ജിയോ 5.5ജി സപ്പോര്‍ട്ട്,1 ജിബിപിഎസിലേറെ സ്പീഡ്; നൂതന ടെക്നോളജിയുമായി വണ്‍പ്ലസ് 13!

Mail This Article
പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇഷ്ടപ്പെടുന്ന ചിലര്‍ തിരഞ്ഞെടുക്കുന്ന വണ്‍പ്ലസ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 13, 13ആര്‍ എന്നീ പേരുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഫോണുകളില്‍ ആയിരിക്കും ആദ്യമായി ജിയോയുടെ ഏറ്റവും പുതിയ അതിവേഗ ഡേറ്റാ സേവനമായ ജിയോ 5.5 സപ്പോര്‍ട്ട് ലഭിക്കുക. കംപോണന്റ് കരിയര്‍ അഗ്രഗേഷന്‍ (3സിസി) 5ജി നെറ്റ്‌വര്‍ക്ക് എന്ന വിവിരണമുള്ള നെറ്റ്‌വര്‍ക്കിന് 1ജിബിപിഎസിലേറെ സ്പീഡ് ലഭിക്കുമെന്നാണ് അവകാശവാദം.
ജിയോയുമായി സഹകരണം
ലോകത്തെ തന്നെ ഏറ്റവും വലിയ മൊബൈല്‍ ഡേറ്റാ സേവന ദാതാക്കളിലൊരാളായ ജിയോയുമായി സഹകരിച്ചാണ് വണ്‍പ്ലസ് 13, 13ആര്‍ ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. നിലവില്‍ മറ്റു ഫോണുകള്‍ക്കില്ലാത്ത 5.5ജി പ്രവര്‍ത്തിക്കുന്നത് ഒരേ സമയം മൂന്നു വ്യത്യസ്ത നെറ്റ്‌വര്‍ക്ക് സെല്ലുകളിലേക്ക് കണക്ട് ചെയ്താണ്. ഇത് മൂന്ന് വ്യത്യസ്ത ടവറുകളിലേക്കു പോലും ആകാം. അതു വഴി കരുത്തുറ്റ ഡേറ്റാ ഡൗണ്‍ലോഡ് പ്രകടനത്തിന് ഫോണ്‍ സജ്ജമാണ് എന്നാണ് അവകാശവാദം. അതിനാല്‍ 'നിങ്ങള്‍ക്ക് ഇനി ക്രിക്കറ്റ് സ്‌കോറുകള്‍ കൂടുതല്‍ വേഗത്തില്‍ അപ്‌ഡേറ്റഡാകാം', എന്ന് വണ്‍പ്ലസ് ഗ്ലോബല്‍ പിആര്‍ മാനേജര്‍ ജെയിംസ് പാറ്റെര്‍സണ്‍ പുതിയ മോഡലുകളുടെ അവതരണ വേദിയില്‍ പറഞ്ഞു.
1,014.86എംബിപിഎസ് വരെ സ്പീഡ് പ്രദര്‍ശിപ്പിച്ചു
പുതിയ ടെക്‌നോളജിയുടെ ഡേറ്റാ പ്രദര്‍ശനവും വണ്‍പ്ലസ് നടത്തി. സാധാരണ 5ജി (3സിസി അല്ലാത്തത്) ടെക്‌നോളജി ഉപയോഗിച്ചപ്പോള്‍ ഡേറ്റാ ഡൗണ്‍ലോഡ് സ്പീഡ് 277.78 എംബിപിഎസ് ആണ് ലഭിച്ചതെങ്കില്‍, ജിയോയുടെ 3സിസി ശേഷിയുള്ള പുതിയ 5.5ജി നെറ്റ്‌വര്‍ക്കിലേക്ക് വണ്‍പ്ലസ് 13 ഫോണ്‍ കണക്ടു ചെയ്തപ്പോള്‍ പരമാവധി 1,014.86എംബിപിഎസ് വരെ സ്പിഡ് കാണിച്ചു.
ഫോണ്‍ 5.5ജി നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്യുമ്പോള്‍ സ്‌ക്രീനിന്റെ മുകളില്‍ 5ജിഎ (5GA) എന്ന് തെളിഞ്ഞു നില്‍ക്കും. ഇത് 5ജി അഡ്‌വാന്‍സ്ഡ് എന്നാണ് അറിയപ്പെടുന്നത്. സ്‌ക്രീനില്‍ 5ജിഎ എന്നു കാണാനായാല്‍ ലഭ്യമായ ഏറ്റവും മികച്ച സ്പീഡാണ് എന്നു മനസിലാക്കാം. പുതിയ ടെക്‌നോളജി ലഭിക്കാന്‍ ഒരു സെറ്റിങ്‌സും മാറ്റേണ്ടതായിട്ടില്ല. ഏത് 3സിസി ഉള്ള ഫോണിനും ഇത് സാധിക്കും.
20ജിബിപിഎസ് വരെ സ്പീഡ്!
അടുത്ത തലമുറയിലെ മൊബൈല്‍ ഡേറ്റാ സാങ്കേതികവിദ്യയായി ആണ് 5ജിഎ അറിയപ്പെടുന്നത്. ഇന്ത്യയില്‍ ലോവര്‍ ലേറ്റന്‍സിയും, കൂടുതല്‍ വിശ്വസിക്കാവുന്ന രീതിയിലും (ഡേറ്റാ സ്പീഡില്‍ ചാഞ്ചാട്ടം ഇല്ലാതെ), കൂടുതല്‍ ദുരത്തേക്കുള്ള കവറേജിലും നിലവില്‍ 5ജിഎയെ കവച്ചുവയ്ക്കുന്ന ടെക്‌നോളജി ഇല്ലെന്നാണ് വിവരം. പുതിയ നെറ്റ്‌വര്‍ക്ക് പൂര്‍ണ്ണ ശേഷി ആര്‍ജ്ജിക്കാനാകുകയും, അതുമായി കണക്ട് ചെയ്യാന്‍ ശേഷിയുള്ള ഫോണുകളും മറ്റുപകരണങ്ങളും ഉപയോഗിക്കാനും സാധിച്ചാല്‍ 10ജിബിപിഎസ് മുതല്‍ 20ജിബിപിഎസ് വരെ സ്പീഡ് ആര്‍ജ്ജിക്കാനാകുമെന്നാണ് പറയുന്നത്. എന്നാല്‍, ഇത് സ്റ്റാന്‍ഡ് എലോണ്‍ (എസ്എ) നെറ്റ്‌വര്‍ക്കുകളില്‍ മാത്രമെ പ്രവര്‍ത്തിക്കൂ എന്ന പരിമിതിയും ഉണ്ട്.
സ്റ്റാന്‍ഡ്എലോണ്‍ നെറ്റ്‌വര്‍ക്ക്
എസ്എ നെറ്റ്‌വര്‍ക്കുകള്‍ക്ക് ആധൂനിക ഫീച്ചറുകള്‍ ഉണ്ട്. നെറ്റ്‌വര്‍ക്ക് സ്ലൈസിങ്, അള്‍ട്രാ-റിലയബ്ള്‍ ലോ-ലേറ്റന്‍സി കമ്യൂണിക്കേഷന്‍, മാസിവ് മെഷീന്‍ടൈപ് കമ്യൂണിക്കേഷന്‍ (mMTC) തുടങ്ങിയ ഫീച്ചറുകളാണ് പുതിയ നെറ്റ്‌വര്‍ക്കിലുള്ളത്. വ്യവസായ മേഖലയിലെ ഓട്ടോമേഷന്‍, സ്മാര്‍ട്ട് നഗരങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. 5ജി എസ്എ നെറ്റ്‌വര്‍ക്ക് ക്ലൗഡ്-നേറ്റിവ് തത്വങ്ങള്‍ അനുസരിച്ച് വികസിപ്പിച്ചതാണ്. വിഷ്വലൈസേഷന്‍, മൈക്രോസര്‍വിസസ് തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

പ്രകടനമികവ് കാണാനാകുമോ?
സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസര്‍ ശക്തിപകരുന്നതാണ് വണ്‍പ്ലസ് 13 എങ്കില്‍ 13ആര്‍ മോഡലിനുള്ളില്‍ മുന്‍ തലമുറയിലെ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറാണ് ഉള്ളത്. ഇരു മോഡലുകളിലും ട്രിപ്പിള്‍ പിന്‍ക്യാമറാ സെറ്റ്-അപ് ആണ് ഉള്ളത്. വണ്‍പ്ലസ് 13 ഹാന്‍ഡ്‌സെറ്റില്‍ വിഖ്യാത ക്യാമറാ നിര്‍മാതാവ് ഹാസല്‍ബ്ലാഡ് ട്യൂണ്‍ ചെയ്ത മൂന്ന് 50 എംപി ക്യാമറകളാണ് ഉള്ളത്. എന്നാല്‍, 13ആര്‍ മോഡലില്‍ വൈഡ്, ടെലിഫോട്ടോ ലെന്‍സുകള്‍ക്ക് 50എംപി റസല്യൂഷനാണ് ഉള്ളതെങ്കില്‍, അള്‍ട്രാ-വൈഡ് 8എംപി ഹാസല്‍ബ്ലാഡ് ബ്രാന്‍ഡിങ് ഇല്ലാത്ത സിസ്റ്റമാണ്.
ഇരു മോഡലുകളുടെയും നിര്‍മാണത്തിന് പ്രീമിയം ഗ്ലാസ്-മെറ്റല്‍ സാന്‍ഡ്‌വിച്ച് രൂപകല്‍പ്പനാ രീതിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്. വണ്‍പ്ലസ് 13ന് ഐപി69/68 റേറ്റിങുമുണ്ട്. 13ആറിന് ഐപി65 സ്പ്ലാഷ് റെസിസ്റ്റന്‍സ് (വെള്ളം തെറിച്ചാല്‍ പ്രശ്‌നം ഉണ്ടായേക്കില്ല) ആണ് ഉള്ളത്.
ആന്‍ഡ്രോയിഡ് 15-കേന്ദ്രീകൃതമായ ഓക്‌സിജന്‍ഓഎസ് 15ല്‍ ആണ് ഇരു മോഡലുകളെയും സജീവമാക്കുന്നത്. വണ്‍പ്ലസ് എഐ, ഗൂഗിളിന്റെ ജെമിനൈ, സര്‍ക്കിള്‍ ടു സേര്‍ച്ച് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു വര്‍ഷത്തേക്ക് ഇരു മോഡലുകള്‍ക്കും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്നും കമ്പനി പറഞ്ഞിട്ടുണ്ട്. സുരക്ഷാ അപ്‌ഡേറ്റ് 6 വര്‍ഷത്തേക്കും നല്‍കും.
ഇരു മോഡലുകള്‍ക്കും 6,000എംഎഎച് ബാറ്ററിയും, 100w ഫാസ്റ്റ് വയേഡ് ചാര്‍ജിങും ഉണ്ട്. വണ്‍പ്ലസ് 13ആര്‍ മോഡിലന് 50w വയര്‍ലെസ് ചാര്‍ജിങും ഉണ്ട്. ഫോണുകള്‍ക്കൊപ്പം കാന്തികശേഷിയുള്ള അക്‌സസറികളും കമ്പനി അവതരിപ്പിച്ചു. അതിലൊന്ന് 5,000എംഎഎച് ശേഷിയുള്ള വയര്‍ലെസ് പവര്‍ ബാങ്ക് ആണ്. മാഗ്‌സെയ്ഫ് പോലെയുള്ള കാന്തികശേഷിയുള്ള കേസും പ്രദര്‍ശിപ്പിച്ചു.
തുടക്ക വേരിയന്റ് വണ്‍പ്ലസ് 13ന്റെ (12/ 256ജിബി) എംആര്‍പി 69,999 രൂപയാണ്. എന്നാല്‍ 16/512ജിബി വേരിയന്റിന് 76,999 രൂപ ആയിരിക്കും വില. ഏറ്റവും ശേഷിയുള്ള 24ജിബി/1ടിബി വേരിയന്റിന് എംആര്‍പി 89,999 രൂപ. വണ്‍പ്ലസ് 13 ആര്‍ 12/256ജിബിക്ക് 39,999 രൂപ നല്‍കണം.
(ഇപ്പോള്‍ ജിയോ 5.5ജി വേണമെന്നുള്ളവര്‍ മുടക്കേണ്ട ഏറ്റവും കുറഞ്ഞ തുക. അതേസമയം, ഇത്തരം ടെക്‌നോളജിക്കായി എടുത്തുചാടേണ്ട കാര്യമുണ്ടോ എന്നും സ്വയം ചോദിക്കണം. കാരണം ഓരോരുത്തരും ഫോണ്‍ ഉപയോക്കുന്നിടത്ത് ടവര്‍ അപ്‌ഗ്രെഡേഷന്‍ ഒക്കെ നടന്നാല്‍ മാത്രമാണല്ലോ മുഴുവന്‍ സ്പീഡും ലഭിക്കുക.) വണ്‍പ്ലസ് 13ആര്‍ 16/512ജിബി വേരിയന്റിന് എംആര്‍പി 46,999 രൂപ.
ഫോണുകള്‍ വാങ്ങുമ്പോള്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 5,000 രൂപ വരെ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. വണ്‍പ്ലസ് 13 മോഡലിന് 7,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും പ്രഖ്യാപിച്ചു. വണ്‍പ്ലസ് 13ആര്‍ മോഡലിന് 4,000 രൂപ വരെ ആയിരിക്കും എക്‌സചേഞ്ച് ബോണസ്.