sections
MORE

ഇന്ന്, ഈ നിമിഷം വാങ്ങാവുന്ന ഏറ്റവും മികച്ച 20 സ്മാർട് ഫോണുകൾ ഇവയാണ്...

galaxy-s9
SHARE

ഇന്ന്, ഈ നിമിഷം വാങ്ങാവുന്ന നല്ല സ്മാര്‍ട്ഫോണുകളുടെ പട്ടിക തയാറാക്കിയാല്‍ 2018 ലെ സാംസങ് ഗ്യാലക്‌സി S9/S9 പ്ലസ് ഹാന്‍ഡ്‌സെറ്റുകളുടെ സ്ഥാനം എവിടെയായിരിക്കും? കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫോണുകളില്‍ ഒന്നായ ഐഫോണ്‍ X ഒന്നാം സ്ഥാനത്തു തുടരുമോ? ഒരെത്തിനോട്ടം:

20. ബ്ലാക്ബറി കീവണ്‍ (KeyOne)

blackberry-keyone

സുരക്ഷയുടെ പര്യായമായിരുന്ന ബ്ലാക്‌ബെറി ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും കടന്നു കയറ്റിത്തിനിടെ അധികം പ്രാധാന്യമില്ലാത്ത ഒന്നായി മാറി. ബ്ലാക്‌ബെറി ഒഎസില്‍ ഓടുന്ന ഫോണുകള്‍ ഇന്നും ഉപയോഗിക്കുന്ന പലരുമുണ്ട്. എന്നാല്‍ കമ്പനിയുടെ കീവണ്‍ സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് ഒഎസിലുള്ളതാണ്. അവരുടെ പ്രിവ് (Priv) മോഡലിന്റെ പിന്‍ഗാമിയാണ് ഇത്. ഫിസിക്കല്‍ കീബോര്‍ഡുകളാണ് ഇവയുടെ പ്രത്യേകത. പ്രിവിന് താഴേക്കു സ്ലൈഡു ചെയ്യാവുന്ന കീബോര്‍ഡ് ആയിരുന്നെങ്കില്‍ കീവണ്ണിന് ഉറപ്പിച്ചു നിറുത്തിയ കീബാര്‍ഡാണ് എന്നതാണ് പ്രത്യേകത. ഇന്നും ഫിസിക്കല്‍ കീബോര്‍ഡ് ഇഷ്ടപ്പെടുന്നവര്‍ക്ക്, എന്നാല്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഒരു മോഡലാണ് കീവണ്‍. 35,000 രൂപയോളമായിരുന്നു ലോഞ്ച് വില.

19. മോട്ടറോള മോട്ടോ G5പ്ലസ്

Moto-G5-and-Moto-G5-Plus

വില കുറഞ്ഞ സ്മാർട് ഫോണുകള്‍ക്കിടയില്‍ മോട്ടറോള G5 പ്ലസിനുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്. 5.2 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ഡി സ്‌ക്രീനുള്ള ഈ മോഡലിന് ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ സാന്നിധ്യവും, നല്ല ബാറ്ററി ലൈഫുമാണ് ഫോണ്‍ വിശകലനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഘടകങ്ങള്‍. ഈ ഫോണില്‍ സാമാന്യം മാറ്റങ്ങൾ വരുത്താത്ത ആന്‍ഡ്രോയിഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 14,000 രൂപയാണു വില. എന്‍എഫ്‌സി തുടങ്ങിയ ഫീച്ചറുകള്‍ ഇല്ലാത്തതിനാല്‍ മൊബൈല്‍ പേയ്‌മെന്റ് നടത്താനാവില്ല. യുഎസ്ബി-സി ഇല്ല തുടങ്ങിയ കുറവുകളും ഉണ്ട്. (മികച്ച, വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളെ മുഴുവനായും ഈ ലിസ്റ്റില്‍ പരിഗണിച്ചിട്ടില്ല.)

18. മോട്ടറോള മോട്ടോ Z2 ഫോഴ്‌സ് (Force)

പ്രീമിയം ഫോണുകളില്‍ നിന്നു പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് മോട്ടോ Z2 മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. ഈ മെലിഞ്ഞ ഫോണ്‍ ശ്രദ്ധ പിടിച്ചുപറ്റിയത് അതിന്റെ നിര്‍മാണത്തിലും വേഗത്തിലും നല്ല ക്യാമറകളുടെ സാന്നിധ്യത്തിലുമെല്ലാം കൂടെയാണ്. 5.5-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് മോഡലിനുള്ളത്. മറ്റു ഫോണുകളേക്കാള്‍ പൊട്ടാനുള്ള സാധ്യത കുറവാണ് എന്നതാണ് ഇതിന്റെ സ്‌ക്രീനിനെ വ്യത്യസ്തമാക്കുന്നത്.
എന്നാല്‍, മോഡ്യൂലര്‍ സങ്കല്‍പ്പത്തിലുള്ള (മികവിനായി കമ്പനി തന്നെ ഒരുക്കുന്ന പല അക്‌സസറികളും പിടിപ്പിക്കാം) ഒരു ഫോണായതിനാല്‍ പൂര്‍ണ്ണതയിൽ എത്തണമെങ്കില്‍ പല 'മോഡു'കളും വാങ്ങണം. ഉദാഹരണമായി എക്‌സ്റ്റേണല്‍ സ്പീക്കറുകളും വലിയ ബാറ്ററിയുമൊക്കെ ലഭ്യമാണ്. ഇത്തരം അക്‌സസറികളുടെ അഭാവത്തില്‍ ഇത് മുന്‍നിര ഫോണുകളോടു പിടിച്ചുനില്‍ക്കില്ല. ഫോണിന്റെ ഏകദേശ വില 20,000 രൂപയാണ്.

mot-moto-z2-force-mods

17. ഐഫോണ്‍ SE/6S/6S പ്ലസ്

ഇവയെല്ലാം രണ്ടു വര്‍ഷം മുൻപ് ഇറക്കിയതാണ്. ഒരേ പ്രൊസസറും മറ്റും ഉള്ളവയുമാണ്. ഇവ ഇപ്പോഴും ആപ്പിള്‍ വില്‍ക്കുന്നുണ്ടെന്നു തന്നെയല്ല മികച്ച മോഡലുകളുമാണ്. ഏറ്റവും പുതിയ ഐഒഎസ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. മിക്കവാറും ഐഒഎസ് 12ലേക്കു അപ്‌ഗ്രേഡു ചെയ്യാനും സാധിച്ചേക്കും. ടച് ഐഡി തുടങ്ങിയ ഫീച്ചറുകളെല്ലാം ഉണ്ട് എന്നതിനാല്‍ പരിഗണിക്കാവുന്ന മോഡലുകളാണ് ഇവ.

ഏറ്റവും വില കുറച്ചു വിറ്റ ഐഫോണുകളില്‍ ഒന്നാണ് SE. ഇപ്പോള്‍ 32GB മോഡലിന് ഏകദേശം 19,000 രൂപയാണു വില. 6s മോഡലിന് 35,000 (32GB) രൂപയാണു വിലയെങ്കില്‍ 6s പ്ലസ് മോഡലിന് 42,000 രൂപ വിലയിട്ടിരിക്കുന്നു. (ഓണ്‍ലൈന്‍ വ്യാപാരികള്‍ ഇതിലും വില കുറച്ചും വില്‍ക്കാറുണ്ട്.)

iphone-se-

16. എച്ടിസി U11

മികച്ച ഫോണുകള്‍ ഇറക്കുന്നതില്‍ പേരുള്ള കമ്പനിയായിരുന്നു എച്ടിസി. കമ്പനിയെ 1.1 ബില്യന്‍ ഡോളറിന് ഗൂഗിള്‍ വിഴുങ്ങിയതു തന്നെ അവരുടെ മികവു കാണിക്കുന്നു. ഒരു പക്ഷേ, ഗൂഗിളിന്റെ അഭിമാന ഫോണായ പിക്‌സല്‍ ശ്രേണിയിലെ അടുത്ത മോഡല്‍ ഇറക്കുന്നത് എച്ടിസി ആയേക്കാം. എച്ടിസിയുടെ മികച്ച ഫോണുകളില്‍ ഒന്നാണ് U11. മികച്ച ക്യാമറ ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. മികച്ച പ്രകടനമാണ് ഫോണിനുള്ളത്. വശങ്ങളില്‍ ഞെക്കിയാല്‍ പ്രിയപ്പെട്ട ആപ്പിനെ ഓണാക്കാം. (ഉദാഹരണം- ഗൂഗിള്‍ അസിസ്റ്റന്റ്) തോണ്ടാനും ചുരണ്ടാനും ഒന്നും നില്‍ക്കണ്ട. മികച്ച ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നായാണ് ഈ മോഡലിനെ വിലയിരുത്തുന്നത്. ഇതിന്റ പ്രധാന കുറവുകള്‍ ഹെഡ്‌ഫോണ്‍ ജാക് ഇല്ല എന്നതും ഇന്നത്തെ നിലവാരം വച്ച് ബെസല്‍ കൂടുതലാണ് എന്നതുമാണ്. 128GB വേര്‍ഷന് ഏകദേശം 46,000 രൂപയാണ് ഇപ്പോഴത്തെ വില.

u11

15. എല്‍ജി G6

എല്‍ജിയുടെ മികച്ച സ്മാര്‍ട്ട്‌ഫോണാണ് G6. മികച്ച ഡിസൈനും സ്‌ക്രീനും ഇതിനെ വേറിട്ട മോഡലാക്കുന്നു. സാധാരണ ഫോണുകളേക്കാള്‍ നീളമുള്ള സ്‌ക്രീനാണ് ഈ മോഡലിന് എന്നത് വിഡിയോ കാണുന്നത് വളരെ സുഖകരമായ ഒരു അനുഭവമാക്കി മാറ്റുന്നു. ആപ്പുകളുടെ ഉപയോഗവും അങ്ങനെ തന്നെ. വാട്ടര്‍ റെസിസ്റ്റന്റ് ആണ് G6. ആപ്പിള്‍, സാംസങ് തുടങ്ങിയ ഭീമന്മാരോടു കിടപിടിക്കത്തക്ക രീതിയിലാണ് ഈ ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇരട്ട ക്യാമറയാണ് മികച്ചതാണ്. ഫോണിന്റെ ഏറ്റവും വലിയ പരിമിതി സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസറാണ് ശക്തി പകരുന്നത് എന്നതാണ്. ഒരു തലമുറ പഴയ പ്രൊസസര്‍ മതിയെങ്കില്‍ ഇതൊരു നല്ല മോഡലാണ്. ഈ മോഡലിന് ഇപ്പോള്‍ ഏകദേശം 30,000 രൂപ നല്‍കിയാല്‍ മതിയാകും.

lg-g6

14. ഇസെന്‍ഷല്‍ ഫോണ്‍

മോഡ്യുലര്‍ ഫോണിന്റെ മികവുകളും സാധ്യതയും മുഴുവന്‍ എടുത്തണിഞ്ഞ് എത്തിയ ഇസെന്‍ഷല്‍ ഫോണ്‍ ഉജ്ജ്വലമായ ഒരു ഹാന്‍ഡ്‌സെറ്റാണ്. ബെസല്‍ കുറച്ചു നിര്‍മിച്ച സ്‌ക്രീനും അധികമൂല്യം തോന്നിക്കുന്ന നിര്‍മിതിയുമെല്ലാം ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു- ഇതിന്റെ പിന്‍ഭാഗം സെറാമിക് കൊണ്ടു നിര്‍മിച്ചതാണെങ്കില്‍ വശങ്ങള്‍ ടൈറ്റാനിയം ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ശുദ്ധ ആന്‍ഡ്രോയിഡാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇസെന്‍ഷലിന്റെ ആദ്യ ഹാന്‍ഡ്‌സെറ്റാണിത്. ഇത്രയധികം മേന്മകളുള്ള ഒരു ഫോണ്‍ തങ്ങളുടെ ആദ്യ ഫോണായി ഏതെങ്കിലും കമ്പനി പുറത്തിറക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. മികച്ച ഫോട്ടോകള്‍ എടുക്കാം. പിന്‍വശത്തുള്ള കാന്തിക ശക്തിയുള്ള രണ്ടു പിന്നുകളാണ് മറ്റൊരു ഫീച്ചര്‍. ഇതിലേക്ക് 360-ഡിഗ്രി ക്യാമറയോ, വയര്‍ലെസ് ചാര്‍ജിങ് ഡോക്കൊ ഒക്കെ പിടിപ്പിക്കുകയും ചെയ്യാം. ആമസോണ്‍ 53,000 രൂപയ്ക്കാണ് ഇപ്പോള്‍ ഇതു വില്‍ക്കുന്നത്. ധാരാളം എക്‌സ്പാന്‍ഡബിലിറ്റിയുള്ള ഈ ഫോണ്‍ മാറി ചിന്തിക്കുന്നവര്‍ക്ക് ഒരു മികച്ച മോഡലാണ്. അമേരിക്കയില്‍ ഈ ഫോണിന് 200 ഡോളര്‍ കുറച്ചിട്ടുണ്ട്. അതനുസരിച്ച് മാറ്റം വന്നാല്‍ ഇപ്പോഴും പരിഗണിക്കാവുന്ന ഒരു മോഡലാണിത്. അല്ലെങ്കില്‍, ഈ കമ്പനിയുടെ അടുത്ത ഫോണിനായി കാത്തിരിക്കാം.

essential

13. സാംസങ് ഗ്യാലക്‌സി S8/S8 പ്ലസ്

S9 അവതരിച്ചതോടെ ഈ മോഡലുകള്‍ പഴയതായി എന്നു പറയാമെങ്കിലും ഇവ ഇപ്പോഴും പരിഗണിക്കാവുന്ന മോഡലുകളാണ്. S8/S9 മോഡലുകള്‍ക്ക് ഇപ്പോള്‍ വില 48,500/58,900 രൂപയാണ്. ഇവയുടെ പ്രധാന പ്രതിയോഗി ഗ്യാലക്‌സി S9/S9 പ്ലസ് മോഡലുകളാണ്. കാശുണ്ടെങ്കില്‍ പുതിയ മോഡല്‍ തന്നെ വാങ്ങുക.

samsug-galaxy-s8-display-amoled

12. ഐഫോണ്‍ 7/7പ്ലസ്

മേല്‍പ്പറഞ്ഞ സാംസങ് മോഡലുകളേക്കാള്‍ മെച്ചമാണ് ഒരു വര്‍ഷത്തിലേറെയായി മാര്‍ക്കറ്റില്‍ വിലസുന്ന ഐഫോണ്‍ 7/7 പ്ലസ് ഇരട്ടകള്‍. ഇപ്പോള്‍ ഐഒഎസ് 11 വഹിക്കുന്ന ഈ മോഡലുകള്‍ക്ക് ഐഒഎസ് 12 അപ്‌ഡേറ്റ് ഉറപ്പാണ്. ആപ്പിള്‍ ആദ്യമായി ഇരട്ട ക്യാമറകള്‍ അവതരിപ്പിക്കുന്നത് ഐഫോണ്‍ 7 പ്ലസിലാണ്. മികച്ച ക്യാമറയും പ്രകടനവും ഇവയെ ഇന്നും പരിഗണിക്കാവുന്ന മോഡലുകളാക്കുന്നു.

iphone7

വില: ഐഫോണ്‍ 7--ഏകദേശം 42,000 രൂപ (32GB)
7 പ്ലസ്-ഏകദേശം 58,000 രൂപ (32GB)

ഓണ്‍ലൈന്‍ വില്‍പ്പന മേളകളില്‍ ഇതിലും വില കുറഞ്ഞും കാണാറുണ്ട് എന്നോര്‍ക്കുക. എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടാവാറുണ്ട്.

11. റേസര്‍ ഫോണ്‍

razer-phone

റേസര്‍ (Razer) ഫോണ്‍ ഒരു ഗെയ്മിങ് ഹാന്‍ഡ്‌സെറ്റായാണ് അറിയപ്പെടുന്നതും മാര്‍ക്കറ്റിൽ എത്തിച്ചിരിക്കുന്നതും. ഡിസ്‌പ്ലെയുടെ മികവാണ് ഇതിനെ വ്യത്യസ്ത ഫോണാക്കുന്നത്. ഇതിന്റെ റിഫ്രെഷ് റെയ്റ്റ് ഒരു സെക്കന്‍ഡില്‍ 120 തവണയാണ് എന്നത് ഗെയിം പ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്. (മിക്കവാറും ഫോണുകളുടെ റിഫ്രെഷ് റെയ്റ്റ് സെക്കന്‍ഡില്‍ 60 തവണയാണ്.) ഒട്ടും പരുക്കനല്ലാത്ത ഗെയ്മിങ് അനുഭവം നല്‍കാന്‍ കഴിവുള്ള ഫോണ്‍. എന്നാല്‍ ഇത്തരം റിഫ്രെഷ് റെയ്റ്റ് ഗെയ്മിങ്ങിനു മാത്രമല്ല ആപ്പുകള്‍ക്കും അനുഗ്രഹമാണ്. ഫോണിനോട് ഇടപെടുന്നത് വളരെ സുഗമമായ ഒരു അനുഭവമാണ്, ഒരു പക്ഷേ മറ്റൊരു ഫോണിനും സാധിക്കാത്ത വിധം ഇത് ആസ്വാദ്യകരമാണ് എന്നതാണ് ഈ മോഡലിനെ മാറ്റി നിറുത്തുന്നത്. ബെസൽലെസ് ഡിസ്‌പ്ലെയല്ല ഇതിന്റെതെന്നതാണ് പ്രധാന ന്യൂനതയായി എടുത്തു പറയാവുന്നത്. ആമസോണ്‍ പോലും ഇത് ഇന്ത്യയില്‍ കൊണ്ടുവന്നിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. ഏകദേശം 700 ഡോളറാണ് വില.

10. വാവെയ് മെയ്റ്റ് 10 പ്രോ

Huawei-mate-10-pro

മികവില്‍, പ്രത്യേകിച്ചും മുഖ്യ മോഡലിന്റെ കാര്യത്തിലെങ്കിലും, അസൂയാവഹമായ വളര്‍ച്ച കാണിച്ച ഒരു കമ്പനിയാണ് വാവെയ്. അവരുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മോഡലാണ് വാവെയ് മെയ്റ്റ് 10 പ്രോ. കമ്പനിയുടെ സ്വന്തം കിരിന്‍ 970 പ്രൊസസറാണ് ഈ ഫോണിനു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ക്യാമറാ അനുഭവം നല്‍കിയത് ഈ മോഡലാണ്. ലൈക്കാ-വാവെയ് സഖ്യത്തിന്റെ ക്യാമറാ നിര്‍മാണ രീതികള്‍ ഇതിനോടകം ബഹുമാനം പിടിച്ചുപറ്റിക്കഴിഞ്ഞു. മറ്റൊരു സുപ്രധാന ഘടകം ബാറ്ററി ലൈഫാണ്. 4,000 mAh ബാറ്ററി മാത്രമല്ല ക്വിക് ചാര്‍ജിങ്ങുമുള്ളതിനാല്‍ ഈ മോഡലിന് പെട്ടെന്ന് ബാറ്ററി തീരുമെമെന്ന ഭീതി വേണ്ട എന്നാണ് വിലയിരുത്തല്‍. ഏറ്റവും മികച്ച ഫോണുകള്‍ക്കുള്ള ഫീച്ചറുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏകദേശം 835 ഡോളറാണ് വില.

9. സാംസങ് ഗ്യാലക്‌സി നോട്ട് 8

note-8

ഇതുവരെ ഇറങ്ങിയ സ്മാര്‍ട് ഫോണുകളില്‍ നിര്‍മാണത്തികവിലും ഫീച്ചറുകളുടെ ധാരാളിത്തത്തിലും ഗ്യാലക്‌സി നോട്ട് 8ന് അധികം പ്രതിയോഗികള്‍ ഇല്ലെന്നു പറയാം. ബെസല്‍ കുറച്ച നിര്‍മിതിയും അതിമനോഹരമായ ഡിസ്‌പ്ലെയും സ്റ്റൈലസ് ഫീച്ചറുമെല്ലാം ഗ്യാലക്‌സി നോട്ട് 8നെ വേറിട്ടതാക്കുന്നു. വില ഏകദേശം 67,000 രൂപ

8. വണ്‍പ്ലസ് 5T

oneplus-5t

മികച്ച ഫോണുകളുടെ മിക്ക ഫീച്ചറുകളും വില കുറച്ചു കിട്ടുന്ന ഒരു ഹാന്‍ഡ്‌സെറ്റാണോ അന്വേഷിക്കുന്നത്? ഒരു പക്ഷേ അത് വണ്‍പ്ലസ് 5T ആയിരിക്കും. ഫോണ്‍ നിര്‍മാണത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടും നീക്കങ്ങളും നടത്തുന്ന കമ്പനിയായ വണ്‍പ്ലസിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച മോഡലാണ് വണ്‍പ്ലസ് 5T. ഇരട്ട ക്യാമറയും പോര്‍ട്രെയ്റ്റ് മോഡുമെല്ലാം വണ്‍പ്ലസ് ഈ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. തുടക്ക മോഡലിന് ഏകദേശം 33,000 രൂപയാണു വില.

7. ഗൂഗിള്‍ പിക്‌സല്‍ 2

Pixel-2-

പിക്‌സല്‍ 2 നിര്‍മാണത്തികവിന്റെ പര്യായമൊന്നുമല്ല. എന്നാല്‍, നിങ്ങള്‍ കലര്‍പ്പില്ലാത്ത ആന്‍ഡ്രോയിഡിന്റെ ആരാധകനാണെങ്കില്‍ ഈ ഫോണിനെ പരിഗണിക്കാം. പിക്‌സല്‍ 2ന് വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ ഏതാനും ഫീച്ചറുകള്‍ ഇല്ല എന്നതൊഴിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച മോഡലുകളില്‍ ഒന്നാണെന്നു പറയേണ്ടി വരും. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിന് ഓഫറുണ്ട്-വില 53,000 രൂപ.

6. ഗൂഗിള്‍ പിക്‌സല്‍ 2 XL

google-pixel-2-1

മുകളില്‍ പറഞ്ഞ മോഡലിന്റെ കൂടിയ പതിപ്പാണ് പിക്‌സല്‍ 2 XL. വലിയ സ്‌ക്രീനാണ് പ്രധാന പ്രത്യേകത. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാമറാ അനുഭവം പിക്‌സല്‍ XL ആണു നല്‍കിയത്. എന്നാല്‍, ഈ മോഡലിന് തുടക്കത്തില്‍ ഒരുപാടു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് പലതും കമ്പനി തീര്‍ത്തുവെങ്കിലും ഇത്രയധികം കാശു വാങ്ങുന്ന ഒരു മോഡലില്‍ പ്രതീക്ഷിക്കാനാകാത്ത വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടത് ഈ മോഡിലന്റെ മികവു കെടുത്തി. ഏകദേശം 62,000 രൂപയാണു വില.

5. ഐഫോണ്‍ 8

iphone8

ഗ്ലാസും മെറ്റലും ഉപയോഗിച്ചുള്ള നിര്‍മിതിയും ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മികവുമെല്ലാം ഈ ഫോണിനെ മികവുറ്റതാക്കുന്നു. ഒരു പ്രീമിയം സ്മാര്‍ട്ഫോണില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം ഒരുക്കിയിരിക്കുന്ന ഈ ഫോണിന് വയര്‍ലെസ് ചാര്‍ജിങും, ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉള്ളതായിരുന്നു ഈ ഫീച്ചറുകള്‍ എന്നതാണ് മറ്റൊരു കാര്യം. പ്രത്യേകിച്ച് ആമുഖം വേണ്ടാത്ത ഈ മോഡലിന്റെ തുടക്ക വില ഏകദേശം 57,000 രൂപയാണ്.

4. ഐഫോണ്‍ X

iPhone-X

ഒരു പക്ഷേ ടെക് പ്രേമികള്‍ ഇത്ര ആകാംക്ഷയോടെ ഇന്നേവരെ ഒരു ഫോണിന്റെ അവതരണത്തിനായും ഉറ്റു നോക്കിരുന്നിട്ടുണ്ടാവില്ല. ഫീച്ചറുകളുടെ കാര്യത്തിലും നിര്‍മാണ രീതിയിലും മാറ്റം കൊണ്ടുവന്ന ഈ മോഡലിനും പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമില്ല. ഫെയ്‌സ്‌ഐഡി, അനിമോജി തുടങ്ങിയ ഫീച്ചറുകള്‍ തുടക്കം കുറിച്ചത് ഈ മോഡലിലാണ്. തുടക്ക മോഡലിന്റെ വില 83,500 രൂപയാണ്.

3. ഐഫോണ്‍ 8 പ്ലസ്

Apple-iPhone-8-camera

ഫെയ്‌സ്‌ഐഡി, ഓലെഡ് സ്‌ക്രീന്‍ തുടങ്ങിയ ചില ഫീച്ചറുകള്‍ ഒഴിവാക്കിയാല്‍ ഐഫോണ്‍ Xനോടു കിടപിടിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന മോഡലാണ് ഇത്. ഫാന്‍സി ഫീച്ചറുകള്‍ വേണ്ട എന്നു വച്ചവര്‍ ഐഫോണ്‍ Xനെക്കാളേറെ ഐഫോണ്‍ 8നെ ഇഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടക്ക മോഡലിന്റെ വില 66,000 രൂപ.

2. സാംസങ് ഗ്യാലക്‌സി S9

Galaxy-S9-Galaxy-A8-Enterprise-Edition

ഒരു പക്ഷേ, സ്മാര്‍ട് ഫോണ്‍ ചരിത്രത്തിലാദ്യമായി കൂടുതല്‍ വിശകലന വിദഗ്ധര്‍, ഐഫോണിനെക്കാള്‍ മകവ് ഒരു സാംസങ് ഫോണിനുണ്ട് എന്നു പറഞ്ഞ വര്‍ഷമാണ് ഇത്. പ്രീമിയം ഫോണുകളുടെ വില നിലവാരം പരിശോധിച്ചാല്‍ കാണാവുന്ന വിലക്കുറവും ഫീച്ചറുകളുടെ മികവും ഗ്യാലക്‌സി S8നെ മികച്ചതാക്കുന്നു. മുന്‍പെങ്ങും സാധ്യമായിട്ടില്ലാത്ത വിധം വെളിച്ചം കുറഞ്ഞ സ്ഥലത്ത് എടുക്കുന്ന ചിത്രങ്ങളില്‍ പോലും ഗ്യാലക്‌സി S9ന്റെ ക്യാമറ മികവു പ്രകടിപ്പിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. മനോഹരമായ ഡിസൈനും സന്തുലതമായ പ്രകടന മികവും ഈ മോഡലിനെ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച സ്മാര്‍ട്ഫോണ്‍ അനുഭവങ്ങളില്‍ ഒന്നായി മാറ്റുന്നു. തുടക്ക വില 57,900 രൂപ.

1, ഗ്യാലക്‌സി S9 പ്ലസ്

galaxy-s9-2

അടുത്ത ഐഫോണ്‍ അവതരിപ്പിക്കുന്നതുവരെയോ, അല്ലെങ്കില്‍ ചിലപ്പോള്‍ വാവെയ് മെയ്റ്റ് 10 പ്രോ എത്തുന്നതുവരെയോ ഒക്കെ മാത്രമെ ഈ സന്തോഷം കണ്ടേക്കൂവെന്ന് ചിലരെങ്കിലും പറയുന്നുണ്ട്- പക്ഷേ, സാംസങ് ഈ വര്‍ഷത്തേതു പോലെ ഇതിനു മുൻപ് തങ്ങളുടെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ മികവിനെക്കുറിച്ചോര്‍ത്ത് ഊറ്റം കൊണ്ടിട്ടുണ്ടാവില്ല. വളരെയധികം നിഷ്പക്ഷമതികളായ അവലോകര്‍ സാംസങ് ഗ്യാലക്‌സി S9 പ്ലസ് മോഡല്‍ നിലവിലുള്ള ഏറ്റവും മികച്ച മോഡലായി തെരഞ്ഞെടുത്തിരിക്കുന്നു എന്നതാണ് അതിനു കാരണം. ഐഫോണ്‍ Xനെക്കാള്‍ തങ്ങള്‍ ഇഷ്ടം ഗ്യാലക്‌സി S9 ആണ് എന്നതാണ് നിരീക്ഷണം. ഇരട്ട ക്യാമറയും, 2x ഒപ്ടിക്കല്‍ സൂമും കൂടുതല്‍ റാമുമെല്ലാം ഈ ഫോണിന്റെ മൊത്തം പ്രകടനത്തെ മികച്ചതാക്കുന്നു. ഏറ്റവും മികച്ച ഫീച്ചറുകള്‍ക്കും പ്രകടനത്തിനുമായി 83,000 രൂപ ചിലവിട്ട് ഐഫോണ്‍ X വാങ്ങേണ്ട കാര്യമില്ല എന്നതും മറ്റൊരു കാര്യമാണ്. ഫോണിന്റെ വില 64,900 രൂപയാണു വില. ആപ്പിളിന്റെ നിഴലില്‍ നിന്ന് മാറി നില്‍ക്കാനായതില്‍ സാംസങ് കമ്പനിക്കും എൻജിനീയര്‍മാര്‍ക്കും അഭിമാനിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA