ഗൂഗിള്‍ ഗ്ലാസും വച്ച് ആരെങ്കിലും ഒരു മുറിയിലേക്ക് കയറിവന്നാല്‍ മറ്റുള്ളവര്‍ അസ്വസ്ഥരാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അത് ആദ്യ ഗൂഗിള്‍ ഗ്ലാസിന്റെ കാര്യം. ഇതിന്റെ ഡെമോ 2012ല്‍ നടത്തുകയും പിന്നാലെ 2013ല്‍ ഔദ്യോഗികമായി അവതരിപ്പിക്കുകയും 2014ല്‍ വില്‍പനയ്ക്ക് എത്തുകയും ചെയ്തു. 1500 ഡോളറായിരുന്നു വില. ഇത് ആളുകളെ അസ്വസ്ഥരാക്കിയിരുന്നതിനു കാരണം അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ക്യാമറ ആയിരുന്നു. ഗൂഗിള്‍ ഗ്ലാസ്ധാരി ഫോട്ടോ എടുക്കുകയാണോ, വിഡിയോ പിടിക്കുകയാണോ എന്നൊന്നും അറിയാന്‍ വഴിയില്ലാത്തതായിരുന്നു ആ ഉപകരണത്തെ പലരും പേടിക്കാന്‍ കാരണം. വിഡിയോയും മറ്റും പകര്‍ത്തുമ്പോള്‍ ഒരു എല്‍ഇഡിയോ മറ്റൊ ഗ്ലാസില്‍ തെളിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നത്തിന് കുറച്ചെങ്കിലും പരിഹാരമാകുമായിരുന്നു. കൂടാതെ, സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് ഇറങ്ങിവന്നത് പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള രൂപകല്‍പനാ രീതിയും ആയിരുന്നു ഗൂഗിൾ ഗ്ലാസിന്. എന്നാൽ, സ്വകാര്യതയ്ക്കു ഭീഷണിയാണെന്ന വിമര്‍ശനം കടുത്തതോടെ ഗൂഗിള്‍ ഗ്ലാസ് നിര്‍മാണം നിർത്തുകയായിരുന്നു.
∙ ഗൂഗിള്‍ ഗ്ലാസ് വീണ്ടും
കാലത്തിനു മുൻപേ എത്തിയ ഉപകരണങ്ങളുടെ പട്ടികയിലാണ് പലരും ആദ്യ ഗൂഗിള്‍ ഗ്ലാസിനെ പെടുത്തുന്നത്. എന്തായാലും വര്‍ഷങ്ങള്‍ എട്ടുപത്തു കഴിഞ്ഞതോടെ വിപണിയില്‍ ഓഗ്മന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ വ്യാപകമായിരിക്കുന്നു. പ്രൊഫഷണല്‍ ഉപയോഗത്തിനായി ഇറക്കിയ മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ്, സ്‌നാപ്ചാറ്റിന്റെ സ്‌പെക്ടാക്കിൾസ്, ഫെയ്‌സ്ബുക്കിന്റെ റെയ്-ബാന്‍ ഗ്ലാസ്, ഓക്യുലസ് തുടങ്ങി നിരവധി ഉപകരണങ്ങള്‍ ഈ മേഖലയിലേക്ക് എത്തി. ക്യാമറയോടു കൂടിയും ഇല്ലാതെയുമുള്ള സ്മാര്‍ട് കണ്ണടകള്‍ വിവിധ കമ്പനികള്‍ പുറത്തിറക്കി. ആപ്പിള്‍ താമസിയാതെ വിലയേറിയ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കാന്‍ പോകുന്നു എന്നു പറയുന്നു. ഈ മേഖലയില്‍ ഗൂഗിള്‍ വെറുതെയിരിക്കുമെന്നു കരുതിയെങ്കില്‍ തെറ്റി. പുതിയ ഗൂഗിള്‍ ഗ്ലാസ് പരീക്ഷിച്ചു വരികയാണെന്നാണ് ഐ/ഒ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനി വെളിപ്പെടുത്തിയത്. ശ്രദ്ധേയമായ ഒരു കാര്യം പുതിയ ഗൂഗിള്‍ ഗ്ലാസില്‍ ക്യാമറ കാണാനായില്ല എന്നതാണ്.
∙ തത്സമയ തര്‍ജമ
ഇപ്പോള്‍ പ്രിവ്യൂ ചെയ്തിരിക്കുന്ന ഗ്ലാസിന് പഴയ മോഡലിനുണ്ടായിരുന്ന സയന്‍സ് ഫിക്ഷന്‍ ലുക്കുമില്ല. പരമ്പരാഗത രീതിയിലുള്ള കണ്ണടയാണ് കമ്പനി അടുത്തതായി പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നത്. അറിയില്ലാത്ത ഭാഷയില്‍ സംസാരിക്കുന്നവരുമായി ഇടപെടുമ്പോള്‍ അവര്‍ പറയുന്നത് ഗ്ലാസ് ധാരിക്ക് തര്‍ജമ ചെയ്തു നല്‍കുക എന്നൊരു ഫീച്ചറിനാണ് പുതിയ ഗ്ലാസില്‍ ഊന്നല്‍ നല്‍കുന്നത്. കേട്ടകാര്യം തത്സമയം തര്‍ജമ ചെയ്ത് ഗ്ലാസില്‍ കാണിക്കാനാണ് ഗൂഗിളിന്റെ ശ്രമം. തുടക്കത്തില്‍ ഈ ഫീച്ചര്‍ കുറച്ചു ഭാഷകളാണ് സപ്പോര്‍ട്ടു ചെയ്യുക. ഇതു കൂടാതെ പുതിയ ഗ്ലാസ് സങ്കല്‍പം കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമാണെന്നാണ് ലഭിക്കുന്ന സൂചന.
∙ ഭാഷകളുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കാന്‍
പുതിയ ഗൂഗിള്‍ ഗ്ലാസ് വഴി ഭാഷകളുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണെന്നും ഇതിനായി വര്‍ഷങ്ങളായി നടത്തിവന്ന ഗവേഷണ ഫലങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും ഗൂഗിളിന്റെ പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടറായ എ.ഡി. ചങ് പറയുന്നു. അതേസമയം, ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക വഴി വരുന്ന പരസ്യങ്ങള്‍ സാംസങ് ആപ്പിള്‍ തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ കമ്പനികള്‍ക്ക് പകുത്തു നല്‍കി വരുമാനം നഷ്ടപ്പെടുത്തേണ്ടെന്നും ഗൂഗിള്‍ ചിന്തിക്കുന്നു. കൂടാതെ, കൂടുതല്‍ ഉപയോക്താക്കളെ തങ്ങളുടെ ടെക്‌നോളജി വേലിക്കെട്ടിനുള്ളില്‍ തളച്ചിടാനും കമ്പനിക്കു സാധിക്കും.
∙ ഇപ്പോഴും ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ കരുത്തു തെളിയിച്ചിട്ടില്ല
അതേസമയം, ഗൂഗിള്‍ ഇപ്പോഴും ഗൗരവത്തിലെടുക്കേണ്ട ഹാര്‍ഡ്‌വെയര്‍ നിര്‍മാണ കമ്പനിയൊന്നും ആയിട്ടില്ലെന്നും സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ പോലും കമ്പനിക്ക് ചെറിയൊരു ശതമാനം വില്‍പന മാത്രമാണ് നടത്താനാകുന്നുള്ളു എന്നും ഗവേഷണ കമ്പനിയായ ഐഡിസി പറയുന്നു. ഇതുകൂടാതെ സോഫ്റ്റ്‌വെയര്‍ ഭീമനായ ഗൂഗിളിന് സോഫ്റ്റ്‌വെയര്‍ രംഗത്തും അടുത്തിടെ മത്സരം കടുക്കുകയാണ്. ഇതിനു പുറമെയാണ് വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ വിവിധ രാജ്യങ്ങള്‍ കൊണ്ടുവരുന്ന പുതിയ നിയന്ത്രണങ്ങളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ വരുന്നത് ഹാന്‍ഡ്‌സ് ഫ്രീ യുഗം
ഒന്നര പതിറ്റാണ്ടോളമായിട്ടും സ്മാര്‍ട് ഫോണുകള്‍ ടെക്‌നോളജി പ്രേമികളുടെ ഇഷ്ട ഉപകരണമായി വാഴുകയാണ്. എന്നാല്‍, ഇനി വരുന്നത് ഹാന്‍ഡ്‌സ് ഫ്രീ നാളുകളാണ്. അതായത് ഫോണുകള്‍ എടുക്കണമെങ്കില്‍ കൈ വേണം. ഇനി കൈകള്‍ സ്വതന്ത്രമാക്കിക്കൊണ്ടുള്ള ഉപകരണങ്ങള്‍ അഥവാ ശരീരത്തിൽ ധരിക്കാവുന്ന കംപ്യൂട്ടിങ്ങിന്റെ സാധ്യത ആരായുകയാണ് ടെക്‌നോളജി കമ്പനികള്‍. കണ്ണടകളായും വാച്ചുകളായും ബ്രെയ്‌സ്‌ലെറ്റുകളായും ഇയര്‍ബഡ്‌സുകളായും ഒക്കെ ഇത്തരം ഉപകരണങ്ങള്‍ എത്തിയേക്കാം. മെറ്റാ കമ്പനി മുതല്‍ എച്ടിസി വരെയുള്ള കമ്പനികള്‍ പുതിയ ടെക്‌നോളജിയുടെ കടന്നുവരവിനായി യത്‌നിക്കുകയാണ്. വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും മുന്നില്‍ നിർത്തിയുള്ള നീക്കങ്ങള്‍ എത്രമാത്രം വിജയം കാണുമെന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

∙ ഭാഷകളുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുക തന്നെ ചെയ്‌തേക്കാം
ഇതുവരെ കണ്ട തത്സമയ തര്‍ജമയ്ക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിനു സാധിച്ചേക്കുമെന്നാണ് കരുതുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി പ്രയോജനപ്പെടുത്തി പറഞ്ഞ കാര്യം തര്‍ജമ ചെയ്ത് ഗ്ലാസില്‍ കാണിക്കുന്നു. ഗ്ലാസ് ഉപയോഗിക്കുന്ന വ്യക്തിക്ക് താന്‍ സംസാരിക്കുന്ന ആളില്‍ നിന്ന് ശ്രദ്ധ മാറ്റേണ്ട കാര്യമില്ല. ഒരു പക്ഷേ ഗ്ലാസുകള്‍ക്ക് സ്പീക്കറുകളും കണ്ടേക്കാമെന്നും കേട്ടകാര്യം തര്‍ജമ പറഞ്ഞു കേള്‍പ്പിക്കാനും വഴിയുണ്ടെന്നും പറയുന്നു. ഇപ്പോള്‍ത്തന്നെ ഓഡിയോ തര്‍ജമ പല സ്മാര്‍ട് ഗ്ലാസുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൂഗിള്‍ ഗ്ലാസില്‍ പറഞ്ഞും കേള്‍ക്കാം, വായിച്ച് കേൾപ്പിക്കുകയും ചെയ്യാമായിരിക്കും എന്നാണ് ഒരു അനുമാനം. അതേസമയം, ഗ്ലാസുകളിലേക്ക് ഇത്തരം കൂടുതല്‍ ഫീച്ചറുകള്‍ കാലക്രമത്തില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുമെന്നും പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരം ഒരു ഗ്ലാസ് ഗൂഗിള്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും അത് വിപണിയിലെത്തിക്കുമെന്നതിന് നൂറു ശതമാനം ഉറപ്പില്ലെന്നുള്ള വാദവും ഉണ്ട്.
English Summary: Google Glass’s successor teased at I/O