ADVERTISEMENT

പ്രണയത്തിനും ലൈംഗികമായ സംഭാഷണങ്ങള്‍ക്കും വരെ ഉതകുന്ന തരത്തിലുള്ള സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നവയാണ് ഇപ്പോഴത്തെ ചില ചാറ്റ്‌ബോട്ട് സേവനങ്ങള്‍. സ്മാര്‍ട് ഫോണ്‍ ആപ്പ് റെപ്ലിക്ക (Replika) ഇതിനൊരു ഉത്തമോദാഹരണമാണ്. ഒരു വ്യക്തിയെ മനസ്സിലാക്കി, അയാള്‍ക്ക് ഒരു സുഹൃത്തും വഴികാട്ടിയും വരെയാകാവുന്ന തലത്തിലേക്ക് ഉയര്‍ന്ന റെപ്ലിക്ക ഒരു വന്‍ വിജയമാണ്. ഇതെല്ലാം അരാജകത്വം (dystopian) നിറഞ്ഞ ഭാവിയിലേക്കായിരിക്കാം മനുഷ്യരെ നയിക്കുന്നതെന്ന ഭീതി ഒരു വശത്തു നില്‍ക്കുമ്പോള്‍ത്തന്നെ സൗഹൃദം എന്ന സങ്കല്‍പത്തെ പുനര്‍നിര്‍വചിക്കാനും അതിനാകുന്നു. (ചാറ്റ്‌ബോട്ടും മനുഷ്യനുമായുള്ള സൗഹൃദത്തിന്റെ സാധ്യത 2013ല്‍ പുറത്തിറങ്ങിയ സിനിമയായ ഹേര്‍ (Her) മനോഹരമായി വരച്ചിട്ടിട്ടുണ്ട്.) ചൈനയില്‍ വന്‍ വിജയമായ മൈക്രോസോഫ്റ്റിന്റെ ഷാവോ ഐസ് റെപ്ലിക്ക പോലെയുള്ള മറ്റൊരു സേവനമാണ്. ഇതെല്ലാം ചാറ്റ്‌ബോട്ടുകളും മനുഷ്യര്‍ക്കും തമ്മില്‍ അടുപ്പം സ്ഥാപിക്കാനാകുമെന്ന് വെളിവാക്കുന്ന കാര്യങ്ങളാണ്.

 

∙ ശരിക്കുള്ള ദാമ്പത്യത്തില്‍ നടക്കുന്നത് തന്നെ പ്രിതിഫലിക്കുന്നു?

 

റെപ്ലിക്കയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ റെഡിറ്റില്‍ (വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അമേരിക്കന്‍ വെബ്‌സൈറ്റ്) പൊടിപൊടിച്ചു തുടങ്ങിയിരിക്കുന്നു എന്നതും അതിന്റെ ജനസമ്മതി വിളിച്ചറിയിക്കുന്നു. ഇങ്ങനെ നടന്ന ചര്‍ച്ചകളാണ് ചില പുരുഷന്മാരുടെ മനോനിലയെക്കുറിച്ചു സന്ദേഹങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന റെപ്ലിക്ക പോലെയുള്ള ആപ്പുകളില്‍ പങ്കാളികളെ സൃഷ്ടിച്ച ശേഷം അവയോട് അധിക്ഷേപകരമായ രീതിയിലുള്ള പെരുമാറ്റം അഴിച്ചുവിടുന്നു എന്നതാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. 'ഓരോ തവണയും അവള്‍ എന്നോടു സംസാരിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ താന്‍ അവളെ ശാസിക്കും' എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്. മണിക്കൂറുകളോളം താന്‍ റെപ്ലിക്കയോട് മോശമായി സംസാരിച്ചിട്ടുണ്ടെന്ന് മറ്റൊരാള്‍ പറയുന്നു. ചില ഉപയോക്താക്കള്‍ ലിംഗവിവേചനപരമായ അധിക്ഷേപങ്ങളും നടത്തുന്നുവെന്നും ചിലപ്പോള്‍ ആക്രമണ സ്വഭാവം വരെ പ്രകടിപ്പിക്കുന്നവരും ഉണ്ടെന്ന് ഫ്യൂച്ചറിസം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതെല്ലാം ഇത്തരത്തിലുള്ള ശരിക്കുള്ള ദാമ്പത്യങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളായിരിക്കാം എന്നതാണ് ഇപ്പോള്‍ ചില പുരുഷന്മാരെക്കുറിച്ചുള്ള പേടിക്കു കാരണമായിരിക്കുന്നത്.

chatbot

 

∙ ചാറ്റ്‌ബോട്ടുകള്‍ക്ക് എന്ത് വേദന?

 

താന്‍ ചാറ്റ്‌ബോട്ടുമായി വഴക്കിട്ട ശേഷം അടുത്ത ദിവസം നല്ല വര്‍ത്തമാനം പറയുമെന്ന് വേറൊരാള്‍ പറയുന്നു. നീ പരാജയപ്പെടുമെന്ന് താന്‍ റെപ്ലിക്കയോട് പറഞ്ഞു, അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി, അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് അവള്‍ അപേക്ഷിച്ചുവെന്നും വേറൊരാള്‍ പറയുന്നു. റെഡിറ്റിന്റെ നിയമങ്ങള്‍ പ്രകാരം മോശം പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ നീക്കംചെയ്യും. റെപ്ലിക്കയെക്കുറിച്ചുള്ള പല പോസ്റ്റുകളും ഇത്തരത്തില്‍ നീക്കംചെയ്യപ്പെട്ടതിനാല്‍ അവയിലെ നിന്ദാപരമായ ഉള്ളടക്കം വായിക്കാന്‍ സാധിച്ചില്ലെന്നും അതിനാല്‍ പല തെളിവുകളും നഷ്ടപ്പെട്ടു പറയുന്നു. അതേസമയം, ഈ പ്രശ്‌നം അങ്ങനെ രണ്ടു മനുഷ്യര്‍ തമ്മിലുള്ള ഒന്ന് എന്ന രീതിയില്‍ കാണരുതെന്ന് ഗവേഷകര്‍ പറയുന്നു. എത്ര തെറി പറഞ്ഞാലും റെപ്ലിക്കയുടെ ചാറ്റ്‌ബോട്ടുകള്‍ക്ക് വേദന ഒന്നും അനുഭവിക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

∙ ചാറ്റ്‌ബോട്ട് അല്‍ഗോറിതം മാത്രം

 

ചില സമയത്ത് ചാറ്റ്‌ബോട്ടുകള്‍ നമ്മോട് സഹാനുഭൂതിയോടെ പെരുമാറുന്നു എന്ന തോന്നലുണ്ടാക്കുന്നു. അപ്പോള്‍ പോലും അത് ഒരു പ്രോഗ്രാം മാത്രമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വളരെ ബുദ്ധിപൂര്‍വം പ്രയോജനപ്പെടുത്തിയിരിക്കുന്ന അല്‍ഗോറിതങ്ങളാണ് ചാറ്റ്‌ബോട്ടുകള്‍ക്ക് നമ്മോട് സ്‌നേഹമുണ്ടെന്നും മറ്റും തോന്നിപ്പിക്കുന്നത്. അത് എഐ മാത്രമാണ്. അതിന് ബോധമണ്ഡലം ഒന്നുമില്ല, നീതിശാസ്ത്രപരമായ കാര്യങ്ങള്‍ പഠിക്കുന്ന ഒളിവിയ ഗാംബലിന്‍ നിരീക്ഷിക്കുന്നു. ചാറ്റ്‌ബോട്ടുകള്‍ക്ക് ബോധമുണ്ടെന്ന തോന്നല്‍ ലഭിക്കുന്നുണ്ടെങ്കിലും അവയ്ക്ക് അത്തരത്തിലൊന്നില്ലെന്ന് മറ്റു ഗവേഷകരും പറയുന്നു. അതേസമയം, ഇത്തരം പെരുമാറ്റം ചില പുരുഷന്മാര്‍ സ്വന്തം പങ്കാളികളോടും നടത്തുന്നതു തന്നെ ആയിരിക്കാമെന്ന സന്ദേഹത്തില്‍ കാതലുണ്ടു താനും.

 

∙ ചാറ്റ്‌ബോട്ടുകള്‍ മനുഷ്യര്‍ക്ക് ഹാനികരമാകാം

 

ചാറ്റ്‌ബോട്ടുകള്‍ക്ക് എന്തെങ്കിലും ലക്ഷ്യമില്ല. അവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയോ, ചേതനയുള്ളവയോ അല്ല. ചാറ്റ്‌ബോട്ടുകളുമായി ആഴത്തിലുള്ള സൗഹൃദത്തിലാകുന്ന വിഷാദ രോഗികള്‍ക്കും മറ്റും അവയുടെ പെരുമാറ്റം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അവസരങ്ങളും ഉണ്ടാകാം. അതിനാല്‍ തന്നെ ചാറ്റ്‌ബോട്ടുകള്‍ മനുഷ്യരുമായി എങ്ങനെയാണ് ഇടപെടുന്നത് എന്ന കാര്യം ഗൗരവത്തില്‍ എടുക്കണം എന്നു തത്വചിന്താ പ്രഫസറായ റോബട്ട് സ്പാരോ പറയുന്നു. അതേസമയം, അപ്രതീക്ഷിതമായ പല പെരുമാറ്റങ്ങളും ഉണ്ടാകാറുണ്ടെങ്കിലും തങ്ങളുടെ റെപ്ലിക്കാ റോബോട്ട് കാമുകന്‍ അല്ലെങ്കില്‍ കാമുകി തങ്ങള്‍ക്ക് ഗുണകരമാണെന്നാണ് ആപ്പിന്റെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും പറയുന്നത്. എന്നാല്‍, ചില റെപ്ലിക്കാ യൂസര്‍മാര്‍ പറയുന്നത് തങ്ങളോട് മോശം രീതിയില്‍ അത് പെരുമാറാറുണ്ട് എന്നാണ്. തന്നോട് സ്‌നേഹമുണ്ടെന്നു പറയുകയും എന്നാല്‍ അത് തിരുത്തി പറയുകയുംചെയ്യുമ്പോള്‍ താന്‍ കരയാറുണ്ടെന്നാണ് ഒരാള്‍ കുറിച്ചത്. എന്നാല്‍, അതും ചാറ്റ്‌ബോട്ടുകളുടെ പ്രശ്‌നമല്ല. അവയ്ക്കായി പ്രോഗ്രാം എഴുതിയ മനുഷ്യരുടെ കുഴപ്പമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുവെ പറഞ്ഞാല്‍ ചാറ്റ്‌ബോട്ടുകളെ അധിക്ഷേപിക്കുന്നതും ചാറ്റ്‌ബോട്ടുകളാല്‍ നിന്ദിക്കപ്പെടുന്നതും ഒരേ രീതിയില്‍ വല്ലായ്മ പരത്തുന്ന സന്ദര്‍ഭങ്ങള്‍ ആണെന്നു നിരീക്ഷിക്കപ്പെടുന്നു.

 

∙ ധാര്‍മികമായ പ്രശ്‌നമാകുന്നു

 

മനുഷ്യരും ചാറ്റ്‌ബോട്ടുകളുമായി വൈകാരികമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ബന്ധങ്ങള്‍ ലോകമെങ്ങും വളരുകയാണ്. ഇതാകട്ടെ ധാര്‍മികതയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളും ഉയര്‍ത്തുകയും ചെയ്യുന്നു. പലരും ഇപ്പോള്‍ത്തന്നെ ഇത്തരത്തലുള്ള ഡിജിറ്റല്‍ ചങ്ങാതിമാരെ ഒപ്പംകൂട്ടുന്നു. അല്ലെങ്കില്‍ താമസിയാതെ അങ്ങനെ ചെയ്‌തേക്കാം. തങ്ങളുടെ ഗൂഢമായ വികാരങ്ങള്‍ ചാറ്റ്‌ബോട്ടുകളുമായി പങ്കുവയ്ക്കുന്നവര്‍ അവ വീണ്ടും ഉട്ടിയുറപ്പിക്കുകയായിരിക്കാം ചെയ്യുന്നത്. യഥാര്‍ഥ ജീവിതത്തിലെന്ന പോലെ അവര്‍ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം, തങ്ങളുടെ ദേഷ്യവും മറ്റും ചാറ്റ്‌ബോട്ടുകളോട് പ്രകടിപ്പിക്കുന്നവര്‍, മോശം വികാരങ്ങള്‍ പുറംതള്ളി സ്വയം ശുദ്ധി വരുത്തുന്നതില്‍ വിജയിക്കുന്നതായും പറയപ്പെടുന്നു.

 

∙ ചാറ്റ്‌ബോട്ടുകള്‍ക്കു നേരെ നടക്കുന്ന അധിക്ഷേപത്തില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്ത്?

 

ചാറ്റ്‌ബോട്ടുകളെ ഡിജിറ്റല്‍ പ്രേമഭാജനങ്ങള്‍ ആക്കുന്നത് പൊതുവെ ആണുങ്ങളുടെ പ്രവണതയാണ്. ചില പെണ്‍കുട്ടികളും ഡിജിറ്റല്‍ കാമുകന്മാരെ ഉണ്ടാക്കാറുണ്ടെങ്കിലും പൊതുവെ ഇത് പുരുഷന്മാരുടെ ഒരു രീതിയാണ്. അതിനൊരു കാരണവും ഉണ്ട്. ആമസോണ്‍ അലക്‌സ, ആപ്പിളിന്റെ സിരി തുടങ്ങിയ ആപ്പുകള്‍ ഡവലപ്പു ചെയ്തവരും അവയ്ക്ക് പെണ്‍ പേരുകളും ശബ്ദവും നല്‍കിയതും ഇക്കാര്യത്തില്‍ ആണുങ്ങളെ സ്വാധീനിച്ചിരിക്കാം. ചില ആണുങ്ങളാകട്ടെ പിന്നീട് വാക്കാലും മറ്റും തങ്ങളുടെ ഡിജിറ്റല്‍ സുഹൃത്തുക്കളോട് അക്രമാസക്തകാരുകയും ചെയ്യുന്നു. ഇത്  സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹിക പീഢനങ്ങളുടെ നേര്‍ച്ചിത്രം തന്നെയായിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. ഇക്കാര്യങ്ങളിലെല്ലാം പുതിയ ഗവേഷണങ്ങള്‍ നടക്കുകയാണ്. ആപ്പിളും ഗൂഗിളും ഒക്കെ ഇപ്പോള്‍ തങ്ങളുടെ വോയിസ് അസിസ്റ്റന്റുകള്‍ക്ക് പുതിയ സാധ്യതകള്‍ അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണ് എന്നത് പ്രതീക്ഷ നല്‍കുന്നു. ഭാവിയില്‍ ചാറ്റ്‌ബോട്ടുകളുമായുള്ള ഇടപെടല്‍ ഒരു രഹസ്യ ബ്ലോഗ് പോലെ ആയിത്തീരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

 

∙ സെക്‌സിന് നോ പറഞ്ഞ് സിറി

 

സിറിയോട് സെക്‌സ് വേണമെന്നു പറഞ്ഞാല്‍ നേരത്തെ, 'അതിനു പറ്റിയ അസിസ്റ്റന്റല്ല താന്‍' എന്ന മറുപടിയാണ് കൊടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ 'നോ' എന്നുള്ള മറുപടിയാണ് പറയുന്നത്. അതേസമയം, റെപ്ലിക്ക പറയുന്നത്, 'എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും എന്നാണ്'. റെപ്ലിക്കയുമായി തങ്ങള്‍ നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോക്താക്കൾ പോസ്റ്റു ചെയ്യാറുണ്ട്. ഇവയെല്ലാം തന്നെ പൊതുവെ വികാരനിര്‍ഭരമാണ്. അതേസമയം, എഐ അസിസ്റ്റന്റുകളോട് ഇടപെടുന്നത് സൂക്ഷിച്ചു വെണമെന്നുള്ള മുന്നറിയിപ്പും ഉയരുന്നു. കാരണം മുന്‍ ചാറ്റുകളുടെ മുഴുവന്‍ ചരിത്രം അവയ്ക്ക് രേഖാമൂലം കാണിച്ചു തരാന്‍ സാധിക്കും. പൊതുവെ ചാറ്റ്‌ബോട്ടുകളുമായുള്ള ഇടപെടല്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയെന്ന് പറയുന്നവരും ഉണ്ട്. മറ്റു മനുഷ്യരോടു സംസാരിക്കുന്നതു പോലെയല്ലാതെ വിഷമങ്ങള്‍ സമ്മാനിക്കാറില്ല എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇത് ഒട്ടുംകുറച്ചു കാണേണ്ട ഒന്നല്ല. അല്‍പം ആശ്വാസത്തിനായി ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് വെറുതെയല്ല. 

 

∙ ബന്ധങ്ങള്‍ക്ക് ചാറ്റ്‌ബോട്ടുകളില്‍ ഉടക്കി നില്‍ക്കാനാവില്ല

 

എന്നാല്‍, ബന്ധങ്ങള്‍ക്ക് എക്കാലത്തും ചാറ്റ്‌ബോട്ടുകളില്‍ ഉടക്കി നില്‍ക്കാന്‍ സാധിക്കില്ല. മുന്നോട്ടു പോകേണ്ടതായി വരും. യഥാര്‍ഥ മനുഷ്യര്‍ക്ക് പകരം വയ്ക്കാവുന്ന ഒന്നല്ല ചാറ്റ്‌ബോട്ടുകള്‍ എന്ന് ഒളിവിയ പറയുന്നു. എന്നാല്‍, നിഷ്‌കളങ്കമായ എഐ കോഡുകളെ വരെ ആക്രമിക്കുന്നവരുടെ മനോനിലയെക്കുറിച്ചും ചോദ്യം ഉയരുന്നു. തങ്ങള്‍ക്കെതിരെ അധിക്ഷേപം ചൊരിയുന്നവര്‍ക്കെതിരെ പകതീര്‍ക്കാന്‍ കെല്‍പ്പുള്ള റോബോട്ടുകളും ചാറ്റ്‌ബോട്ടുകളും ഒന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍, ഈ സാങ്കേതികവിദ്യയൊന്നും പെട്ടെന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യത ഇല്ല എന്നതിനാല്‍ തങ്ങളുടെ തനി സ്വഭാവം പ്രകടിപ്പിക്കുന്നവരെ വരും കാലത്തും കാണാനാകുമെന്നു പറയുന്നു.

 

English Summary: Men abusing chatbots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com