ഐഫോൺ 15 അപ്ഗ്രേഡ് നോക്കുന്നവർ അറിയാൻ; 'സെപ്റ്റംബർ ഇവന്റിലെ' വിസ്മയങ്ങള്‍ ഇങ്ങനെ

Mail This Article
വർഷാവർഷം ആപ്പിൾ കുറഞ്ഞത് മൂന്നോ നാലോ ഇവന്റുകൾ സംഘടിപ്പിക്കും. വർഷത്തിൽ ആദ്യം മാർച്ചിൽ ഒരെണ്ണം പിന്നെ ജൂണിൽ ഡവലപ്പേഴ്സ് കോൺഫറൻസ് . എന്നാൽ ഏവരും കാത്തിരിക്കുന്നത് സെപ്റ്റംബറിനു വേണ്ടിയാണ്. ഐഫോണും ആപ്പിള്‍ വാച്ചും പോലുള്ളവയുടെ അവതരണം സാധാരണ ഈ വേദിയിലാകും.
നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കും, ചിലതൊക്കെ കൃത്യമാകും മറ്റു ചിലതൊക്കെ പാളിപ്പോകും. ഡബ്ളിയുഡബ്ളിയുഡിസി കോൺഫറൻസിൽ പലരും പ്രവചിച്ചിരുന്നതു പോലെ വിഷൻപ്രോ, 15 ഇഞ്ച് മാക്ബുക്, എം2 ചിപുള്ള മാക്സ്റ്റുഡിയോ തുടങ്ങിയവ അവതരിപ്പിച്ചു. ഇനി സെപ്റ്റംബറിലെ അവതരണ ചടങ്ങുകളിൽ എന്തൊക്കെയാവും ആപ്പിൾ കരുതി വച്ചിരിക്കുകയെന്ന ഒരു കാത്തിരിപ്പിലാണ് ആരാധകർ.
ലൈറ്റ്നിങ് മാറി ടൈപ് സി യുഎസ്ബി പോലുള്ള ഡിസൈൻ മാറ്റങ്ങളുണ്ടാവുമെന്നു ഏകദേശം ഉറപ്പായി. 6.1 ഇഞ്ച് ഐഫോൺ 15 , 6.7 ഇഞ്ച് ഐഫോൺ 15 പ്ലസ്, 6.1 ഇഞ്ച് ഐഫോൺ 15 പ്രോ, 6.7 ഇഞ്ച് ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഉണ്ടായിരിക്കും. അൾട്രാ എന്നു ചിലപ്പോൾ പ്രോ മാക്സിന്റെ പേരുമാറ്റിയേക്കാമെന്നു മാക്റൂമേല്സ് പറയുന്നു. ആപ്പിൾ വാച്ച് അൾട്രായിൽ നിന്നുള്ള എസ്ക്യു ടൈറ്റാനിയം ഫ്രെയിമുള്ള ഒരു മോഡലായിരിക്കും അത്. ഡൈനാമിക് ഐലൻഡ് എന്ന 14 പ്രോയുടെ സംവിധാനം വരാനിരിക്കുന്ന മോഡലുകളിലും ആവർത്തിച്ചേക്കാം.
പെരിസ്കോപ് ലെൻസ് ക്യാമറ
സാംസങിന്റെ ഫ്ലാഗ്ഷിപ് മോഡലുകളുടേതിനു സമാനമായി പെരിസ്കോപ് ലെൻസ് ഐഫോണും അവതരിപ്പിച്ചേക്കാം. 6 എക്സ് ഒപ്റ്റിക്കൽ സൂം കൂടി വരികയാണെങ്കിൽ 'വേറേ ലെവലായിരിക്കും'. പ്രോ മോഡലുകളിൽ 3-നാനോമീറ്റർ നോഡിൽ നിർമ്മിച്ച വേഗതയേറിയ A17 ചിപ്പ് ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി ഈ മാറ്റങ്ങളുമായി വരുന്ന ഫോണിന്റെ വിലയോ?, അതിലും വലിയ മുന്നേറ്റം പ്രതീക്ഷിക്കാം. ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണുകളുടെ വിൽപ്പന വില ശരിക്കും വർദ്ധിക്കുമെന്നാണ് സൂചന.
English Summary: iPhone 15, iPhone 15 Pro: Traditionally, Apple hosts an event every September, during which they reveal details of the next iPhone, followed by a launch days later.