Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണിനെ വെല്ലുന്ന മലയാളികളുടെ എംഫോൺ, കുറഞ്ഞ വിലയ്ക്ക് മികച്ച ഫോൺ

mphone

രാജ്യത്ത് അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് മലയാളികളുടെ സ്വന്തം എംഫോൺ കൂടി എത്തി. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള ഹാൻഡ്സെറ്റുകളാണ് എംഫോൺ അവതരിപ്പിച്ചിരിക്കുന്നത്. കൊറിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന എംഫോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജീസ് എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6 എന്നിവയാണ് വിപണിയിലെത്തിച്ചിരിക്കുന്ന മൂന്നു മോഡലുകൾ. 

ഐഫോണിനെ വെല്ലുന്ന സ്മാർട്ട് ഫോൺ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തിക്കുകയാണ് എംഫോണിന്റെ ലക്ഷ്യമെന്ന് നേരത്ത കമ്പനി മേധാവികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. യുഎഇ ഉള്‍പ്പെടെയുള്ള മാർക്കറ്റുകളിൽ നേരത്തെ തന്നെ എംഫോൺ വിതരണം തുടങ്ങി. ചൈനയിലാണ് എംഫോൺ ഹാൻഡ്സെറ്റുകൾ നിർമിക്കുന്നത്. എന്നാൽ ടെക്നോളജിയും ഡിസൈനും ചെയ്യുന്നത് കൊറിയൻ കമ്പനികളാണ്.

എംഫോണിന്റെ ഓരോ ഹാന്‍ഡ്സെറ്റും അറുപതോളം സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് വിപണിയിലെത്തുന്നതെന്ന് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. എംഫോണിന്റെ എല്ലാ വേരിയന്റുകളിലും ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡിഒ ജിഎസ് എല്‍ജി ഡിസ്പ്ലേയാണ് എംഫോണ്‍ 8 ന്റെ മുഖ്യ ഫീച്ചർ. 21 മെഗാപിക്സൽ റിയർ ക്യമറ, എട്ട് മെഗാപിക്സൽ സെൽഫി ക്യാമറ, 2.3 ജിഗാഹെട്സ് ഡെക്കാകോര്‍ ഹീലിയോ എക്സ് 20 പ്രൊസസര്‍, വയർലെസ് ചാർജർ, അതിവേഗ ചാർജിങ് സംവിധാനം, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് (എസ്ഡി കാർഡിട്ട് സ്റ്റോറേജ് 256 ജിബി വരെ ഉയർത്താം) എന്നിവയാണ് പ്രധാന ഫീച്ചറുകൾ. എംഫോണ്‍ 8 ൽ 3000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 28,999 രൂപയാണ് എംഫോൺ 8 ന്റെ വില.

എംഫോൺ 7 പ്ലസ് സെല്‍ഫി പ്രേമികള്‍ക്കായുള്ള ഫോണാണ്. 13 മെഗാ പിക്സലാണ് സെൽഫി ക്യാമറ, റിയർ ക്യാമറയ്ക്ക് 16 മെഗാ പിക്സല്‍ ശേഷിയുമുണ്ട്. എന്നാൽ എംഫോൺ 6ൽ 3 ജിബിയാണ് റാം. 32 ജിബി സ്റ്റോറേജ്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെല്‍ഫി ക്യാമറ, 3250 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

3500 കോടി രൂപ മുതൽമുടക്കിൽ മലയാളികളുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് മാംഗോ മൊബൈൽ. ഐഫോണിനെ വെല്ലാൻ മാംഗോ ഫോൺ അഥവാ എംഫോൺ എന്നാണു പേരിട്ടത്. മാങ്ങയാണ് മൊബൈൽ കമ്പനിയുടെ മുദ്ര.