Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണിന് ഇനിയും വില കുറയും, വിപണി പിടിച്ചെടുക്കാൻ 'ആപ്പിള്‍ ടാക്‌സ്' ഒഴിവാക്കും

ആപ്പിള്‍ ഉൽപ്പന്നങ്ങൾക്ക് കമ്പനി ഈടാക്കുന്ന അധികവിലയെ കളിയാക്കി ചിലര്‍ വിളിക്കുന്ന പേരാണ് 'ആപ്പിള്‍ ടാക്‌സ്'. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയുള്ള, ഒരു പക്ഷെ മെച്ചപ്പെട്ട, ഉപകരണങ്ങള്‍ മറ്റു കമ്പനികള്‍ പുറത്തിറക്കുന്നുണ്ടെങ്കലും അവയ്ക്ക് പൊതുവെ ആപ്പിള്‍ വാങ്ങുന്ന വിലയേക്കാള്‍ കുറവായിരിക്കും എന്നതാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്.

(ഇതില്‍ തീര്‍ത്തും കാര്യമില്ലാതില്ല. വര്‍ഷങ്ങളായി സാംസങ് AMOLED സ്‌ക്രീനുകളുള്ള ഫോണുകള്‍ ഇറക്കുന്നു. ആപ്പിള്‍ AMOLED സ്‌ക്രീനുള്ള ഒരു ഫോണ്‍ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇറക്കുമെന്നാണ് കേള്‍ക്കുന്നത്. ഈ സ്‌ക്രീനുമായി എത്തുന്ന ഫോണ്‍ വാങ്ങുന്ന, അന്ധമായ ആപ്പിള്‍ ആരാധനയുള്ളയാള്‍ പറയാന്‍ പോകുന്നത്- 'ഹമ്മോ! എന്താ സ്‌ക്രീന്‍! ദേ, ആപ്പിള്‍ ലോകത്ത് ആദ്യമായി പുതിയ സ്‌ക്രീന്‍ കൊണ്ടുവന്നിരിക്കുന്നു!,' എന്നാകാം.)

തങ്ങളുടെ ഉൽപ്പന്നങ്ങള്‍ക്ക് നല്ല വില ഇടുകയും അങ്ങനെ പരമാവധി ലാഭം ഉണ്ടാക്കുകുയും ചെയ്യുക എന്നത് കമ്പനിയുടെ രീതികളിലൊന്നാണ്. അത് അവരുടെ ആത്മവിശ്വാസത്തെ തന്നെയാണു കാണിക്കുന്നത്. സ്വര്‍ണ്ണ ആപ്പിള്‍ വാച്ചിന്റെ വില നോക്കൂ- 20,000 ഡോളറാണ്. ഇത്തരം ഒരു വാച്ചിറക്കാന്‍ മറ്റു കമ്പനികള്‍ ശ്രമിച്ചേക്കില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഐപാഡ് കാറ്റു മാറി വീശുന്നതിന്റെ ലക്ഷണമായി കാണുന്നവരുമുണ്ട്. തങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടാനും ആപ്പിൾ ഇനി ശ്രമിച്ചേക്കും. ഇതിന്റെ സൂചനയാണ് ഐപാഡ് വില കുറച്ച് ഇറക്കിയിരിക്കുന്നതെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. തങ്ങളുടെ എതിരാളികളുടെ വെല്ലുവിളി തകര്‍ക്കാനും ഇതു സഹായിക്കും. പുതിയ ഐപാഡിന്റെ വില തങ്ങളുടെ അടുത്ത എതിരാളികളുടെ സമാനമായ പ്രോഡക്ടുകളുടേതിനേക്കാള്‍ കുറവായിരിക്കണമെന്ന് കമ്പനി തീരുമാനിച്ചതു പോലെയുണ്ട്.

iphone-design

ആപ്പിള്‍ തൊടുത്ത ഈ അമ്പ് കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കുക, എതിരാളികളെ തകര്‍ക്കുക എന്ന തങ്ങളുടെ ഇരട്ട ലക്ഷ്യങ്ങളിലൂടെയും കടന്നു പോകും എന്നാണു കരുതുന്നത്. ഒരു പക്ഷെ പുതിയൊരു പരീക്ഷണത്തിനായിരിക്കും കമ്പനി മുതിരുക എന്നും വരാം. ഈ വര്‍ഷം ഇറക്കാന്‍ പോകുന്നതില്‍ ഒരു ഐഫോണിന് 1,000 ഡോളറോ അതിനു മുകളിലോ ആകാം വില എന്നാണു പറയുന്നത്. അതായത്, കാശുള്ളവരെ ലക്ഷ്യമാക്കി പൊങ്ങച്ച സാധ്യത കൂടിയ, ആഢംബര പ്രോഡക്ടുകളുടെ ഒരു ശ്രേണിയും, കാശു കുറഞ്ഞവര്‍ക്കായി നല്ല ഹാര്‍ഡ്‌വെയര്‍ തന്നെ കുറഞ്ഞ വിലയ്ക്കും വില്‍ക്കാന്‍ കമ്പനി ശ്രമിക്കുന്നതിന്റെ തുടക്കമാകാം പുതിയ ഐപാഡുകളുടെ വില നിര്‍ണ്ണയം. എന്തായാലും ചില പ്രോഡക്ടുകള്‍ക്കെങ്കിലും 'ആപ്പിള്‍ ടാക്‌സ്' ഒഴിവാകുന്നുണ്ടെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്.

Your Rating: