ADVERTISEMENT

ബിസിനസ് തീരുമാനങ്ങൾ തെറ്റിപ്പോയതിനാൽ കമ്പനിയുടെ വരുമാനം ഇടിഞ്ഞെന്നും ഉത്തരവാദിത്തം ഏൽക്കുന്നു എന്നും വിശദീകരിച്ചുകൊണ്ടാണ് സിഇഒ സക്കർബർഗ് ജീവനക്കാരെ തൊഴിൽരഹിതരാക്കിയത്. കോവിഡ് കാലത്ത് ലോകമാകെ ജനം ഓൺലൈൻ ആയപ്പോഴുണ്ടായ കുതിപ്പ് നിലനിർത്താൻ, കോവിഡിനുശേഷം ജനം സാധാരണനിലയിലേക്കു മടങ്ങിയതോടെ സമൂഹമാധ്യമങ്ങൾക്കു കഴിയാതായി.

 

താനടക്കമുള്ളവരുടെ നിഗമനം ഇതിനു വിരുദ്ധമായിരുന്നെന്ന് സക്കർബർഗ് പറഞ്ഞു. വലിയ ബിസിനസ് പ്രതീക്ഷിച്ച് വൻതോതിൽ നിക്ഷേപം നടത്തി. എന്നാൽ അതു തെറ്റായിപ്പോയി. പരസ്യവരുമാനം കുത്തനെ ഇടിഞ്ഞു. വരിക്കാരുടെ വ്യക്തിഗത വിവരങ്ങൾ എടുക്കാനാകാത്ത വിധം ആപ്പിളും ഗൂഗിളും പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തിയതോടെ, ഓരോ വ്യക്തിക്കും ചേരുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ മെറ്റയ്ക്കു തടസ്സമുണ്ടായി. പരസ്യവരുമാനത്തെ ഇതു സാരമായി ബാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ആപ്പുകളുടെ മത്സരം കടുത്തതും സാമ്പത്തികമാന്ദ്യസൂചനകളിൽ പേടിയുള്ള കമ്പനികൾ പരസ്യം നൽകുന്നതു നിർത്തിയതും വരുമാനം കുറയാൻ ഇടയാക്കി. വെർച്വൽ റിയാലിറ്റി ലോകമായ മെറ്റവേഴ്സ് പദ്ധതി ആവിഷ്കരിക്കാൻ വൻതുക ചെലവിടുന്നതും മെറ്റയെ ഞെരുക്കത്തിലാക്കി.

 

ഓഹരി വില കയറിക്കയറി കഴിഞ്ഞ വർഷം ഏപ്രിലിൽ 347 ഡോളർ വരെ എത്തിയിരുന്നതാണ്, ആപ്പിളും ഗൂഗിളും പ്രൈവസി പോളിസി കർശനമാക്കിയതോടെ ഇടിയാൻ തുടങ്ങിയത്. ഇക്കൊല്ലം മാർച്ചിൽ വില 233 ഡോളറിലെത്തി. വീണ്ടും താഴ്ന്ന് 100 ഡോളറിനു താഴെയെത്തി. എന്നാൽ ഇന്നലെ, ചെലവുചുരുക്കൽ പ്രഖ്യാപിച്ചതോടെ വില ഉയർന്നു. തലേന്നത്തെക്കാൾ 4.5% ഉയർന്ന് 100.80 ഡോളറായി. ഇക്കൊല്ലം 6 മാസം കൊണ്ട് മെറ്റയുടെ വരുമാനത്തിലെ ഇടിവ് 500 കോടി ഡോളറാണ് (40000 കോടി രൂപ). 

 

∙ ജോലി പോകുന്നവർക്ക് എന്തുകിട്ടും

Facebook Chairman and CEO Mark Zuckerberg testifies before the House Financial Services Committee on "An Examination of Facebook and Its Impact on the Financial Services and Housing Sectors" in the Rayburn House Office Building in Washington, DC on October 23, 2019. (Photo by Nicholas Kamm / AFP)
Photo by Nicholas Kamm / AFP

 

ജോലി പോകുന്നവർക്ക് 16 ആഴ്ചയിലെ അടിസ്ഥാനശമ്പളം, ജോലി ചെയ്ത ഓരോ വർഷത്തിനും രണ്ടാഴ്ച എന്ന കണക്കിൽ വേതനം, ആറു മാസത്തേക്കുകൂടി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സച്ചെലവ്, മറ്റൊരു ജോലി കണ്ടെത്താൻ മൂന്നു മാസം വരെ സഹായം എന്നിവയാണ് പിരിച്ചുവിടൽ പാക്കേജായി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ രാജ്യങ്ങളിലും സമാന പാക്കേജ് ആയിരിക്കും. അമേരിക്കയിൽ എച്ച്1–ബി പോലെയുള്ള വീസകളിലെത്തി മെറ്റയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവർക്ക് ഇമിഗ്രേഷൻ നടപടികൾ നേരിടാൻ പ്രത്യേക സഹായം നൽകുമെന്ന് സക്കർബർഗ് പറഞ്ഞു.

 

∙ എച്ച്1–ബി വീസയും മെറ്റയും

 

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾക്കായി വിദേശത്തുനിന്ന ആളുകളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച്1–ബി. മെറ്റയിൽ 15 ശതമാനത്തിലധികം പേർ ഈ വീസയിലെത്തി ജോലി ചെയ്യുന്നവരാണ്. 3 വർഷമാണ് എച്ച്1–ബി വീസക്കാർക്ക് അമേരിക്കയിൽ താമസിച്ച് ജോലി ചെയ്യാൻ അനുമതി ലഭിക്കുക. ഇത് 3 വർഷത്തേക്കുകൂടി നീട്ടാനാകും. ഈ വീസക്കാർക്ക് ജോലി നഷ്ടമായാൽ, മറ്റൊരു തൊഴിൽദാതാവിനെ കണ്ടെത്തി വീസ് സ്പോൺസർ ചെയ്യിക്കാൻ 60 ദിവസം വരെ അനുവദിക്കും. അതു നടന്നില്ലെങ്കിൽ രാജ്യം വിടണം. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിൽനിന്നാണ് പതിനായിരക്കണക്കിന് ‘ടെക്കികൾ’ വർഷം തോറും യുഎസിലെത്തുന്നത്.

 

∙ ചെലവുചുരുക്കൽ, നിയമനനിരോധം

 

ചെലവുകൾ വെട്ടിച്ചുരുക്കുമെന്നും നിയമന നിരോധം പുതിയ സാമ്പത്തിക വർഷം ആദ്യ മൂന്നു മാസം കൂടി തുടരുമെന്നും സക്കർബർഗ് പറഞ്ഞു. ആനുകൂല്യങ്ങൾ കുറയ്ക്കലും റിയൽ എസ്റ്റേറ്റ് ചെലവു കുറയ്ക്കലുമൊക്കെ നടപ്പാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോഗ്രാമുകൾ, ദീർഘകാലപദ്ധതിയായ മെറ്റവേഴ്സ് തുടങ്ങിയ ഉയർന്ന മുൻഗണനയുള്ള കുറച്ചു പദ്ധതികളിലേക്കു മാത്രം ശ്രദ്ധവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടികൾ വഴി എത്ര തുക ലാഭിക്കാനാകുമെന്നു വെളിപ്പെടുത്തിയിട്ടില്ല.

 

87,314 ജീവനക്കാരാണ് സെപ്റ്റംബർ അവസാനത്തെ കണക്കുപ്രകാരം മെറ്റയ്ക്കുള്ളത്. പിരിച്ചുവിടുന്നത് ഇതിന്റെ ഏകദേശം13% അഥവാ 11,000 പേരെ.

 

English Summary: Meta Layoffs: Facebook owner fires 11k employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com