ADVERTISEMENT

ഒരു പതിറ്റാണ്ടു വരെയൊക്കെ ഒരേ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാമെങ്കിലോ? പഴയതായി എന്ന പരാതി വരാതെ, ഫോണിന്റെ സ്‌ക്രീനും ക്യാമറയും വരെ മാറ്റിവയ്ക്കാവുന്ന ഫോണ്‍ നിര്‍മിക്കുന്ന കമ്പനികളുണ്ടെങ്കിലോ? അതും പുതിയ ഘടകഭാഗങ്ങള്‍ വരുത്തി സ്വയം അഴിച്ച് രണ്ടു മിനിറ്റുകൊണ്ട് മാറ്റിവയ്ക്കാമെങ്കിലോ? ലോകത്ത് അങ്ങനെ ചിന്തിക്കുന്ന, റിപ്പെയറിങ് പ്രോത്സാഹിപ്പിക്കുന്ന കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന അറിവ് പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാണ്. നാലാം തലമുറ വരെ എത്തിനില്‍ക്കുന്ന ഫെയര്‍ഫോണ്‍ (Fairphone)  പോലെയുള്ള കമ്പനികളാണ് മോഡുലര്‍ രീതിയില്‍ ഫോണുകള്‍ നിര്‍മിച്ചു വില്‍ക്കുന്നത്. ഇവയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമായി മാറ്റിവയ്ക്കാം. ഇത്തരത്തിലുള്ള നിര്‍മാണ രീതിയും പ്രചാരണങ്ങളും ഫലം കണ്ടു തുടങ്ങിയെന്നതിനു തെളിവാണ് ഐഫോണ്‍ നന്നാക്കി ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ തീരുമാനിച്ചത്.

 

∙ സവിശേഷ ലക്ഷ്യങ്ങളുമായി ഫെയര്‍ഫോണ്‍

 

2013 ല്‍ ആണ് ഫെയര്‍ഫോണ്‍ കമ്പനി തുടങ്ങിയത്. നാലു പ്രധാന തത്വങ്ങളില്‍ അധിഷ്ഠിതമാണ് അതിന്റെ പ്രവര്‍ത്തനം. ഫോണിനു വേണ്ട പദാര്‍ഥങ്ങള്‍ നിയമപരമായി ഖനനം നടത്തുന്ന ഇടങ്ങളില്‍ നിന്നാണ് ശേഖരിക്കുക. എല്ലാ ഉൽപന്നങ്ങളും പുഃനചംക്രമണം ചെയ്യാന്‍ സാധിക്കണം. അവ ദീര്‍ഘകാലം ഈടു നില്‍ക്കണം. കേടുവന്നാല്‍ റിപ്പയർ ചെയ്യാന്‍ സാധിക്കണം. ഫെയര്‍ഫോണ്‍ രണ്ടു മിനിറ്റുകൊണ്ട് പരിപൂര്‍ണമായി അഴിക്കാം. ചില മോഡലുകള്‍ അഴിക്കാന്‍ ഒരു ടൂളും ഉപയോഗിക്കേണ്ട. ഫോണുകളുടെ ഉപയോഗം രണ്ടു വര്‍ഷമെങ്കിലും നീട്ടിയാല്‍ കാര്‍ബണ്‍ പുറംതള്ളല്‍ 30 ശതമാനം വരെ കുറയ്ക്കാമെന്നു പറയുന്നു. ഇതൊക്കെയാണെങ്കലും ഫെയര്‍ഫോണ്‍ ഒരു വന്‍ വിജയമൊന്നുമല്ല. ഇതുവരെ കമ്പനി ഏകദേശം 4 ലക്ഷം ഫോണുകളാണ് വിറ്റിരിക്കുന്നത്. പക്ഷേ, സ്മാര്‍ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ അവര്‍ ചലനങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. കമ്പനിക്ക് 2016ലെ ജര്‍മൻ എൻവയൺമെന്റ് അവാര്‍ഡ് ലഭിച്ചു. ഈ വിഭാഗത്തിൽ യൂറോപ്പിൽ എറ്റവുമധികം സമ്മാനത്തുകയുള്ള പുരസ്കാരമാണിത്.

 

∙ ജര്‍മന്‍കാര്‍ക്ക് പ്രിയം, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും

 

വന്‍കിട ഫോണ്‍ നിര്‍മാണ കമ്പനികളുടെ പരസ്യത്തില്‍ മയങ്ങാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുകളിലാണ് ജര്‍മനിയുടെ സ്ഥാനം. അവര്‍ യൂറോപ്പില്‍ത്തന്നെയുള്ള ചെറിയ കമ്പനികളുടെ ഫോണുകള്‍ വാങ്ങാന്‍ മടികാട്ടുന്നില്ല. പരിസ്ഥിതിക്ക് കാര്യമായി പ്രശ്നമുണ്ടാക്കില്ല എന്നതു കൂടാതെ ഡേറ്റാ സ്വകാര്യതയും ഇത്തരം ഫോണുകള്‍ വാങ്ങുക വഴി ലഭിക്കുമെന്നു പറയുന്നു. ഫെയര്‍ഫോണ്‍ തീര്‍ത്തും വില കുറഞ്ഞ മോഡലുമല്ല. എന്നാല്‍, താരതമ്യേന സമ്പന്നമായ ജര്‍മനി പോലെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ക്കായി പണം ചെലവിടാന്‍ മടിയുമില്ല. ഫെയര്‍ഫോണ്‍ എന്തു വില കൊടുത്തും കച്ചവടം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

∙ റിപ്പയര്‍ ചെയ്യാനുള്ള അവകാശം

 

അടുത്തിടെ യൂറോപ്യന്‍ കമ്മിഷനും ഫോണുകള്‍ റിപ്പയർ ചെയ്ത് ഉപയോഗിക്കാനുള്ള അവകാശം അംഗീകരിച്ചു കഴിഞ്ഞു. അമേരിക്കയിലും പ്രകൃതിസ്‌നേഹികള്‍ ഫോൺ റിപ്പയര്‍ ചെയ്യാനുള്ള അവകാശത്തിനായി മുറവിളി കൂട്ടിത്തുടങ്ങി. ഇത്തരം തീരുമാനങ്ങളുടെ ഫലമാണ് ആപ്പിള്‍ പോലും ഉപയോക്താവിന് തനിയെ ഫോണ്‍ റിപ്പെയര്‍ ചെയ്യാനുള്ള അവകാശം നല്‍കിയത്. ഘടകഭാഗങ്ങള്‍ ആപ്പിള്‍ തന്നെ ലഭ്യമാക്കും.

 

∙ ഫെയര്‍ഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ എങ്ങനെ?

 

ഫെയര്‍ഫോണ്‍ 4 ആണ് കമ്പനിയുടെ ഏറ്റവും പുതിയ മോഡല്‍. ഇതിനെ ഒരു ഇടത്തരം ഫോണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ ഫോണ്‍ ദീര്‍ഘകാലം ഉപയോഗക്കാമെന്ന വാഗ്ദാനത്തോടെയാണ് വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. അല്ലാതെ ചില മേഖലകളില്‍ മറ്റു മോഡലുകളെ കവച്ചുവയ്ക്കുന്ന പ്രകടനം നടത്തുമെന്ന അവകാശവാദവുമായല്ല. ഭാഗികമായ വാട്ടര്‍ റസിസ്റ്റന്‍സ് തുടങ്ങിയ ഗുണങ്ങളും നിരാശപ്പെടുത്താത്ത പ്രകടന മികവും ഉണ്ട്. ഫെയര്‍ഫോണിനൊപ്പം മോഡുലര്‍ ഫോണ്‍ എന്ന ആശയത്തിനു വേണ്ടി നിലനില്‍ക്കുന്ന മറ്റൊരു കമ്പനി ജര്‍മനി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഷിഫ്റ്റ്‌ഫോണ്‍സ് ആണ്. ഇവര്‍ക്കും വലിയ രീതിയിലുള്ള കച്ചവടമൊന്നും നടക്കുന്നില്ല. പക്ഷേ, തങ്ങളുടെ ഫോണുകളുടെ വില്‍പന ഓരോ വര്‍ഷവും ഇരട്ടിയാകുന്നു എന്ന് കമ്പനി പറയുന്നു. അതേസമയം, ഫെയര്‍ഫോണ്‍ കമ്പനിയും ഷിഫ്റ്റ്‌ഫോണ്‍സും സഹകരിച്ചു മുന്നേറണമെന്നും വാദമുണ്ട്. മൊത്തം സ്മാര്‍ട് ഫോണ്‍ വ്യവസായവും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ഗുണകരമായിരിക്കുമെന്നും ഫിഷ്ഫ്റ്റ്‌ഫോണ്‍സ് ചീഫ് എക്‌സിക്യൂട്ടിവ് സാമുവല്‍ വാല്‍ഡെക് പറയുന്നു.

 

∙ എന്തുകൊണ്ടാണ് ഒരാള്‍ ഫോണ്‍ മാറ്റുന്നത് ?

 

ചിലര്‍ക്കെങ്കിലും ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ തുടര്‍ന്ന് ഉപയോഗിക്കാന്‍ മടിയില്ല. പക്ഷേ, ക്യാമറയുടെ പ്രകടനം കുറഞ്ഞെന്ന തോന്നലുണ്ട്. ക്യാമറ കുഴപ്പമില്ല, സ്‌ക്രീനില്‍ സ്‌ക്രാച്ച് വീണിരിക്കുന്നു എന്ന് വേറൊരാള്‍. മറ്റൊരാള്‍ക്ക് പരാതി ബാറ്ററി ലൈഫ് പഴയതു പോലെ നീണ്ടുനില്‍ക്കുന്നില്ല എന്നാണ്. ഇങ്ങനെയൊക്കെ തോന്നിയാല്‍ ഇക്കാലത്ത് ചെയ്യാവുന്ന ഒരു കാര്യമേയുള്ളൂ - പുതിയ ഫോണ്‍ വാങ്ങുക. അങ്ങനെ വരുത്തിത്തീര്‍ത്തിരിക്കുകയാണ് ഫോണ്‍ നിര്‍മാണ കമ്പനികള്‍. അതേസമയം, ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കു കണ്ട് ഭയന്നിരിക്കുകയാണ് ഭൂമിയെ സ്‌നേഹിക്കുന്നവര്‍. യുഎന്‍ 2019ല്‍ പുറത്തുവിട്ട കണക്കു പ്രകാരം 53.6 ദശലക്ഷം ടണ്‍ ഇലക്ട്രോണിക് വെയ്‌സ്റ്റ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ വലിയൊരു പങ്കും പുതിയ മോഡല്‍ വേണമെന്ന ആഗ്രഹം കാരണം വലിച്ചെറിയുന്ന സ്മാര്‍ട് ഫോണുകളാണ്. സ്മാര്‍ട് ഫോണ്‍ ഉണ്ടാക്കുന്ന ഇവെയിസ്റ്റില്‍ 17 ശതമാനം മാത്രമേ ഇന്നും പുനഃചംക്രമണം ചെയ്ത് ഉപയോഗിക്കുന്നുള്ള എന്നത് മറ്റൊരു ദുരന്തമാണ്.

 

∙ പുതിയതു മാത്രമേ കയ്യില്‍ വയ്ക്കൂ എന്ന വാശിയിലുള്ളവര്‍

 

ചിലര്‍ പുതിയ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് മാസങ്ങള്‍ മാത്രമാണ്. പലരും ഒരു ഫോണ്‍ പരമാവധി ഉപയോഗിക്കുന്നത് രണ്ടു വര്‍ഷം വരെയൊക്കെയാണ്. അപ്പോഴേക്കും പരസ്യങ്ങളും റിവ്യൂകളും വഴി പുതിയ ഫോണില്‍ അസാധാരണമായ എന്തൊക്കെയോ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചിരിക്കും.

 

∙ ഫോണ്‍ കേടുവന്നാലോ? 

 

ഗ്യാരന്റിയുള്ള സമയത്താണെങ്കില്‍ നന്നാക്കി കിട്ടും. അല്ലെങ്കില്‍ കേടുവന്ന ഫോണുകള്‍ നന്നാക്കി നല്‍കാന്‍ ആരും ഒരു ഉത്സാഹവും കാണിക്കുന്നില്ല. മിക്കവാറും ബോര്‍ഡ് പോയെന്നു പറയും. ബോര്‍ഡ് വാങ്ങാന്‍ പുതിയ ഫോണ്‍ വാങ്ങുന്നതിനടുത്തു പൈസയും പോകും. അപ്പോൾ പിന്നെ പുതിയ ഫോണ്‍ വാങ്ങാമെന്നു വയ്ക്കും. ഇങ്ങനെയെല്ലാമുള്ള കാരണങ്ങള്‍ കൊണ്ടാണ് പലരും പുതിയ ഫോണുകള്‍ക്കു വേണ്ടി പൈസ മുടക്കുന്നത്. എന്നാല്‍ അത് ഭൂമിക്കു വരുത്തുന്ന നാശം കൂടി കണക്കിലെടുത്ത് ഫോണുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കണമെന്ന ആശയമാണ് ഫെയര്‍ഫോണും മറ്റും മുന്നോട്ടുവയ്ക്കുന്നത്.

 

English Summary: Fairphone- the modular phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com