എടിഎം കാര്‍ഡ് കോപ്പിയടിക്കും, കാർ കീഫോബ് വിവരങ്ങളും മോഷ്ടിക്കും; ഫ്ലിപ്പര്‍ സീറോ ഒന്ന് സൂക്ഷിച്ചോളൂ

Mail This Article
തട്ടിപ്പുകാർ പലവിധ തന്ത്രങ്ങളുമായി രംഗത്തെത്തുമ്പോൾ അവരുപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് പ്രാഥമിക അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അറിഞ്ഞിരിക്കേണ്ട ചില ഉപകരണങ്ങളെയും പരിചയപ്പെടാം.
ഫ്ലിപ്പര്‍ സീറോ എന്നത് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന, പലതരം ഡിജിറ്റൽ സിസ്റ്റങ്ങളുമായി സംവദിക്കാൻ കഴിവുള്ള ഒരു മൾട്ടി-ടൂൾ ഉപകരണമാണ്. ഇതിനെ പലപ്പോഴും "ഹാക്കിങ് ഉപകരണം" എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, ഇത് എത്തിക്കൽ ഹാക്കിംഗിനും, ഭേദ്യത പരിശോധനകൾക്കും(penetration test), ഹോബിക്കും, പഠനത്തിനുമൊക്കെയാണ് ഉപയോഗിക്കുന്നത്.
ഫ്ലിപ്പർ സീറോ നിരവധി കാര്യങ്ങൾ െചയ്യാൻ സഹായിക്കുന്ന കൊച്ചു കംപ്യൂട്ടർ പോലെ പ്രവർത്തിക്കുന്ന ഉപകരണമാണ്. ഗാരീജ് ഡോർ തുറക്കുന്ന റിമോട്ടുകൾ, കാറിന്റെ കീ ഫോബുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയുടെ റേഡിയോ സിഗ്നലുകൾ റീഡ് ചെയ്യാനും, കോപ്പി ചെയ്യാനും സെൻഡ് ചെയ്യാനും കഴിയും.

കെട്ടിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഉപയോഗിക്കുന്ന RFID കാർഡുകൾ (ഉദാഹരണത്തിന്, ഓഫീസുകളിലെ ഐഡി കാർഡുകൾ, ഹോട്ടൽ റൂം കീ കാർഡുകൾ) വായിക്കാനും, പകർത്താനും, അനുകരിക്കാനും ഇതിന് സാധിക്കും. കോൺടാക്റ്റ്‌ലെസ് (contactless) പേയ്‌മെന്റ് കാർഡുകളിലും മറ്റും ഉപയോഗിക്കുന്ന NFC ടാഗുകളുമായും ഇത് സംവദിക്കും.
ടിവി, എയർ കണ്ടീഷണർ, സ്റ്റീരിയോ സിസ്റ്റം തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കാനും കഴിയും. ഒരു ചെറിയ LCD സ്ക്രീനും ബട്ടണുകളും ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. പൂർണ്ണമായും ഓപ്പൺ സോഴ്സ് ആണിത്, അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഇതിന്റെ സോഫ്റ്റ്‌വെയർ മാറ്റിയെഴുതാനും പുതിയ ഫീച്ചറുകൾ ചേർക്കാനും സാധിക്കും. ദുരുപയോഗം ചെയ്യാൻ സാധിക്കുമെന്നതിനാൽ ഈ ഉപകരണത്തെ ഒന്ന് കരുതിയിരുന്നോളൂ.