അസമയത്ത് 'ഒരു പല്ലുതേപ്പ്',അവിഹിതം കൈയ്യോടെ പിടിച്ചു; 'ആപ്പി'ലായി ഭർത്താവ്, ഞെട്ടിപ്പിക്കുന്ന ഒരു കഥ

Mail This Article
'ചതി' പലപ്പോഴും വെളിച്ചത്തുവരുന്നത് ടെക്സ്റ്റ് മെസ്സേജുകളിലൂടെയോ, കോളുകളിലൂടെയോ ആണ്. എന്നാൽ യുകെയിലെ ഒരു സ്ത്രീ ഭർത്താവിന്റെ കള്ളത്തരങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത് അതിസാധാരണമായ ഒരു വസ്തുവിലൂടെയാണ് - ഒരു ഇലക്ട്രിക് ടൂത്ത് ബ്രഷ്!
വാട്ട്‌സാപ്പോ ലിപ്സ്റ്റിക് പാടുകളോ ഒന്നുമല്ല ഇവിടെ വില്ലനായത്, മറിച്ച് ഭർത്താവ് പല്ല് തേച്ച ഓരോ തവണയും കൃത്യമായി രേഖപ്പെടുത്തിയ, ഫോണുമായി ബന്ധിപ്പിച്ച ടൂത്ത് ബ്രഷ് ആപ്പാണ് അയാളെ കുടുക്കിയത്. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, ഡാറ്റക്ക് തെറ്റുപറ്റാറില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു.
കുട്ടികളുടെ പല്ല് തേപ്പ് രേഖപ്പെടുത്താൻ ഇന്‍സ്റ്റാൾ ചെയ്തു
സ്വകാര്യ അന്വേഷകൻ പോൾ ജോൺസനാണ് ഒരു സ്മാർട്ട് ടൂത്ത് ബ്രഷ് സത്യം വെളിപ്പെടുത്തിയ ഈ വിചിത്രമായ കേസ് പങ്കുവെച്ചത്. കുട്ടികളുടെ പല്ല് തേപ്പ് ശീലങ്ങൾ ക്രമീകരിക്കാനും, അവർ കൃത്യമായി പല്ല് തേക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഭാര്യ ഫോണിൽ ടൂത്ത് ബ്രഷ് ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. ഈ ആപ്പ്, ടൂത്ത് ബ്രഷ് ഉപയോഗിക്കുന്ന സമയം, ദൈർഘ്യം, എത്ര തവണ ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും.
ഭർത്താവ് ഓഫീസിലാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന സമയത്തും, ആപ്പിൽ അയാൾ പല്ല് തേച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഭാര്യയെ സംശയത്തിലാഴ്ത്തി. സാധാരണഗതിയിൽ രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് മാത്രം പല്ല് തേക്കുന്ന ഭർത്താവ്, വെള്ളിയാഴ്ചകളിൽ രാവിലെ 10:48 പോലുള്ള സമയങ്ങളിൽ, അതായത് ജോലി സമയത്ത്, വീണ്ടും പല്ല് തേച്ചതായി ആപ്പ് രേഖപ്പെടുത്തിയിരിക്കുന്നു! ഒരു തവണയല്ല, ഇത് ഒരു ശീലമായതോടെ ഭാര്യയുടെ സംശയം ബലപ്പെട്ടു.

തുടർന്ന് ഈ വിവരങ്ങൾ പരിശോധിച്ചതോടെ അവർക്ക് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വ്യക്തമായി മനസ്സിലായി. കഴിഞ്ഞ മൂന്ന് മാസമായി ഭർത്താവ് വെള്ളിയാഴ്ചകളിൽ ജോലിക്ക് പോകുന്നില്ലെന്ന്! ഭാര്യയും കുട്ടികളും വീട്ടിൽ ഇല്ലാത്ത, വെള്ളിയാഴ്ചകളിൽ, അയാൾ തന്റെ ഒരു സഹപ്രവർത്തകയുമായി വീട്ടിലെത്തുന്നുണ്ടെന്നും, തിരിച്ചറിഞ്ഞു.
ഡാറ്റ ഒരിക്കലും കള്ളം പറയില്ല
ഈ കേസ് പങ്കുവെച്ചുകൊണ്ട് സ്വകാര്യ അന്വേഷകൻ പോൾ ജോൺസൺ പറഞ്ഞു. "ഡാറ്റ ഒരിക്കലും കള്ളം പറയില്ല. അത് ടൈംസ്റ്റാംപ് ചെയ്തതാണ്, പലപ്പോഴും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ളതാണ്. രാവിലെ 9 മണിക്ക് ജോലിക്ക് പോകേണ്ടതിന് പകരം രാവിലെ 10.48 ന് പല്ല് തേച്ചതായി ഒരു ഉപകരണം പറയുമ്പോൾ, അത് വിശദീകരിക്കാൻ വളരെ പ്രയാസമാണ്," ജോൺസൺ പറയുന്നു.
ടെക്സ്റ്റ് മെസ്സേജുകളോ ഫോൺ കോളുകളോ ഇല്ലാതെ ഒരു ഇലക്ട്രിക് ടൂത്ത് ബ്രഷ് ഒരു ഭർത്താവിന്റെ കള്ളം വെളിപ്പെടുത്തിയത് ആധുനിക ജീവിതത്തിൽ ഡാറ്റയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. നിസ്സാരമെന്ന് കരുതുന്ന ഉപകരണങ്ങൾ പോലും നമ്മുടെ ജീവിതത്തിലെ പല രഹസ്യങ്ങളും സൂക്ഷിക്കുന്നുണ്ടാകാം എന്നതിന് ഈ സംഭവം ഒരു മുന്നറിയിപ്പാണ്.