നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമിങ് കണ്‍സോള്‍ ആക്കാന്‍ എത്തി ബാക്‌ബോണ്‍ വണ്‍!

Mail This Article
ആന്‍ഡ്രോയിഡ്, ഐഓഎസ് സ്മാര്‍ട് ഫോണുകളിൽ കണക്ട് ചെയ്ത്, അവയെ ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിങ് കണ്‍സോളുകളെ പോലെ ഉപയോഗിക്കാവുന്ന ബാക്‌ബോണ്‍ വണ്‍ (Backbone One) പ്രീമിയം കൺട്രോളറുകള്‍ ഇന്ത്യയിലും ഔദ്യോഗികമായി വില്‍പ്പനയ്‌ക്കെത്തി. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയ്ക്ക് രാജ്യത്ത് ഗെയിമിങ് ഉത്സാഹികളുടെ എണ്ണം വര്‍ദ്ധിക്കാനിടയായതിനാലാണ് ബ്ലാക്‌ബോണ്‍ വണ്‍ നേരിട്ട് വില്‍പ്പനയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചത് എന്ന് കമ്പനിയുടെ സിഇഓ മനീത് ഖായിറ (Maneet Khaira) ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
ബ്ലാക്‌ബോണ്‍ വണ്‍ മിക്ക സ്മാര്‍ട്ട്‌ഫോണിലും പിടിപ്പിക്കാവുന്ന 'പ്ലഗ്-ആന്‍ഡ്-പ്ലേ' ഉപകരണമാണ്. കൂടുതല്‍ ഹാര്‍ഡ്‌വെയര്‍ ആവശ്യമില്ല. എന്നാല്‍, ഇത് കസ്റ്റമൈസ് ചെയ്യണമെന്നുള്ളവര്‍ക്ക് അതിനായി രണ്ട് ഓഎസിലും സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പുമുണ്ട്. ആപ് വഴിപല ക്ലൗഡ് ഗെയിമിങ് സര്‍വിസുകളും ലഭിക്കും. ബാക്‌ബോണ്‍ വണ്ണിന് ഒരു പ്ലേ സ്റ്റേഷന്‍ എഡിഷനും ഉണ്ട്. ഇത് ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകള്‍ക്കായി ഉള്ളതാണ്. ഈ എഡിഷന്‍ പ്ലേസ്റ്റേഷന്‍ ഡ്യൂവല്‍ സെന്‍സില്‍ നിന്ന് ആവേശം ഉൾക്കൊണ്ട് സൃഷ്ടിച്ചതാണ്. ഇത് ഉപയോഗിച്ച് കണ്‍സോള്‍ ഗെയിമുകളും കളിക്കാം.

കണ്‍ട്രോളറിൽ അനലോഗ് ട്രിഗറുകള്‍ ഉണ്ട്. നല്ല പ്രതികരണശേഷിയുള്ള തംസ്റ്റിക്കുകള്‍ ആണ് ബാക്‌ബോണ്‍ വണ്ണില്‍ ഉള്ളതെന്നും അവകാശവാദം ഉണ്ട്. പുതിയ മോഡലില്‍ ഡി-പാഡ് നവീകരിച്ചിട്ടുണ്ട്. മാഗ്നറ്റിക് അഡാപ്റ്ററുകള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ വിവിധ വലുപ്പത്തിലുള്ള ഫോണുകളില്‍ ഇറുകിപ്പിടിച്ചിരുന്നോളും എന്നും പറയപ്പെടുന്നു.
അതിനു പുറമെ, ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമുകളും സപ്പോര്‍ട്ട് ചെയ്യുന്ന കണ്‍ട്രോളറുമാണ് ബാക്‌ബോണ്‍ വണ്‍. കൂടാതെ, കോള്‍ ഓഫ് ഡ്യൂട്ടി: മൊബൈല്‍, ഗെന്‍ഷിന്‍ ഇംപാക്ട്, മൈന്‍ക്രാഫ്റ്റ്, ഡയബ്ലോ ഇമ്മോര്‍ട്ടല്‍, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ: സാന്‍ ആന്‍ഡ്രിയസ് തുടങ്ങിയടൈറ്റിലുകള്‍ ഔദ്യോഗികമായി സപ്പോര്‍ട്ടുംചെയ്യുന്നു.
യുഎസ്ബി-സി പോര്‍ട്ട് ഉള്ള പുതിയ ഐഫോണുകള്‍ക്കും, ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ളതാണ് ഒരു ബ്ലാക്‌ബോണ്‍ വണ്‍. ലൈറ്റ്‌നിങ് കണക്ടര്‍ ഉള്ള ഐഫോണുകള്‍ക്കായി മറ്റൊരു വേര്‍ഷനും ഉണ്ട്. ഇവ മൂന്നും സ്വന്തം ആവശ്യത്തിന് ഉചിതമാണോ എന്ന് നേരിട്ട് പരിശോധിക്കാം:

യുഎസ്ബി-സി പോര്‍ട്ട് ഉള്ള ഫോണുകള്‍ക്കുള്ള വേര്‍ഷന്‍.
ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകള്‍ക്ക്.
ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകള്‍ക്കുള്ള പ്ലേ സ്റ്റേഷന്‍ എഡിഷന്‍ (ഒന്നാം തലമുറ).