കരുത്തന്‍ വാച്ച്; 3 ദിവസം വരെ ബാറ്ററി ലൈഫ്! സാംസങ് ഗാലക്‌സി വാച്ച് 5 പ്രോ - റിവ്യൂ

SHARE

സാംസങ് ഗാലക്‌സി വാച്ച് 5 പ്രോ എന്നു കേള്‍ക്കുമ്പോള്‍ അത് കായിക താരങ്ങള്‍ക്കും മറ്റും മാത്രം ഉപകാരപ്പെടുന്ന ഒന്നാണെന്നു കരുതേണ്ട. അത് ഗാലക്‌സി വാച്ച് 5 ന്റെ കൂടപ്പിറപ്പാണ്. വാച്ച് 5ന് രണ്ടു വേരിയന്റുകളാണ് ഉള്ളത് - 40എംഎം, 44 എംഎം. ഇതില്‍ 44 എംഎം വേരിയന്റുമായി പ്രോ മോഡലിന് ധാരാളം സമാനതകളും ഉണ്ട്.

ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തുടങ്ങാം. വാച്ച് 5 പ്രോയ്ക്ക് 590 എംഎഎച് ബാറ്ററിയാണ് ഉള്ളത്. വലുപ്പക്കൂടുതലുള്ള ബോഡിയാണ് പ്രോ മോഡലിന് - 46 എംഎം ഡയമെൻഷനും , 10.5 കനവുമാണ് ഉള്ളത്. ഇതിനു പുറമെ പ്രോ മോഡലിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് ടൈറ്റാനിയം ഉപയോഗിച്ചാണ്. ശരിക്കു പറഞ്ഞാല്‍ ഗാലക്‌സി വാച്ച് 5ന്റെ അല്‍പം കട്ടികൂടുതലുള്ള മോഡലാണ് പ്രോ എന്നു പറയാം.

ഇരു മോഡലുകളുടെയും അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 1.36-ഇഞ്ച് ആണ് വലുപ്പം. എന്നാല്‍, ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരം ഡിസൈനാണ് പ്രോ മോഡലിനുള്ളത്. ജിപിഎസ് ഫങ്ഷനുകളില്‍ അല്‍പം വ്യത്യാസവും പ്രോ വേരിയന്റിന് ഉണ്ട്. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന നിര്‍മാണ മേന്മയും ഈടും അടക്കമുള്ള ഏതാനും അധിക ഗുണങ്ങള്‍ പ്രോ മോഡലിന് ഉണ്ട്. ഇതെല്ലാം കൊണ്ട് വിലയും കൂടുതലുണ്ട്. പ്രോ മോഡലിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞ ശേഷം ഏതാണ് ഇഷ്ടപ്പെടുന്നതെന്നു തീരുമാനിക്കാം: 

കായിക താരങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ഗാലക്‌സി വാച്ച് 5 പ്രോ ഇറക്കിയിരിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും കരുത്തുറ്റ നിര്‍മിതി ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഇത് ഇഷ്ടപ്പെട്ടേക്കും. സ്‌പോര്‍ട്‌സ് സ്മാര്‍ട് വാച്ച് നിര്‍മാണ കേമന്‍ ഗാര്‍മിന്റെ എപിക്‌സ് 2 വാച്ചിന്റേതിനു സമാനമായ നിര്‍മാണ രീതിയാണ് വാച്ച് 5 പ്രോ മോഡലിന് ഉള്ളത്. ഗാര്‍മിന്റെ ഈ മോഡലിന് വില 900 ഡോളറാണ്. അതിന്റെ പകുതി വില മാത്രമാണ് സാംസങ്ങിന്റെ മോഡലിനു നല്‍കേണ്ടത്. 

വാച്ച് പ്രോയ്‌ക്കൊപ്പമുള്ള 45 എംഎം കെയ്‌സും കൂടി ഇട്ടു കഴിയുമ്പോള്‍ ചെറിയ റിസ്റ്റുകള്‍ ഉള്ളവര്‍ക്ക് അത് ചേര്‍ച്ച ഇല്ലാത്ത ഒന്നായി തോന്നാം. വാച്ചിന് 76 ഗ്രാം ഭാരമുണ്ട്. ഇത് പലര്‍ക്കും അമിതമായി തോന്നാം. അതേസമയം, അമോലെഡ് സ്‌ക്രീന്‍ വളരെ മികച്ചതാണ് എന്നതു കൂടാതെ, ഗൂഗിളിന്റെ വെയര്‍ ഒഎസും സാംസങ്ങിന്റെ വണ്‍ യുഐയും ഏറ്റവും മികച്ച രീതിയില്‍ ഇതുവരെ കാണാന്‍ സാധിച്ചിരിക്കുന്നതും പ്രോ മോഡലിലാണ് എന്നും പറയാതിരിക്കാന്‍ വയ്യ.

സാംസങ് വാച്ചുകളില്‍ കണ്ടുവന്ന കറക്കാവുന്ന ബെസലിനു പകരം ഇപ്പോള്‍ ടച് ബെസലാണ് ഉള്ളത്. വലുപ്പക്കൂടുതല്‍ ഉള്ളതിനാല്‍ വാച്ച് 5നേക്കാള്‍ വാച്ച് 5 പ്രോ ആണ് ഉപയോഗിക്കാന്‍ എളുപ്പം. എന്നാല്‍, നേരത്തേ ഉണ്ടായിരുന്ന റൊട്ടേറ്റു ചെയ്യാവുന്ന ബെസലായിരുന്നു കൂടുതല്‍ മെച്ചമെന്നു വിലയിരുത്തുന്നവരെയും കാണാം. വിയര്‍പ്പും മെഴുക്കും പറ്റിയ കൈവിരലുമായി ഉപയോഗിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്ന ബെസലിനെ കൂടുതല്‍ കൃത്യതയോടെ ക്രമീകരിക്കാമായിരുന്നു എന്നാണ് വാദം. പക്ഷേ, അതും കൂടി ഉള്‍പ്പെടുത്തിയാല്‍ വലുപ്പം വീണ്ടും വര്‍ധിക്കുമായിരുന്നു. അതേസമയം, ഗാര്‍മിന്റെ വാച്ച് ഇഷ്ടപ്പെടുന്നവര്‍ക്കാര്‍ക്കും വാച്ച് 5 പ്രോയുടെ വലുപ്പം അധികമായി തോന്നുകയുമില്ല.

∙ പ്രകടനം

ഗാലക്‌സി വാച്ച് 4ല്‍ കണ്ട അതേ പ്രോസസര്‍ തന്നെയാണ് പുതിയ വാച്ച് 5, 5 പ്രോ മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത് - എക്‌സിനോസ് ഡബ്ല്യു 920. പുതിയ വാച്ചിന് പുതിയ പ്രോസസര്‍ വേണമെന്ന് തോന്നാമെങ്കിലും പഴയ ചിപ്പ് വീണ്ടും ഉപയോഗിക്കുക എന്നത് സ്മാര്‍ട് വാച്ചുകളുടെ കാര്യത്തില്‍ ആപ്പിളും നടത്തിപ്പോരുന്ന പരിപാടികളിലൊന്നാണ്. 

പ്രോസസര്‍ പഴയതാണെങ്കിലും വാച്ച് 5 പ്രോയുടെ പ്രതികരണശേഷി മികച്ചതാണ്. ഇതിനോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അതേപടി നിര്‍വഹിക്കാന്‍ വാച്ച് 5 പ്രോയ്ക്ക് സാധിക്കുന്നു എന്നു പറയാം. ആപ്പുകള്‍ ഉപയോഗിക്കുന്നതിനും മറ്റു ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഒരു പ്രശ്‌നവും കാണാനാവുന്നില്ല. ക്വേര്‍ട്ടി കീബോഡ് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒരു സന്ദേശം ടൈപ്പു ചെയ്യാനൊക്കെ സാധിക്കും. ഏകദേശം 70 ശതമാനം കൃത്യതയോടെ ടൈപ്പു ചെയ്യാമെന്നു വേണമെങ്കില്‍ പറയാം. ഫോണിന് എല്‍ടിഇ വേര്‍ഷനും ഉള്ളതിനാല്‍ അതാണ് ഉപയോഗിക്കുന്നതെങ്കില്‍ ടൈപ്പിങും കോളും നടത്താം.

ടൈപ്പിങ് ഇഷ്ടമില്ലെങ്കില്‍ പറഞ്ഞാല്‍ ഗൂഗിള്‍ അസിസ്റ്റന്റും സാംസങ്ങിന്റെ ബിക്‌സ്ബിയും അത് അക്ഷരങ്ങളിലാക്കി തരികയും ചെയ്യും. താമസിയാതെ ഗൂഗിള്‍ മാപ്‌സും വാച്ചില്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതായി സാംസങ് പറയുന്നുണ്ട്. ചില ഘട്ടങ്ങളില്‍ അതും പ്രയോജനപ്പെട്ടേക്കാം. വാച്ച് ഫെയ്‌സുകള്‍ യഥേഷ്ടം കസ്റ്റമൈസ് ചെയ്യാമെന്നത് പലര്‍ക്കും ഇഷ്ടപ്പെട്ടേക്കാവുന്ന ഫീച്ചറാണ്. ഗാര്‍മിന്‍ വാച്ചിനേക്കാളേറെ കസ്റ്റമൈസേഷന്‍ ഗാലക്‌സി വാച്ച് 5 പ്രോയില്‍ ലഭിക്കുന്നു.

∙ ബാറ്ററി ലൈഫ്

ഗാലക്‌സി വാച്ച് 5 പ്രോയില്‍ ചെയ്യാവുന്ന എല്ലാം തന്നെ വാച്ച് 5ലും സാധിക്കുമെന്നതിനാല്‍ പിന്നെ എന്തിനാണ് പ്രോ തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിന് ഒരു പ്രധാന ഉത്തരം ബാറ്ററി ലൈഫ് എന്നാണ്. വാച്ച് 5ന് 40 മണിക്കൂര്‍ ബാറ്ററി ലൈഫും, പ്രോ മോഡലിന് 80 മണിക്കൂറും ലഭിക്കുമെന്നാണ് സാംസങ് പറയുന്നത്. രാവിലെ ചാര്‍ജ് നിറച്ച് ഇറങ്ങിയാല്‍ അന്നേ ദിവസം തീരുന്നതു വരെ വീണ്ടും ചാര്‍ജ് ചെയ്യേണ്ടി വരുന്ന സാഹചര്യം പ്രോ മോഡലില്‍ ഉണ്ടായേക്കില്ല. എന്നാല്‍, നിരന്തരം ഹാര്‍ട്ട് റെയ്റ്റും, ഓള്‍വെയ്‌സ്-ഓണ്‍-ഡിസ്‌പ്ലേയും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റ് സദാ ബാക് ഗ്രൗണ്ടിലുണ്ടെങ്കില്‍, ജിപിഎസ് ട്രാക്കിങ് എപ്പോഴും നടത്തുന്നുണ്ടെങ്കില്‍, സാംസങ് അവകാശപ്പെടുന്നതു പോലെ മൂന്നും ദിവസം ബാറ്ററി ലൈഫ് കിട്ടുകയുമില്ല. അതേസമയം, വലിയ ഉപയോഗം ഒന്നും ഇല്ലെങ്കില്‍ 80 മണിക്കൂര്‍ നേരത്തേക്ക് ബാറ്ററി ലഭിക്കും.

ഗാലക്‌സി വാച്ച് 5 സീരീസിന് പുതിയ 10w ചാര്‍ജിങ് ശേഷി നല്‍കിയിട്ടുണ്ട്. ഇതു പ്രയോജനപ്പെടുത്തിയാല്‍ വാച്ച് 5 ഒരു മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്‌തെടുക്കാം. എന്നാല്‍, വാച്ച് 5 പ്രോ മുഴുവന്‍ ചാര്‍ജ് ആകണമെങ്കില്‍ രണ്ടു മണിക്കൂര്‍ വേണ്ടിവരും. എന്നാല്‍, അല്‍പം ചാര്‍ജ് ചെയ്യല്‍ എളുപ്പമാണ്. 20 മിനിറ്റ് ചാര്‍ജിങ് കൊണ്ട് 30 ശതമാനം ചാര്‍ജ് ചെയ്യാം. 

galaxy-watch-5-pro

∙ ഉറക്കം നിരീക്ഷിക്കല്‍

ഏഴു ദിവസം തുടര്‍ച്ചയായി വാച്ച് ഉപയോഗിച്ച് ഉറക്കം നരീക്ഷിച്ചു കഴിയുമ്പോള്‍ സാംസങ് ഉറക്ക രീതിയെക്കുറിച്ചുളള റിപ്പോര്‍ട്ട് തരും. കൂടാതെ, നല്ല ഉറക്കം പരിശീലിക്കാനുള്ള ക്ഷണവും ലഭിക്കും. വിശ്രമം ലഭിക്കുന്ന തരം ഉറക്കം പരിശീലിപ്പിക്കാനായിരിക്കും ശ്രമം. എന്നാല്‍, ഉറക്ക ട്രാക്കിങ്ങിന് അത്ര മികച്ച ഉപകരണമല്ല വാച്ച് 5 പ്രോ മോഡല്‍. പലര്‍ക്കും ഭാരവും വലുപ്പവും പ്രശ്‌നമായി തോന്നാം. ഇതിനെല്ലാം കൂടുതല്‍ ഉചിതം വാച്ച് 5ലെ തുടക്ക വേരിയന്റ് ആയിരിക്കും. പല തരം എക്‌സര്‍സൈസ് മോഡുകള്‍ സാംസങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ വാച്ചില്‍ നിന്നു ലഭിക്കുന്നതു പോലെയുള്ള പ്രതികരണങ്ങളാണ് സാംസങ്ങിലും ലഭിക്കുക. എന്നാല്‍, കൂടുതല്‍ ഭേദപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഗാര്‍മിനില്‍ ലഭിക്കും.

English Summary: Samsung Galaxy Watch 5 Pro review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS