sections
MORE

80 മെഗാപിക്സൽ ക്യാമറയുമായി നോവ N7 ഫോണ്‍, അതിവേഗം, വേറിട്ട ഫീച്ചറുകളുടെ കലവറ

noa-n7
SHARE

ഫോണിനെ കുറിച്ചു പറയുമ്പോള്‍ ആദ്യം വരുന്ന ചോദ്യങ്ങളില്‍ ഒന്ന് എത്ര മെഗാപിക്സലാണ് ക്യാമറ എന്നതാണ്. ഐഫോണ്‍ X 12 മെഗാപിക്സൽ; മിക്കവാറും ഫോണുകളെല്ലാം 20 മെഗാപിക്സൽ സെന്‍സറുകളുമായാണ് എത്തുന്നത്. നോക്കിയ പ്യുവര്‍വ്യൂ 808, ഉടനെ പുറത്തിറങ്ങാന്‍ പോകുന്ന വാവെയ് ഫോണ്‍ ഇവയൊക്കെ 40 മെഗാപിക്സൽ റസലൂഷന്‍ ചിത്രങ്ങളൊക്കെയെടുക്കും. DSLRകളില്‍ ക്യാന്‍ 5DS/R 50 മെഗാപിക്സൽ ചിത്രങ്ങള്‍ എടുക്കും. എന്നാല്‍, മൊബൈല്‍ ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ടോ, ക്യാമറാ നിര്‍മാണവുമായി ബന്ധപ്പെട്ടോ കേട്ടിട്ടേയില്ലാത്ത നോവ കമ്പനി ഈ മാസം ഇറക്കാന്‍ പോകുന്ന N7 ഫോണിന് 80 മെഗാപിക്സലാണ് റസലൂഷന്‍!

വിലയടക്കം പല കാര്യങ്ങളിലും വളരെ താത്പര്യജനകമായ കാര്യങ്ങളാണ് നോവ എന്ന ക്രൊയെഷ്യന്‍ കമ്പനിയുടെ N7 മോഡലിനെ കുറിച്ചു കേള്‍ക്കുന്നത്. ഈ മാസം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഫോണ്‍ അരങ്ങേറ്റം നടത്തുക. ഇരട്ട ക്യാമറകളാണ് ഈ കേമനുള്ളത്. 16 മെഗാപിക്സൽ റെസലൂഷനുള്ള സോണി നിര്‍മിച്ച IMX298 1/2.8' സെന്‍സറാണ് ഫോണിനുള്ളത്. ഈ രണ്ടു ക്യാമറകളും എങ്ങനെയാണ് ഒത്തൊരുമയോടു കൂടി പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും വെളിവാക്കപ്പെട്ടിട്ടില്ല. ഇവയ്ക്ക് ബോ-കെ എഫക്ട് സൃഷ്ടിക്കാന്‍ സാധിച്ചേക്കാമെന്നും എടുക്കുന്ന കംപ്യൂട്ടേഷണല്‍ ഒരുമിപ്പിക്കലിലൂടെ കൂടുതല്‍ വിശദാംശങ്ങളുള്ളതും നോയ്‌സ് കുറവുള്ളതുമാക്കാനുള്ള കഴിവുണ്ടാകുമെന്നും അനുമാനിക്കുന്നു.

എന്നാല്‍ ഫോണിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത് അതിന്റെ ക്യാമറയുടെ ഹൈ-റെസലൂഷന്‍ മോഡില്‍ സൃഷ്ടിക്കുന്ന 80 മെഗാപിക്സൽ ചിത്രങ്ങളാണ്. ഇത് എങ്ങനെയായിരിക്കും സാധിച്ചിരിക്കുക എന്നതും വെളിവാക്കപ്പെട്ടിട്ടില്ല. എന്നാല്‍, രണ്ടു ലെന്‍സുകളിലൂടെയും എടുക്കുന്ന ചിത്രങ്ങള്‍ പിക്‌സല്‍ ഷിഫ്റ്റ് ടെക്‌നോളജിയിലൂടെ സംയോജിപ്പിച്ചായിരിക്കാം ഇതു സാധ്യമാക്കിയിരിക്കുന്നത് എന്നാണ് കരുതുന്നത്. 

നോവ പുറത്തുവിട്ട വിഡിയോ ശ്രദ്ധിച്ചാല്‍ തോന്നുന്നത് ഇത്തരം ചിത്രമെടുക്കണമെങ്കില്‍ ട്രൈപ്പോഡ് വേണ്ടിവരും എന്നാണ്. എങ്കില്‍ പോലും പ്രകൃതി ദൃശ്യങ്ങളോ ചലിക്കാത്ത സബ്ജക്ടുകളെയോ പകര്‍ത്തുമ്പോള്‍ ഇത് വളരെ ഉപയോഗപ്രദമായിരിക്കും.

മറ്റു വിശദാംശങ്ങള്‍ പരിശോധിക്കാം- മുന്‍ക്യാമറയിലൂടെ ഫെയ്‌സ് ഐഡി ലഭ്യമാക്കിയിട്ടുണ്ട്. DTS സ്റ്റീരിയോ സ്വരം മറ്റൊരു ആകര്‍ഷണീയതയാണ്. എട്ടു കോറുള്ള മീഡിയടെക് MT6750 പ്രോസസറാണ് ഫോണിനു ശക്തി പകരുന്നത്. 5.7-ഇഞ്ച് എച്ഡി പ്ലസ് (1440x720 പിക്‌സല്‍സ്) റെസലൂഷനുള്ള ഡിസ്‌പ്ലെയ്ക്ക് 18:9 അനുപാതമാണ് ഉള്ളത്. 4GB റാമും 64GB സ്റ്റോറേജുമുണ്ട്. 128GBയുള്ള മൈക്രോഎസ്ഡി കാര്‍ഡ് വരെ സ്വീകരിക്കും. 3300 mAh ബാറ്ററിയും ഉണ്ട്. ആന്‍ഡ്രോയിഡ് 8.0 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഏകദേശം 20,000 രൂപയായിരിക്കും ഫോണിനു വില. ഇത്രയെല്ലാം കാണിച്ച നോവ എന്തിനാണ് സ്‌ക്രീന്‍ റെസലൂഷന്‍ കുറച്ചത്? ഫുള്‍എച്ഡി എങ്കിലും ആയിരുന്നെങ്കില്‍ ധാരാളം പേര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കാന്‍ ആഗ്രഹിച്ചേനെ. 

ഈ ഫോണ്‍ വിജയമാണെങ്കില്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും എൻജിനീയര്‍മാരെ നമ്മള്‍ എങ്ങനെ പുച്ഛിക്കാതിരിക്കും? ഐഫോണ്‍ ക്യാമറയ്ക്കു വേണ്ടി മാത്രം 800ല്‍ അധികം എൻജിനീയര്‍മാരാണ് പണിയെടുക്കുന്നത് എന്നൊര്‍ക്കുക. നോവ പോലെയൊരു കമ്പനിക്ക് മൊത്തം ജോലിക്കാര്‍ അതില്‍ എത്രയോ കുറവായരിക്കും. എന്തായാലും, സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയില്‍ ഈ വര്‍ഷം കേട്ടതില്‍ വച്ച് ഏറ്റവും ഉദ്വേഗജനകമായ വാര്‍ത്ത ഇതാണ് എന്നു പറയാതെ വയ്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA