ADVERTISEMENT

നിങ്ങളുടെ 13-ഇഞ്ച് ലാപ്‌ടോപ് വിടര്‍ത്തി 17-ഇഞ്ച് മോണിട്ടറാക്കാന്‍ സാധിച്ചാലോ? അത്തരം ഒരു സങ്കല്‍പ ഉപകരണം അടക്കമാണ് ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് അവതരിപ്പിച്ചത്. സ്ലൈഡ് ചെയ്ത് സ്‌ക്രീന്‍ വലുതാക്കാവുന്ന ഫ്‌ളെക്‌സ് സ്ലൈഡബിൾ സ്മാര്‍ട് ഫോണ്‍ ആണ് മറ്റൊരു ഉപകരണം. ഷഓമി, വാവെയ് തുടങ്ങിയവയാണ് ഫോള്‍ഡിങ് ഫോണുകള്‍ ഇപ്പോള്‍ ഇറക്കാൻ പോകുന്ന മറ്റു കമ്പനികള്‍. 2022ല്‍ ആപ്പിളും ഒരു ഫോള്‍ഡിങ് ഐഫോണ്‍ ഇറക്കാന്‍ സാധ്യതയുണ്ട്.

 

∙ ഫോള്‍ഡിങ് ഉപകരണങ്ങള്‍ പ്രിയങ്കരമാകുന്നു

 

ഡിസ്‌പ്ലേ എത്ര വലുതാകുന്നതും ഉപയോക്താക്കള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ഒതുക്കം വേണം. ഈ വാദം പ്രാവര്‍ത്തികമാക്കാനാണ് ഫോള്‍ഡബിൾ ഫോണുകള്‍ ഇറങ്ങുന്നത്. മടക്കാവുന്ന ഉപകരണങ്ങളുടെ വിഭാഗത്തിലേക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതിയ ഫോണുകളും മറ്റും വിവിധ കമ്പനികള്‍ ഇറക്കി. എന്നാല്‍, ഇത്തരം ഫോണുകള്‍ ആദ്യമെ തന്നെ ഇറക്കിയ, സ്വന്തമായി ഡിസ്‌പ്ലേ നിര്‍മാണമുള്ള സാംസങ്ങിന് അല്‍പം മുന്‍തൂക്കം ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് സൂചന. ഫോള്‍ഡിങ് ഫോണ്‍ നിര്‍മാണത്തിന് ആപ്പിളിനു സ്‌ക്രീന്‍ നല്‍കുക സാംസങ്ങോ, മറ്റൊരു കൊറിയന്‍ ഡിസ്‌പ്ലേ നിര്‍മാണ ഭീമനായ എല്‍ജിയോ ആയിരിക്കാമെന്നാണ് സൂചനകള്‍.

 

∙ സ്വപ്‌നത്തിലെ ലാപ്‌ടോപ് ആയേക്കാമെന്ന് 

 

സിഇഎസില്‍ അവതരിപ്പിച്ച ലാപ്‌ടോപ് സങ്കല്‍പമായ ഫ്‌ളെക്‌സ് നോട്ട് സാംസങ്ങിന്റെ ഫോള്‍ഡിങ് ഡിസ്‌പ്ലേ നിര്‍മാണത്തിലെ കുതിപ്പ് വ്യക്തമാക്കുന്നു എന്ന് ഡിജിറ്റല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സാംസങ്-സൗഹാര്‍ദ വെബ്‌സൈറ്റായ സാം മൊബൈലിന്റെ പ്രതിനിധി ഇതിന്റെ അവതരണ വേളയില്‍ സന്നിഹിതനായിരുന്നു. പുതിയ ലാപ്‌ടോപ്പിന്റെ മികച്ച സാധ്യതകള്‍ വിശദീകരിച്ചു തരാന്‍ ഒരു റോക്കറ്റ് ശാസ്ത്രജ്ഞന്റെ ആവശ്യമൊന്നും ഇല്ലെന്ന് ഡിജിറ്റല്‍ ട്രെന്‍ഡ്‌സ് പറയുന്നു. ഇതേക്കുറിച്ചു വിശദീകരിക്കവെ സാംസങ്ങിന്റെ ഇപ്പോള്‍ വിപണിയിലുള്ള ഫോള്‍ഡിങ് ഫോണിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഗാലക്‌സി സെഡ് ഫോള്‍ഡ് 3 ഫോള്‍ഡിങ് ഫോണ്‍ എത്ര പ്രയോജനപ്രദമായ ഒരു ഉപകരണമാണ് എന്നതാണ് അതിന്റെ ശക്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണ വലുപ്പമുള്ള സ്‌ക്രീനായി മാറ്റിക്കഴിഞ്ഞാല്‍ ഫോണിനൊപ്പം വേറെ ഒരു ടാബോ, ഇ റീഡറോ കൊണ്ടുനടക്കേണ്ട കാര്യമില്ലാതാക്കുന്നു. അതുപോലെ, പുതിയ ഫ്‌ളെക്‌സ് നോട്ട് ലാപ്‌ടോപ്പ്/മോണിട്ടര്‍ സങ്കല്‍പവും പുതിയ ഉയരങ്ങള്‍ താണ്ടുമെന്നും പറയുന്നു.

 

∙ പരീക്ഷണം പാളിയാലും ടെക്‌നോളജി ജീവിച്ചേക്കും

 

ഫോള്‍ഡിങ് ലാപ്‌ടോപ് എന്നത് പുതിയ സങ്കല്‍പം അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലെനോവോ തിങ്ക്പാഡ് എക്‌സ്1 ഫോള്‍ഡ് മോഡല്‍ ആണ് ഇത്തരത്തിലുള്ള ആദ്യ പരീക്ഷണം. ഇത് 2020ല്‍ പ്രദര്‍ശിപ്പിച്ചതാണ്. അതിന്റെ ഓലെഡ് സ്‌ക്രീനും നൂതന രൂപകല്‍പനാ രീതികളും മനംകവരുന്നതായിരുന്നു. പക്ഷേ, വിലയും മുഴുവന്‍ പ്രയോജനവും വേണമെങ്കില്‍ കൂടുതല്‍ ആക്‌സസറികള്‍ വേണമെന്ന കാര്യവും ഉത്സാഹം കെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരിക്കിലും പല പ്രൊഫഷണലുകള്‍ക്കും ഈ ഉപകരണം പ്രയോജനപ്രദമായിരിക്കുമെന്നും പറയുന്നു. സാംസങ്ങിന്റെ ഫ്‌ളെക്‌സ് നോട്ട് തത്കാലം ഒരു സങ്കല്‍പം മാത്രമാണ്. അത് പുറത്തിറക്കപ്പെടാതിരിക്കാനുള്ള സാധ്യത പോലും ഉണ്ട്. എങ്കില്‍പ്പോലും, സാംസങ്ങിന്റെ ഫോള്‍ഡിങ് സ്‌ക്രീന്‍ സാങ്കേതികവിദ്യ മറ്റു ലാപ്‌ടോപ്പുകളില്‍ കാണാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പുലര്‍ത്തുന്നു.

 

∙ ഫോള്‍ഡിങ് സ്‌ക്രീനുകളുടെ രാജാവ് സാംസങോ?

 

നിലവില്‍ സാംസങ് വില്‍ക്കുന്ന ഫോള്‍ഡിങ് ഫോണാണ് ഗ്യാലക്‌സി സെഡ്. ഇതിന്റെ തുടക്ക വേരിയന്റിന്റെ വില 1,799 ഡോളറാണ്. ഈ വര്‍ഷത്തെ സിഇഎസില്‍ മടക്കാവുന്ന സ്‌ക്രീനുകളുടെ നിര്‍മാണത്തില്‍ തങ്ങള്‍ എന്തുമാത്രം മുന്നേറി എന്നതിന്റെ ഒരു പ്രദര്‍ശനമാണ് കമ്പനി നടത്തിയിരിക്കുന്നത് എന്നും പറയുന്നു. 'ഫ്‌ളെക്‌സ് എസ്' ആണ് മറ്റൊരു ഉപകരണം. മൂന്നു മടക്കുകളുള്ള ഈ ഉപകരണം സ്‌ക്രീനിനെ വളരെയധികം വലുതാക്കാന്‍ അനുവദിക്കുന്നു. മറ്റൊന്ന് 'ഫ്‌ളെക്‌സ് ജി' പാനലാണ്. ഇതും മൂന്നു സ്‌ക്രീനുകള്‍ കൂട്ടിഘടിപ്പിച്ചതാണ് നിര്‍മിച്ചിരിക്കുന്നത്. സ്‌ക്രീനുകള്‍ ഉള്ളിലേക്കു മടങ്ങുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഉള്ളിലേക്കു മടങ്ങുന്നതു മൂലം സ്‌ക്രീനിന് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നു. രണ്ടു തവണ മടക്കപ്പെടുന്നതിനാല്‍ കൊണ്ടു നടക്കാന്‍ കുടുതല്‍ എളുപ്പമുള്ള ഉപകരണങ്ങളുടെ പട്ടികയിലാണ് ഇതിനും സ്ഥാനം.

 

∙ ഫ്‌ളക്‌സ് സ്ലൈഡബിൾ സ്മാര്‍ട് ഫോണ്‍

 

മടക്കാവുന്ന ഡിസ്‌പ്ലേ മാത്രമല്ല സാംസങ് നിര്‍മിച്ചു വരുന്നത്. ഒരു വശത്തേക്ക് സ്ലൈഡ് ചെയ്ത് ഇറക്കാവുന്ന സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഫോണും പ്രദര്‍ശിപ്പിച്ചു - ഫ്‌ളെക്‌സ് സ്ലൈഡബിൾ എന്നാണ് പേര്. മറഞ്ഞിരിക്കുന്ന ഒരു സ്‌ക്രീന്‍ പുറത്തെടുക്കുന്ന മാജിക്കാണ് ഇതില്‍ സാംസങ് കൊണ്ടുവന്നിരിക്കുന്നത്. മുകളില്‍ ഇടതുവശത്തായി പിടിപ്പിച്ചിരിക്കുന്ന ഒരു ബട്ടണ്‍ അമര്‍ത്തുമ്പോഴാണ് മറഞ്ഞിരിക്കുന്ന സ്‌ക്രീന്‍ പുറത്തെത്തുക. സ്‌ക്രീന്‍ വലതു വശത്തുകൂടെ പുറത്തെത്തുകയും ഉപയോക്താവിന്റെ ആപ്പുകള്‍ അതില്‍ കാണാനാകുകയും ചെയ്യുന്നു. ഇതോടെ കൂടുതല്‍ വലുപ്പമുള്ള സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ഫോണിന്റെ ഉടമയ്ക്ക് സാധിക്കുന്നു.

 

∙ മാറുന്ന സങ്കല്‍പം

 

ഫോണ്‍, ടാബ്, ലാപ്‌ടോപ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒറ്റ ഗ്ലാസ് കഷണത്തെക്കുറിച്ചു ചിന്തിക്കുന്ന കാലത്തിനായിരിക്കാം ഇനി അവസാനമാകുക. രണ്ടോ അതിലേറെയോ ഗ്ലാസ് പാളികള്‍ ഒരുമിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളായിരിക്കാം ഇനി വരിക. ഇവ തുറന്നിടുന്ന പുതിയ സാധ്യതകള്‍ സാങ്കേതികവിദ്യാ പ്രേമികള്‍ക്ക് കൂടുതല്‍ പുരോഗമിച്ച ഉപകരണങ്ങള്‍ സമ്മാനിച്ചേക്കും. ഡിസ്‌പ്ലേ നിര്‍മാണ മേഖലയില്‍ കരുത്തുറ്റ സാന്നിധ്യമായ സാംസങ് ഈ മേഖലയില്‍ പുതിയ അധ്യായം എഴുതിയേക്കും എന്നാണ് ഈ വര്‍ഷത്തെ സിഇഎസ് നല്‍കുന്ന സൂചന.

 

English Summary: Samsung's foldabe Tech at CES captures imagination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com