ആപ്പിൾ വാച്ച് വീണ്ടും ഒരു ജീവൻ രക്ഷിച്ചു... ഇത്തവണ മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയായ 17 കാരൻ സ്മിത് മേത്തയെയാണ് രക്ഷിച്ചത്. ജീവൻ രക്ഷിച്ച വാച്ചിന് നന്ദി പറഞ്ഞ മേത്തയ്ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ആശംസയും നേർന്നു.
ഈ വർഷം ജൂലൈയിലാണ് സംഭവം. വിദ്യാർഥിയായ മേത്ത മൂന്ന് സുഹൃത്തുക്കളോടൊപ്പം മഹാരാഷ്ട്രയിലെ വിസാപൂർ കോട്ടയിലേക്ക് ട്രെക്കിങ്ങിന് പോയതായിരുന്നു. ലൊനാവാലയ്ക്ക് സമീപമുള്ള വിസാപൂര്‍ ഫോര്‍ട്ടിലാണ് അപകടം സംഭവിച്ചത്. കാല്‍വഴുതി 150 അടിയോളം താഴേക്കു വീണു മേത്ത ഒറ്റപ്പെട്ടുപോകുകയായിരുന്നു. കൈയില്‍ ഫോണും ഇല്ലായിരുന്നു. ഇതോടെയാണ് ആപ്പിൾ വാച്ച് രക്ഷയ്ക്കെത്തിയത്. കോളിങ് ഫീച്ചറുള്ള ആപ്പിള്‍ സീരീസ് 7 ശ്രേണിയിലുള്ള സ്മാര്‍ട് വാച്ചാണ് മേത്ത ഉപയോഗിച്ചിരുന്നത്.
ഏറെ താഴേക്ക് വീണെങ്കിലും വാച്ചിൽ നെറ്റ്‌വര്‍ക്കുണ്ടെന്ന് മനസ്സിലാക്കിയതോടെ മേത്ത വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ച് രക്ഷപ്പെടുത്താൻ അഭ്യർഥിച്ചു. കൃത്യമായ ലൊക്കേഷൻ ഷെയർ ചെയ്യാനും മേത്തയ്ക്ക് സാധിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം സ്ഥലത്തെത്തി മേത്തയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാൻ സാധിച്ചു.
ഓഗസ്റ്റ് 7ന് ഡിസ്ചാർജ് ചെയ്ത മേത്ത പിന്നീട് മലാഡിലെ മറ്റൊരു ഡോക്ടറിൽ നിന്ന് തുടർ ചികിത്സ തേടി. ഒക്ടോബർ 13 വരെ താൻ ബെഡ് റെസ്റ്റിലായിരുന്നു. ഇപ്പോൾ വാക്കറിന്റെയും വടിയുടെയും സഹായത്തോടെ നടക്കാം. ആപ്പിൾ വാച്ച് തന്റെ ജീവൻ രക്ഷിച്ചു എന്നും മേത്ത ഐഎഎൻഎസിനോട് പറഞ്ഞു. മേത്തയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ടിം കുക്ക് ഇമെയിൽ വഴിയാണ് അറിയിച്ചത്. ഇന്ത്യയ്ക്കകത്തും പുറത്തുമുളള നിരവധി പേരുടെ ജീവൻ ഇതിനു മുൻപും ആപ്പിൾ വാച്ച് രക്ഷിച്ചിട്ടുണ്ട്.
English Summary: Apple Watch saved Maharashtra boy who fell in 150-feet deep forest valley