ADVERTISEMENT

മികച്ച ഹാര്‍ഡ്‌വെയര്‍ കരുത്തുള്ള ലാപ്‌ടോപ്, ഗെയിമർമാരുടെ സ്വപ്ന സാക്ഷാത്കാരമായ ലാപ്ടോപ് എന്നിങ്ങനെ പല വിശേഷണങ്ങളാണ് എച്പി ഒമന്‍ 17-സികെ2004ടിഎക്‌സിന് ഉള്ളത്. ഡിസൈൻ, പ്രകടനം എന്നിവയെലെല്ലാം മികവ് പുലർത്തുന്ന ഈ ലാപ്ടോപ്പിന്റെ സമ്പൂർണ ഫീച്ചറുകളെന്തൊക്കെയെന്ന് പരിശോധിക്കാം.

 

∙ പ്രധാന കരുത്ത്

HP Omen CK2004TX
HP Omen CK2004TX

 

ഇതിലുള്ളത് 13-ാം തലമുറയിലെ ഇന്റല്‍ കോര്‍ ഐ9-13900എച്എക്‌സ് പ്രോസസറും ഒപ്പം 12ജിബി വിറാം അടങ്ങിയ എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4080 ഗ്രാഫിക്‌സ് പ്രോസസറുമാണ്. കൂടാതെ, 5600മെഗാഹെട്‌സ് വരെ ക്ലോക്കു ചെയ്ത 32ജിബി റാമും സംഭരണത്തിനായി 1 ടിബി എസ്എസ്ഡിയും ഉണ്ട്. പുതിയ ഒമന്റെ ഈ ഉള്‍ക്കരുത്തിലാണ് കാര്യമിരിക്കുന്നതെങ്കിലും ഇതിന്റെ സ്‌ക്രീനും നിരാശപ്പെടുത്തില്ല - ലാപ്‌ടോപ്പിന്റെ 17.3-ഇഞ്ച് വലുപ്പമുള്ള ഐപിഎസ് ഡിസ്‌പ്ലേയ്ക്ക് ഫുള്‍എച്ഡി പ്ലസ് (2560x1440പി) റെസലൂഷന്‍ ഉണ്ട്. കൂടാതെ 240ഹെട്‌സ് റിഫ്രെഷ് റെയ്റ്റും ജി-സിങ്ക് സപ്പോര്‍ട്ടും ഉണ്ട്. ഇത്ര വലിയ വിലയൊക്കെ ചോദിക്കുമ്പോള്‍ 4കെ സ്‌ക്രീന്‍ പിടിപ്പിച്ചു കൂടായിരുന്നോ എന്ന ചോദ്യം ന്യായമായി തോന്നിയാലും തെറ്റില്ല.

 

∙ ഡിസൈൻ, ചാര്‍ജര്‍

 

ലാപ്‌ടോപ് പെട്ടിയില്‍ നിന്നു പുറത്തെടുത്ത ഉടനെ ഇതിന്റെ നിര്‍മാണ മികവാണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. വില കുറഞ്ഞ ഒരു ലാപ്‌ടോപിലേക്കല്ല നോക്കുന്നതെന്ന് വ്യക്തമായിരുന്നു. ഒപ്പം കിട്ടുന്ന 330w ചാര്‍ജറിനു പോലുമുണ്ട് സവിശേഷത. വളരെ വലുതാണിതെന്നു കാണാം. സാധാരണ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്കൊപ്പം പോലും കിട്ടുന്ന ചാര്‍ജറുകളെ പോലെയല്ലാതെ, ചതുരാകൃതിയാലണ് ഇതു ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതു കണ്ട അദ്ഭുതം അല്‍പ്പനേരത്തേക്കു മാത്രമെ നീണ്ടു നിന്നുള്ളു. കാരണം, എച്പി ഒമന്‍ 17-സികെ2004ടിഎക്‌സ് ലാപ്‌ടോപ്പിലിരിക്കുന്നത് വൈദ്യുതി കുറച്ചൊന്നും പോരാത്ത ഹാര്‍ഡ്‌വെയറാണല്ലോ. ലാപ്‌ടോപ്പിലുളളത് 83 വാട്ട്-അവര്‍ ബാറ്ററി നിറയ്ക്കാനാണ് ഇത്ര വലിയ ചാര്‍ജര്‍ എന്ന് ഓര്‍ത്തെടുത്തപ്പോള്‍ ആദ്യ അമ്പരപ്പ് പമ്പകടന്നു.

 

∙ ലാപ്‌ടോപ്പും വലുതു തന്നെ

 

കരുത്തിനൊപ്പം വലിയ സ്‌ക്രീനിന്റെ ഗുണവും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലാപ്‌ടോപ്പിന്റെ മൊത്തം വലുപ്പവും ഭാരവും ഒരു പ്രശ്‌നമായി അനുഭവപ്പെട്ടേക്കില്ല. ഇത് 17.3 ഇഞ്ച് വലുപ്പമുള സ്‌ക്രീനും, 2.76 കിലോ ഭാരവുമുള്ള ലാപ്‌ടോപ് ആണല്ലോ എന്നോര്‍ത്താല്‍ ഇത് ആദ്യം കാണുമ്പോഴുള്ള ആശ്ചര്യം അങ്ങു പോകും. ചിലപ്പോള്‍ ഗെയിമിങ് ലാപ്‌ടോപ്പുകളില്‍ താരതമ്യേന വലുപ്പക്കുറവുള്ള ഒന്നുപോലും ആയിരിക്കാം ഇത്. ലാപ്‌ടോപ്പിന് ചുറ്റും ചൂടു പുറംതള്ളാനായി ധാരാളം ദ്വാരങ്ങള്‍ ഉണ്ട്. കുറച്ചു നേരം പ്രവര്‍ത്തിപ്പിച്ചപ്പോള്‍ തന്നെ ഇവ, അവയുടെ ജോലി ചെയ്യുന്നുണ്ടെന്ന് മനസ്സിലാകുകയും ചെയ്യും. തുടക്ക പരീക്ഷണങ്ങളിലൊന്നും ചൂടുവായു പുറത്തുവിടാനുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമത കുറവ് ശ്രദ്ധിക്കാനായില്ല.

 

∙ നിറയെ പോര്‍ട്ടുകളും

 

പോര്‍ട്ടുകളുടെ ബാഹുല്യവും എച്പി ഒമന്‍ 17-സികെ2004ടിഎക്‌സ് ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്. ഒരു തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, മൂന്നു യുഎസ്ബി-എ പോര്‍ട്ടുകള്‍, പല തരത്തിലുള്ള എസ്ഡികാര്‍ഡുകള്‍ റീഡു ചെയ്യാനുള്ള സ്ലോട്ട്, ഒരു എച്ഡിഎംഐ 2.1 പോര്‍ട്ട്, ഒരു മിനി ഡിസ്‌പ്ലെപോര്‍ട്ട്, ഒരു 3.5എംഎം ഹെഡ്‌ഫോണ്‍ അല്ലെങ്കില്‍ മൈക്രോഫോണ്‍ ഉപയോഗിക്കാവുന്ന പോര്‍ട്ട്, ഒരു ആര്‍ജെ-45 പോര്‍ട്ട് എന്നിവ ഉണ്ട്. ഇവയ്ക്കു പുറമെ, ആര്‍ജിബി ബാക്‌ലിറ്റ് കീബോര്‍ഡിനു മുകളിലായി ബാങ് ആന്‍ഡ് ഒലുഫ്‌സെന്റെ പിന്തുണയോടെ നിര്‍മിച്ച സ്പീക്കറുകള്‍ പിടിപ്പിച്ചിട്ടുമുണ്ട്.

 

∙ പ്രകടനം

 

സാധാരണ രീതിയിലുള്ള പ്രകടനം ഉദ്ദേശിക്കുന്നവര്‍ക്ക് ഇത്തരം ഒരു ലാപ്‌ടോപ്പിന്റെ ആവശ്യമില്ല. ബ്രൗസിങ്, വിഡിയോ കാണല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ യാതൊരു പ്രശ്‌നവുമില്ലാതെ ഇതിലും നടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഗ്രാഫിക്‌സ് മാക്‌സ് സെറ്റിങ്‌സില്‍, സെക്കന്‍ഡില്‍ 180 ഫ്രെയിംസ് എന്ന അനുപാതത്തില്‍, മികച്ച പ്രകടനം തന്നെയാണ് ലാപ്‌ടോപ് നടത്തിയത്. ഗെയിം കളിച്ചപ്പോഴൊന്നും എച്പി ഒമന്‍ 17-സികെ2004ടിഎക്‌സ് ചൂടായില്ല. പക്ഷേ, ഫാനിന്റെ ശബ്ദം ഉയര്‍ന്നു കേൾക്കാമായിരുന്നു. 

 

എച്പി ഒമന്‍ 17-സികെ2004ടിഎക്‌സ ലാപ്‌ടോപ്പിന്, 5600മെഗാഹെട്‌സുള്ള, 32 ജിബി ഡിഡിആര്‍5 റാമും 1 ടിബി സ്റ്റോറേജ് ശേഷിയും അടക്കമാണല്ലോ ഉള്ളത്. ഇത് ലാപ്‌ടോപ്പിന്റെ മൊത്തം പ്രകടനവും അനായാസമാക്കുന്നതിന് സഹായകമാകുന്നുണ്ട് എന്നാണ് ആദ്യ ടെസ്റ്റുകളില്‍ നിന്ന് പറയാനാകുക. ഗെയിമുകള്‍ താരതമ്യേന വേഗത്തില്‍ ലോഡാകുകയും ചെയ്തു. അതേസമയം, കൂടുതല്‍ ഗ്രാഫിക്‌സ് കരുത്തു വേണ്ട ഗെയിമുകള്‍ ഇതുവരെ കളിച്ചു നോക്കാനായില്ല.

 

∙ ആര്‍ജിബി കീബോര്‍ഡും നല്ല ദൃശ്യാനുഭവം

 

കൈവിരലുകല്‍ക്ക് നല്ല പ്രതികരണാനുഭവം പകരുന്നവയാണ് എച്പി ഒമന്‍ 17-സികെ2004ടിഎക്‌സിന്റെ കീബോര്‍ഡ്. അത് കാണാനും നല്ലതാണ്. ട്രാക്പാഡും മികച്ച പ്രതികരണശേഷി പുലര്‍ത്തുന്നു.

 

∙ സോഫ്റ്റ്‌വെയര്‍

 

എച്പി ഒമന്‍ 17-സികെ2004ടിഎക്‌സ് ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് വിന്‍ഡോസ് 11 ഹോം എഡിഷനാണ്. എന്തുകൊണ്ട് പ്രോ വേര്‍ഷന്‍ നല്‍കിയില്ല എന്നും വേണമെങ്കില്‍ ചോദിക്കാം. മൈക്രോസോഫ്റ്റ് ഓഫിസ് ഹോം ആന്‍ഡ് സ്റ്റുഡന്റും ഒപ്പം ലഭിക്കുന്നുണ്ട്.

 

∙ സ്പീക്കറുകള്‍

 

ബാങ് ആന്‍ഡ് ഒലുഫ്‌സെന്‍ കമ്പനിയുടെ പിന്തുണയോടെ പിടിപ്പിച്ച സ്പീക്കറുകള്‍ തരക്കേടില്ലാത്ത വോയ്സ് നല്‍കുന്നു. ആളുകളുടെ വോയ്സ് കേള്‍ക്കുന്നതില്‍ നല്ല വ്യക്തതയുണ്ട്. മറ്റു പല ലാപ്‌ടോപ്പുകളുടെ സ്പീക്കറുകളുമായും താരതമ്യം ചെയ്യുമ്പോള്‍ എച്പിഒമന്‍ 17-സികെ2004ടിഎക്‌സിന്റെ സ്പീക്കറുകള്‍ക്ക് മികച്ച ശബ്ദവും ലഭിക്കുന്നു എന്നു പറയാം. 

 

∙ വില

 

ഈ ഒമന്‍ ലാപ്‌ടോപ്പിന് 2,69,990 രൂപയാണ് വില. ഇതില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ് - ഇന്നു വാങ്ങാന്‍ ലഭിക്കുന്ന ലാപ്‌ടോപ്പുകളില്‍ ഏറ്റവും കരുത്തുറ്റവയില്‍ ഒന്നാണ് ഇത്. 

 

∙ ചുരുക്കത്തില്‍ 

 

എച്പി ഒമന്‍ 17-സികെ2004ടിഎക്‌സ് കരുത്തിന്റെ കാര്യത്തില്‍ സാധരാണ ലാപ്‌ടോപ്പുകളെ അപേക്ഷിച്ച് പല പടി മുന്നിലാണ്. ഇന്റല്‍ കോര്‍ ഐ9-13900എച്എക്‌സ് പ്രോസര്‍, എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4080 ഗ്രാഫിക്‌സ് കാര്‍ഡ്, 1 ടിബി എസ്എസ്ഡി തുടങ്ങിയവയുടെസഹരിച്ചുള്ള പ്രവര്‍ത്തനം ഇതിനെ വേറിട്ടൊരു അനുഭവമാക്കുന്നു. പ്രൊസസിങ് കരുത്തു വേണ്ട ഗെയിമര്‍മാര്‍, കണ്ടെന്റ് ക്രിയേറ്റര്‍മാര്‍, തുടങ്ങിയവര്‍ക്ക് നിശ്ചയമായും പരിഗണിക്കാമെന്നാണ് ഇതുവരെയുള്ള ഉപയോഗത്തില്‍ നിന്നു മനസിലാകുന്നത്.

 

English Summary:  HP OMen 17 CK 2004 TX Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com