Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതല്‍ ശക്തിയുമായി ഐഫോണ്‍ 8/8 പ്ലസ്, പോര്‍ട്രെയ്റ്റ് ലൈറ്റിങ്, ട്രൂടോണ്‍ ടെക്‌നോളജി!

iphone8-8plus

ഐഫോണ്‍ അവതരണ ചിത്രത്തിലാദ്യമായി മൂന്നു പ്രാധാന്യമുള്ള മോഡലുകള്‍ ഒരുമിച്ച് അവതരിപ്പിച്ചു എന്ന പ്രത്യേകതയാണ് സെപ്റ്റംബര്‍ 12ന് ആപ്പിള്‍ കൊണ്ടുവന്നത്. ഐഫോണ്‍ 7/7 പ്ലസ് മോഡലുകളുടെ പിന്‍ഗാമികളായി എത്തിയിരിക്കുന്ന ഫോണുകളുടെ നാമകരണത്തില്‍ പാരമ്പര്യം തെറ്റിച്ച് ഐഫോണ്‍ 8/8പ്ലസ് എന്നാണ് പേരിട്ടിരിക്കുന്നത് എന്നതാണ് ഒരു മാറ്റം. എന്നാല്‍ ഡിസൈനിന്റെ കാര്യത്തില്‍ പഴയ ഫോണുകളെക്കാള്‍ സമൂലമായ മാറ്റമൊന്നും പറയാനും ഇല്ല. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവും വയര്‍ലെസ് ചാര്‍ജിങും മറ്റുമാണ് പ്രധാന മാറ്റങ്ങള്‍. ഈ വര്‍ഷത്തെ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും മികവുറ്റതാണെന്ന് കമ്പനി അവകാശപ്പെടുന്നു. എയ്‌റോസ്‌പെയ്‌സ് ഗ്രെയ്ഡ് അലൂമിനവും നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെയുള്ള ഐഫോണുകളെക്കാള്‍ 50 ശതമാനം ഉറപ്പുള്ളവയാണ് പുതിയ ഫോണുകളെന്ന് ആപ്പിള്‍ പറയുന്നു.

ഈ ഇരട്ടകള്‍ക്ക് യഥാകൃമം 4.7/5.5 ഇഞ്ച് വലിപ്പമാണുള്ളത്. ഇവയുടെ സ്‌ക്രീനുകളെ റെറ്റിന HD ഡിസ്‌പ്ലെ എന്നാണ് വിളിക്കുന്നത്. സ്‌ക്രീനിന് കൂടുതല്‍ മികവു നല്‍കാന്‍ ഇവയില്‍ ആപ്പിളിന്റെ ട്രൂടോണ്‍ ടെക്‌നോളജിയുമുണ്ട്. 

ആപ്പിളിന്റെ ഏറ്റവും പുതിയ ആറു കോറുകളുള്ള A11 ബയോണിക് പ്രോസസര്‍ ആണ് ഇവയ്ക്കു ശക്തി പകരുന്നത്. ഐഫോണ്‍ Xല്‍ ഉള്ളതു പോലെ ഗ്രാഫിക് പ്രോസസറും പുതിയ മോഡലുകള്‍ക്ക് ഉണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ഗെയ്മിങ്ങില്‍ ഇവ കൂടുതല്‍ മികവു കാണിക്കും.

ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് 12MP പിന്‍ക്യാമറയാണ് ഉള്ളത്. ഇത് കൂടുതല്‍ ആഴമുള്ള പിക്‌സലുകളെ പിടിച്ചെടക്കുമത്രെ (deeper pixels). ക്യാമറാ ടെക്‌നോളജിയില്‍ കേട്ടിട്ടില്ലാത്ത വിശേഷണമാണ് ഫോണ്‍ അവതരിപ്പിച്ച ഫിൽ ഷില്ലർ നല്‍കിയത്. പുതിയ ക്യാമറ, ഐഫോണ്‍ 7ന്റെ ക്യാമറയെ അപേക്ഷിച്ച് 83 ശതമാനം കൂടുതല്‍ പ്രകാശം പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്യാമറയ്ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. ഹൈ ഡൈനാമിക് റെയ്ഞ്ച് ചിത്രങ്ങളെ മികവുറ്റതാക്കിയേക്കാം.

8 പ്ലസിന് ഇരട്ടക്യാമറകള്‍ ഉണ്ട്. വൈഡ് ആംഗിള്‍ ലെന്‍സിന് F/1.8 അപേര്‍ച്ചര്‍ ഉണ്ടെങ്കില്‍ ടെലീ ലെന്‍സിന് F/2.8 ആണ് അപേര്‍ച്ചര്‍. വൈഡ് ലെന്‍സിന് ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. ടെലിക്ക് ഇല്ല. ഒരു പക്ഷെ, ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സാന്നിധ്യം കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പോര്‍ട്രെയ്റ്റ് ലൈറ്റിങ് ആണ്. പ്രകാശ വ്യതിയാനം നിര്‍ണ്ണയിച്ച ശേഷം ഫോണ്‍ തന്നെ സബ്ജക്ടിനെ സുന്ദരമാക്കാനുതകുന്ന ലൈറ്റിങ് നല്‍കുന്നു. ഇത് പിന്നീട് മാറ്റുകയും ചെയ്യാം. 

ഡെപ്ത് മാപ്പിലൂടെ മുഖത്തെ പഠിച്ച ശേഷം എടുക്കുന്ന ചിത്രങ്ങള്‍ വിവിധ തരം ലൈറ്റിങ്ങിലൂടെ മികവുറ്റതാക്കാം. ക്യാമറയുടെ ട്രൂ ടോണ്‍ ഫ്‌ളാഷിന് സ്ലോ സിങ്ക് മോഡും നല്‍കിയിട്ടുണ്ട്. 1080 വിഡിയോ 240 fpsല്‍ ഷൂട്ടു ചെയ്യാം. 4K വിഡിയോയും ഷൂട്ട് ചെയ്യാം. പ്രകാശം കുറഞ്ഞ സ്ഥലത്തും ഫോണ്‍ നല്ല ചിത്രങ്ങള്‍ എടുക്കും. വേഗതയുള്ള ഓട്ടോഫോക്കസും നല്ല നോയിസ് റിഡക്ഷനും ഫോട്ടോ എടുക്കല്‍ അനുഭവം മെടച്ചപ്പെടുത്തും.

ഇവയ്ക്ക് സ്റ്റീരിയോ സ്പീക്കറുകളാണ് ഉള്ളത്. ഐഓഎസ് 11 ഫോണുകളുടെ പ്രവര്‍ത്തനം സുഗമമാക്കും. ഈ ഫോണുകളില്‍ ടച്ച് ഐഡി പ്രവര്‍ത്തിക്കുന്നു. ഐഫോണ്‍ 8ന്റെ വില തുടങ്ങുന്നത് 699 ഡോളറിലാണ്. 64GB മോഡലിനാണ് ഈ വില. 128GB/256GB വേര്‍ഷനുകളും രണ്ടു ഫോണുകള്‍ക്കും ഉണ്ട്. ഈ മാസം 15ന് പ്രീ ഓര്‍ഡര്‍ ആരംഭിക്കുന്ന ഫോണകളുടെ ഷിപ്പിങ് സെപ്റ്റംബര്‍ 22ന് ആരംഭിക്കും.