ഐപാഡ് എന്ന സങ്കല്പം ആകെ മാറും, മാക്ബുക് പോലെ പ്രവർത്തിക്കും; അറിയാം സാധ്യത

Mail This Article
ഇമ്മിണി വലിയ ഐഫോണായി 2010 ജനുവരി 27ന് ആപ്പിള്‍ കമ്പനിയുടെ അന്നത്തെ മേധാവി സ്റ്റീവ് ജോബ്സ് പരിചയപ്പെടുത്തിയ ഐപാഡ് എന്ന സങ്കല്പ്പത്തിന് കാര്യമയ രൂപാന്തരം വന്നേക്കുമെന്ന് ബ്ലൂംബര്‍ഗ്. ആപ്പിളിന്റെ വേള്‍ഡ്വൈഡ് ഡവലപേഴ്സ് കോണ്‍ഫറന്‍സ് 2025ല്‍ അവതരിപ്പിക്കാന്‍ പോകുന്നെ ഐപാഡ്ഓഎസ് 19ല്‍ ആയിരിക്കും പുതിയ മാറ്റങ്ങള്‍ പരിചയപ്പെടുത്തുക.
ജോബ്സ് പുറത്തിറക്കിയ ഐപാഡിന് ഐഫോണിന്റെ ഐഓഎസ് തന്നെയായിരുന്നു ചാലകശക്തി. അതേ ആപ് സ്റ്റോറില്‍ നിന്ന് ആപ്പുകളും ലഭ്യമാക്കി. ഐഓഎസ് ആയിരുന്നു ഐപാഡില്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്നത്. ടാബുകള്‍ക്കായി പിന്നീട് ഐപാഡ്ഓഎസ് കൊണ്ടുവന്നു. അതോടൊപ്പം, കുറച്ചുകൂടെ ശേഷിയുള്ള ടാസ്കുകള് നിര്വഹിച്ചെടുക്കാനുള്ള പ്രാപ്തിയും ഐപാഡുകള്‍ക്ക് നല്‍കിവരികയായിരുന്നു ആപ്പിള്‍.

അടുത്ത ഓഎസ് അപ്ഡേറ്റില്‍, ആപ്പിളിന്റെ ലാപ്ടോപ് ശ്രേണിയായ മാക്ക്ബുക്കുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് ഐപാഡുകള്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്കുന്ന സൂചന. ഇതു ശരിയാണെങ്കില്‍, മാക്ഓഎസിനെ അനുസ്മരിപ്പിക്കുന്ന യൂസര്‍ ഇന്റര്‍ഫെയ്സ്, മെച്ചപ്പെട്ട മള്‍ട്ടിടാസ്കിങ് ശേഷി, വിവിധ തരം കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി ആയിരിക്കും ഐപാഡുകള്‍ ഇനി ആര്‍ജ്ജിക്കുക.
ഐപാഡിന് മാത്രമായി ചില ഫീച്ചറുകള്‍ കൊണ്ടുവന്നായിരിക്കും പ്രൊഡക്ടിവിറ്റി ശേഷി വര്‍ദ്ധിപ്പിക്കുക. വിന്‍ഡോ മാനേജ്മെന്റാണ് പ്രതീക്ഷിക്കുന്ന വലിയ മാറ്റങ്ങളിലൊന്ന്. പുതിയ മാറ്റങ്ങള്‍ കൊണ്ടുവരിക വഴി ഗൗരവത്തിലെടുക്കാവുന്ന കംപ്യൂട്ടറുകളായി ഐപാഡുകള്‍ മാറിയേക്കും എന്നും കരുതപ്പെടുന്നു. മാക്ഓഎസിന്റെ പൂര്‍ണ്ണശേഷിയും പകര്‍ന്നു നല്കിയേക്കില്ലെങ്കിലും, ഇതുവരെ കണ്ടിട്ടില്ലാത്ത തരം മാറ്റങ്ങള്‍ തങ്ങളുടെ ടാബ് ശ്രേണിക്ക് നല്‍കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് കരുതപ്പെടുന്നു.
എല്ലാ ഐപാഡുകളും സടകുടഞ്ഞുണരുമോ?
ഐപാഡ്ഓഎസ് 19 സ്വീകരിക്കാന്‍ കെല്‍പ്പുള്ള എല്ലാ ഐപാഡുകള്‍ക്കും പുതിയ കരുത്ത് ലഭിക്കണമെന്നില്ല. എം5 പ്രൊസസറുമായി എത്തുന്ന ഐപാഡ് പ്രോ മോഡലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ഫീച്ചറുകള്‍ ആദ്യം വെളിച്ചംകാണുക എന്നാണ് കരുതപ്പെടുന്നത്. പല വര്‍ഷങ്ങളായി ലോകത്തെ ഏറ്റവും കരുത്തുറ്റ ടാബ്ലറ്റ് എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും, മാക്ബുക്കുകളുടെ വില്‍പ്പനയ്ക്ക് തുരങ്കംവയ്ക്കുമോ എന്നു തോന്നിയതിനാലോ മറ്റോ, വേണ്ടത്ര പ്രവര്‍ത്തനശേഷി ഐപാഡുകള്‍ക്ക് നല്കാന് ആപ്പിള്‍ അമാന്തിച്ചിരുന്നു.

ഇപ്പോള്‍ വില്‍ക്കുന്ന ഐപാഡ് പ്രോ മോഡലുകള്ക്കുള്ളിലും ഉള്ളത് മാക്ബുക്ക് എയര്‍ എം4ന് ഉള്ളിലുള്ള അതേ എം4 പ്രൊസസര്‍ തന്നെയാണ് എന്ന കാര്യം ശ്രദ്ധിച്ചാല്‍ തന്നെ ഇതുവരെ ആപ്പിള്‍ അനുവര്‍ത്തിച്ചുവന്ന തന്ത്രം കാണാം. ഐപാഡ്ഓഎസ് 19 കൊണ്ടുവരും എന്നു തരുതുന്നതിലേക്കും വച്ച് ഏറ്റവും കരുത്തുറ്റ ഫീച്ചറുകള്‍ കിട്ടുക എം സീരിസ് പ്രൊസസറുകള്‍ ഉള്ള ഐപാഡുകള്‍ക്ക് ആയിരിക്കാം.
സ്മാര്ട്ട്ഗ്ലാസും പുറത്തിറക്കിയേക്കും
മെറ്റാ കമ്പനിയുടെ ഒറിയോണ്‍ (Orion) സ്മാര്ട്ട്ഗ്ലാസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്മാര്‍ട്ട് കണ്ണടയും ആപ്പിള്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്യാമറയുള്ള ആപ്പിള്‍ വാച്ച്
ആപ്പിള്‍ വാച്ചും, കമ്പനിയുടെ വയര്‍ലെസ് ഇയര്‍ബഡ്സ് ആയ എയര്‍പോഡ്സും ക്യാമറ പിടിപ്പിച്ചു പുറത്തിറക്കിയേക്കുമെന്നുള്ള ഊഹാപോഹങ്ങളും കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. കമ്പനി കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി എക്കോസിസ്റ്റത്തിന്റെ ഭാഗമായി പ്രവര്ത്തിപ്പിക്കാനായിരിക്കും ഇതൊക്കെ.