Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദൈവമെ, ഫെയ്സ്ബുക്ക് അപ്പോൾ നമ്മുടെ രഹസ്യ ദൃശ്യങ്ങളും കണ്ടിട്ടുണ്ടാകുമോ?’

facebook-call

കേംബ്രിജ് അനലിറ്റിക്ക കേസും ഡേറ്റ ചോർത്തലും ചർച്ച ചെയ്യുന്നതിനിടെ ഫെയ്സ്ബുക്കിൽ കണ്ട ഒരു കമന്റാണിത്, ‘ദൈവമെ, ഫെയ്സ്ബുക്ക് അപ്പോൾ നമ്മുടെ രഹസ്യ ദൃശ്യങ്ങളും കണ്ടിട്ടുണ്ടാകുമോ, ചോർത്തിയിരിക്കുമോ?’ എന്തിന് സംശയിക്കണം, ഫെയ്സ്ബുക്ക് ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുമ്പോൾ ക്യാമറയും മൈക്കും കോളും തുടങ്ങി വേണ്ടതെല്ലാം എടുത്തോളൂ എന്ന് അനുമതി നൽകിയിട്ടുണ്ട്.

ഇക്കാര്യം തന്നെയാണ് കേംബ്രിജ് അനലിറ്റിക്കാ കേസ് പുറത്തു വിട്ടവരില്‍ ഒരാളായ ക്രിസ്റ്റഫര്‍ വെയ്‌ലിയും (Christopher Wylie) ആരോപിക്കുന്നത്. ഫെയ്‌സ്ബുക്കിന് ഒരാളുടെ മൊബൈല്‍ ഫോണിലൂടെ അയാളുടെ ചെയ്തികള്‍ രഹസ്യമായി വീക്ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വെയ്‌ലി പറഞ്ഞത്. (ഫെയ്‌സ്ബുക്കിനു മാത്രമല്ല, സകല പെര്‍മിഷനും വാങ്ങി ഇന്‍സ്റ്റാള്‍ ആകുന്ന ആപ്പുകള്‍ക്ക് ഇങ്ങനെ സ്‌പൈ ചെയ്യാനുള്ള ശേഷിയുണ്ട്.)

Christopher-Wylie

കേംബ്രിജ് അനലിറ്റിക്ക കേസന്വേഷിക്കുന്ന കോമണ്‍സ് കമ്മറ്റിക്കു മുൻപിലാണ് വെയ്‌ലി ഇങ്ങനെ പറഞ്ഞത്, ഫെയ്‌സ്ബുക്കിന് മൈക്രോഫോണിലൂടെ ഉപയോക്താക്കളുടെ വീട്ടിലും ഒഫീസിലുമൊക്കെ നടക്കുന്ന സംസാരം കേള്‍ക്കാമെന്ന്. ഇതാകട്ടെ ആളുകളുടെ താത്പര്യത്തിനനുസരിച്ചുള്ള പരസ്യം കൊടുക്കാനാണ് എന്നുമാണ് വെയ്‌ലി പറഞ്ഞത്. (ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഒക്കെയുള്ള പല ആപ്പുകള്‍ക്കും ക്യാമറ, മൈക്രോഫോണ്‍ എന്നിവയ്‌ക്കൊക്കെ പെര്‍മിഷന്‍ നല്‍കിക്കഴിഞ്ഞാല്‍ ബാക്ഗ്രൗണ്ടില്‍ ഇരുന്ന വിഡിയോയും ഓഡിയോയുമൊക്കെ റെക്കോർഡു ചെയ്ത് ഇന്റര്‍നെറ്റ് വഴി അയയ്ക്കാന്‍ കഴിവുള്ളവയാണ്. ഫെയ്‌സ്ബുക്കും മറ്റും കംപ്യൂട്ടറിലെ ബ്രൗസര്‍ വഴി അക്‌സസ് ചെയ്യുന്നതിനു പകരം (സമയമെടുക്കും. പക്ഷേ, കൂടുതല്‍ സുരക്ഷിതമാണ്) ആപ്പായി അവതരിച്ച് ഫോണിലും മറ്റും തമ്പടിക്കുന്നത് ഇത്തരം ആവശ്യങ്ങള്‍ക്കു കൂടെയാകാം.)


കോമണ്‍സ് കമ്മറ്റിയിലുണ്ടായിരുന്ന കണ്‍സേര്‍വെറ്റീവ് പാര്‍ട്ടി എംപി ഡെയ്മിയന്‍ കോളിന്‍സ് ഫെയ്‌സ്ബുക്കിന് ജനങ്ങളുടെ സംഭാഷണം രഹസ്യമായി കേട്ടും പരസ്യം കൊടുക്കാനാകുമോ എന്ന ചോദ്യത്തിന് വെയ്‌ലി പറഞ്ഞത് അങ്ങനെ മൈക്രോഫോണ്‍ ഉപയോഗിച്ച് സംഭാഷണം എടുക്കാനാകുമെന്നാണ്. ലോകത്തെമ്പാടുമുള്ള പ്രധാനപ്പെട്ട വ്യക്തികളുടെയും സാധാരണക്കാരുടെയും വരെ സംഭാഷണം ഇങ്ങനെ റെക്കോർഡു ചെയ്തിട്ടുണ്ടാകാം. ഇവയെല്ലാം ഒരിക്കലും നശിക്കാത്ത വിധത്തില്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ടാകാം. ബാക്ഗ്രൗണ്ടില്‍ പതുങ്ങിയിരുന്ന് ഓരോ വ്യക്തിയുടെയും ഫോണ്‍ കോളുകള്‍ മുഴുവനും സ്വന്തം ക്ലൗഡില്‍ എത്തിച്ചിട്ടുമുണ്ടാകാം.

ടെക്‌നോളജിയെ കുറിച്ച് അറിയാവുന്ന ഏകദേശം ഏഴു ശതമാനം പേര്‍ പറയുന്നത് ഫെയ്‌സ്ബുക്ക് അവരുടെ ഫോണ്‍ കോളുകള്‍ക്കായി ചെവിയോര്‍ക്കുന്നു എന്നാണ്. അഞ്ചു ശതമാനം പേര്‍ പറയുന്നത് അവരുടെ കണ്ണുകളുടെ ചലനം രേഖപ്പെടുത്താനുള്ള കഴിവും ഫെയ്‌സ്ബുക്കിനുണ്ടെന്നാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് ആവര്‍ത്തിച്ചു പറഞ്ഞിരുന്നത് തങ്ങള്‍ക്ക് ഒളിഞ്ഞു നോക്കുന്ന പണിയില്ലെന്നാണ്.
കേംബ്രിജ് അനലിറ്റിക്കാ വിവാദത്തിനു ശേഷമാണ് വീണ്ടും ഒളിഞ്ഞുനോട്ടം വാര്‍ത്തയാകുന്നത്.

Facebook-Messenger

ഫെയ്‌സ്ബുക്ക് എന്നു പറഞ്ഞാല്‍ അവരുടെ സ്വന്തം ആപ് മാത്രമല്ല. ജനങ്ങളുടെ പ്രിയപ്പെട്ട വാട്‌സാപ്പും ഇന്‍സ്റ്റഗ്രാം ആപ്പുമെല്ലാം സംശയത്തിന്റെ നിഴലിലാണ്. ഇവയും ഫെയ്‌സ്ബുക്കിന്റേത് തന്നെയാണല്ലോ. സാധാരണ ഫോണ്‍ കോളുകളും, വീട്ടിലും ഓഫീസിലും മറ്റും ഇരുന്നു സംസാരിക്കുന്നതും പാത്തിരുന്നു കേള്‍ക്കുമെങ്കില്‍ സ്വന്തം ആപ്പുകളിലൂടെ നടത്തുന്ന കോളുകളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കാവുന്നതാണ്. ഇത്തരം വെളിപ്പെടുത്തലിനു പിന്നാലെ ചില മരണങ്ങളും കൊലപാതകങ്ങളും വരെ വീണ്ടും അന്വേഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടെന്നാണ് വാര്‍ത്തകൾ.