sections
MORE

രണ്ടും കല്‍പ്പിച്ചു ഷവോമി ‘മാജിക്’; കുറഞ്ഞ വില, ഐഫോൺX നേക്കാള്‍ മികച്ച ഫോൺ

Xiaomi-Mi-comet
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമി രാജ്യാന്തര വിപണികളിൽ പിടിച്ചുനില്‍ക്കാൻ രണ്ടും കൽപ്പിച്ചിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഷവോമി പുതിയ രണ്ടു ഫോണുകളുടെ പണിപ്പുരയിലാണെന്നാണ് അഭ്യൂഹങ്ങള്‍. സാങ്കേതികത്തികവും ആധുനികവുമായ അമോലെഡ് സ്‌ക്രീനും ആന്‍ഡ്രോയിഡ് 8.1 ഒപ്പറേറ്റിങ് സിസ്റ്റവുമുള്ള ഈ മോഡലുകള്‍ ആപ്പിളിന്റെ ഐഫോൺX പോലെയുള്ള ഏറ്റവും മുന്തിയ ഫോണുകളുടെ തൊട്ടുതാഴെ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഏറ്റവും മികച്ച ഫോണുകളെക്കാള്‍ വില കുറവായിരിക്കുമെന്നതും മിക്ക ഉപയോക്താക്കള്‍ക്കും ഇവയുടെ ചെറിയ ശക്തികുറവ് അറിയാനെ കഴിയില്ല എന്നതുമാണ് ഇവയുടെ പ്രധാന പ്രത്യേകത.

എപ്പോഴും സ്വയം നവീകരിക്കുന്നതില്‍ ശ്രദ്ധിക്കുന്ന ഷവോമി, പുതിയ മോഡലുകളില്‍ കൊണ്ടുവരാന്‍ പോകുന്ന മാജിക് എന്തായിരിക്കും? സത്യത്തില്‍ ഇത് ഷവോമിയുടെ മികവൊന്നുമല്ല. മറിച്ച് ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 710 എന്ന പുതിയ പ്രോസസര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ആദ്യ ഫോണുകളാണ്. ഈ പ്രോസസറിന് കുറച്ചു സവിശേഷതകളുണ്ട്. ഇവ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ അറിഞ്ഞിരിക്കുകയും വേണം. സ്‌നാപ്ഡ്രാഗണ്‍ 700 സീരിസ് എന്നാണ് ഇവയ്ക്ക് ഇട്ടിരിക്കുന്ന പേര്. ഇവ നിലവിലെ ഏറ്റവും നല്ല പ്രോസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 845ല്‍ നിന്ന് മികച്ച ഒരുപിടി ഫീച്ചറുകള്‍ കടം വാങ്ങുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. ക്വാല്‍കം ഇവയുടെ പ്രത്യേകതകള്‍ എണ്ണിട്ടു നിരത്തിയിട്ടൊന്നുമില്ല എന്നതു കൊണ്ട് അവ എന്തൊക്കെയാണെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, സ്മാര്‍ട് ഫോണ്‍ വ്യവസായത്തിലെ ഏറ്റവും കുതിപ്പുള്ള കമ്പനികളിലൊന്നായ ഷവോമി അതുപയോഗിച്ച് ഫോണ്‍ നിര്‍മിക്കുന്നു എന്നതാണ് പുറത്തുവന്ന ഒരു വാര്‍ത്ത.

മറ്റൊരു സാധ്യതയായി ചിലര്‍ കാണുന്നത്, ക്വാല്‍കം നേരത്തെ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സ്‌നാപ്ഡ്രാഗണ്‍ 670 പേരു മാറ്റി സ്‌നാപ്ഡ്രാഗണ്‍ 710 എന്ന പേരുമായി വരുന്നതാണ്. ഈ പ്രോസസറിന്റെ ഫേംവെയറിനെ കുറിച്ചു പഠിക്കാന്‍ അവസരം ലഭിച്ചവര്‍ അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല. ഇതിലുള്ളത് സ്‌നാപ്ഡ്രാഗണിന്റെ ക്രിയോ (Kryo) ആര്‍ക്കിടെക്ചറാണ്- രണ്ട് ക്രിയോ 300 ഗോള്‍ഡ,് പ്രകടന കേന്ദ്രീകൃതമായ കോറുകളാണ് ഇവയിലുള്ളത്. അവയാകട്ടെ കോര്‍ട്ടെക്‌സ്-A75 ആര്‍ക്കിടെക്ചറും, നാല് ക്രിയോ 300 സില്‍വര്‍ കോറുകളും (കുറച്ചു വൈദ്യുതി മാത്രംം മതിയാകുന്ന കോര്‍ടെക്‌സ്-A55 ആര്‍ക്കിടെക്ചര്‍ ) ചേര്‍ന്നതാണ്. ക്രിയോ സില്‍വര്‍ പരമാവധി 1.7GHz സ്പീഡ് വരെ ക്ലോക് ചെയ്യുമെങ്കില്‍ ക്രിയോ 300 ഗോള്‍ഡ് 2.6GHz സ്പീഡ് വരെ ലഭിക്കും. ഇത് വളരെ വേഗമുള്ള പ്രോസസിങ് ഉറപ്പാക്കും. ഇതിനു പുറമെ അഡ്രിനോ 610 ഗ്രാഫിക്‌സ് പ്രോസസറിന്റെ സേവനവും ഉണ്ട്. 

ക്വാല്‍കമിന്റെ പുതിയ ചിപ്‌സെറ്റുമായി ഇറങ്ങുന്ന ആദ്യ ഫോണുകള്‍ നിര്‍മിക്കുന്നത് ഷവോമിയായിരിക്കും എന്നാണ് കരുതുന്നത്. ഷവോമിയുടെ പണിപ്പുരയിലുള്ള രണ്ടു മോഡലുളില്‍ ഒന്നിന്റെ കോഡ് നാമം സിറിയസ് (Sirius) എന്നാണെന്നും രണ്ടാമത്തെ മോഡലിന് കോമെറ്റ് എന്നാണ് വിളിക്കുന്നതെന്നും വരെ വാര്‍ത്തകള്‍ പറയുന്നു.

ക്യാമറയുടെ കാര്യത്തില്‍ മാത്രമാണ് ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസം. ഒന്നിന് ഇരട്ട ക്യാമറകളാണ് ഉള്ളതെങ്കില്‍ രണ്ടാമത്തെ മോഡലിന് ഒറ്റ പിന്‍ക്യാമറയെ കാണൂ. മറ്റൊരു സാധ്യതയായി സ്മാര്‍ട് ഫോണ്‍ വിദഗ്ധര്‍ കാണുന്നത് ഈ ഫോണുകള്‍ ഷവോമി Mi നോട്ട് 3യുടെ പിന്‍ഗാമികള്‍ ആകാമെന്നതാണ്. 

എന്തായാലും സ്‌നാപ്ഡ്രാഗണ്‍ 700 സീരിസ് പ്രോസസറുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 845ല്‍ ഉള്ളതു പോലെ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തനസജ്ജമാണ് എന്നതാണ്. ഇതാകട്ടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യും. സ്‌നാപ്ഡ്രാഗണ്‍ 600 സീരിസിനേക്കാള്‍ മികച്ച പ്രകടനമായിരിക്കും സ്‌നാപ്ഡ്രാഗണ്‍ 700 സീരിസിലെ ഫോണുകള്‍ക്ക് എന്നതും തങ്ങളുടെ ഉപകരണങ്ങള്‍ക്ക് എതിരാളികളെ അപേക്ഷിച്ച് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിടാന്‍ ഷവോമി ശ്രദ്ധിച്ചേക്കുമെന്നതും സ്മാര്‍ട് ഫോണ്‍ പ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA