ADVERTISEMENT

ജൂണ്‍ അഞ്ചിന് ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ്(WWDC) പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ടെക് ലോകത്ത് ഊഹാപോഹങ്ങളുടെ തിരക്കാണ്. കോണ്‍ഫറന്‍സില്‍ ആപ്പിള്‍(Apple) എന്തൊക്കെ ഉത്പന്നങ്ങള്‍ പുറത്തിറക്കും? ഏതൊക്കെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുകള്‍ വരും? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പലയിടത്തു നിന്നും ഉത്തരങ്ങള്‍ വരുന്നുണ്ട്. ഈ വര്‍ഷത്തെ ആപ്പിളിന്റെ ഏറ്റവും വലിയ ഇവന്റുകളിലൊന്നില്‍ എന്തൊക്കെയാണ് പ്രധാന പ്രതീക്ഷകളെന്നു നോക്കാം. 

ആദ്യമേ പറയട്ടെ ഡബ്ല്യു.ഡബ്ല്യു.ഡി.സിയില്‍ ഐഫോണുകള്‍ക്ക് സ്ഥാനമില്ലെന്നാണ് സൂചന. വരുന്ന സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക ഇവന്റിലായിരിക്കും ഐഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങള്‍ ആപ്പിള്‍ നടത്തുക. മാക് ബുക്ക് അപ്‌ഡേഷന്‍, മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്, ഓപ്പറേറ്റിംങ് സിസ്റ്റങ്ങളിലെ അപ്‌ഡേഷനുകള്‍ എന്നിവയൊക്കെയാണ് ആപ്പിളിന്റെ അന്താരാഷ്ട്ര ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രതീക്ഷിക്കാവുന്നത്. 

15 ഇഞ്ച് മാക്ബുക്ക്( Apple Macbook) എയര്‍

11 ഇഞ്ചും 13 ഇഞ്ചും വിട്ട് ഇക്കുറി കുറച്ചുകൂടി വലിയ 15 ഇഞ്ചിന്റെ വലിയ മാക്ബുക്ക് ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിളിന്റെ 15 ഇഞ്ച് മാക്ബുക്ക് എയറിന് 15.5 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നാണ് സാങ്കേതികവിദഗ്ധനായ റോസ് യങ് പറയുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ M2 ചിപ്പുകളാണ് 15 ഇഞ്ച് മാക് ബുക്ക് എയറിന്റെ മറ്റൊരു പ്രധാന സവിശേഷത. 

വലിപ്പത്തിനൊപ്പം മാക്ബുക്കിന്റെ വിലയിലും വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 1,399 ഡോളറിനും 1,499 ഡോളറിനും ഇടയിലാണ് പ്രതീക്ഷിക്കുന്ന വില. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം 1,23,000 രൂപയായിരിക്കും വില. ആപ്പിളിന്റെ മാക്ബുക്ക് പ്രൊ 13 ഇഞ്ചിന് ഏകദേശം 1,99,900 രൂപയാണ് വില വരിക. മാക്ബുക്ക് എയര്‍ എം2വിന്റേതു പോലെ കനംകുറഞ്ഞ മോഡലായിരിക്കും 15 ഇഞ്ച് മാക് ബുക്ക് എയര്‍ എന്നാണ് കരുതപ്പെടുന്നത്. 1080p വെബ് ക്യാമറ, മാഗ്‌സേഫ് ചാര്‍ജിംങ്, അപ്‌ഗ്രേഡ് ചെയ്ത സ്പീക്കറുകള്‍, 500 നിറ്റ് റെറ്റിന ഡിസ്‌പ്ലേ എന്നിവയും പുതിയ മാക് ബുക്കില്‍ പ്രതീക്ഷിക്കുന്നുണ്ട്. 

 

റിയാലിറ്റി പ്രൊ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്

ഏറെക്കാലമായി ആപ്പിള്‍ മിക്‌സഡ് റിയാലിറ്റി ഹെഡ് സെറ്റ് പുറത്തിറക്കുമെന്ന് സൂചനകളുണ്ട്. ആപ്പിള്‍ വലിയ തോതില്‍ സമയവും വിഭവങ്ങളും ഇതിനായി ചിലവഴിക്കുന്നുമുണ്ട്. ഇപ്പോള്‍ മെറ്റയുടെ ക്വസ്റ്റ് പ്രൊയും എച്ച്.ടി.സിയുടെ വിവെ എക്‌സ്ആര്‍ എലൈറ്റുമെല്ലാം പുറത്തിറങ്ങിയതോടെ ആപ്പിളും മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കാനുള്ള സാധ്യത കൂടുകയാണ്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു പ്രകാരം ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലേ, കയ്യുടേയും കണ്ണിന്റേയും ചലനങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി, അനവധി ക്യാമറകള്‍, എതിരാളികളെ അപേക്ഷിച്ച് കുറഞ്ഞ കനം എന്നിവയെല്ലാമാണ് റിയാലിറ്റി പ്രോയുടെ പ്രധാന സവിശേഷതകള്‍. 

ഐഒഎസ് 17, വാച്ച് ഒഎസ് 10

ഡെവലപ്പര്‍മാരുടെ കോണ്‍ഫറന്‍സായതുകൊണ്ടുതന്നെ നിരവധി സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുകളും ആപ്പിളിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ഉത്പന്നങ്ങളുടെ പരമാവധി വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്ന ആപ്പിള്‍ ശൈലി സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും അവര്‍ നടപ്പിലാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ആപ്പിള്‍ ഏതൊക്കെ സോഫ്റ്റ്‌വെയറുകളില്‍ മാറ്റം വരുത്തുമെന്ന് വ്യക്തതയില്ല. 

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം വാച്ച് ഒ.എസില്‍ ആപ്പിള്‍ ശ്രദ്ധേയമായ ഒരു മാറ്റം കൊണ്ടുവന്നേക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആപ്പിള്‍ വാച്ചുകളുടെ ഹാര്‍ഡ്‌വെയറുകളിലായിരുന്നു കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നത്. ഐ.ഒ.എസ് 17ലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കണ്‍ട്രോള്‍ സെന്റര്‍ റീഡിസൈന്‍, പുതിയ ജേണലിംങ് ആപ്പ് എന്നിങ്ങനെ പല ആവശ്യങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും ഉയരുന്നുണ്ട്. ഇതില്‍ ഏതിനാണ് ആപ്പിള്‍ കാതുകൊടുക്കുകയെന്ന് കാത്തിരുന്നു തന്നെ അറിയേണ്ടിവരും.

English Summary: Apple WWDC 2023: What to expect, from iOS 17 to new MacBooks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com