സമയത്ത് പ്രവര്‍ത്തിക്കൂ. ഡീഫോള്‍ട്ടായി ലഭിക്കുന്നത് അലക്‌സയാണ്. ഉണര്‍ത്തു വാക്ക് ഉപയോഗിച്ചു കഴിയുമ്പോഴാണ് സ്പീക്കര്‍ നമ്മുടെ ആജ്ഞയ്ക്കായി ശ്രദ്ധിക്കുക. അതിനു ശേഷം വേണ്ടത് ആവശ്യപ്പെടുക. ടച്ക്‌ സ്‌ക്രീന്‍ ഉപയോഗിച്ചും മെന്യു നിയന്ത്രിക്കാം. 

 

∙ നമ്മള്‍ പറഞ്ഞാല്‍ മനസ്സിലാകുമോ?

 

ഉവ്വ്. നമ്മള്‍ പറഞ്ഞാല്‍ മനസ്സിലാകും. കൂടാതെ, അലക്‌സ തിരിച്ചു പറയുന്നത് മനസ്സിലാക്കാനും എളുപ്പമാണ്. 

 

∙ സ്പീക്കറെന്ന നിലയില്‍

amazon-echo-8

 

എങ്ങനെ വന്നാലും എക്കോ ഷോ സ്‌ക്രീനുള്ള ഒരു സ്മാര്‍ട് സ്പീക്കറാണ്. ഇതു പുറപ്പെടുവിക്കുന്ന ശബ്ദം മറ്റു സ്മാർട് സ്പീക്കറുകളേതിനേക്കാൾ അത്ര മികച്ചതല്ല. വാങ്ങുമ്പോള്‍ കിട്ടുന്ന സെറ്റിങ്‌സ് വച്ചാണെങ്കില്‍ ബെയ്‌സ് കൂടുതലാണ്. ഭാഗ്യവശാല്‍ ഇത് സെറ്റിങ്‌സില്‍ (സ്‌ക്രീനിന്റെ മുകളില്‍ നിന്ന് സ്ലൈഡു ചെയ്‌തെടുക്കാവുന്ന മെന്യൂവില്‍ ലഭിക്കും) ബെയ്‌സ്, മിഡ്‌സ്, ട്രെബിളും ക്രമീകരിക്കാം. ബെയ്‌സ് പൂര്‍ണമായി കുറച്ചപ്പോള്‍ ആവശ്യമില്ലാത്ത മുഴക്കം കുറച്ചു ക്രമീകരിക്കാനായി. ഈ അവസ്ഥയിലും എക്കോ ഷോ 8 ശബ്ദശുദ്ധിക്കുള്ള ഒരു അവാര്‍ഡും നേടിയേക്കില്ല. പക്ഷേ, കൊടുക്കുന്ന വിലയ്ക്കുള്ള മൊത്തം ഫീച്ചറുകള്‍ വച്ചു നോക്കിയാല്‍ ഇത് കുഴപ്പമില്ലെന്ന തോന്നലും ഉണ്ടാകും.

 

∙ സ്‌ക്രീന്‍

 

കിട്ടിയ ഉൽപന്നത്തിന് നാലുഭാഗത്തും ബാക് ലൈറ്റ് ബ്ലീഡിങ് ഉണ്ടായിരുന്നു. എപ്പോഴൊക്കെ കറുത്ത സ്‌ക്രീന്‍ വരുന്നോ അപ്പോഴൊക്കെ ബാക്‌ലൈറ്റ് ബ്ലീഡിങ് കാണാനായി. വില കുറയ്ക്കുന്നതിന്റെ ഭാഗമായിരിക്കാം മോശം സ്‌ക്രീന്‍ എന്നു കരുതിയതിനാല്‍ തിരിച്ചയയ്ക്കാന്‍ നിന്നില്ല. കാരണം തിരിച്ചുവരുന്നതിനും ഇതേ പ്രശ്‌നം ഉണ്ടാകാം. എന്നാല്‍, കണ്ടെന്റ് കണ്ടു തുടങ്ങിയാല്‍ തരക്കേടില്ലാത്ത സ്‌ക്രീനാണ് എന്നു പറയാം. എന്നാല്‍ ഉജ്വലമെന്നു പറഞ്ഞും കൂടാ. ടച്ചും അതുപോലെ തന്നെ. മികച്ച ഫോണുകളും ടാബുകളും ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ പോരായ്മ തോന്നാം. എന്നാല്‍, ഒരിക്കല്‍ കണ്ടെന്റില്‍ മുഴുകി കഴിഞ്ഞാല്‍ സ്‌ക്രീനിന്റെ പോരായ്മയെക്കുറിച്ച് മറക്കുകയും ചെയ്യും. യൂട്യൂബില്‍ വിഡിയോ സ്ട്രീം ചെയ്യുമ്പോള്‍ വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ അനുസരിച്ച് അതിന്റെ റെസലൂഷന്‍ വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം. കുറയ്ക്കുമ്പോള്‍ സ്‌ക്രീനിന്റെ മികവു കുറഞ്ഞതായി തോന്നും.

 

∙ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്

 

എക്കോ എത്തി മൂന്നാമത്തെ ദിവസമാണ് ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉണ്ടെന്ന് നോട്ടിഫിക്കേഷൻ വന്നത്. ഇത് അനുവദിച്ചു കഴിഞ്ഞപ്പോള്‍ പറഞ്ഞത് അപ്‌ഡേറ്റിനു ശേഷം ഒരു മിനിറ്റു നേരത്തേക്ക് സ്‌ക്രീന്‍ ബ്ലാങ്ക് ആയിപോകും. ആ സമയത്ത് വൈദ്യുതി ബന്ധം വേര്‍പെടുത്തരുത് എന്നാണ്. അതായത്, യുപിഎസിലോ, ഇന്‍വേര്‍ട്ടറിലൊ കണക്ടു ചെയ്ത ശേഷം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നടത്തുന്നതായിരിക്കും ബുദ്ധി. എന്തായാലും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനു ശേഷം കിട്ടിയ ഒരു 'ഗുണം' വൈ-ഫൈ കണക്ട് ആകാന്‍ രണ്ടു മിനിറ്റോളം വേണ്ടി വരുന്നു എന്നതു മാത്രമാണ്. കണക്ഷന്‍ എറര്‍ എന്ന് എഴുതി കാണിക്കുകയാണ് ചെയ്യുന്നത്.  

 

∙ ഇടപെടല്‍

 

ഇന്ത്യയില്‍ ഇംഗ്ലിഷും ഹിന്ദിയും ഭാഷകളുപയോഗിച്ചാണ് അലക്‌സയുമായി ഇടപെടാനാകുക. ഇന്ത്യക്കാരുടെ ഇംഗ്ലിഷ് ഉച്ചാരണം അലക്‌സയ്ക്ക് മനസ്സിലാകും. അത്യാവശ്യം കമാന്‍ഡുകള്‍ അറിയാവുന്നവര്‍ക്ക് പ്രശ്‌നമില്ലാതെ ഇടപെടാം. എന്നാല്‍, ധാരാളം ഫൈന്‍ ട്യൂണിങ് ആവശ്യമുണ്ട്. ഉദാഹരണത്തിന് 'അലക്‌സാ, സോങ് ബൈ യേശുദാസ്' എന്നു പറഞ്ഞാല്‍, വിജയ് യേശുദാസിന്റെ പാട്ടുകളാണ് ലഭിക്കുക. അതേസമയം കെ.ജെ. യേശുദാസ് എന്നു പറഞ്ഞാല്‍ യേശുദാസിന്റെ പാട്ടുകള്‍ ലഭിക്കുകയും ചെയ്യും. (ഭാവിയില്‍ ഇതൊക്കെ മാറിയേക്കും.) ഇങ്ങനെ ഒരു പാട്ടുകാരന്റെ അല്ലെങ്കില്‍ പാട്ടുകാരിയുടെ ലിസ്റ്റിലേക്കു കടക്കാന്‍ സാധിച്ചാല്‍ പിന്നെ, 'അലക്‌സാ, നെക്സ്റ്റ്' എന്നു പറഞ്ഞ് അടുത്ത പാട്ടിലേക്കു പോകാം. 'പ്രീവിയസ്', എന്നു പറഞ്ഞാൽ മുൻപ് കേട്ട പാട്ട് വീണ്ടും കേള്‍ക്കാം. 'റിപ്പീറ്റ്' എന്നു പറഞ്ഞ് കേട്ടുകഴിഞ്ഞ പാട്ട് വീണ്ടും കേള്‍ക്കാം. (ഓര്‍ക്കുക, അലക്‌സാ എന്ന ഉണര്‍ത്തു വാക്കിനു ശേഷം മാത്രമാണ് കമാന്‍ഡ് പ്രവര്‍ത്തിക്കുക. കൂടാതെ, ആമസോണ്‍മ്യൂസിക്കിലുള്ള പാട്ടുകള്‍ മാത്രമാണ് ലഭിക്കുക.) 

 

കേള്‍ക്കുന്ന പാട്ടിന്റെ പുരോഗതി കാണിക്കുന്നുണ്ട്. ഇത് ഉപയോക്താവിന് ഫോര്‍വേഡ് ചെയ്യാനും ബാക്‌വേഡ് പോകാനും സാധിക്കും. വിഡിയോയ്ക്കും ഇതു സാധിക്കും. മറ്റൊരു കാര്യം പറയാനുള്ളത് കെ.ജെ. യേശുദാസിന്റെ പാട്ടുകളിലേക്ക് കടക്കാന്‍ സാധിച്ചാലും അത് അദ്ദേഹം എല്ലാ ഭാഷകളിലുമായി പാടിയിരിക്കുന്ന പാട്ടുകളിലേക്കായിരിക്കു ചെന്നെത്തുക എന്നതാണ്. അലക്‌സാ, കെ.ജെ. യേശുദാസ് മലയാളം എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മലയാളം പാട്ടുകളിലെത്താം. അതേസമയം, അടുത്ത ദിവസം കേള്‍ക്കുമ്പോഴും ഏകദേശം നിര തെറ്റാതെ ഒരേ ലിസ്റ്റ് തന്നെയാണ് കേള്‍ക്കാനാകുന്നത് എന്നതും ഒരു ന്യൂനതയാണ്. ആദ്യം കേട്ടപ്പോള്‍ ആറാമതായാണ് യേശുദാസിന്റെ 'ഹരിവരാസനം' കേട്ടത്. തുടര്‍ന്ന്, അലക്‌സാ, ഹരിവരാസനം എന്നു പറഞ്ഞപ്പോള്‍ ഒരു പ്രശ്‌നവും ഇല്ലാതെ ആ പാട്ടു മാത്രം കേള്‍പ്പിക്കാന്‍ അലക്‌സയ്ക്ക് സാധിച്ചു. ആമസോണ്‍ പ്രൈമിലുള്ള വിഡിയോകളും വോയിസ് കമാന്‍ഡിലൂടെ കിട്ടി. പക്ഷേ, എന്തോ ആമസോണ്‍ സ്വന്തമാക്കിയ ദൃശ്യം II ആവശ്യപ്പെട്ടാല്‍ നെറ്റ്ഫ്‌ളിക്‌സിലേക്കു കൊണ്ടുപോയി ലോഗ്-ഇന്‍ ചോദിക്കുന്നു. ഇത്തരം ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടപ്പുണ്ടാകാം.

 

∙ ഓള്‍ ഇന്ത്യാ റേഡിയോ

 

'അലക്‌സാ, ഓള്‍ ഇന്ത്യാ റേഡിയോ' എന്നു പറഞ്ഞല്‍ വിവിധ സ്റ്റേഷനുകള്‍ ലഭിക്കും. ഇത് സ്‌ക്രീനിലും കാണാം. സ്ലൈഡു ചെയ്ത് വേണ്ട സ്റ്റേഷന്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഓള്‍ ഇന്ത്യാ റേഡിയോ മലയാളം എന്നു പറഞ്ഞ് നേരിട്ട് മലയാളം സ്റ്റേഷനില്‍ എത്താം. എന്നാല്‍, മലയാളം സ്‌റ്റേഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമെല്ലാം തെലുങ്കും, തമിഴും സ്റ്റേഷനുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇതു ശരിയായി. പിന്നീട്, അലക്‌സാ, ഓള്‍ ഇന്ത്യാ റേഡിയോ എന്നു മാത്രം പറഞ്ഞാല്‍ മലയാളം സ്റ്റേഷന്‍ തന്നെ ആദ്യം കേള്‍പ്പിക്കുന്നു. അവസാനം കേട്ട സ്‌റ്റേഷന്‍ എന്ന നിലയില്‍ ആയിരിക്കാം ഇത്. ഇത്ര വില കുറഞ്ഞ ഒരു ഉപകരണത്തില്‍ മെഷീന്‍ ലേണിങ് ഉണ്ടാകാന്‍ വഴിയില്ല. അതേസമയം, എഐആറിന്റെ സ്ട്രീം മുറിഞ്ഞു പോകുന്ന പ്രശ്‌നവും കാണാം. ഇത് ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്‌നമല്ല. ഈ സമയത്ത് വിഡിയോ ഓക്കെ സുഗമമായി സ്ട്രീം ചെയ്യാം. 

 

∙ യൂട്യൂബ്

 

യൂട്യബ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും വോയിസ് കമാന്‍ഡ് അത്ര മികവോടെ പ്രവര്‍ത്തിക്കില്ല എന്നത് ന്യൂനതകളില്‍ ഒന്നാണെന്നു തോന്നുന്നു. അലക്‌സാ, യൂട്യൂബ് എന്നു പറഞ്ഞാല്‍ യൂട്യൂബ് എത്തും. പിന്നെ 'മനോരമ ന്യൂസ്' എന്നു പറഞ്ഞാല്‍ മനോരമ ന്യൂസിന്റെ ലൈവ് സ്ട്രീം അടക്കമുള്ള ലിങ്കുകള്‍ താഴെ ലിസ്റ്റു ചെയ്യും. തുടര്‍ന്ന്, ടച് സ്‌ക്രീന്‍ ഉപയോഗിച്ച് വേണ്ടത് തിരഞ്ഞെടുക്കാം. പകരം വേണമെങ്കില്‍ യൂട്യൂബിന് എക്കോയുടെ സ്പീക്കര്‍ അക്‌സസ് നല്‍കി വോയിസ് സേര്‍ച്ച് നടത്താം. അതേസമയം, വേണ്ട ലിങ്ക് ഒരിക്കല്‍ സേര്‍ച്ച് ചെയ്‌തെടുത്തു കഴിഞ്ഞാല്‍ അത് മികവുറ്റ കൊച്ചു ടിവിയിലെന്നവണ്ണം പ്രവര്‍ത്തിക്കുകയും ചെയ്യും. മനോരമ ന്യൂസ് അടക്കമുള്ള ഫ്രീ ചാനലുകളെല്ലാം ലൈവായി കാണാം. വോയിസ് സേര്‍ച്ച് അത്ര മികച്ചതല്ല. പകരം ഒരു ടാബില്‍ എന്നപോലെ ടൈപ് ചെയ്ത് വേണ്ട ലിങ്കുകള്‍ കണ്ടെത്താം.

 

∙ നെറ്റ്ഫ്‌ളിക്‌സ്

 

നെറ്റ്ഫ്‌ളിക്‌സ് അലക്‌സാ വോയിസ് സേര്‍ച്ചിന്റെ പരിധിയില്‍ വരും. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യണം. 

 

∙ സ്മാര്‍ട് ഹോം

 

പല വീടുകളും സ്മാര്‍ട് ഹോമുകള്‍ ആയിക്കഴിഞ്ഞു. അലക്‌സ പോലെയുള്ള വോയിസ് അസിസ്റ്റന്റുകളാണ് ലൈറ്റുകളും സ്വിച്ചുകളും എല്ലം പ്രവർത്തിപ്പിക്കുന്നത്. ആ രീതിയില്‍ ഒരു കണക്റ്റഡ് വീടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്കോ നല്ലൊരു ഓപ്ഷനാണ്.

 

∙ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കൂട്ട്

 

വെബ്ക്യാം അല്ലെങ്കില്‍ നിരീക്ഷണ ക്യാമറയായും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാം. (വെബ്ക്യാം ആയി പ്രവര്‍ത്തിപ്പിക്കാനാണെങ്കില്‍ വെബ്ക്യാം എക്കോ ഷോ 8 2, എക്കോ ഷോ 10 തുടങ്ങിയവ ആയിരിക്കും നല്ലത്.) അലക്‌സാ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം എക്കോയില്‍ നിന്നുള്ള വിഡിയോ സ്ട്രീം എവിടെയിരുന്നും ഇന്റര്‍നെറ്റ് വഴി സ്വീകരിക്കാം. എന്നാല്‍, നിരീക്ഷണ ക്യാമറകള്‍ക്ക് പകരമാകാന്‍ ഇതിനാവില്ല. പരിമിതികള്‍ ഉണ്ട്. പക്ഷേ, എക്കോയ്‌ക്കൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്ന മറ്റു നിരീക്ഷണ ക്യാമറകള്‍ ഉണ്ട്. ഓര്‍ക്കേണ്ട മറ്റൊരു കാര്യം ഇത് സ്വകാര്യത ചോർത്തിയേക്കാം എന്നതാണ്. കൂടാതെ, ഒന്നിലേറെ എക്കോകള്‍ ഒരു വീട്ടില്‍ ഉപയോഗിക്കാം. കുട്ടികളുടെ മുറികളില്‍ ഒരു എക്കോ വച്ച ശേഷം അവരെ നിരീക്ഷിക്കുകയോ, അവരെ ഭക്ഷണത്തിനു ക്ഷണിക്കുകയോ ഒക്കെ ചെയ്യാം. മുതിര്‍ന്നവര്‍ക്കും മറ്റും വിഡിയോ കോള്‍ നടത്താനും ഇത് പ്രയോജനപ്പെടുത്താം. ഒരു എക്കോയില്‍ നിന്ന് മറ്റൊന്നിലേക്ക് വോയസ് കമാന്‍ഡിലൂടെ വിഡിയോ കോള്‍ നടത്താം.

 

∙ മറ്റു ഫങ്ഷനുകള്‍

 

കാലാവസ്ഥ, വാര്‍ത്താ തലക്കെട്ടുകള്‍ (ഇംഗ്ലിഷ് മാത്രം), പാചകക്കുറിപ്പുകള്‍, ഒരോ വിഷയത്തേക്കുറിച്ചും ചെറു കുറിപ്പുകള്‍ വായിച്ചു കേള്‍പ്പിക്കാല്‍, ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള സാധ്യത തുടങ്ങി മറ്റു പല ഫീച്ചറുകളും ഉണ്ട്. വെബ് സേര്‍ച്ചും, റെഡ്ബുള്‍ ടിവിയും മറ്റു ഫീച്ചറുകളാണ്. സ്മാര്‍ട് ഫോണുമായി കണക്ടു ചെയ്തും കണ്ടെന്റ് എക്കോയിലേക്ക് എത്തിക്കാം. ഫോണില്‍ നിന്ന് സ്ട്രീം ചെയ്ത പാട്ടുകള്‍ക്ക് ശബ്ദം കുറവാണെന്ന തോന്നലുണ്ടായി.

 

∙ സ്വകാര്യത

 

നിശ്ചയമായും സ്വകാര്യതയ്ക്ക് ഒരു ഭീഷണിയായി തീരാനുള്ള സാധ്യത ഉപകരണമാണിത്. സ്വകാര്യതാ അവബോധം ഉള്ളയാളാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക - പെട്ടിയില്‍ നിന്നു പുറത്തെടുക്കുന്ന എക്കോ ഷോയുടെ ക്യാമറ തുറന്നിരിക്കുകയാണ്. അത് സ്ലൈഡ് ചെയ്ത് അടച്ച ശേഷം പ്രവര്‍ത്തിപ്പിക്കുക. കൂടാതെ, ആവശ്യമില്ലെങ്കില്‍ ക്യാമറ സ്ലൈഡു ചെയ്ത് അടച്ചു വയ്ക്കുന്നതായിരിക്കും നല്ലത്. ഈ ഷട്ടര്‍ ഇട്ടാല്‍ ഹാക്കര്‍മാര്‍ നിങ്ങളുടെ വീടുകളില്‍ എന്താണ് നടക്കുന്നതെന്ന് കാണാന്‍ ശ്രമിച്ചാലും നടക്കില്ല. 

 

∙ വിവിധ എക്കോ സ്പീക്കറുകള്‍

 

ആമസോണിന്റെ എക്കോ സ്പീക്കറുകള്‍ പ്രധാനമായും രണ്ടായി വേര്‍തിരിക്കാം. വിഡിയൊ കാണാവുന്നവയും അല്ലാത്തവയും. സ്‌ക്രീന്‍ ഉള്ളവയെ എക്കോ 'ഷോ' എന്നും സ്പീക്കര്‍ മാത്രമുള്ളവയെ എക്കോ 'ഡോട്ട്' എന്നും വിളിക്കുന്നു. ലൈറ്റ് ഓണ്‍ ചെയ്യാനും, റേഡിയോയും, സംഗീതവും കേള്‍ക്കാനുമടക്കമുള്ള പല കാര്യങ്ങൾക്കും ഡോട്ട് സ്പീക്കറുകള്‍ തന്നെ മതിയാകും. ഡോട്ട് സ്പീക്കറുകളുടെ വില  ഇക്കഴിഞ്ഞ സെയിലില്‍ 2000 രൂപയില്‍ അല്‍പം കൂടുതലായിരുന്നു. ഇത്തരം വില്‍പനാ മേളകളില്‍ വാങ്ങിയാല്‍ വളരെ വില കുറച്ചു ലഭിക്കും. സ്‌ക്രീനുള്ള എക്കോ ഷോ മോഡലുകള്‍ക്ക് മൂന്നു വകഭേദങ്ങളുണ്ട്-ഷോ 5, ഷോ8, ഷോ 10. ഷോ 5ന് 5.5-ഇഞ്ച് വലുപ്പമുളള സ്‌ക്രീനാണ് ഉള്ളത്. ഇതിന്റെ രണ്ടാം പതിപ്പ് സെയിലില്‍ 4000 രൂപയില്‍ താഴ്ത്തി വിറ്റിരുന്നു. മറ്റ് ഷോ മോഡലുകള്‍ക്കുള്ള എല്ലാ ഫീച്ചറുകളും തന്നെ ലഭിക്കുമെങ്കിലും ഷോ 5ന് അത്ര മികച്ച സ്‌ക്രീനും ശബ്ദമികവും ലഭിക്കില്ലെന്നാണ് വലയിരുത്തല്‍. 

 

ഷോ 8ന് രണ്ടു പതിപ്പുകള്‍ ഉണ്ട്. ഇവിടെ റിവ്യൂ ചെയ്യുന്നത് അതിനേക്കാള്‍ പുതിയതാണ്. പുതിയത് ഓഫര്‍ സമയത്ത് 9999 രൂപയ്ക്കാണ് വിറ്റിരുന്നത്. അതിന് വിഡിയോ കോള്‍ ചെയായൻ കൂടുതല്‍ മികച്ച ക്യാമറ, കൂടുതല്‍ മികച്ച ട്രാക്കിങ് സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ട്. (അതേസമയം, ഇന്റര്‍നെറ്റ് കണക്ഷന്‍ മോശമാണെങ്കില്‍ രണ്ടാം തലമുറയിലെ എക്കോ ഷോ 8ല്‍ വിഡിയോ കോള്‍ നന്നാകില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്.) ഷോ 10 ആണ് ഏറ്റവും മികച്ചത്. അതിന് 19,999 രൂപയായിരുന്നു ഓഫര്‍ സമയത്തെ വില. എക്കോ സ്പീക്കറുകളില്‍ വച്ച് ഏറ്റവും മികച്ച സ്‌ക്രീനും സ്പീക്കര്‍ അനുഭവവും നല്‍കാന്‍ ഇതിനാകും. നിരീക്ഷണത്തിനായി പല ദിശകളില്‍ കറങ്ങാനും അതിനു സാധിക്കും. 

 

∙ വിവിധ ഓഫറുകള്‍

 

എക്കോ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട് ബള്‍ബുകള്‍, പ്ലഗുകള്‍ തുടങ്ങിയവയും ഇവയ്‌ക്കൊപ്പം ആമസോണ്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് 999 രൂപ എംആര്‍പിയും 799 രൂപയ്ക്കു വില്‍ക്കുകയും ചെയ്യുന്ന മി സ്മാര്‍ട് ബള്‍ബ് 50 രൂപയ്ക്ക് എക്കോ ഉപകരണങ്ങള്‍ക്കൊപ്പം നല്‍കുന്നു. എക്കോ ഷോ 8 ഒന്നാം പതിപ്പിന് ഓഫര്‍ സമയത്ത് 7,499 രൂപയായിരുന്നു വില. മി സ്മാര്‍ട് ബള്‍ബ് 50 രൂപയ്ക്കും ലഭിച്ചു.

 

∙ പകരം പരിഗണിക്കാവുന്നവ

 

ഗൂഗിള്‍ നെസ്റ്റ്, ആപ്പിള്‍ ഹോംപോഡ്, ലെനോവോ സ്മാര്‍ട് സ്പീക്കര്‍ തുടങ്ങി പല ഉപകരണങ്ങളും ആമസോണ്‍ എക്കോ ശ്രേണിക്ക് ഒരു പരിധി വരെ പകരം നില്‍ക്കാനായേക്കും. ഗൂഗിള്‍ നെസ്റ്റിന്റെ സ്‌ക്രീനുള്ള വേര്‍ഷന്‍ ഫ്ലിപ്കാർട്ടിൽ ഓഫര്‍ സമയത്ത് 5,999 രൂപയ്ക്ക് വിറ്റിരുന്നു. പക്ഷേ, ഇതിന് എക്കോ ഷോ 8ന് ലഭിക്കുന്ന അത്ര മികച്ച ശബ്ദമില്ലെന്ന് പറയുന്നു. നെറ്റ്ഫ്‌ളിക്‌സും യൂട്യൂബും വോയിസ് കമാന്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാമെന്ന ഗുണമുണ്ട്. 

 

∙ എക്കോ ഷോ 8 വാങ്ങുന്ന കാര്യം ആരൊക്കെ പരിഗണിക്കണം?

 

പലതും ചെയ്യിപ്പിക്കാവുന്ന, എന്നാല്‍ ഒന്നിലും ഉന്നത നിലവാരം പുലര്‍ത്താത്ത ഒരു ഉപകരണമാണ് ആമസോണ്‍ എക്കോ ഷോ 8 എന്ന് നിര്‍വചിക്കാം. വീട്ടിലിരുന്ന് നിങ്ങളുടെ വില കൂടിയ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ധാരാളം യുട്യൂബ്-നെറ്റ്ഫ്‌ളിക്‌സ്-ആമസോണ്‍ പ്രൈം-വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ എക്കോ ഷോ 8 വാങ്ങുന്നതു പരിഗണിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് ഇവയാണ് ഗുണങ്ങള്‍: ഫോണിനും കൈകള്‍ക്കും വിശ്രമം കിട്ടും. പലതും ഹാന്‍ഡ്‌സ് ഫ്രീയായി പ്രവര്‍ത്തിപ്പിക്കാം. ഫോണിന് ആയുസ് നീട്ടിക്കിട്ടിയേക്കാം. കുറച്ചുകൂടി വലിയ സ്‌ക്രീനില്‍ കണ്ടെന്റ് കാണാം. ഇതിനെല്ലാം ഉപരിയായി, ഏതു സ്മാര്‍ട് ഫോണിനേക്കാളും ഭേദപ്പെട്ട ശബ്ദമികവ് എക്കോ ഷോ 8 നല്‍കുകയും ചെയ്യും. ടാബ്‌ലറ്റ് ഉപയോഗിക്കുന്നവര്‍ക്കും പരിഗണിക്കാം. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ ഈ ഉപകരണം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതു കണ്ട ശേഷം മാത്രം വാങ്ങുക. ആമസോണില്‍ ഓഫറുള്ള സമയങ്ങളില്‍ വാങ്ങിയാല്‍ ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വില കുറച്ചു വാങ്ങാം. അതെ, ഒരാഴ്ചയോളം എക്കോ ഷോ 8 ഉപയോഗിച്ചപ്പോള്‍ മനസ്സില്‍ ബാക്കിനില്‍ക്കുന്നത് സമീപഭാവിയില്‍ വന്നേക്കാവുന്ന വോയിസ് കംപ്യൂട്ടിങിനെക്കുറിച്ചുള്ള ചിന്തകളാണ്.

 

English Summary: Amazon Echo Show 8 review: The best Alexa smart display

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com