ആപ്പിൾ വാച്ച് 10 സീരീസ്: കനം കുറഞ്ഞ, വലിയ സ്ക്രീനിൽ, പുത്തൻ ഫീച്ചറുകൾ
Mail This Article
മാസങ്ങളോളം നീണ്ട നിരവധി ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ശേഷം ടെക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഉൽപന്നങ്ങൾ പുറത്തിറങ്ങി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ലോഞ്ച് ആവേശകരമായ പുതുമകൾ നിറഞ്ഞത് തന്നെയായിരുന്നു. ആദ്യം അവതരിപ്പിച്ചത് ആപ്പിൾ വാച്ച് 10 സീരീസ് ആണ്.
∙ എന്താണ് ആപ്പിൾ വാച്ച് സീരീസ് 10 സീരീസിലുള്ളത്?
ആപ്പിൾ വാച്ച് സീരീസ് 10ന്റെ ഡിസ്പ്ലേ മുൻ പതിപ്പുകളെക്കാൾ വലുതാണ്. വാച്ച് അൾട്രാ 2നേക്കാൾ വലിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സീരീസ് 6മായി ഇത് താരതമ്യം ചെയ്യുമ്പോൾ പ്രധാന മാറ്റവും ഇത് തന്നെയാണ്. ഇതിന് വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. അനായാസം ടൈപ് ചെയ്യാവുന്ന ഡിസ്പ്ലേയ്ക്ക് ബ്രൈറ്റ്നസിലും മികവ് കാണാം. 30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാം.
∙ വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേ
പുതിയ പോളിഷ് ടൈറ്റാനിയം നിറമാണ് മറ്റൊരു പ്രത്യേകത. വലിയ വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേ, സ്ലിം ബെസലുകൾ, നേർത്ത ഡിസൈൻ എന്നിവയാൽ മനോഹരമാണ് ആപ്പിൾ വാച്ച് സീരീസ് 10 സീരീസ്. നൂതന ഫീച്ചറുകൾക്കും ആരോഗ്യ ഉപകരണങ്ങൾക്കുമായി 4-കോർ ന്യൂറൽ എൻജിനോടുകൂടിയ എസ്10 ആപ്പിൾ സിലിക്കണാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
∙ എക്കാലത്തെയും കനം കുറഞ്ഞ വാച്ച്
ആപ്പിൾ ഈ വർഷം അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് മോഡലുകളാണ്. പുതിയ വാച്ചിന്റെ കനം കേവലം 9.7 മില്ലീമീറ്ററാണ്. ആപ്പിൾ വാച്ച് സീരീസ് 10 സീരീസ് ഒൻപതിനേക്കാൾ ഏകദേശം 10 ശതമാനം കനം കുറഞ്ഞതാണ്. കനം കുറഞ്ഞ വാച്ച് അവതരിപ്പിക്കുന്നതിനായി എസ്ഐപി ഡിജിറ്റൽ ക്രൗൺ പോലുള്ള നിരവധി ചെറിയ ആന്തരിക മൊഡ്യൂളുകളുടെ കനവും കുറച്ചിട്ടുണ്ട്. സീരീസ് ഒൻപതിനേക്കാൾ സീരീസ് 10ന്റെ ഭാരം സ്റ്റെയിൻലെസ് സ്റ്റീലിനേക്കാൾ 20 ശതമാനം കുറവാണ്. എയ്‌റോസ്‌പേസ് ഗ്രേഡ് ടൈറ്റാനിയം ഉപയോഗിച്ചാണ് കേസ് നിർമിച്ചിരിക്കുന്നത്. മൂന്ന് അതിശയകരമായ നിറങ്ങളിലാണ് പുതിയ വാച്ചുകൾ വരുന്നത്.
∙ സ്ലീപ് അപ്നിയ ട്രാക്കർ
ലോകമെമ്പാടുമുള്ള 100 കോടിയിലധികം ആളുകളെ ബാധിക്കുന്ന സ്ലീപ് അപ്നിയ പോലുള്ള പ്രധാന ആരോഗ്യസ്ഥിതിയെക്കുറിച്ച് ആപ്പിൾ വാച്ച് സീരീസ് 10 ഉപയോക്താക്കളെ അറിയിക്കും. ശ്വാസവും ഉറക്കവും തടസ്സപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണിത്. സ്ലീപ് അപ്നിയ കണ്ടെത്താൻ ആപ്പിൾ വാച്ച് ആക്സിലറോമീറ്ററിന്റെ സേവനം ഉപയോഗിക്കും. ഉറക്കത്തിലെ ശ്വസന അസ്വസ്ഥതകളെല്ലാം ഇത് കൃത്യമായി രേഖപ്പെടുത്തി ഉപയോക്താവിനെ അറിയിക്കും. ഈ ഫീച്ചറിന് എഫ്ഡിഎയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം 150ലധിം രാജ്യങ്ങളിലെ സീരീസ് 8, സീരീസ് 9 വാച്ചുകൾ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ലഭ്യമാക്കും.
∙ അൾട്രാ 2
ആപ്പിൾ ഈ വർഷം വാച്ച് അൾട്രാ 3 മോഡൽ ലോഞ്ച് ചെയ്യുന്നില്ല. പക്ഷേ അൾട്രാ 2ൽ പുതിയ ബ്ലാക്ക് ഫിനിഷ് മോഡൽ അവതരിപ്പിച്ചു. ഇത് ടൈറ്റാനിയം മെറ്റീരിയലും സ്ലീക്ക് ടച്ചിലും ലഭ്യമാണ്. ആപ്പിൾ വാച്ച് സീരീസ് 10 മോഡലുകളിൽ പ്രധാനമായും അത്‌ലറ്റുകൾക്കായി ഡിസൈൻ ചെയ്തതാണ് ആപ്പിൾ വാച്ച് അൾട്രാ 2.
∙ വിലയും വിൽപനയും
ആപ്പിൾ വാച്ച് അൾട്രാ 2 സാറ്റിൻ ബ്ലാക്ക് നിറത്തിൽ സ്‌ക്രാച്ച് റെസിസ്റ്റന്റ് കെയ്‌സിലും പാരച്യൂട്ട് ശൈലിയിലുള്ള ലോക്ക്-ഇൻ മെക്കാനിസത്തോടുകൂടിയ ബ്ലാക്ക് ടൈറ്റാനിയം ബാൻഡുകളിലും ലഭ്യമാണ്. ആപ്പിൾ വാച്ച് അൾട്രാ 2ന്റെ വില 799 ഡോളറിലാണ് തുടങ്ങുന്നത്. സെപ്റ്റംബർ 20 മുതൽ വിൽനയ്‌ക്കെത്തും.