Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അദ്ഭുത’ ടെക്നോളജി, ഇതാവണം സ്മാർട്ട്ഫോൺ, പിക്സലും ഐഫോണും താഴെ വീഴുമോ?

andy-phone

ഇന്നലെ ഇസെന്‍ഷല്‍ (Essential) എന്ന പേരില്‍ പുറത്തിറക്കിയ ഫോണിനെ കുറിച്ചുള്ള വിശേഷങ്ങളെ 'അവിശ്വസനീയം' എന്നാണ് ചില സാങ്കേതിക വിദഗ്ധര്‍ വിശേഷിപ്പിച്ചത്. പൊതുവെ ചൈനീസ് കമ്പനികള്‍ ശ്രമിക്കുന്നതു പോലെ, ഇന്നു ലഭിക്കുന്ന വില കുറഞ്ഞ ഫോണുകളുടെ കൂമ്പാരത്തിലേക്ക് മറ്റൊന്നു കൂടെ ഉണ്ടാക്കി തള്ളുകയല്ല ചെയ്യുന്നത് എന്നതാണ് ഇതിന്റെ ശക്തിയും സവിശേഷതയും.

ആപ്പിളും സാംസങും അടക്കി വാഴുന്ന മുന്‍നിര ഫോണുകളോടു മത്സരിക്കുക എന്ന ഗൗരവമുള്ള ലക്ഷ്യവുമായി ആണ് ഇസെന്‍ഷല്‍ ഇറങ്ങുന്നത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. അത്രയ്ക്കുള്ള എന്തു മേന്മയാണ് ഈ ഫോണിനുള്ളത് എന്നു പരിശോധിക്കാം:

ഫോണ്‍ നിര്‍മിക്കുന്നതാര്?

ഇത് ആന്‍ഡി റൂബിന്റെ സ്വന്തം സ്വപ്ന സാക്ഷാത്കാരമാണ്. ആരാണീ ആന്‍ഡി എന്നു ചോദിക്കുന്നവര്‍ക്ക് ഇന്നു ലോകത്തെ ഏറ്റവും ജനപ്രിയ ഒഎസ് ആയ ആന്‍ഡ്രോയിഡിന്റ ചരിത്രം അറിയില്ലെന്ന് തീര്‍ച്ച. കാരണം ആന്‍ഡി ആന്‍ഡ്രോയിഡിന്റെ സഹസൃഷ്ടാവാണ്. ആന്‍ഡിയില്‍ നിന്ന് ഗൂഗിള്‍ 2005ല്‍ ആന്‍ഡ്രോയിഡ് വാങ്ങുകയായിരുന്നു. അതിനു ശേഷം അദ്ദേഹം ഗൂഗിളിന്റെ മൊബൈല്‍ ആന്‍ഡ് ഡിജിറ്റല്‍ കണ്ടെന്റിന്റെ വൈസ് പ്രസിഡന്റ് ആയി തുടര്‍ന്നു. 2013ല്‍ ഇദ്ദേഹം ഇരുന്ന സ്ഥാനത്തേക്കു കടന്നു വരുമ്പോഴാണ് സുന്ദര്‍ പിച്ചൈ എന്ന പേര് പലരുടെയും നാവിന്‍ തുമ്പത്ത് എത്തുന്നത്.

andy-rubin

പിന്നീട് ആന്‍ഡി തുടങ്ങാന്‍ ആഗ്രഹിച്ചത് ഒരു പുതിയ തരം കമ്പനിയാണ്: 21-ാം നൂറ്റാണ്ടില്‍ ലഭ്യമായ സാങ്കേതികവിദ്യയുപയോകിച്ച് 21-ാം നൂറ്റാണ്ടില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നതരം ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന കമ്പനി. അതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഇസെന്‍ഷല്‍

ആന്‍ഡി പറയുന്നു: 

∙ നിങ്ങള്‍ കാശുകൊടുത്തു വാങ്ങുന്ന ഉപകരണം നിങ്ങളുടെ സ്വന്തമാണ്. നിങ്ങള്‍ക്ക് വേണ്ടാത്ത ഒന്നും അതില്‍ കാണരുത്. (ഇതു പ്രാവര്‍ത്തികമാക്കാന്‍ ഇസെന്‍ഷല്‍ ഫോണില്‍ അതിന്റെ പേരു പോലും രേഖപ്പെടുത്തിയിട്ടില്ല!) ചപ്പു ചവറ് ആപ്പുകളും ഉണ്ടാവില്ല.

∙ ഞങ്ങള്‍ മറ്റു ഫോണ്‍ നിര്‍മാതാക്കളുമായി ഒത്തു പോകാന്‍ ആഗ്രഹിക്കുന്നു. അടഞ്ഞ സാങ്കേതികവിദ്യാ പരിസ്ഥിതി (ആപ്പിളിനിട്ട് ഒരു കൊട്ട്) ഭിന്നിപ്പിക്കുന്നതും കാലഹരണപ്പെട്ടതുമാണ്.

∙ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിലകൂടിയ വസ്തുക്കളും നിര്‍മാണത്തികവും പരമാവധി ആളുകളിലേക്ക് എത്തണം

∙ ടെക്‌നോളജി നിങ്ങളെ സഹായിക്കുന്നതാകണം (സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ഉപയോക്താവിന്റെ ഡേറ്റ ക്ലൗഡിലേക്കയക്കാതിരിക്കാനുള്ള ശ്രമത്തെ കുറിച്ചും ആന്‍ഡി പറയുന്നുണ്ട്.

∙ ലളിതമായതാണ് എല്ലായ്‌പ്പോഴും നല്ലത്.

വേറിട്ടത് എന്ത്?

ഇതു പെട്ടെന്നു കാലഹരണപ്പെടാത്ത (future-proof) ഫോണാണ് എന്നാണ് ഇസെന്‍ഷലിന്റെ സൃഷ്ടാക്കള്‍ അവകാശപ്പെടുന്നത്. ഇപ്പോഴും, ഭാവിയിലും പല അക്‌സസറികളും ഫോണല്‍ പിടിപ്പിച്ച് പുതുമ നിലനിര്‍ത്താം എന്നതാണ്, മോഡ്യുലര്‍ സങ്കല്‍പ്പത്തില്‍ ഇറങ്ങുന്ന, ഫോണിന്റെ ശക്തി. ഫോണല്‍ കാന്തിക കണക്ടറുകള്‍ ഉണ്ട്! (ഇത്തരം ഒരു സാധ്യത പ്രമുഖ ഫോണ്‍ നിര്‍മാതാക്കളാരും ആരാഞ്ഞു കണ്ടിട്ടില്ല.) അക്‌സസറികള്‍ കണക്ടറുകളിലേക്ക് സുഗമമായി പിടിപ്പിക്കാം. ഡേറ്റ വയര്‍ലെസായി കൈമാറാമെന്നത് ഒരുതരം കോഡുകളുടെയും ശല്യം ഉണ്ടാവില്ലെന്ന് ഉറപ്പാക്കുന്നു. എക്‌സാപാന്‍ഡബിലിറ്റിയില്‍ ഫോണ്‍ നിരവധി പുതിയ സാധ്യതകള്‍ കൊണ്ടുവരുന്നു.

'വീഴ്ച പറ്റാത്ത' ബോഡി 

നിര്‍മാണത്തികവോടെ ശ്രദ്ധ പിടിച്ചു വാങ്ങുന്ന വിധമാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. അലുമിനം, ഗ്ലാസ് തുടങ്ങിയവയൊക്കെയാണ് വിലകൂടിയ ഫോണുകള്‍ ഇറക്കുന്ന മറ്റു നിര്‍മാതാക്കള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇസെന്‍ഷലാകട്ടെ ടൈറ്റാനിയം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്! 'റോക്കറ്റുകള്‍ ഉണ്ടാക്കുന്നതിനും മനുഷ്യ ശരീരത്തിലെ എല്ലുകള്‍ മാറ്റിവയ്ക്കുന്നതിനും ടൈറ്റാനിയം ഉപയോഗിക്കുന്നതിന് ഒരു കാരണമുണ്ട്- അവയില്‍ പോറല്‍ വീഴുകയോ, കുഴിയുകയോ വളയുകയോ ചെയ്യില്ല,' കമ്പനി പറയുന്നു. അതുകൊണ്ടു തന്നെ ഇസെന്‍ഷലിന് ഫോണ്‍ കെയ്‌സുകള്‍ ആവശ്യമില്ല! ചെറിയ വീഴ്ചകളിലും ഈ ഫോണിനു പരിക്കേല്‍ക്കില്ലത്രെ.

ഫോണിന്റെ പിന്‍വശം സെറാമിക്ക് ആണെങ്കില്‍ മുന്‍ സ്‌ക്രീന്‍ അലങ്കരിക്കുന്നത് കോണിങ് ഗൊറില ഗ്ലാസ് 5 കവര്‍ ഗ്ലാസുമാണ്. 5.71 ഇഞ്ച് വലിപ്പമുള്ള, സാംസങ് ഗ്യാലക്‌സി S8നു പോലും സാധിക്കാത്ത വിധം ഫോണില്‍, ഷോമി MI Mixനെ പോലെ, മുഴുവന്‍ നിറഞ്ഞു നല്‍ക്കുന്നതാണ് QHD (2560 x 1312) റെസലൂഷനുള്ള അത്യുജ്വല സ്‌ക്രീന്‍. (നാളിതുവരെ ഇറങ്ങിയിരിക്കുന്നതില്‍ ഏറ്റവും ഗംഭീര bezel ഇല്ലാത്ത ഫോണാണ് ഇസെന്‍ഷല്‍.) സെല്‍ഫി ക്യാമിനെ കൃത്യം നടുക്കേക്കു മാറ്റിയതും ഫോണിന്റെ സൗമുഖ്യം കൂട്ടി.

ആന്‍ഡ്രോയിഡ് നൗഗറ്റ് 7.1.1 (വേര്‍ഷന്‍ പ്രശ്‌നമായേക്കില്ല. അടുത്ത പല പുതിയ വേര്‍ഷനുകളും അനായാസം ഓടിയേക്കും) ഉള്ള ഫോണിന് ശക്തി പകരുന്നത് ഇപ്പോഴത്തെ ഏറ്റവും കരുത്തനായ പ്രോസസറാണ്- ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 (Kryo 280 Octa-core (2.45GHz Quad + 1.9GHz Quad), 64 bit, 10nm processor GPU: Adreno 540, 710MHz, 64bit). റാം 4GBയാണ്. സ്‌റ്റോറേജിലും ഒരു പിശുക്കും കാണിച്ചിട്ടില്ല- 128GB വേര്‍ഷനാണ് ഇറങ്ങുന്നത്. (ആന്‍ഡിയുടെ ആന്‍ഡ്രോയിഡാണോ ഗൂഗിള്‍ പിക്‌സസിന്റെ ആന്‍ഡഡ്രോയിഡാണോ കൂടുതല്‍ ശുദ്ധം എന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.)

Essential-Phone

യുഎസ്ബി ടൈപ്-സി, ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ (പിന്നിലാണേ), നാലു മൈക്രോഫോണുകള്‍ തുടങ്ങി പുതിയ വിലകൂടിയ ഫോണുകളില്‍ കാണുന്ന എല്ലാ ഫീച്ചറുകളും, കണക്ടിവിറ്റി സാധ്യതകളും ഇസെന്‍ഷ്യലിനുണ്ട്.

ബാറ്ററി

3040mAh ബാറ്ററിയാണ് ഫോണിനുള്ളത്. പക്ഷെ ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാണ്. ഡോക്കിങ് സ്‌റ്റേഷനുമായി വച്ചാല്‍ മതി, മാഗ്നറ്റിക് കണക്ടറിലൂടെ വേഗം ചാര്‍ജിങ് നടക്കും.

ക്യാമറ

ക്യാമറയിലൂടെയാണ് ഇസെന്‍ഷലിന്റെ മോഡ്യുലര്‍ ഫോണ്‍ സങ്കല്‍പ്പം ആദ്യം ഉപയോക്താവിലേക്ക് എത്തുന്നത്. പരമ്പരാഗത ക്യാമറകളുടെ കാര്യം ആദ്യം എടുക്കാം. 13 മെഗാപിക്സൽ റെസലൂഷനുള്ള ഇരട്ട പിന്‍ ക്യാമറകള്‍. ഇവിടെ ആപ്പിളിനെ പോലെ ബോ-കെ ക്യാമറയല്ല കൊണ്ടുവന്നിരിക്കുന്നത്. വാവെയ് തുടങ്ങിയ കമ്പനികള്‍ ചെയ്തതു പോലെ ഒരു മോണോക്രോം സെന്‍സറും ഒരു കളര്‍ സെന്‍സറുമാണ് പിടിപ്പിച്ചിരിക്കുന്നത്. ഈ രീതിയില്‍ ഇറക്കുന്ന ക്യാമറകള്‍ കൂടുതല്‍ വെളിച്ചം ശേഖരിക്കാന്‍ പര്യാപ്തമാണെന്നും, അത് മെച്ചപ്പെട്ട ചിത്രങ്ങള്‍ എടുക്കുന്നത് സാധ്യമാക്കുമെന്നും തെളിഞ്ഞ കാര്യമാണ്. f/1.85 ലെന്‍സുകളാണ് പിടിപ്പിച്ചിരിക്കുന്നത് ഫെയ്‌സ് (phase) ഡിറ്റെക്ട്, കോണ്‍ട്രാസ്റ്റ് ഡിറ്റെക്ട്, ഇന്‍ഫ്രറെഡ്, ലെയ്‌സര്‍ അസിസ്റ്റ് ഫോക്കസ് തുടങ്ങിയവ ഫോക്കസിങ് കൃത്യത ഉറപ്പാക്കും. വിഡിയോ ശേഷിയും മോശമല്ല- 4K 30fps, 1080p 60fps / 720p 120fps. 

മുന്‍ ക്യാമറയും മോശമല്ല f2.2 ഉള്ള ക്യാമറയ്ക്ക് 8 മെഗാപിക്സൽ റെസലൂഷനുണ്ട്. വിഡിയോ റെക്കോഡിങ് ശേഷി 4K 30fps, 1080p 60fps or 720p 120fps.

ഇതൊക്കെ മറ്റു ഫോണുകളില്‍ ലഭ്യമല്ലെ എന്നു ചോദിക്കാം. പക്ഷെ ഇസെന്‍ഷ്യല്‍ ഇവിടുന്നാണ് സ്മാര്‍ട്ട് ആകുന്നത്. ഫോണിനു പിന്നിലുള്ള കാന്തിക കണക്ടറിനെ പറ്റി പറഞ്ഞത് ഓര്‍ക്കുന്നോ? ഇതിലേക്ക് ഇസെന്‍ഷല്‍ കമ്പനി തന്നെ നിര്‍മ്മിച്ച, ഇപ്പോഴെ ലഭ്യമായ, 360ഡിഗ്രി ക്യാമറ പിടിപ്പിക്കാം! 

essential-

വില

ഇതിന്റെ വില തുടങ്ങുന്നത് 699 ഡോളറിലാണ് (ഏകദേശം 45,200 രൂപ). 360 ഡിഗ്രി ക്യാമറയോടെയുള്ള ഹാൻഡ്സെറ്റിന്റെ വില 749 ഡോളറാണ് (ഏകദേശം 48,400 രൂപ).

മോഡ്യുലര്‍ ഫോണ്‍

ഈ പോര്‍ട്ടാണ് ഈ ഫോണിന്റെ രഹസ്യാഹങ്കാരങ്ങളില്‍ പ്രധാനം. 360ഡിഗ്രി ക്യാമറ മാത്രമല്ല ഭാവിയില്‍ വേറെ ക്യാമറകളും മറ്റ് അക്‌സസറികളും ഒക്കെ പിടിപ്പിച്ച് ഫോണിന്റെ യുവത്വവും സാധ്യതകളും പരമാവധി കാലം നിലനിര്‍ത്തുക എന്നതാണ് ആന്‍ഡിയുടെയും കൂട്ടുകാരുടെയും പ്രധാന ലക്ഷ്യം.

ഇതുവരെ, 360ഡിഗ്രി ക്യാമറയും ഡോക്കും മാത്രമാണ് മോഡ്യുലര്‍ സങ്കല്‍പ്പത്തിന് ആന്‍ഡിയും കൂട്ടരും നടത്തിയിരിക്കുന്ന മുതല്‍ക്കൂട്ട്.

സാധ്യത

ഉപയോക്താവിന്റെ വിശ്വസം പിടച്ചുപറ്റി, വിപണിയുടെ 40 ശതമാനവും പിടിച്ചടക്കി വാഴുന്ന ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളെ വെല്ലുവിളിച്ച് ഇസെന്‍ഷലിനു സ്വന്തം പാത വെട്ടിത്തുറക്കാനാകുമോ? കണ്ടറിയേണ്ട കാര്യമാണത്. ഒരു കാരണം കാരണം മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരിലൂടെയാണ് വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ പേരും ഫോണ്‍ വാങ്ങുന്നത്. അപ്പോള്‍ അവരുടെ പിന്തുണയില്ലാതെ ഇസെന്‍ഷലിനും പിടിച്ചു നില്‍ക്കാനാകില്ല. എന്നാല്‍, ഇതു മുന്നല്‍കണ്ട്, അമേരിക്കയിലെ എല്ലാ കരിയര്‍ മാര്‍ക്കും ഉപയോഗിക്കാവുന്ന വിധം ആന്റിനകളുടെ ഒരു മഹാസമ്മേളനവും ഫോണിനുള്ളില്‍ നടത്തിയിട്ടുണ്ട്. തങ്ങള്‍ വ്യത്യസ്തരാണ് എന്നറിയിക്കാന്‍ ഇനി നല്‍കേണ്ട പരസ്യ പ്രളയത്തിനുള്ള കാശും ആന്‍ഡിയുടെ കമ്പനിക്കുണ്ടോ എന്നും പലരും സംശയിക്കുന്നു.  

ഇത്തരം ഒരു ഉപകരണത്തിന് എങ്ങനെ പിടിച്ചു നില്‍ക്കാനാകുമെന്നത് ഇപ്പോള്‍ പ്രവചനാതീതമാണ്. ഫോണിന്റെ 699 ഡോളര്‍ വില അധികമല്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. ആദ്യം അമേരിക്കയില്‍ മാത്രമായിരിക്കും ലഭ്യമാകുക.

ഇസെന്‍ഷല്‍ ഹോം

ഇസെന്‍ഷല്‍ കുടുംബത്തില്‍ നിന്നൊരു വയര്‍സെസ് സ്പീക്കറും ഇന്നലെ പുറത്തിറക്കി. ആമസോണ്‍ എക്കോയക്കും ഗൂഗിള്‍ ഹോമിനും വെല്ലുവിളി ഉയര്‍ത്തിയാണ് ഇവന്‍ പുറത്തെത്തിയിരിക്കുന്നത്. ഈ സ്പീക്കറിനായി സൃഷ്ടിച്ച പുതിയ ൊഎസ്-ആംബിയന്റ്-മറ്റൊരു കൗതുകമായിരുന്നു.

ആന്‍ഡിക്ക് ബിഗ് സല്യൂട്ട്!

ആന്‍ഡി റൂബിന്റെ ശ്രേഷ്ഠമായ ഒരു ലക്ഷ്യത്തെ പറ്റി മുകളില്‍ പറയാതെ മാറ്റിവച്ചു- ആണ്ടോടാണ്ട് മൊബൈല്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ പോയ വര്‍ഷത്തെ ഫോണിന് ചെറിയ മാറ്റം വരുത്തി, പരസ്യത്തിലൂടെ വലിയ ബഹളം വച്ച്, പുതിയ ഫോണ്‍ ഇറക്കുന്ന രീതിയെ അദ്ദേഹം എതിര്‍ക്കുന്നു. ഫോണുകള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ കാലഹരണപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. ഇസെന്‍ഷല്‍ നിങ്ങളോടൊപ്പം ഓരോ വര്‍ഷവും വളരും എന്നാണ് ആന്‍ഡി പറയുന്നത്. 

സ്റ്റീവ് ജോബ്‌സ് നയിക്കുന്ന ആപ്പിള്‍ ഇറക്കുന്ന ഫോണ്‍ എന്നതു മാത്രം വിശ്വസിച്ച് കണ്ണുമടച്ച് ആദ്യകാലത്ത് ആളുകള്‍ ഐഫോണ്‍ വാങ്ങിയതു പോലെ ആന്‍ഡിയുടെ പേരിന് വിശ്വാസ്യതയുണ്ടോ? ഇസെന്‍ഷലിലൂടെ ആന്‍ഡി ലക്ഷ്യമിടുന്ന ഈ കാര്യം ജനങ്ങള്‍ സ്വീകരിക്കുമോ? കാത്തിരുന്നു കാണാം. ഫോണിനെ പറ്റി വേണ്ടതൊക്കെ അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: