sections
MORE

വാവെയ്ക്ക് അയിത്തം: ചൈന ഐഫോൺ വിലക്കിയാൽ ആപ്പിൾ പൂട്ടേണ്ടി വരും?

p20-iphone-x
SHARE

സമീപകാലത്ത് സ്മാര്‍ട് ഫോണ്‍ ടെക്‌നോളജിയില്‍ ഏറ്റവുമധികം മുന്നേറ്റം നടത്തിയ ചൈനീസ് കമ്പനി വാവെയ്‌യുടെ ഫോണുകള്‍ അമേരിക്കയില്‍ വില്‍ക്കുന്നതില്‍ നിന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ (എഫ്‌സിസി) പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് ഓപ്പറേറ്റര്‍മാരെ വിലക്കി. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളോടു ചങ്ങാത്തം വേണ്ടാ, അത് രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്നാണ് എഫ്‌സിസി പറഞ്ഞിരിക്കുന്നത്.

ഫോണ്‍ വില്‍ക്കാന്‍ അമേരിക്കയിലെ പ്രധാന മൊബൈല്‍ പ്രൊവൈഡര്‍മാരായ എടി&ടിയുമായി വാവെയ് ധാരണയിലെത്തിയിരുന്നു. ഇത് കമ്പനിക്ക് വലിയൊരു തിരിച്ചടിയാണ്. വാവെയ്‌യെ പോലെയുള്ള മറ്റൊരു ചൈനീസ് സ്ഥാപനമായ സെഡ്ടിഇ (ZTE)ക്കും ഈ വിലക്ക് കാര്യമായി ദോഷം ചെയ്യും.

അമേരിക്കന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ യഥേഷ്ടം വില്‍ക്കാന്‍ അനുമതിയുണ്ട്. ഉദാഹരണത്തിന് ആപ്പിള്‍ ചൈനയിലും ഹോങ് കോങിലും തയ്‌വാനിലുമായി 46.5 ബില്ല്യന്‍ ഡോളറിനുള്ള ഐഫോണ്‍ കഴിഞ്ഞ വര്‍ഷം മാത്രം വിറ്റിട്ടുണ്ട്. ആപ്പിളിന്റെ വരുമാനത്തിന്റെ 20 ശതമാനമാണ് ഈ തുക. ചൈന പ്രതികാര നടപടികളുമായി മുന്നോട്ടു പോയാല്‍ ആപ്പിള്‍ അടക്കമുള്ള എല്ലാ വന്‍കിട അമേരിക്കന്‍ കമ്പനികള്‍ക്കും അതു തിരിച്ചടിയാകാം. എല്ലാ വന്‍കിട കമ്പനികളും അവരുടെ ഉല്‍പ്പന്നങ്ങളുടെ വില പിടിച്ചു നിറുത്താനായി ചൈനയിലാണ് നിര്‍മിക്കുന്നതും. അതായത് ചൈന ഐഫോണിന് സമ്പൂർണ വിലക്കേർപ്പെടുത്തിയാൽ ആപ്പിൾ കമ്പനി ഏറെക്കുറെ പൂട്ടേണ്ടിവരും.

ചൈന വെറുതെയിരിക്കില്ല എന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാത്തിരുന്ന ശേഷം അവര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ചൈനയില്‍ അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുമ്പോള്‍ ചൈനയിലെ സൈബർ സെക്യുരിറ്റി നിയമങ്ങളുടെ ബലത്തില്‍ അമേരിക്കന്‍ കമ്പനികളുടെ 'കോര്‍ കംപ്യൂട്ടര്‍ കോഡ്' ചോര്‍ത്തിയെടുക്കാനാകുമെന്നതാണ് ചൈനയെ പോലെ ജാഗ്രതയുള്ള ഒരു രാജ്യം ഇപ്പോള്‍ ചെയ്യുന്നതത്രെ. ഇതൊക്കെയാണെങ്കിലും ചൈന പ്രതികാര നടപടികളുമായി മുന്നോട്ടു പോയേക്കും.

സ്മാര്‍ട്ഫോണുകളടക്കമുള്ള ഉല്‍പ്പന്നങ്ങളില്‍ സുരക്ഷാ ഭീഷണി ഇല്ലെന്ന് പലതവണ വാവെയ് പറഞ്ഞു. തങ്ങളുടെ ബിസിനസ് കൗശലങ്ങള്‍ എങ്ങനെ മാറ്റണം എന്നതിനെപ്പറ്റിയാണ് വാവെയ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. വാവെയ്‌യുടെ ഫോണുകള്‍ അമേരിക്കയിലെ ഗ്രാമീണ മേഖലയിലെ ചെറുകിട ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ വില്‍ക്കുന്നുണ്ട്. ഉപയോക്താക്കള്‍ വാവെയ് ഫോണുകളില്‍ സംതൃപ്തരാണെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.

ഉല്‍പ്പന്നങ്ങളുടെ അമേരിക്കയിലെ വില്‍പ്പന സുഗമാക്കാനായി വാവെയ് കാര്യമായ 'ലോബിയിങ്' (പ്രമുഖരില്‍ സ്വാധീനം നടത്താനുള്ള ശ്രമം) നടത്തിയിരുന്നു എന്നാണ് പറയുന്നത്. ഇതിനായി അവര്‍ ധാരാളം പണം ഇറക്കിയിരുന്നുവെന്നും സൂചനയുണ്ട്. അതുകൊണ്ട് കാര്യമായ ഗുണം ഉണ്ടായിട്ടില്ല. (അതേസമയം, ഫെയ്‌സ്ബുക്കിന്റെ കാര്യം നോക്കൂ. അവരുടെ ലോബിയിങ് ഫലപ്രദമായി എന്നാണ് വിലയിരുത്തുന്നത്. മിക്ക പ്രശ്‌നങ്ങളില്‍ നിന്നും അവര്‍ താമസിയാതെ തലയൂരിയേക്കുമത്രെ.)

ഏതൊരു സ്മാര്‍ട്ഫോണ്‍ നിര്‍മാതാവിനും അമേരിക്കന്‍ വിപണി സുപ്രധാനമാണ്. നോക്കിയ സ്മാര്‍ട്ഫോണുകള്‍ അമ്പേ പരാജയപ്പെട്ടതിന്റെ ഒരു കാരണം അമേരിക്കയില്‍ അവര്‍ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. നിഗൂഢ നീക്കങ്ങള്‍ക്ക് അമേരിക്കയില്‍ ചുക്കാന്‍ പിടിക്കുന്ന അഞ്ചു പ്രതിനിധികളെ വാവെയ് പുറത്താക്കിക്കഴിഞ്ഞു.

ഒരു നിര്‍മാതാവിനു വിലക്കേര്‍പ്പെടുത്തുന്നതിനു പകരം അവരുടെ ഉല്‍പ്പന്നത്തിന് ശരിക്കും സുരക്ഷാ ഭീഷണിയുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നു വാദിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരും ഉണ്ട്.

ഫെയ്‌സ്ബുക്കും ഗൂഗിളും വേണ്ടതെല്ലാം ചോര്‍ത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്താണു ചോര്‍ത്താനിരിക്കുന്നത് എന്നു തമാശയായി ചോദിക്കുന്നവരും ഉണ്ട്. (അവ അമേരിക്കന്‍ കമ്പനികളാണ്.) എന്തായാലും അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം മുറുകാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. കൂടാതെ, അമേരിക്കയിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റ് എന്നു വിലയിരുത്തുന്ന വാവെയ്‌യുടെ P20 പ്രോ പോലെയൊരു ഫോണ്‍ പരീക്ഷിച്ചു നോക്കാന്‍ പോലുമാകില്ല എന്നുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA