ADVERTISEMENT

ഒരുപക്ഷേ ലോകത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ശ്രേണിയാണ് സാംസങ് ഇപ്പോള്‍  അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയുന്നു. പ്രോസസിങ് പവറിന്റെ കാര്യത്തിലടക്കം ആപ്പിളിന്റെ ഐപാഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ശ്രേണിക്ക് സാധിച്ചേക്കുമെന്നാണ് നിരീക്ഷണം. സ്‌ക്രീന്‍ വലുപ്പത്തില്‍ പല ലാപ്‌ടോപ്പുകള്‍ക്കും പകരം നില്‍ക്കാനാകുന്ന ഒന്നാണ് പുതിയ അള്‍ട്രാ മോഡല്‍. എക്‌സ്റ്റേണല്‍ കീബോഡ് ഉപയോഗിച്ച് ടൈപ്പിങ്ങിനും എസ്-പെന്‍ സ്റ്റൈലസ് വച്ച് യഥേഷ്ടം നോട്ടുകള്‍ കുറിച്ചെടുക്കാനും എന്തിന് ഫോട്ടോ-വിഡിയോ എഡിറ്റിങ്ങിനും വരെ പ്രയോജനപ്പെടുത്താം. എസ്8, എസ്8 പ്ലസ്, എസ്8 അള്‍ട്രാ എന്നിങ്ങനെ ഗ്യാലക്‌സി എസ്22 ശ്രേണിയിലെ ഫോണുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ടാബുകള്‍ക്കും നാമകരണം നടത്തിയിരിക്കുന്നത്. 

 

∙ എസ്8 അള്‍ട്രാ: ഏറ്റവും മികച്ച ടാബ്?

 

എസ്8 അള്‍ട്രാ ടാബിന് നല്‍കിയിരിക്കുന്നത് 14.6-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. ഇത്തരത്തിലുള്ള ഡിസ്‌പ്ലേയുള്ള ലോകത്തെ ഏക ടാബാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 'ആന്‍ഡ്രോയിഡ് 2 ഇന്‍ 1' ഉപകരണമെന്നു കമ്പനി വിശേഷിപ്പിക്കുന്ന ഈ മോഡലിന് തങ്ങള്‍ക്ക് ഇന്നേവരെ നല്‍കാന്‍ സാധിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച എഴുത്തനുഭവം ഉണ്ടെന്നു പറയുന്നു. പുതിയ, ശക്തിയേറിയ എസ്-പെന്‍ അഥവാ സ്റ്റൈലസിന്റെ സാന്നിധ്യമാണ് മികച്ചൊരു പ്രോഡക്ടിവിറ്റി ഉപകരണമായി എസ്8 അള്‍ട്രയെ ഉയര്‍ത്തുന്നത്.

 

∙ മികച്ച നിര്‍മിതി, ക്യാമറാ സിസ്റ്റം

 

ഇത്രയും വലിയ സ്‌ക്രീന്‍ ഉണ്ടായിട്ടും എത്ര കനം കുറഞ്ഞാണ് അതിന്റെ നിര്‍മിതി എന്നത് എസ്8 അള്‍ട്രായെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈ വര്‍ഷമിറക്കിയ എസ്8 സീരീസ് ടാബുകള്‍ക്കെല്ലാം 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉണ്ട്. മികച്ച സെല്‍ഫി ക്യാമറകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. എസ്8, എസ്8 പ്ലസ് മോഡലുകള്‍ക്ക് 12 എംപി ക്യാമറയാണ് ഉള്ളതെങ്കില്‍ അള്‍ട്രാ മോഡലിനു കൂടുതല്‍ വൈഡ്-ആയ ഒരു ക്യാമറയും അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്യാലക്‌സി എസ്22 ഫോണുകളില്‍ കൊണ്ടുവന്ന ക്യാമറാ ഫീച്ചറുകളില്‍ ചിലത് ടാബ് ശ്രേണിയിലേക്കും എത്തിയിരിക്കുന്നു. വിഡിയോ കോളുകളും മറ്റും മികവുറ്റതാക്കാനായിരിക്കും ഇന്റലിജന്റ് ഫ്രെയിമിങ് എന്ന ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു സീനിലുള്ള ആളുകളെ തിരിച്ചറിഞ്ഞ് ഫ്രെയിം അതിനനുസരിച്ച് ക്രമീകരിക്കാനുള്ള ശേഷി ടാബിനുണ്ട്. കൂടുതല്‍ പേര്‍ എത്തിയാല്‍ ഫ്രെയിം അതിനനുസരിച്ച് സ്വയം ക്രമീകരിക്കും. കമ്പനി ഇതിനെ വിളിക്കുന്നത് ഇന്റലിജന്റ് ഫ്രെയിമിങ് എന്നാണ്. ഇത് ആപ്പിള്‍ അവതരിപ്പിച്ച സെന്റര്‍ സ്റ്റേജ് എന്ന ഫീച്ചറിനെ അനുസ്മരിപ്പിക്കുന്നു എന്നു പറയുന്നു. എത്ര ആളുകളെ കാണാന്‍ സാധിക്കുന്നുണ്ടോ അതിനനുസരിച്ച് ഫ്രെയിം മാറ്റുകയോ, ഒത്ത നടുവില്‍ ഒരാളെ വച്ച് അയാളില്‍ ഫോക്കസ് കേന്ദ്രീകരിക്കാന്‍ പറഞ്ഞാല്‍ അങ്ങനെ പ്രവര്‍ത്തിക്കുകയോ ചെയ്യും. 

 

∙ മൈക് മോഡ്

 

എന്‍ഹാന്‍സ്ഡ് മൈക് മോഡാണ് മറ്റൊരു ഫീച്ചര്‍. മൂന്നുതരം നോയിസ് ക്യാന്‍സലേഷന്‍ ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ത്രീ-വേ മൈക്രോഫോണും ഇതിന് ഉണ്ട്. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മനുഷ്യരുടെ ശബ്ദവും പശ്ചാത്തല ശബ്ദങ്ങളും തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് സാംസങ് പറയുന്നു. അതേസമയം, ഇത്തരം അവകാശവാദങ്ങള്‍ ടെസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല.

 

∙ എസ് പെന്‍ സപ്പോര്‍ട്ട്

 

എസ്8 അള്‍ട്രാ, എസ്8 പ്ലസ് എന്നീ മോഡലുകള്‍ക്ക് സാംസങ്ങിന്റെ എസ് പെന്‍ എന്നറിയപ്പെടുന്ന സ്റ്റൈലസിന്റെ സപ്പോര്‍ട്ടും ലഭിക്കുന്നു. ഇത് പ്രെഡിക്ഷന്‍ അല്‍ഗോറിതവും അള്‍ട്രാ-ലോ ലേറ്റന്‍സിയും പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്നു. എഴുത്തനുഭവം വളരെ സ്വാഭാവികമാണ് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രത്യേകിച്ചും സാംസങ്ങിന്റെ നോട്ട്‌സ് ആപ്പില്‍ കുറിപ്പുകള്‍ എഴുതുമ്പോള്‍ മികച്ച അനുഭവം തന്നെ ലഭിക്കുന്നു. എഴുതുമ്പോള്‍ കൈപ്പത്തി ടാബില്‍ പതിഞ്ഞാല്‍ പ്രശ്‌നം വരുന്നില്ലെന്നതും ഇതിനെ മികവുറ്റതാക്കുന്നു.

 

∙ അള്‍ട്രായുടെ കീബോഡും മികച്ചത്

 

അള്‍ട്രാ മോഡലിന്റെ വലുപ്പകൂടുതലുള്ള കീബോഡ് (വില വേറെ കൊടുക്കണം) ഉപയോഗിച്ചുള്ള ടൈപ്പിങും മികച്ചതാണ്. അതേസമയം, കീബോഡിനൊത്ത് ടാബും ലാപ്‌ടോപ്പ് പോലെ മടിയില്‍ വച്ച് എഴുതുക എന്നത് ശ്രമകരമാണെന്നു പറയുന്നു. 

 

∙ ഒഎസ്

 

ടാബുകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിന് പരുവപ്പെടുത്തി എടുത്ത ആന്‍ഡ്രോയിഡ് വേര്‍ഷനെ 12എല്‍ എന്നാണ് ഗൂഗിള്‍ വിളിക്കുന്നത്. അതിനൊപ്പം തങ്ങളുടെ മാറ്റങ്ങളും അടക്കമാണ് സാംസങ് ടാബ് പുറത്തിറക്കിയിരിക്കുന്നത്.

 

∙ മള്‍ട്ടി വിന്‍ഡോ മോഡ്

 

മൂന്നു വിന്‍ഡോകള്‍ വരെ ഒരേസമയത്ത് തുറന്നുവയ്ക്കാന്‍ അനുവദിക്കുന്ന മള്‍ട്ടി-വിന്‍ഡോ മോഡ് എസ്8 സീരീസിന് മൊത്തമായി ലഭിക്കുന്നു. ഐപാഡുകള്‍ മാക്ക്ബുക്കുകള്‍ക്ക് രണ്ടാം സ്‌ക്രീന്‍ എന്ന നിലയില്‍ ഉപയോഗിക്കാം. അതുപോലെ മൈക്രോസോഫ്റ്റുമായി സഹകരിച്ച് എസ്8 സീരീസ് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്ക് രണ്ടാം സ്‌ക്രീനായി പ്രയോജനപ്പെടുത്താനും സാംസങ്ങിനു സാധിച്ചു എന്നത് പിസി ഉപയോക്താക്കള്‍ക്ക് ഗുണകരമായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഇത് വളരെ ഉപകാരപ്രദമായിരിക്കും. ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ അതേപടി പ്രതിഫലിപ്പിക്കുകയാണ് എസ്8 സീരീസ് ചെയ്യുന്നത്. ഇതുവഴി നിങ്ങള്‍ക്ക് ഒരു പിഡിഎഫ് ഡോക്യുമെന്റില്‍ ഓപ്പിടണമെങ്കില്‍ എസ്-പെന്‍ വച്ച് അതു ചെയ്യാം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 12എല്‍ വേര്‍ഷന് ലാപ്‌ടോപ്പ് ഉപയോക്താക്കലെ ആകര്‍ഷിക്കാന്‍ സാധിക്കുമോ എന്ന് ടെസ്റ്റുകള്‍ നടത്തി അറിയേണ്ടിയിരിക്കുന്നു. 

 

∙ എസ് 8, എസ്8 പ്ലസ്

 

എസ്8, എസ്8പ്ലസ് മോഡലുകള്‍ക്കും ഏകദേശം സമാനമായ പ്രകടനം ലഭിക്കും. എസ്8ന് 11-ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. അതേസമയം, പ്ലസ് മോഡലിന് 12.4-ഇഞ്ച് അമോലെഡ് പാനല്‍ നല്‍കിയിരിക്കുന്നു.

 

∙ വില

 

എസ്8 മോഡലിന് 700 ഡോളറാണ് വില. എസ്8 പ്ലസിന് 900 ഡോളര്‍ നല്‍കണം. അതേസമയം, എല്ലാം തികഞ്ഞ എസ്8 അള്‍ട്രാ മോഡലിന് 1100 ഡോളറാണ് വിലയിട്ടിരിക്കുന്നത്.

 

English Summary: Samsung Galaxy Tab S8 is the latest iPad Pro rival: All you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com