'6ജിയെത്തി മക്കളേ'...അവതരിപ്പിക്കാനൊരുങ്ങി ക്വാൽകോമും മിഡിയടെക്കും

Mail This Article
ടെക് മേഖലയിലെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണ് ബാർസിലോനയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്.ഈ വർഷം മാർച്ച് 3നും മാർച്ച് 6നും ഇടയിൽ ബാർസിലോനയിൽ മൊബൈൽ വേൾഡ് കോൺഗ്രസ്(MWC 2025)നടക്കും.ലോകം അമ്പരപ്പോടെ കാത്തിരിക്കുന്ന 6ജി വയർലെസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇതിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ക്വാൽകോമും മീഡിയടെക്കും.
എല്ലാ ബാൻഡുകളിലും സ്പെക്ട്രൽ കാര്യക്ഷമത വർദ്ധിപ്പിച്ചും കവറേജ് മെച്ചപ്പെടുത്തിയും ഈ വർഷം 6ജി സെല്ലുലാർ സാങ്കേതികവിദ്യയുടെ സ്റ്റാൻഡേർഡൈസേഷൻ ആരംഭിക്കുമെന്ന് ക്വാൽകോം കമ്പനി പറയുന്നു. 5ജി അഡ്വാൻസ്(അഡ്വാൻസ്ഡ് 5ജി എന്നത് 5ജി സെല്ലുലാർ സാങ്കേതികവിദ്യയുടെ അടുത്ത പതിപ്പായി വിശേഷിപ്പിക്കപ്പെടുന്നു.) മെച്ചപ്പെടുത്താനുള്ള സാങ്കേതിക വികസനവും ക്വാൽകോം ആരംഭിച്ചിട്ടുണ്ട്.
നെറ്റ്‌വർക്കിൽ എഐ ഉപയോഗിക്കുന്നത് കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, 5ജി അഡ്വാൻസ്ഡ്, 6ജി നെറ്റ്‌വർക്കുകളിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. പുതിയ എഫ്ആർ3 ബാൻഡിനെ(7.125 GHz to 24.25 GHz) പിന്തുണയ്ക്കുന്നതിനായി MIMO( മൾട്ടിപ്പിൾ ആന്റിനകളുള്ള സംവിധാനം) സിസ്റ്റം ഡിസൈനുകൾ വികസിപ്പിക്കുമെന്ന് ക്വാൽകോം പ്രഖ്യാപിച്ചു .
5ജിയേക്കാൾ നൂറിരട്ടി വേഗമായിരിക്കും 6ജിക്ക് ഉണ്ടായിരിക്കുകയെന്നാണ് പ്രതീക്ഷകൾ അതായത് ഏകദേശം 1 Tbps-ൽ കൂടുതലുള്ള ഡാറ്റ വേഗതയും 100 മൈക്രോസെക്കൻഡ് വരെ കുറഞ്ഞ ലേറ്റൻസിയും ഉണ്ടായിരിക്കും.
6G യുടെ പ്രധാന സവിശേഷതകൾ
∙ടെറാഹെർട്സ് (THz) ഫ്രീക്വൻസി ബാൻഡുകൾ
∙ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംയോജനം
∙എഡ്ജ് കംപ്യൂട്ടിങും ഡിസ്ട്രിബ്യൂട്ടഡ് നെറ്റ്‌വർക്കുകളും
∙മെച്ചപ്പെടുത്തിയ സുരക്ഷയും സ്വകാര്യതയും