sections
MORE

‘ഇതുപോലൊരു ഫോൺ ഇറങ്ങിയിട്ടില്ല’ ചരിത്രം കുറിച്ച് വാവെയ് പോര്‍ഷ

Huawei-Mate-RS-2
SHARE

ലോകത്ത് ഇന്നേവരെ ഇറങ്ങിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളിലൊന്നായ വാവെയ് മെയ്റ്റ് RS പോര്‍ഷയുടെ ഡിസൈന്‍ മികവ് അടുത്തറിയാം. വാവെയ് P20 പ്രോ ഫോണിനൊപ്പം പുറത്തിറക്കിയ ഫോണാണ് പോര്‍ഷ. രണ്ടു മോഡലുകളുടെയും ഫീച്ചറുകളില്‍ വലിയ വ്യത്യാസമില്ല. വിലയില്‍ കാര്യമായ വ്യത്യാസമുണ്ടു താനും. ആ‍ഡംബര ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍ കണ്ടു നിര്‍മിച്ചതാണ് പോര്‍ഷ.

വാവെയ് P 20 പ്രോ/പോര്‍ഷ മോഡലുകളുടെ അടുത്തെങ്ങും വരുന്ന ഒരു ഫോണും ഈ വര്‍ഷം ഇറങ്ങിയിട്ടില്ല എന്നാണ് വിലയിരുത്തല്‍. വിഖ്യാത ആഡംബര കാര്‍ നിര്‍മാതാവ് പോര്‍ഷയാണ് വാവെയ് കമ്പനിക്കു വേണ്ടി 'വാവെയ് മെയ്റ്റ് പോര്‍ഷ' എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മറ്റു പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ചെയ്യുന്നതു പോലെ സ്വയം നിര്‍മിച്ച ശേഷം ഒരു കമ്പനിയുടെ പേരു പതിപ്പിക്കാനുള്ള അവകാശം വാങ്ങുകയല്ല വാവെയ് ചെയ്തിരിക്കുന്നത്.

പോര്‍ഷ ഈ ഫോണിന്റെ രൂപകല്‍പ്പനയില്‍ കാര്യമായി ഇടപെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. സാംസങ് ഗ്യാലക്‌സി S9നെ പോലെ ചെരിവുള്ള 6-ഇഞ്ച് ഗ്ലാസ് സ്‌ക്രീനാണ് ഇതിനുള്ളത്. മനോഹരമാണ് ഈ ഡിസൈൻ. കാശു പ്രശ്‌നമല്ലാത്ത ആളുകളെ ലക്ഷ്യം വച്ചു നിര്‍മിച്ചതായതിനാല്‍ ഫോണ്‍ കൈയ്യിലെടുക്കുമ്പോള്‍ത്തന്നെ അധികമൂല്യം അനുഭവപ്പെടും.

മെറ്റലും ഗ്ലാസും നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നു. വില കുറഞ്ഞതെന്ന തോന്നലുണ്ടാക്കുന്ന ഒന്നും ഇതിന്റെ നിര്‍മിതിയില്‍ ഉപയോഗിച്ചിട്ടില്ല. പിന്നിൽ ലോഗോകളോ എഴുത്തോ അമിതമായി സ്ഥലം അപഹരിച്ചിട്ടില്ലെന്നത് എല്ലാം തോതറിഞ്ഞു നിര്‍മിച്ച അനുഭവം തരും. കഴിഞ്ഞ വര്‍ഷത്തെ ട്രെന്‍ഡ് ആയ നോച് നിഷ്‌കരുണം വേണ്ടന്നുവച്ചതും പോര്‍ഷയുടെ ഡിസൈന്‍ ടീമിന്റെ ഇടപെടലാണ്.

വാവെയ് മെയ്റ്റ് RS പോര്‍ഷയും P20 പ്രോയും ഇരട്ട പെട്ടവരാണെന്നു പറഞ്ഞല്ലോ. എങ്കിലും ഇവ തമ്മിലും വ്യത്യാസങ്ങളുണ്ട്. പോര്‍ഷയില്‍ ഉപയോഗിച്ചിരിക്കുന്ന ഹൈസിലിക്കണ്‍ കിരിന്‍ (HiSilicon Kirin) പ്രോസസറിനു മുകളില്‍ 9.7 മില്യന്‍ PCM മൈക്രോ ക്യാസ്യൂള്‍സിന്റെ പാളിയുണ്ട്. ഇതാകട്ടെ, ബഹിരാകാശ ജാക്കറ്റുകളില്‍ ഉപയോഗിക്കുന്നതാണ്. ഇത് ചൂടു വലിച്ചെടുക്കുകയും ശേഖരിക്കുകയും പതിയെ തണുക്കാൻ സഹായിക്കുകയും ചെയ്യും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി ചൂടാകുന്നതു കുറയ്ക്കാനാണിത്. ചില ആപ്പുകള്‍ ഉപയോഗിപ്പോൾ ഫോണ്‍ പരിധിയിലേറെ ചൂടാകുന്നുവെന്ന പരാതി ഒഴിവാക്കാൻ മുകളില്‍ പറഞ്ഞ പാളി ഉപകാരപ്രദമാണ്.

huawei-mate-rs-2-

സ്‌ക്രീനിന്റെ അടിയിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിടിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ Xല്‍ ആപ്പിള്‍ ഈ ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിച്ചു പരാജയപ്പെട്ടുവെന്നു കഴിഞ്ഞ വര്‍ഷം ചില വാര്‍ത്തകള്‍ കേട്ടിരുന്നു. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്‌ക്രീനിലുള്ളില്‍ പിടിപ്പിച്ചതിലൂടെ ഫോണിന്റെ സ്‌ക്രീന്‍-ബോഡി അനുപാതം ആകര്‍ഷകമാകുകയും ഡിസ്‌പ്ലെയില്‍ മെല്ലെ വിരല്‍ തൊടുമ്പോള്‍ ഫോണ്‍ അണ്‍ലോക് ആകുകയും ചെയ്യുന്നു. ഈ ഫീച്ചര്‍ ഭാവിയില്‍ എല്ലാ ഫോണുകളിലും വന്നേക്കുമെന്നാണ് പ്രവചനം.

രണ്ടു മോഡലുകളാണ് ഇറക്കിയിരിക്കുന്നത്. 256 ജിബിയും 512 ജിബിയും സംഭരണശേഷിയുള്ളവ. 2095 യൂറോയാണ് കൂടിയ മോഡലിനു വിലയിട്ടിരിക്കുന്നത്. എന്നാല്‍ വില പ്രശ്മല്ലെങ്കില്‍ ശരാശരി ഉപയോക്താവ് ഇത്തരമൊരു ഫോണ്‍ വാങ്ങുമോ? ഉവ്വ്. പ്രത്യേകിച്ചും സാങ്കേതികവിദ്യയെയും രൂപകല്‍പ്പനാ മികവിനെയും മനസിലാക്കാന്‍ കഴിവുള്ളയാളാണെങ്കില്‍ വാങ്ങിപ്പോകുമെന്നാണ് വിലയിരുത്തല്‍. മറ്റു കാര്യങ്ങള്‍ എന്തൊക്കെയാണെങ്കിലും പോര്‍ഷ മോഡലായിരിക്കണം ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍. (ഫീച്ചറുകള്‍ മതിയെങ്കില്‍ വാവെയ് P20 പ്രോ പരിഗണിച്ചാല്‍ മതി) നിര്‍മാണത്തികവും സാങ്കേതികവിദ്യയും ഒന്നിച്ചു ചേര്‍ന്ന പോര്‍ഷ ഡിസൈനിലും പുതിയ മാനങ്ങള്‍ തേടുന്നു.

കൊടുക്കുന്ന കാശു മുതലാകുമോ? ഇല്ലേയില്ല. (പോര്‍ഷ എന്നല്ല ഏതെങ്കിലും ഫോണിന് അതു മുതലാകുമോ?) ഇതൊരു പദവിയുടെ ഹുങ്ക് എടുത്തുകാണിക്കുന്ന ഫോണാണ്. ഇതൊരു വിജയമാകുമോ? ആകുമെന്നു തന്നെയാണ് പറയാന്‍ തോന്നുന്നത്. ചൈന, ഗള്‍ഫ് തുടങ്ങിയ നാടുകളിലൊക്കെ ഈ ഫോണ്‍ കൊത്തിയെടുക്കാനുള്ള ആളുകളുണ്ടാകും. വെര്‍ട്ടു (Vertu) ഫോണ്‍ വിറ്റിരുന്നിടത്തെല്ലാം ഇതും ആളുകള്‍ വാങ്ങിയേക്കും. ഒരു ഫോണ്‍ റിവ്യൂവര്‍ക്ക് ഇതു തന്റെ കൈയ്യില്‍ ഇരിക്കാന്‍ അര്‍ഹതയില്ലാത്ത ഒന്നാണെന്നു തോന്നിയാല്‍ അതില്‍ ഒരു തെറ്റും പറയാനാവില്ല.

സ്മാര്‍ട് ഫോണ്‍ വാങ്ങി ആഡംബരം വിളംബരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നു പരിഗണിക്കാവുന്ന ഏറ്റവും നല്ല സെറ്റുകളില്‍ ഒന്നാണിത്.  പോര്‍ഷയെ നേരില്‍ കണ്ടു പരിചയപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA