രാജ്യത്തെ മുന്‍നിര സ്മാർട് വാച്ച് നിർമാതാക്കളായ ഫയർ ബോൾട്ടിന്റെ പുതിയ ഉൽപന്നം ഫയർ ബോൾട്ട് ഇൻഫിനിറ്റി പുറത്തിറങ്ങി. പുതിയ സ്മാർട് വാച്ചിൽ 400x400 പിക്സൽ റെസലൂഷനുള്ള 1.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയുണ്ട്. കൂടാതെ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളും ഉണ്ട്. മുന്നൂറിലധികം സ്‌പോർട്‌സ് മോഡുകൾക്കും 110-ലധികം ഇൻബിൽറ്റ് വാച്ച് ഫെയ്‌സുകൾക്കുമുള്ള പിന്തുണയോടെയാണ് ഫയർ-ബോൾട്ട് ഇൻഫിനിറ്റി സ്മാർട് വാച്ച് വരുന്നത്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് തുടങ്ങിയ ആരോഗ്യ പാരാമീറ്ററുകൾ ട്രാക്ക് ചെയ്യാൻ കഴിയുന്ന സെൻസറുകളും ഇതിലുണ്ട്.
ഫയർ-ബോൾട്ട് ഇൻഫിനിറ്റി സ്മാർട് വാച്ചിന് 4999 രൂപയാണ് വില. ഫയർ-ബോൾട്ട് വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യ വഴിയുമാണ് വിൽപന. ബ്ലാക്ക്, ഗോൾഡ്, സിൽവർ, ഗ്രേ, ഗോൾഡ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ഫയർ-ബോൾട്ട് ഇൻഫിനിറ്റി സ്മാർട് വാച്ച് വരുന്നത്.
400x400 പിക്സൽ റെസലൂഷനും 500 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഉള്ള 1.6 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്പ്ലേയാണ് ഫയർ-ബോൾട്ട് ഇൻഫിനിറ്റി സ്മാർട് വാച്ചിന്റെ സവിശേഷത. ബ്ലൂടൂത്ത് കോളിങ് തന്നെയാണ് പ്രധാന ഫീച്ചറുകളിലൊന്ന്. ഇതുവഴി വാച്ചിൽ നിന്ന് തന്നെ നേരിട്ട് ഫോൺ വിളിക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ വാച്ചിൽ വോയ്‌സ് അസിസ്റ്റൻസും ഉണ്ട്. iOS ൽ സിരിയെയും ആൻഡ്രോയിഡിൽ ഗൂഗിൾ അസിസ്റ്റന്റിനെയും പിന്തുണയ്ക്കുന്നു.
300 പാട്ടുകൾ വരെ സൂക്ഷിക്കാൻ ശേഷിയുള്ള 4ജിബി യുടെ ഇൻബിൽറ്റ് സ്റ്റോറേജും നൽകുന്നു. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട് വാച്ചുകളിൽ നിന്ന് നേരിട്ട് മ്യൂസിക് സ്ട്രീം ചെയ്യാൻ കഴിയും. ഇത് ആൻഡ്രോയിഡിനും ഐഫോണുകൾക്കും അനുയോജ്യമാണ്. ഫയർ-ബോൾട്ട് ഇൻഫിനിറ്റി സ്മാർട് വാച്ച് മുന്നൂറിലധികം സ്പോർട്സ് മോഡുകളെ പിന്തുണയ്ക്കുന്നു. കൂടാതെ SpO2 മോണിറ്ററിങ്, ഡൈനാമിക് ഹാർട്ട് റേറ്റ് ട്രാക്കിങ്, സ്ലീപ്പ് മോണിറ്ററിങ്, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിവയുൾപ്പെടെ ഒന്നിലധികം ഹെൽത്ത് ട്രാക്കറുകളുമായാണ് വരുന്നത്. 110 ലധികം വാച്ച് ഫെയ്‌സുകളും ഇതിൽ ഉൾപ്പെടുന്നു. ഒറ്റ ചാർജിൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുമെന്നും പൂർണമായി ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
English Summary: Fire-Boltt Infinity Smartwatch with 4GB Storage Launched