sections
MORE

ആപ്പിളിനെ വീഴ്ത്താൻ ഗൂഗിൾ; 5 കാര്യങ്ങളിൽ ഐഫോൺ Xനെ പിക്‌സല്‍ കടത്തിവെട്ടും

google-pixel-3-concept
SHARE

ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ അവതരണം തുടങ്ങി കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഒന്നായ സാംസങ് ഗ്യാലക്‌സി S9 ഈ മാസം 25ന് അവതരിപ്പിക്കുന്നതോടെ മികച്ച ഫീച്ചറുകളുടെ കടിപ്പറിയാനാകും. എന്നാല്‍, ഒരു കൂട്ടം അവലോകകര്‍ പറയുന്നത് ഐഫോണ്‍ X നെയും സാംസങ് ഗ്യാലക്‌സി 9, നോട്ട് മോഡലുകളെയും അതിശയിക്കുന്ന ഫോണ്‍ ഗൂഗിള്‍ ഇറക്കുമെന്നാണ്. അതിന് അവര്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്:

1. കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ ഇരട്ടകള്‍ (പിക്‌സല്‍ 2/ പിക്‌സല്‍ 2XL) ഇപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ്. ഐഫോണ്‍ അവതരണ ആരവത്തിനിടയ്ക്ക് ഗൂഗിള്‍ ഈ ഫോണുകളെ അനാവരണം ചെയ്തതാണ് ഇവയുടെ ഫീച്ചറുകള്‍ ലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്. ഗൂഗിള്‍ ആ തെറ്റ് ഇനി ആവര്‍ത്തിക്കരുത്. ഫോണുകളുടെ പ്രാഥമിക കടമ നിര്‍വ്വഹണത്തില്‍ പിക്‌സല്‍ ഫോണുകളാണ് ഇപ്പോള്‍ മികച്ചു നില്‍ക്കുന്നത്. ക്യാമറാ നിര്‍മാണം, സംഭരണശേഷി, ബാറ്ററി എന്നിവയില്‍ ഗൂഗിള്‍ ആണ് മുൻപില്‍ എന്നാണ് പിക്‌സലിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. 

4K വിഡിയോ യാതൊരു പരിധിയുമില്ലാതെ റെക്കോഡു ചെയ്യാമെന്നതും ഈ ഫുട്ടെജ് എളുപ്പത്തില്‍ ബാക്-അപ് ചെയ്യാമെന്നതുമാണ് സ്റ്റോറേജില്‍ ഗൂഗിള്‍ കൊണ്ടുവന്ന കഴിഞ്ഞ വര്‍ഷത്തെ വിപ്ലവങ്ങളിലൊന്ന്. ധാരാളം ഡേറ്റ വളരെ പെട്ടന്നു സൃഷ്ടിക്കപ്പെടുന്ന 4K വിഡിയോ റെക്കോഡു ചെയ്യാന്‍ എതിരാളികള്‍ക്കും സാധിക്കുമെങ്കിലും അവരുടെ ഫോണുകളില്‍ ഇത് പിക്‌സലിന്റെയത്ര സുഗമമല്ല. കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാമറാ ഫോണ്‍ ഗൂഗിള്‍ പിക്‌സല്‍ തന്നെയാണ്. ക്യാമറയുടെ ശേഷിയെ ശാസ്ത്രീയമയി അപഗ്രഥിക്കുന്ന DXO യുടെ അളവു വച്ചും മറ്റ് പ്രധാന ടെസ്റ്റുകളിലും പിക്‌സല്‍ തന്നെയാണ് വിജയി. 

അദ്ഭുതപ്പെടുത്തുന്ന ബാറ്ററി പ്രകടനമാണ് പിക്‌സല്‍ ഇരട്ടകളുടേത്. ക്വിക് ചാര്‍ജിങ് എന്നു പറഞ്ഞ് പലരും ഫോണ്‍ വില്‍ക്കുന്നണ്ട്. ശരിക്കുള്ള ക്വിക് ചാര്‍ജിങ്ങിന്റെ മാന്ത്രികത കാണണമെങ്കില്‍ പിക്‌സല്‍ തന്നെ ഉപയോഗിച്ചു നോക്കണമെന്നാണ് പിക്‌സലിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. ആകെയുളള പ്രശ്‌നങ്ങള്‍ സ്‌ക്രീനുമായും മറ്റും ബന്ധപ്പെട്ടവയാണ്. അവയ്ക്കു പ്രാധാന്യം കൊടുത്ത് പിക്‌സല്‍ 3 നിര്‍മിച്ചാല്‍ ഗൂഗിള്‍ ഒരു ചാംപ്യന്‍ ഹാന്‍ഡ്‌സെറ്റ് തന്നെ പുറത്തിറക്കും.

2. ആദ്യകാലത്ത് വളരെ മികച്ച ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചിരുന്ന എച്ടിസി കമ്പനിയെ ഗൂഗിള്‍ അടുത്ത കാലത്ത് ഏറ്റെടുത്തിരുന്നല്ലൊ. 1.1 ബില്ല്യന്‍ ഡോളറിനാണ് കച്ചവടം. ഇതോടെ തങ്ങളുടെ ഫോണിനു വേണ്ടി പണിയെടുക്കാന്‍ ഗൂഗിളിന് ഒറ്റയടിക്ക് 2,000 സ്വന്തം ജോലിക്കാരെയും കിട്ടി. 2106ല്‍ രണ്ടു പിക്‌സല്‍ മോഡലുകളും നിര്‍മിച്ചത് എച്ടിസിയാണ്. 2107ല്‍ പിക്‌സല്‍ 2 എച്ടിസിയും പിക്‌സല്‍ 2XL എല്‍ജിയും ആണ് നിര്‍മിച്ചത്. പ്രഗത്ഭരുടെ ഒരു പടയാണ് എച്ടിസിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഇപ്പോഴത്തെ നിലയില്‍ ആപ്പിളിനെയും സാംസങ്ങിനെയും കടത്തിവെട്ടാനാകും. എച്ടിസി വാങ്ങിയത് ഗൂഗിളിന്റെ രാശി മാറ്റും.

3. ആന്‍ഡ്രോയിഡിന്റെ ഉടമയും സൃഷ്ടാവും ഗൂഗിള്‍ ആയതിനാല്‍ അതിന്റെ കാതലറിഞ്ഞ് ഫോണ്‍ നിര്‍മിക്കാം. ഇതറിയണമെങ്കില്‍ പിക്‌സലിനു മുൻപിലുള്ള ഗൂഗിളിന്റെ സ്വന്തം ഫോണ്‍ ആയിരുന്ന നെക്‌സസ് 5X മോഡലും ഇപ്പോഴത്തെ സാസംങ് ഗ്യാലക്‌സി 8 അല്ലെങ്കില്‍ നോട്ട് 8 ഉം തമ്മില്‍ താരതമ്യം ചെയ്താല്‍ മതിയാകും. മൂന്നു വര്‍ഷം പഴക്കമുള്ള നെക്‌സസ് 5, ആന്‍ഡ്രോയിഡ് അനുഭവത്തില്‍ ഈ വര്‍ഷത്തെ സാംസങ്ങിനെക്കാള്‍ മികച്ചതാണ്. (ഇവിടെ ഐഫോണ്‍ പരിഗണിക്കുന്നില്ല. പക്ഷേ, സാംസങ്, വാവെയ് തുടങ്ങിയ ഫോണുകള്‍ എന്തുകൊണ്ട് പിക്‌സല്‍ മോഡലുകളുടെയെടുത്തു വരില്ല എന്നതിന് ഇതു തെളിവാണ്.) 

4. ഈ വര്‍ഷം തിരഞ്ഞെടുക്കാന്‍ ഒരു പിക്‌സല്‍ മോഡല്‍ കൂടെ വരുമെന്നാണ് കേള്‍ക്കുന്നത്. 2018ല്‍ വിലകൂടിയ മോഡലുകള്‍ക്കൊപ്പം വില കുറഞ്ഞ ഒരെണ്ണവും അല്ലെങ്കില്‍ ആപ്പിളിനെ പോലെ വളരെ വില കൂടിയ ഒരു മോഡലും ആകാം ഗൂഗിള്‍ നിര്‍മിക്കുന്നത്. സാംസങ് ഒരു വളയ്ക്കാവുന്ന ഹാന്‍ഡ്‌സെറ്റ് ഇറക്കിയേക്കാം. അതൊക്കെ വന്നാലും ഗൂഗിള്‍ മുന്നില്‍ക്കയറുമെന്നാണ് വാദം. 

5. ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കളെ ഐഫോണിലും ഐപാഡിലും തളച്ചിടാന്‍ ശ്രിക്കുന്നു. ഗൂഗിളാകട്ടെ തങ്ങളുടെ തുറന്ന ആപ് പരിസ്ഥിതിയുമായി ഉപയോക്താക്കളിലേക്കു ചെല്ലുന്നു. ഗൂഗിളിന്റെ സേവന ത്രിമൂര്‍ത്തികളായ ജിമെയില്‍, ഗൂഗിള്‍ മാപ്‌സ്, ട്യൂബ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാത്ത ഒറ്റ ഇന്റര്‍നെറ്റ് ഉപയോക്താവു പോലും കാണില്ല. മിക്കവരും ഈ മൂന്നു സേവനങ്ങളും എന്നും ആസ്വദിക്കുന്നവരായിരിക്കാം. ഇവയെല്ലാം ഐഒഎസിലും ലഭ്യമാണെങ്കിലും അവ ഇനിമേല്‍ പിക്‌സല്‍ ഫോണുകളില്‍ കൂടുതല്‍ മികവു കാണിക്കും. ഇതു കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്ദ്രജാലമുള്ള ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ കലണ്ടര്‍ എന്നിവയും പിക്‌സലില്‍ പൂര്‍ണ്ണ പ്രഭാവത്തോടെ ആസ്വദിക്കാന്‍ സാധിക്കും. 

google-pixel-3-

ഇതൊക്കെ ശരിയോ?

ഇതെല്ലാമാണ് ഗൂഗിളിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. ഇതില്‍ ശരിയുമുണ്ട്. എന്നാല്‍ എല്ലാം ശരിയോണോ? പിക്‌സല്‍ ഫോണുകളുടെ ക്യാമറ മികച്ചതാണ്. പക്ഷേ, ഐഫോണ്‍ Xനെ നിഷ്പ്രഭമാക്കുന്ന പ്രകടനമൊന്നും നടത്തുന്നില്ല. ഈ വര്‍ഷം മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെയൊക്കെ കവച്ചു വയ്ക്കുന്ന ക്യാമറാ പ്രകടനവുമായി ആരെങ്കിലും എത്തിക്കൂടെന്നുണ്ടോ? നമ്മള്‍ ഇന്നലെ കണ്ട നോവ ഫോണ്‍ തന്നെ ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമല്ലെ നടത്തിയിരിക്കുന്നത്? അതുപോലെ വാവെയ്-ലൈക്ക സഖ്യത്തെയും ആര്‍ക്കും എഴുതിതള്ളാനാകില്ല. 

പിന്നെ, ഐഫോണ്‍. സ്റ്റീവ് ജോബ്‌സിന്റെ അഭാവം ആപ്പിളിന്റെ പ്രകടനത്തില്‍ വ്യക്തമായി കാണാം എന്നാണ് പൊതുവെയുള്ള അഭിപ്രായം. പക്ഷേ, ആപ്പിള്‍ എന്ന ആന തൊഴുത്തില്‍ കെട്ടാന്‍ പാകത്തിന് ഇപ്പോഴും മെലിഞ്ഞിട്ടും മറ്റും ഇല്ല. അവരും മികച്ച പ്രൊഡക്ട് തന്നെ നിര്‍മിക്കും. ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ ആപ്പിളിനെ പോലും പിന്നിലാക്കാനുള്ള കരുത്ത് സാംസങ്ങിനുണ്ട്. സാംസങ്ങില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഫോണുകളും മറ്റും പ്രതീക്ഷിക്കുന്നുണ്ട്. 

ഇനി മികച്ച ഫോണ്‍ ഉണ്ടാക്കിയാല്‍ തന്നെ അതു വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമോ?

കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ ഫോണുകള്‍ വാങ്ങേണ്ടി വന്ന ചിലരെങ്കിലും ഈ വര്‍ഷം പിക്‌സല്‍ എന്നു കേട്ടാല്‍ ജീവനും കൊണ്ട് ഓടും. ഒരു മുന്തിയ ഫോണില്‍ നിന്നു പ്രതീക്ഷിക്കാത്ത വിധമുള്ള ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങള്‍ അവയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നു.

ഒരു വാദം ഗൂഗിളിന്റെ പ്യുവർ ആന്‍ഡ്രോയിഡ് ആസ്വദിക്കാന്‍ സാധിക്കുന്നത് പിക്‌സല്‍ ഫോണുകളിലാണ് എന്നതാണല്ലോ. ശരിയാണ്, എന്നാൽ പ്യുവർ ആന്‍ഡ്രോയിഡിനെ, 'സാധാരണ' ആന്‍ഡ്രോയിഡിനെക്കാള്‍ ചിലരെയെങ്കിലും പേടിച്ചേക്കും. ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഓരോ നീക്കവും ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തില്ലെങ്കില്‍ പോലും ഗൂഗിള്‍ അറിയുന്നു എന്നു പോലും ആരോപണമുണ്ട്. ഈ വിഡിയോ കണ്ടു നോക്കൂ. പ്രത്യക്ഷത്തില്‍, പരസ്യം നല്‍കാനാണ് ഗൂഗിള്‍ ഇതു ചെയ്യുന്നത്. എന്നാല്‍, ഡിജിറ്റല്‍ പ്രൊഫൈലിങ് നടത്തുന്നു എന്ന ഹീനമായ ആരോപണവും കമ്പനിക്കെതിരെ നിലനില്‍ക്കുന്നു. ഒരാളെ കുറിച്ച് ഒരിക്കല്‍ ശേഖരിക്കുന്ന ഡേറ്റ ഒരിക്കലും നശിപ്പിക്കില്ലത്രെ. 

(ആന്‍ഡ്രോയിഡിനെ ഗൂഗിളിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു മോചിപ്പിച്ച സൈയനൊജന്‍ (Cyanogen) കമ്പനിയെയാണ് 2016 വരെ സ്വകാര്യതയെ കുറിച്ചു ബോധമുള്ള പലരും ആശ്രയിച്ചിരുന്നത്. വണ്‍പ്ലസ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങുന്നത് സൈയനൊജന്‍ ഒഎസും ആയിട്ടായിരുന്നു. (ഇന്ത്യയില്‍ മൈക്രോമാക്‌സുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് വണ്‍പ്ലസ് കമ്പനിക്ക് പിന്നീട് ആന്‍ഡ്രോയിഡിനു മേല്‍ ഓക്‌സിജന്‍ ഒഎസ് എന്ന സ്വന്തം മേലാട ഉപയോഗിക്കേണ്ടി വന്നത്. ഇതാകട്ടെ സൈയനൊജന്റെ പ്രതിരോധ ശേഷിയൊന്നും ഉള്ളതല്ല.) ആന്‍ഡ്രോയിഡില്‍ അണ്‍ഇന്‍സ്റ്റള്‍ ചെയ്യാന്‍ സാധിക്കാത്ത ഗൂഗിളിന്റെ ആപ്പുകള്‍ പോലും സൈയനൊജന്‍ ഒഎസില്‍ എടുത്തു കളായമായിരുന്നു. ഇന്ന് സൈയനൊജന്റെ പ്രഭാവം പോയിരിക്കുന്നു. പക്ഷേ, സ്വകാര്യതയെ കുറിച്ചുള്ള ബോധം വര്‍ധിക്കുന്നതോടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ റൂട്ടു ചെയ്യുന്നത് റിസ്‌ക് ആണെങ്കില്‍ പോലും റൂട്ടു ചെയ്യാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരുന്നു.) 

മറ്റൊന്ന് വിലയാണ്. പിക്‌സല്‍ ഫോണുകള്‍ക്ക് പ്രീമിയം ഫോണുകളുടെ വിലയുണ്ട്. അതുകൊണ്ട് അത്ര വില കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിളിനെയോ സാസംങ്ങിനെയോ ആയിരിക്കും ആശ്രയിക്കുക.

iPhone-2018

ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന പിക്‌സല്‍ ഫോണ്‍ എത്ര മികച്ചതാണെങ്കിലും അതു വാങ്ങനായി ലോകത്തൊരിടത്തും ഒരു ക്യൂ പോലും ഉണ്ടാവണമെന്നില്ല. എന്നാല്‍ ഐഫോണ്‍ വാങ്ങാന്‍ ക്യൂ ഉണ്ടാകും. ലോകത്തെ പല പ്രമുഖ നഗരങ്ങളിലും. ആപ്പിളും ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നുണ്ടാകാം. എന്നാല്‍, അവര്‍ ഈ കാര്യത്തില്‍ ഗൂഗിളിനെ പോലെ കുപ്രസിദ്ധിയും ധാര്‍ഷ്ട്യവും ഉള്ളവരല്ല. (എന്തിനേറെ പറയണം, ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനം മുതല്‍ ഉബുണ്ടു പോലും തങ്ങളുടെ ഉപയോക്താക്കളെ ട്രാക്കു ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഉപയോക്താക്കളെ അടുത്തറിയാനാണത്രെ. ഇതൊക്കെ തന്നെയാണ് ഗൂഗിളും പറയുന്ന ഒഴികഴിവ്. 

ഉപയോക്താവിനു തന്നെ ട്രാക് ചെയ്യേണ്ടെന്നു പറയാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഉബുണ്ടു നല്‍കുന്നുണ്ട്.) ഈ കാരണങ്ങളൊക്കെ കൊണ്ട്, തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍ ഒരു കൂട്ടം ഉപയോക്താക്കള്‍ ആപ്പിളിനെ തന്നെ ആശ്രയിക്കും. 

ചുരുക്കി പറഞ്ഞാല്‍, 2018ലെ മികച്ച ഫോണുകള്‍ ഗൂഗിള്‍ ഇറക്കിയാല്‍ പോലും അവ ഐഫോണുകളെ വില്‍പ്പനയില്‍ മറികടക്കാനുള്ള വിദൂര സാധ്യത പോലും ഇല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA