ആപ്പിളിന്റെ 3 ലക്ഷം രൂപയുടെ ഹെഡ്‌സെറ്റ്!: മുഖത്തിനു മുമ്പില്‍ 100 അടി വലുപ്പമുള്ള സ്‌ക്രീന്‍!, വിപ്ളവകരം

Mail This Article
മുഖത്തിനു മുമ്പില്‍ 100 അടി വലുപ്പമുള്ള സ്‌ക്രീന്‍! അതില്‍ ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ആസ്വദിക്കാം. ആപ്പിള്‍ തങ്ങളുടെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ആയ വിഷന്‍പ്രോയില്‍ എന്തൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നു വിശദമായി പരിശോധിക്കാം.

യഥേഷ്ടം ക്രമീകരിക്കാവുന്ന സ്‌ക്രീന്‍ വലുപ്പം
സ്‌ക്രീന്‍ വലുപ്പം യഥേഷ്ടം ക്രമീകരിക്കാം. പരമാവധി 100 അടി വരെ വലുപ്പം ലഭിക്കും. എവിടെയിരിക്കുന്നോ ആ സ്ഥലത്തിനു മുകളില്‍ ആയിരിക്കും ഓഗ്മെന്റഡ് റിയാലിറ്റി സ്‌ക്രീന്‍ വരിക. സ്ഥലബോധം നഷ്ടപ്പെടില്ല. ഐഫോണിന്റെ ഒരു പിക്‌സലിന്റെ സ്ഥാനത്ത് 64 പിക്‌സലുകള്‍ ആയിരിക്കും വിഷന്‍ പ്രോയില്‍ ഉണ്ടായിരിക്കുക. മൈക്രോ ഓലെഡ് പാനൽ ഇരുകണ്ണുകള്‍ക്കും 4കെയില്‍ ഏറെ റെസലൂഷന്‍ നല്‍കും. എന്നാല്‍, ഒരു 65-ഇഞ്ച് 4കെ ടിവി 7, 8 അടിയൊക്കെ അകലെ വച്ചാല്‍ ലഭിക്കുന്ന റെസലൂഷന്‍ ഇതിനു ലഭിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിവരുമെന്ന് ടെക് വിദഗ്ധർ നിരീക്ഷിക്കുന്നു. എന്നാല്‍ ഗെയിമിങ്ങിനും ബ്രൗസിങ്ങിനും ഒക്കെ വിഷന്‍ പ്രോ മറ്റൊരു മാനം തന്നെ നല്‍കിയേക്കും.
Also Read: 15 ഇഞ്ച് മാക്ബുക്ക് എയർ; എം 2 ചിപ്, 18 മണിക്കൂർ ബാറ്ററി, സവിശേഷതകളറിയാം.

ശബ്ദാനുഭവം മറ്റൊരു തലത്തിലേക്ക്
ശബ്ദാനുഭവം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ ഇരട്ട ബില്‍റ്റ്-ഇന്‍ സ്പീക്കറുകളും ഉണ്ട്. അവ കൂടുതല്‍ മികവുറ്റതാക്കാന്‍ ആപ്പിളിന്റെ ഓഡിയോ ഹെഡ്‌സെറ്റുകളോ വയര്‍ലെസ് ഇയര്‍ബഡ്‌സുകളോ ഉപയോഗിക്കാനായേക്കാമെന്നും ടെക് ലോകം കരുതുന്നു.

മാക് സ്‌ക്രീന്റെ വലുപ്പം കൂട്ടാം
കംപ്യൂട്ടിങ്ങിൽ അടുത്ത തലത്തിലുള്ള അനുഭവം പകരാന്‍ കെല്‍പുള്ളതായിരിക്കും വിഷന്‍ പ്രോ. മാക് കംപ്യൂട്ടർ പ്രവർത്തിപ്പിച്ചശേഷം വിഷന്‍ പ്രോ ധരിച്ചാൽ 13-ഇഞ്ച് സ്‌ക്രീന്‍ കൂറ്റൻ ഡിസ്‌പ്ലേയാക്കാം എന്ന് ആപ്പിള്‍ പറയുന്നു. അതേസമയം, ഐപാഡുകളുടെയോ ഐഫോണുകളുടെയോ സ്‌ക്രീനിനെക്കുറിച്ച് ഇത് പറഞ്ഞിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ 13 ഇഞ്ച് വലുപ്പമുള്ള മാക് ഡിസ്‌പ്ലേയില്‍ ഒരു ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച ശേഷം കൂറ്റന്‍ സ്‌ക്രീനില്‍കണ്ട് സൂക്ഷ്മമായ എഡിറ്റിങ് നടത്താന്‍ സാധിച്ചേക്കും.
യഥാര്‍ഥ ലോകവും സ്‌ക്രീന്‍ ലോകവും സമ്മേളിക്കുമ്പോള്‍

മെറ്റാ ക്വെസ്റ്റ് അണിഞ്ഞിരിക്കുന്ന ആളുടെ കണ്ണുകള്‍, അയാള്‍ ഇരിക്കുന്ന സ്ഥലത്തേക്കു കടന്നുവരുന്ന ആള്‍ക്ക് കാണാനൊക്കില്ല. അതേസമയം വിഷന്‍ പ്രോ അണിഞ്ഞിരിക്കുന്ന ആളുടെ കണ്ണുകള്‍ പുറത്തു കാണാം. ഇതിന് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയ്ക്കിട്ടിരിക്കുന്ന പേര് ഐസൈറ്റ് (EyeSight) എന്നാണ്.
ദൃശ്യാനുഭവത്തിനായി ഹെഡ്‌സെറ്റിന്റെ ഉള്‍ഭാഗം പരിപൂര്‍ണ്ണമായും ഇരുളിലായിരിക്കും. എന്നാല്‍, നിങ്ങള്‍ വിഷന്‍ പ്രോ പ്രവര്‍ത്തിപ്പിക്കുകയാണോ എന്ന് നിങ്ങളുടെ അടുത്തേക്ക് വരുന്ന ആള്‍ക്ക് അറിയാനാകും.
വിഷന്‍ പ്രോ അണിയുന്ന ആള്‍ താന്‍ ഇരിക്കുന്ന സ്ഥലത്തുനിന്ന് നിന്ന് പൂര്‍ണ്ണമായും വിട്ടുപോകുന്നില്ലെന്ന് ആപ്പിള്‍ ഉറപ്പാക്കുന്നു. ഇതിനെല്ലാമായി അള്‍ട്രാ ഹൈ റെസലൂഷന്‍ ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരു സ്‌ക്രീനുകളിലുമായി 23 ദശലക്ഷം പിക്‌സലുകള്‍ ഉണ്ട്. ആപ്പിളിന്റെ ഹാര്‍ഡ്‌വെയറിന് ഇക്കാര്യങ്ങളെല്ലാം തത്സമയം നടക്കുന്നു എന്നുറപ്പാക്കാനുള്ള കരുത്തുമുണ്ട്. 180 ഡിഗ്രി വരെ വിസ്തീര്‍ണ്ണത്തില്‍ കണ്ടെന്റ് പ്രദര്‍ശിപ്പിക്കാനും സക്രീനിനു സാധിക്കും.
ഗെയിമിങില്‍ ഒഴികെ ഇതിന് കൺട്രോളറുകള്‍ ഇല്ല. കട്ടിയുള്ള ഒരു ബാന്‍ഡ് ഉപയോഗിച്ചാണ് സ്‌ക്രീന്‍ മുഖത്ത് ഉറപ്പിച്ചു നിറുത്തുന്നത്. പുറമെ നിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനായി വിഷന്‍ പ്രോ ലീക് പ്രൂഫ് ആയിരിക്കുമെന്നും ആപ്പിള്‍ പറയുന്നു.
അവിശ്വസനീയമായ ത്രിമാനത
നിങ്ങള്‍ ഇരിക്കുന്ന ഇടത്തെ അവിശ്വസനീയമായ ഒരു ഓഗ്മെന്റഡ് ജോലിസ്ഥലമായി മാറ്റാന്‍ വിഷന്‍ പ്രോയ്ക്ക് സാധിക്കും. ഉദാഹരണത്തിന് നിങ്ങള്‍ ഒരു മേശയ്ക്കു മുന്നില്‍ ഇരിക്കുന്നു എന്നു കരുതുക. മേശയ്ക്ക് അപ്പുറത്ത് അടി അകലെയായി തെളിഞ്ഞുനില്‍ക്കുന്ന പ്രതീതിയുണ്ടാക്കുന്ന സ്‌ക്രീനിലുള്ള ഒരു വസ്തു മേശയിലേക്ക് വയ്ക്കാം. ഈ ത്രിമാന, അയഥാർഥ പ്രപഞ്ചത്തിന്റെ നടുക്കിരിക്കുന്ന നിങ്ങള്‍ക്കു മുന്നിലെ മേശയില്‍ മറ്റൊരാള്‍ക്ക് കാപ്പി കൊണ്ടുവന്ന് വച്ചിട്ടു പോകാം!
ലോകത്തെ ആദ്യത്തെ സ്‌പേഷ്യല്‍ ഓപ്പറേറ്റിങ് സിസ്റ്റം
ആപ്പിള്‍ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് വിഷൻഒഎസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്. ഇതാണ് ലോകത്തെ ആദ്യത്തെ സ്‌പേഷ്യല്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. കരുത്തുറ്റ ഹാര്‍ഡ്‌വെയറും കരുത്തുറ്റ ഒഎസും സമ്മേളിച്ചാണ് ഈ വിസ്മയങ്ങൾ നമ്മുടെ മുന്നിൽ എത്തിക്കുന്നത്. വിഷന്‍ പ്രോ തനിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു കംപ്യൂട്ടര്‍ കൂടിയാണെന്ന് ആപ്പിളിന്റെ ടെക്‌നോളജി ഡവലപ്‌മെന്റ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് മൈക് റോക്‌വെല്‍ പറയുന്നു.
ആദ്യമായാണ് ഇത്തരത്തിലൊരു സ്‌പേഷ്യല്‍ കംപ്യൂട്ടര്‍ പുറത്തിറക്കാന്‍ സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ കണ്ണുകളും കൈകളും ചലിപ്പിച്ചും, വോയിസ് കമാന്‍ഡിലൂടെയും ഈ സ്‌പേഷ്യല്‍ കംപ്യൂട്ടറിനോട് ഇടപെടാം. സ്‌ക്രീനില്‍ കാണുന്ന ഒരു വസ്തുവില്‍, അല്ലെങ്കില്‍ ആപ്പില്‍ നോട്ടം ഉറപ്പിച്ച ശേഷം വിരല്‍കൊണ്ട് സ്പര്‍ശിച്ച് അത് ചലിപ്പിക്കാം.
ആപ്പിളിന്റെ ആദ്യത്തെ ത്രിമാന ക്യാമറ
വിഷന്‍ പ്രോയ്ക്കായി ആണ് തങ്ങള്‍ ആദ്യത്തെ ത്രിമാന ക്യാമറ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. ഹെഡ്‌സെറ്റിനു മാത്രമായി പുതിയ ആപ് സ്‌റ്റോറും ഉണ്ട്. സങ്കര അലൂമിനിയം ഉപയോഗിച്ച് പ്രത്യേകമായി നിര്‍മിച്ചതാണ് ഹെഡ്‌സെറ്റിന്റെ ബോഡി. ഇതിന് മുഖത്തിന് ചേര്‍ന്ന രീതിയില്‍ കണ്ണുകളിലേക്ക് പുറത്തെ പ്രകാശം കയറാത്ത രീതിയില്‍ ഇഴുകിച്ചേർന്നിരിക്കാന്‍ സാധിക്കും. ഐറിസ് സ്‌കാന്‍ ചെയ്താണ് ഉപയോക്താവിനെ തിരിച്ചറിയുന്നത്.
ഏറ്റവും വിലിയ പരിമിതി ബാറ്ററിയോ?
വിഷന്‍ പ്രോ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വൈദ്യുതി വേണം, അതു പ്ലഗ് ചെയ്തെടുക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഒപ്പം ലഭിക്കുന്ന ബാറ്ററിയില്‍ നിന്നും എടുക്കാം. ഹെഡ്‌സെറ്റിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ബാറ്ററി അതില്‍ പിടിപ്പിച്ചിട്ടില്ല. പോക്കറ്റിലിടാവുന്ന വലുപ്പമുള്ള ബാറ്ററിയുമായി ഘടിപ്പിച്ച് വിഷന്‍ പ്രോ പ്രവര്‍ത്തിപ്പിക്കാം. ഏകദേശം 2 മണിക്കൂറായിരിക്കും ഇങ്ങനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക എന്ന് ആപ്പിള്‍ പറയുന്നു.
കംപ്യൂട്ടിങ്ങിനും പുതിയ മുഖം
വിഷന്‍ പ്രോയും കീബോഡും ട്രാക് പാഡും ഒക്കെയായി ബന്ധിപ്പിക്കാം എന്നും ആപ്പിള്‍ കാണിച്ചുതരുന്നു. അതിനർഥം പല കംപ്യൂട്ടിങ് ജോലികളും ചെയ്യാനും ഇത് ഉപയോഗിക്കാമെന്നതായിരിക്കും. കരുത്തുറ്റ ജോലികള്‍ക്ക് മാക് തന്നെ വേണമായിരിക്കും എങ്കിലും, ഇമെയില്‍ അയയ്ക്കാനും മറ്റു പല ടാസ്‌കുകള്‍ക്കും വിഷന്‍ പ്രോ മതിയായേക്കുമെന്നാണ് അനുമാനം. ഐക്ലൗഡ് ഫോട്ടോ ലൈബ്രറി മുഴുവന്‍ ലഭ്യമാകും. ഐഫോണില്‍ എടുത്ത ചിത്രങ്ങള്‍ അവയുടെ വിശാലമായ വിസ്തൃതിയോടെ മുമ്പു സാധ്യമല്ലാത്ത രീതിയില്‍ ഇതില്‍ കാണാന്‍ സാധിക്കും. ഇതൊരു അത്യുജ്വല അനുഭവമായിരിക്കും.
ഫെയ്‌സ്‌ടൈം കോളുകള്‍ക്കും പുതിയ മാനം
ഫെയ്‌സ്‌ടൈം വിഡിയോ കോളുകള്‍ നടത്തുമ്പോള്‍ സ്‌ക്രീന്‍ എവിടെ വേണമെങ്കിലും വെര്‍ച്വലായി വയ്ക്കാം. നൂറിലേറെ ആപ്പിള്‍ ആര്‍ക്കെയ്ഡ് ഗെയിമുകള്‍ ആണ് ആദ്യം ലഭ്യമാക്കുക. ആപ്പിളിന്റെ നിമഗ്നമായ വിഡിയോകള്‍ 180-ഡിഗ്രി വരെ വിശാലതയിൽ കാണാം. സ്‌പേഷ്യല്‍ ശബ്ദ സാങ്കേതികതയുടെ അകമ്പടിയോടെ ഇതു കാണുമ്പോള്‍ മുമ്പു ലഭിക്കാത്ത ഒരു അനുഭവം പ്രദാനംചെയ്യുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. വിഷന്‍ പ്രോയ്ക്കായി തങ്ങള്‍ 5000ലേറെ പേറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ആപ്പിള്‍ പറയുന്നു. ലാമിനേറ്റഡ് ഗ്ലാസാണ് മുന്നില്‍പിടിപ്പിച്ചിരിക്കുന്നത്. സ്ട്രാപ്പുകളുടെ വലുപ്പം ക്രമീകരിക്കാം. ആപ്പിള്‍ വാച്ചിനു സമാനമായ ഡിജിറ്റല്‍ ക്രൗണും ഉണ്ട്. ഇത് ഉപയോഗിച്ച് യഥാർഥ ലോകത്തോടുള്ള ബന്ധം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഒപ്ടിക് ഐഡി
അതേസമയം, ഉപയോക്താവിന് സുരക്ഷയും സ്വകാര്യതയും നല്‍കുമെന്നും ആപ്പിള്‍ പറയുന്നു. ഒരാളുടെ ഡേറ്റ പുറത്തുപോകാതിരിക്കാന്‍ ഇതു സഹായിക്കും. ഇതിനായി പുതിയ ഒപ്ടിക് ഐഡി (Optic ID) അവതരിപ്പിച്ചിരിക്കയാണ് ആപ്പിള്‍. ഉപയോക്താവിന്റെ ഐറിസിനെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയ വിവരങ്ങളുമായി, വിവിധ തരം എല്‍ഇഡി ലൈറ്റ് എക്‌സ്‌പോഷറുകള്‍ ഉപയോഗിച്ച് തട്ടിച്ചു നോക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
വിഷന്‍ പ്രോയില്‍ ഉപയോക്താവിന്റെ കണ്ണുകളുടെ ചലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിളുമായി പങ്കുവയ്ക്കില്ലെന്നും കമ്പനി പറയുന്നു. ക്യാമറയില്‍ നിന്നും മറ്റു സെന്‍സറുകളില്‍ നിന്നുമുളള ഡേറ്റ സിസ്റ്റം തലത്തിലായിരിക്കും പ്രൊസസ് ചെയ്യുക. അതിനാല്‍ ഓരോ ആപ്പിനും ഉപയോക്താവ് എവിടെയാണ് ഇരിക്കുന്നത് എന്ന് അറിയേണ്ട ആവശ്യം വരുന്നില്ലെന്നും ആപ്പിള്‍ പറയുന്നു.
ദൃശ്യം പകർത്തിയാൽ പുറത്തുള്ളവര്‍ക്കും അറിയാം
വിഷന്‍ പ്രോ ഉപയോഗിച്ച് വിഡിയോയോ ഫോട്ടോയോ ശബ്ദമോ പിടിച്ചെടുക്കുമ്പോള്‍ അത് പുറത്തുള്ളവര്‍ക്കും അറിയാനാകും. ഗൂഗിള്‍ ഗ്ലാസ് ധരിച്ചയാള്‍ ഒരു മുറിയിലേക്കു കടന്നുവന്നാല്‍ അവിടെയിരുന്ന ആളുകള്‍ അസ്വസ്ഥരായിരുന്നു എന്നു പറഞ്ഞതുപോലെയുള്ള അവസ്ഥ ഉണ്ടായേക്കില്ല. ഗൂഗിള്‍ ഗ്ലാസ് ധരിച്ച ആള്‍ വിഡിയോയോ ഫോട്ടോയോ പകര്‍ത്തുന്നുണ്ടോ എന്ന കാര്യം അറിയാന്‍ സാധിക്കുമായിരുന്നില്ല എന്നതാണ് അതിനെ ആളുകള്‍ പേടിക്കാനുണ്ടായ ഒരു കാരണം.
വിഷൻ ഒഎസ് മാന്ത്രികത
ആപ്പിള്‍ഹോളിക് എന്ന വാക്ക്, ആപ്പിള്‍ സൃഷ്ടിച്ച കംപ്യൂട്ടിങ് പരിസ്ഥിതിക്കപ്പുറത്തേക്ക് ചിന്തിക്കാത്ത ആളുകളെ വിശേഷിപ്പിക്കാനാണ്. ആപ്പിള്‍ഹോളിക്കുകള്‍ക്ക് പരിചിതമായ ആപ്പുകളെല്ലാം വിഷന്‍ പ്രോയിലും ലഭിക്കും. മറ്റ് ഡവലപ്പമാരുടെ ആപ്പുകളും വന്നേക്കും. തങ്ങളുടെ ആദ്യത്തെ സ്‌പേഷല്‍ ഓപ്പറേറ്റിങ് സിസ്റ്റമായി വിഷൻ ഒഎസിന് ആപ്പുകളെല്ലാം വഹിക്കാന്‍ സാധിക്കുമെന്ന് ആപ്പിള്‍ പറയുന്നു. ഇത് ഒരേസമയം ആപ്പിള്‍ഹോളിക്കിന് പരിചിതവും അതേസമയം അനന്ത സാധ്യതകള്‍ തുറിന്നിടുന്നതുമാണ്. മാന്ത്രികമായിരിക്കും ഇടപെടലെന്ന് കമ്പനി പറയുന്നു.
അസാധാരണ ഡെപ്‌തോടു കൂടി ചിത്രങ്ങളും വിഡിയോയും വിഷന്‍ പ്രോയുടെ 3ഡി ക്യാമറ ഉപയോഗിച്ച് പകര്‍ത്തുക മാത്രമല്ല, അവ വീണ്ടും ത്രിമാനതയോടെ വീക്ഷിക്കുകയും ചെയ്യാം. മൈന്‍ഡ്ഫുള്‍നെസ് ആപ്പ് പോലെയുള്ളവയ്ക്ക് ധ്യാനം ഒക്കെ അനുഭവത്തെ ശാന്തിയുടെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും.
ഹാര്‍ഡ്‌വെയര്‍ കരുത്ത്
ആപ്പിള്‍ എം2, ആര്‍1 പ്രോസസറുകളാണ് വിഷന്‍ പ്രോയുടെ മസില്‍ കരുത്ത്. നൂതനമായ ഈ ഇരട്ട ചിപ്പ് ഡിസൈനാണ് സവിശേഷമായ അനുഭവം പകരലിനു പിന്നില്‍. സെന്‍സര്‍ ഡേറ്റ അതിവേഗം പ്രോസസ് ചെയ്യാനാണ് ആര്‍1 ചിപ്പ്.
ഗെയിം കളിക്കാന്‍ കൺട്രോളര്‍
വിഷന്‍ പ്രോയ്‌ക്കൊപ്പം ഗെയിം നിയന്ത്രിക്കാനുള്ള കൺട്രോളറും പ്രവര്‍ത്തിപ്പിക്കാം. ഇന്റര്‍നെറ്റ് ബ്രൗസിങും മറ്റൊരു തലത്തിലേക്ക് എത്തുന്നു. വിമാന യാത്രയ്ക്കിടയിലും മറ്റും കൂറ്റന്‍ സ്‌ക്രീനില്‍ സിനിമ കാണിക്കാന്‍ വിഷന്‍ പ്രോയ്ക് സാധിക്കും.
പ്രവചനങ്ങള്‍ തെറ്റി
ആപ്പിള്‍ ഒരു മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ വിഷന്‍ റിയാലിറ്റി ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ആണ്. വിലയും പ്രതീക്ഷിച്ചതിലേറെയാണ്. ഇത് 2024 ആദ്യം വില്‍പ്പനയ്‌ക്കെത്തും എന്നാണ് പറയുന്നത്.
അത്രമാത്രം ആവേശം കൊള്ളണോ?
ആപ്പിള്‍ഹോളിക്കുമാരുടെ കാര്യത്തിലൊഴികെ മറ്റുള്ളവര്‍ക്ക് വിഷന്‍ പ്രോയുടെ കാര്യത്തില്‍ കുറച്ചുകൂടി സമചിത്തത പാലിക്കാം. ഇത്തരം ഒരു ഉപകരണം എത്ര നേരം മുഖത്തു വച്ചുകൊണ്ടിരിക്കാനാകും, അത് അവിടെയിരുന്ന് അനാരോഗ്യകരമായി ചൂടാകുമോ, ദീര്‍ഘനേര ഉപയോഗം തലച്ചോറിനെ ബാധിക്കുമോ തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും.
വിലയോ?
നിലവിൽ 3 ലക്ഷത്തിനടുത്തു ഇന്ത്യൻ രൂപയ്ക്കാണ് ആപ്പിള്‍ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില. പക്ഷേ
ആപ്പിള്‍ ഉപകരണങ്ങളുടെ ഇന്ത്യയിലെ വിലയിടല്‍ നോക്കി പറഞ്ഞാല്‍, ഇതെല്ലാം അനുഭവിക്കണമെങ്കില്‍ 4 ലക്ഷത്തിലേറെ രൂപ ഉറപ്പായും നല്‍കേണ്ടതായും വരും.
English Summary: Vision Pro Headset Review: A Great Option for Gamers and Professionals