ADVERTISEMENT

സ്മാര്‍ട് വാച്ചുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവയെപ്പറ്റി വേണ്ടത്ര നല്ല റിവ്യൂകള്‍ ഇല്ലെന്നുള്ളതാണ്. ചെറിയ വിലയ്ക്കു മുതല്‍ പതിനായിരക്കണക്കിനു രൂപ വരെ നല്‍കേണ്ട നിരവധി സ്മാര്‍ട് വാച്ച് മോഡലുകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്. അവയില്‍ ഏതു വാങ്ങും? എന്തായാലും സാംസങ് ഗാലക്‌സി വാച്ച് 5 നിങ്ങള്‍ക്ക് ചേര്‍ന്ന വാച്ചാണോ എന്ന് ഇപ്പോള്‍ പരിശോധിക്കാം:

 

ലോകത്തെ ഏറ്റവും മികച്ച ടെക്‌നോളജി കമ്പനികളില്‍ ഒന്നായ സാംസങ് ഒരു വാച്ച് ഇറക്കുമ്പോള്‍ അത് മോശം വരാന്‍ ഇടയില്ലെന്ന് തോന്നിയാല്‍ തെറ്റു പറയാനാവില്ല. കിടയറ്റ ഹാര്‍ഡ്‌വെയര്‍ നിര്‍മിച്ചു കിട്ടാന്‍ ആപ്പിളും ഗൂഗിളും അടക്കമുള്ള കമ്പനികള്‍ ആശ്രയിക്കുന്ന കമ്പനിയാണ് സാംസങ്. അപ്പോള്‍ അവരുടെ സ്വന്തം ഉല്‍പന്നങ്ങള്‍ക്കും ഹാര്‍ഡ്‌വെയര്‍ മികവ് പ്രതീക്ഷിക്കാം. 

 

പക്ഷേ, സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ അതു പറയാനാകുമോ? സാംസങ് 2014ല്‍ ടിസെന്‍ ഒഎസ് ഉപയോഗിച്ചാണ് ആദ്യമായി ഗിയര്‍ ലൈവ് എന്ന പേരില്‍ വാച്ച് ഇറക്കിയത്. ഇത് 2021 വരെ തുടരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കമ്പനി തങ്ങളുടെ ഗാലക്‌സി വാച്ച് 4 ഇറക്കിയപ്പോള്‍ ഗൂഗിളിന്റെ വെയര്‍ ഒഎസ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, മറ്റു കമ്പനികള്‍ ഉപയോഗിക്കുന്നതു പോലെയല്ലാതെ, വെയര്‍ ഒഎസിനു മുകളില്‍ സ്വന്തം 'വണ്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ്', അല്ലെങ്കില്‍ വണ്‍ യുഐയും ചേര്‍ത്തു. അതോടെ മറ്റ് നിര്‍മാതാക്കളുടെ വാച്ചുകളില്‍ നിന്ന് വ്യത്യസ്ത അനുഭവം നല്‍കാനും കമ്പനിക്കായി. ഈ രീതി തന്നെയാണ് വാച്ച് 5ലും കാണാനാകുക. 

 

കൂടുതല്‍ മുന്നോട്ടു പോകുന്നതിനു മുൻപ് വാച്ച് 5ന്റെ സ്‌പെസിഫിക്കേഷന്‍സ് പരിശോധിക്കാം. രണ്ടു വേരിയന്റുകളാണ് ഉള്ളത്-40എംഎം, 44എംഎം. ഇവയ്ക്ക് ഭാരം യഥാക്രമം 28.7 ഗ്രാമും, 33.5 ഗ്രാമുമാണ്. റാം 1.5ജിബിയാണ്. സംഭരണശേഷി 16ജിബിയും. സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് ഡബ്ല്യു920 ആണ് പ്രോസസര്‍. അലുമിനിയം ഫ്രെയിമില്‍ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ പിടിപ്പിച്ചിരിക്കുന്നു. ഐപി68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് ഉണ്ട്. 

 

ഡിസൈന്റെ കാര്യം പറഞ്ഞാല്‍ ഗാലക്‌സി വാച്ച് 4 മോഡലുമായി നല്ല സാമ്യം വാച്ച് 5ന് ഉണ്ട്. പഴയ ഡിസൈന്‍ തന്നെ പ്രയോജനപ്പെടുത്താനാണ് കമ്പനി തീരുമാനിച്ചതെന്ന് വ്യക്തമാണ്. മികച്ച ഡിസൈന്‍ തന്നെയാണത്. ഫാഷന്‍ ബോധമൊക്കെയുള്ള ആളാണെങ്കില്‍ ബാന്‍ഡ് മാത്രം മാറ്റിയാല്‍ വിവിധ അവസരങ്ങള്‍ക്ക് യോജിച്ച രീതിയില്‍ വാച്ച് ഉപയോഗിക്കാം. സിലിക്കന്‍ ബാന്‍ഡ് ഉപയോഗിച്ചാലും ലെതര്‍ ബാന്‍ഡ് ഉപയോഗിച്ചാലും വാച്ച് എടുത്തു കാണിക്കും. 

 

വാച്ച് 4, 5 മോഡലുകള്‍ക്ക് ഒരേ കട്ടിയാണ് ഉള്ളതെന്നായിരിക്കും ഒറ്റ നോട്ടത്തില്‍ തോന്നുക. പക്ഷേ, വാച്ച് 5ന് അല്‍പം കട്ടി കൂടുതലുണ്ടെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. എന്നാല്‍, ഇത് എടുത്തു കാണിക്കില്ല. ധരിക്കുമ്പോള്‍ തോന്നുകയുമില്ല. വലതു വശത്താണ് ഹോം, ബാക്ക് ബട്ടണുകള്‍. ഇവ വളരെ മികച്ച രീതിയില്‍ നിര്‍മിച്ചവയാണ്. മികച്ച രീതിയില്‍ പ്രതികരണക്ഷമതയും അവയ്ക്കുണ്ട്. അലുമിനം ഉപയോഗിച്ചാണ് വാച്ചിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, വാച്ച് 5നെ മികവുറ്റതാക്കുന്നത് സഫയര്‍ ഡിസ്‌പ്ലേയാണ്. സാംസങ്ങിന്റെ മുന്‍ വര്‍ഷത്തെ മോഡലുകളില്‍ ഉപയോഗിച്ചു വന്ന ഗൊറിലാ ഗ്ലാസിനെക്കാളം വളരെ ശക്തിമത്താണ് ഇത്. തത്വത്തില്‍ ഇതിന് പോറലേല്‍ക്കില്ലെന്നും പറയാം. പക്ഷേ, പൊട്ടാം. 

 

ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് ഉള്ളതിനാല്‍ നീന്താന്‍ പോകുമ്പോല്‍ കെട്ടിയാല്‍ പ്രശ്‌നം വരില്ല. ജല വികര്‍ഷണം 50 മീറ്റര്‍ വരെയാണ് ലഭിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ദൈനംദിന ഉപയോഗത്തിന് വളരെ അനുയോജ്യമാണിത്. 

 

∙ ബാറ്ററി ലൈഫ്

 

galaxy-watch-5

രണ്ടു വേരിയന്റുകളിലുമുള്ള ബാറ്ററിയുടെ കപ്പാസിറ്റിയില്‍ അല്‍പം വ്യത്യാസമുണ്ട് - 40എംഎം വേരിയന്റിന് 284 എംഎഎച് ബാറ്ററിയാണ്. അതേസമയം, 44 എംഎം വേരിയന്റിന് 410 എംഎഎച് ഉം. സ്മാര്‍ട് വാച്ചുകളില്‍ എല്ലാവരും അന്വേഷിക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് ബാറ്ററി നീണ്ടു നില്‍ക്കുമോ എന്ന കാര്യം. മോശം ബാറ്ററി ലൈഫുള്ള വാച്ചുകളെ സ്മാര്‍ട് ഫോണുകളെക്കാളേറെ ആളുകള്‍ വെറുക്കുന്നു എന്നു പറയുന്നു. കാരണം, അവ ചാര്‍ജ് ചെയ്യല്‍ കൂടുതല്‍ മുഷിപ്പന്‍ പണിയാണ് എന്നാണ് പലരും കരുതുന്നത്. (അതേസമയം, ഇപ്പോള്‍ വയര്‍ലെസ് ചാര്‍ജിങ് ഒക്കെ വന്നതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി എന്നതും വിസ്മരിച്ചുകൂടാ.) 

 

ഗാലക്‌സി വാച്ച് 5ന്റെ കാര്യം പരിശോധിച്ചാല്‍ അത് എല്ലാ ദിവസവും ചാര്‍ജ് ചെയ്യേണ്ടി വന്നേക്കുമെന്നു പറയാതിരിക്കാന്‍ വയ്യ. ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ ഉപയോഗിച്ചാല്‍ ഉറപ്പായും ദിവസവും ചാര്‍ജ് ചെയ്യേണ്ടതായി വരും. അല്ലങ്കില്‍ ഒന്നര ദിവസമോ അതിലേറെയോ ലഭിച്ചേക്കും. ട്രാക്കിങ് ആക്ടിവിറ്റികള്‍ കൂടുതലായി നടത്തിയാല്‍ ബാറ്ററി ചാര്‍ജ് കൂടുതല്‍ ഇറങ്ങും. എന്നാലും ഒരു ദിവസം ലഭിച്ചേക്കാം. അതേസമയം, വര്‍ക്ക് ഔട്ട് ട്രാക്കിങ്ങിനും മറ്റുമായി ധാരാളമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബാറ്ററി ഒരു ദിവസം നില്‍ക്കുമോ എന്ന ആശങ്കയും വരാം. പുകഴ്ത്താവുന്ന ബാറ്ററി ലൈഫ് അല്ല ഗ്യാലക്‌സി വാച്ച് 5ന്റേത്. എന്നാല്‍ മിക്ക സ്മാര്‍ട് വാച്ചുകളും ഇങ്ങനെയൊക്കെയാണ് എന്ന കാര്യവും ഓര്‍ക്കണം. യുഎസ്ബി-സി ചാര്‍ജിങ് പോര്‍ട്ട് ഉപയോഗിക്കുന്നതിനാല്‍ യാത്ര ചെയ്യമ്പോഴും മറ്റും ചാര്‍ജിങ് എളുപ്പമാണ്.

 

∙ ഓപ്പറേറ്റിങ് സിസ്റ്റം

 

വെയര്‍ ഒഎസിന്റെ 3.5 വേര്‍ഷനും വണ്‍ യുഐയുടെ 4.5 വേര്‍ഷനുമാണ് റിവ്യുവിന് എത്തിയ വാച്ചുകളില്‍ ഉള്ളത്. ഗൂഗിള്‍ അസിസ്റ്റന്റ് ഇപ്പോള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാംസങ്ങിന്റെ ഹാര്‍ഡ്‌വെയര്‍ കരുത്തും, ഗൂഗിളിന്റെ സോഫ്റ്റ്‌വെയര്‍ മേന്മയും സമ്മേളിക്കുമ്പോള്‍ അത് മികവുറ്റതാകുമല്ലോ. സോഫ്റ്റ്‌വെയര്‍ അനുഭവം വളരെ മികച്ചതാണ്. ഏതാനും സൈ്വപ്പിനുള്ളില്‍ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാം. വാച്ച് ഫെയ്‌സ് മാറ്റുക, ക്വിക് സെറ്റിങ്‌സ്, വിജറ്റ്‌സ്, ആപ്‌സ്, നോട്ടിഫിക്കേഷന്‍ ഇവയെല്ലാം എളുപ്പത്തില്‍ നടത്താം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആവശ്യത്തിന് ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാം. 

 

വെയര്‍ ഒഎസിലേക്കു മാറുന്നതിനു മുൻപ് ഗ്യാലക്‌സി വാച്ചുകളുടെ ഏറ്റവും വലിയ പോരായ്മ സോഫ്റ്റ്‌വെയര്‍ അനുഭവം ആയിരുന്നു. സാംസങ്ങിന്റെ ആപ്പുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നത് പലര്‍ക്കും താത്പര്യമില്ലാത്ത കാര്യമായിരുന്നു. സാംസങ്ങിന്റെ ആപ്പുകളായ ബിക്‌സ്ബിയും മറ്റും ഇപ്പോഴും ഉണ്ട്. എന്നാലും വേണ്ടെങ്കില്‍ അവയെ അവഗണിക്കാം. ഇപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റിനെ ഡീഫോള്‍ട്ട് അസിസ്റ്റന്റ് ആക്കുകയും ചെയ്യാം. വെയര്‍ ഒഎസും, വണ്‍ യുഐയും വളരെ യോജിപ്പോടെ പ്രവര്‍ത്തിക്കുന്നു എന്നും എടുത്തുപറയണം.

 

∙ ഫിറ്റ്‌നസ്

 

സ്മാര്‍ട് വാച്ചുകള്‍ വാങ്ങിക്കുന്നവരില്‍ വലിയൊരു പങ്കും വ്യായാമ മുറകള്‍ ട്രാക്കു ചെയ്യാനും മറ്റും അത് എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്ന് അന്വേഷിക്കും. ഈ മേഖലയിലും മികവുറ്റ പ്രകടനമാണ് ഗ്യാലക്‌സി വാച്ച് 5 നടത്തുന്നത്. മികച്ച വര്‍ക് ഔട്ട് സഹചാരിയാണ് വാച് 5. സാംസങ്ങിന്റെ ഹെല്‍ത് ആപ് ഗൂഗിള്‍ ഫിറ്റിനേക്കാള്‍ മികച്ചതാണെന്നും പറയേണ്ടി വരും. വളരെയധികം വര്‍ക് ഔട്ട് ആക്ടിവിറ്റികള്‍ അതിന് ട്രാക്കു ചെയ്യാന്‍ സാധിക്കും. പുറമെ ഉറക്കം നിരീക്ഷിക്കാനും ഹൃദയമിടിപ്പ് ട്രാക്കു ചെയ്യാനും സാധിക്കും. ഇസിജി, ചുവടുവയ്പ്പുകള്‍, രക്തത്തിലെ ഓക്‌സിജന്‍, ബോഡി കോംപോസിഷന്‍ തുടങ്ങിയവയൊക്കെ നിരീക്ഷിക്കാം. കുടുതല്‍ കട്ടിയുള്ള നിര്‍മാണ രീതി ഉപയോഗിച്ചിരിക്കുക വഴി വാച്ച് 5 ത്വക്കിനോട് കൂടുതല്‍ ചേര്‍ന്നിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. ഇത് സെന്‍സറുകള്‍ മികച്ച ഡേറ്റ നല്‍കുന്നതിന് ഉപകരിക്കുന്നു എന്നാണ് സാംസങ് അവകാശപ്പെടുന്നത്. 

 

താപം അളക്കാനുള്ള പുതിയ സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അത്ര പ്രയോജനപ്രദമാണെന്നു പറഞ്ഞു കൂടാ. എന്തായാലും ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ വാച്ച് 5 മികച്ചതാണ് എന്നു വിധിയെഴുതേണ്ടി വരും. മികച്ച വാച്ചുകളുടെ പട്ടികയില്‍ ആപ്പിളിനു തൊട്ടു താഴെ തന്നെയായിരിക്കും സാംസങ്ങിന്റെ സ്ഥാനം എന്നും പറയാം. 

 

∙ വാച്ച് 5 വാങ്ങണോ?

 

ആപ്പിള്‍ വാച്ചിനോട് മത്സരിക്കാന്‍ കെല്‍പ്പുള്ളതാണ് സാംസങ് വാച്ച് 5 എന്നു തന്നെ പറയാം. മികച്ച സ്മാര്‍ട് വാച്ച് തന്നെയാണ് കമ്പനിക്ക് നിര്‍മിക്കാന്‍ സാധിച്ചിരിക്കുന്നത്. ആപ്പിള്‍ വാച്ച് ഐഒഎസിന് എന്നപോലെ, ആന്‍ഡ്രോയിഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വാച്ചാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നതെങ്കില്‍ നിശ്ചയമായും ഗാലക്‌സി വാച്ച 5 പരിഗണിക്കാം. മികച്ച ലുക്ക്, സഫയര്‍ ഡിസ്‌പ്ലേ, ഈടു നില്‍ക്കുമെന്ന തോന്നല്‍, ഫിറ്റ്‌നസ് ഫീച്ചറുകള്‍, ഗൂഗിള്‍ ആപ്‌സ് ഉപയോഗിക്കാമെന്ന ഗുണം തുടങ്ങിയവയൊക്കെ വാച്ച് 5നെ വേറിട്ട അനുഭവമാക്കി തീര്‍ക്കുന്നു. അതേസമയം, ബാറ്ററി ലൈഫ് മോശമല്ലെങ്കിലും പുകഴ്ത്താനും ആവില്ല.

 

English Summary: Samsung Galaxy Watch 5 review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com