Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവേഗ ഫോണുമായി വാവെയ്‌; ഇതാണ് ടെക്നോളജി, ഇതാവണം സ്മാർട് ഫോൺ

Honor-10-

സ്മാര്‍ട് ഫോണ്‍ വിപണിയുടെ ഉള്ളറിഞ്ഞു നീക്കങ്ങള്‍ നടത്തുന്ന കമ്പനിയാണ് വാവെയ്. കഴിഞ്ഞ വര്‍ഷങ്ങളിലെ അവരുടെ കുതിപ്പ് അപ്രതീക്ഷിതമല്ല. ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ഫോണുകളാണ് വാവെയ് P20/P20 പ്രോ. ഇവയുടെ നിര്‍മാണ മികവില്‍ നിന്ന് ധാരാളമായി കടമെടുത്താണ് വാവെയ്, ഓണര്‍ 10 നിര്‍മിച്ചിരിക്കുന്നത്. വാവെയ്‌യുടെ സബ് ബ്രാന്‍ഡ് ആണ് ഓണര്‍. ഐഫോണ്‍ Xനെ (എന്താണ് എപ്പോഴും ഐഫോണ്‍ Xന്റെ കാര്യം പറയുന്നത്? കാരണം അതാണ് ഇപ്പോഴത്തെ ഫോണുകളിലെ മികച്ചത്) വെല്ലുന്ന ഒരു ഫീച്ചറും ഉണ്ടെന്നാണ് വാവെയ് വീമ്പു പറയുന്നത്.

P20 ഇരട്ടകളുടെ നിര്‍മാണത്തികവും മറ്റും ഇല്ലെങ്കിലും പ്രൊസസറടക്കം പലതിലും അവയ്‌ക്കൊപ്പമാണ് പുതിയ ഫോണിന്റെ സ്ഥാനം എന്നതും താരതമ്യേന താഴ്ന്ന വിലയാണ് എന്നതും ഓണര്‍ 10, മികച്ച സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് താത്പര്യജനകമായ മോഡലായിരിക്കും. P20/P20 പ്രോ മോഡലുകള്‍ക്ക് ശക്തിപകരുന്ന അതേ കിരിന്‍ (Kirin) 970 പ്രൊസസറാണ് ഓണര്‍ 10നും ഉള്ളത്. വാവെയ് സ്വന്തമായി നിര്‍മിച്ച ഈ പ്രൊസസർ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകൾ കൂടുതൽ ഉപയോഗിച്ചതാണ്. ഈ വര്‍ഷത്തെ ക്വാല്‍കമിന്റെ ഏറ്റവും മികച്ച പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 845ന് തുല്യമാണ് വാവെയുടെ പ്രൊസസര്‍.

ആപ്പിള്‍, സാംസങ്, വാവെയ് തുടങ്ങിയ കമ്പനികളാണ് സ്വന്തമായി പ്രൊസസര്‍ നിര്‍മിക്കുന്നത്. വാവെയ്‌യുടെ ഓണര്‍ സീരിസിലെ ഏറ്റവും മികച്ച മോഡലായ ഓണര്‍ 10ന് അവരുടെ ഏറ്റവും മികച്ച പ്രൊസസര്‍ നല്‍കി എന്നതു തന്നെ ഈ ഫോണിന് വാവെയ് നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാം.

Honor-10-3-

ഓണര്‍ 10ന്റെ മറ്റൊരു സവിശേഷത അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആണ്. ഇത് നിലവിലുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറുകളേക്കാള്‍ കൃത്യതയുള്ളതായിരിക്കും. ഓണര്‍ 10ല്‍ ഒരു ഹോം ബട്ടണ്‍ കാണാമെങ്കിലും ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്‌ക്രീനിന് താഴെയാണ് എന്നതാണ് മറ്റൊരു മികവ്. ഇതിന്റെ ഒരു ഗുണം വിരലില്‍ അല്‍പ്പം ചെളിയോ വെള്ളമോ ഉണ്ടെങ്കില്‍ പോലും പ്രവര്‍ത്തിക്കുമെന്നതാണ്. ഷവോമിയുടെ Mi 5s ആണ് ആദ്യമായി അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ അവതരിപ്പിച്ച മോഡല്‍.

ആവശ്യത്തിനു വലുപ്പമുള്ള 5.84-ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് (2280 x 1080 പിക്‌സല്‍സ്) റെസലൂഷനും 19:9 അനുപാതവും ഉള്ള സ്‌ക്രീനാണ് ഓണര്‍ 10നുള്ളത്. തങ്ങളുടെ ഫോണിന് 3D ഗ്ലാസ് കോട്ടിങ് ഉണ്ട്. സൂര്യപ്രകാശം ഉള്ള സ്ഥലത്ത് ഉപയോഗിക്കുമ്പോള്‍ സ്‌ക്രീനിന്റെ ഓട്ടോ ബ്രൈറ്റ്‌നസ് ഫീച്ചര്‍ അത്ര ഗുണകരമല്ല എന്നത് ഒഴിച്ചാല്‍ ഷാര്‍പ്പായ സ്‌ക്രീനാണ് ഓണര്‍ 10ന്. സ്‌ക്രീന്‍ ബെസൽലെസ് ആണ്. ഐഫോണ്‍ X സ്മാരക നോച്ചും ഉണ്ട്. എന്നാല്‍ ഐഫോണ്‍ Xനെക്കാള്‍ അല്‍പ്പം ചെറുതാണ് ഓണര്‍ 10ന്റെ നോച്ച്. നോച്ചിലാണ് മുന്‍ക്യാമറയും, ഒരു ഇയര്‍പീസും പിടിപ്പിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയറിലൂടെ നോച് ഓഫു ചെയ്യാനും ആകും. ഓണര്‍ 10ന്റെ ഗ്ലാസ് പിന്‍ഭാഗം ചെളിയും വിരല്‍പ്പാടുകളും ആകര്‍ഷിക്കും. ഉപയോക്താക്കൾ ഇതു തുടയ്ക്കാന്‍ തയാറാകുകയോ, ഒരു ബാക് കവര്‍ വാങ്ങി ഇടുകയോ ചെയ്യണം. 153 ഗ്രാം ആണു ഭാരം. സൂക്ഷിച്ചു പിടിച്ചില്ലെങ്കല്‍ വഴുതി വീഴാമെന്നതും ഓര്‍ത്തിരിക്കുക. (കവര്‍ ഇട്ടാല്‍ പ്രശ്‌നം തീരും.) ഇരട്ട സിം സപ്പോര്‍ട്ടും ഫോണിനുണ്ട്.

Honor-10

6 ജിബി റാമും, 128 ജിബി സ്റ്റോറേജുമുള്ള മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഇതിന് വാവെയ്‌യുടെ സ്വന്തം EMUI 8.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇതാകട്ടെ ആന്‍ഡ്രോയിഡ് 8.1നെ ആസ്പദമാക്കി സൃഷ്ടിച്ചതാണ്. ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഇടാനാവില്ല. 128 ജിബി സ്റ്റോറേജ് പലര്‍ക്കും മതിയായേക്കും. അല്ലെങ്കില്‍ വല്ലപ്പോഴും കംപ്യൂട്ടറിലേക്ക് ഡേറ്റ ബാക്-അപ് ചെയ്യേണ്ടതായി വരും.

ക്യാമറ

സ്മാര്‍ട് ഫോണുകളുടെ ക്യാമറ നിര്‍മാണത്തില്‍ വാവെയ്‌യെ വെല്ലുന്ന നിര്‍മാതാക്കള്‍ ഇല്ലെന്നു വേണമെങ്കില്‍ പറയാം. തങ്ങളുടെ കഴിവുകള്‍ ഓണര്‍ 10ന്റെ ക്യാമറ നിര്‍മാണത്തിലും ഉപയോഗിച്ചിട്ടുണ്ടെന്നു പറയേണ്ടിവരും. വാവെയ്‌യുടെ രണ്ടാം തലമുറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് (AI 2.0) ക്യാമറയ്ക്കു ബുദ്ധി പകരുന്നത്. പ്രകടമായ ഇടപെടലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടത്തുന്നത്. (തീര്‍ച്ചയായും ഉപയോക്താവിന് ഇതു നിയന്ത്രിക്കാം. ISO, ഷട്ടര്‍ സ്പീഡ് എന്നിവ അടക്കം പലതും ഫൊട്ടോഗ്രഫി പ്രേമികള്‍ക്ക് ആവശ്യാനുസരണം ക്രമീകരിക്കാം.) പ്രധാന ഫീച്ചറുകള്‍ ഇവയാണ്:

Honor-10-India-Launch

∙ 16MP (f/1.8) പ്രധാന ക്യാമറയും, 24MP ടെലി ലെന്‍സും അടങ്ങുന്ന ഇരട്ട പിന്‍ ക്യാമറ സിസ്റ്റം
∙ PDAF സപ്പോര്‍ട്ട്
∙ 24MP സെല്‍ഫി ക്യാമറ (സെല്‍ഫ് പോര്‍ട്രെയ്റ്റ്‌സ് എടുക്കാനും വിഡിയോ കോളിങ്ങിനും വേണ്ടി)
∙ സെല്‍ഫി മോഡിലും ബോ-കെ
∙ ഡീറ്റെയ്ല്‍ഡ് ഇമേജിങ്
∙ 3D ഫേഷ്യല്‍ റെക്കഗ്നിഷന്‍, 3D പോര്‍ട്രെയ്റ്റ് ലൈറ്റിങ്
∙ എടുക്കുന്ന ചിത്രങ്ങളിലെ വക്രീകരണം ഇല്ലാതാക്കും
∙ ഫേഷ്യല്‍ ലൈറ്റിങ് കൂടുതല്‍ മെച്ചമാക്കി
∙ ഇമേജ് സെഗ്‌മെന്റേഷന്‍ ടെക്‌നോളജി (ഇതിലൂടെ ഒരു ചിത്രത്തിലെ പലതരം ലെയറുകള്‍ വേര്‍തിരിച്ചെടുക്കാം.)
∙ പോര്‍ട്രെയ്റ്റ് മോഡാണ് മറ്റൊരു മികച്ച ഫീച്ചര്‍

ഐഫോണ്‍ Xനു സാധ്യമല്ലാത്ത ഒരു ഫീച്ചര്‍ തങ്ങളുടെ ഫോണിനുണ്ടെന്നാണ് വാവെയ് പറയുന്നത്. എന്താണത്?

ഐഫോണ്‍ Xല്‍ ഒരു കൂട്ടം ആളുകളുടെ ചിത്രം പകര്‍ത്തിയാല്‍ ബാക്ഗ്രൗണ്ട് ബ്ലെർ ചെയ്യാൻ സാധ്യമല്ല. എന്നായ് വാവെയ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അതും സാധിക്കുമെന്നാണ് പറയുന്നത്. 22 വിഭാഗങ്ങളിലായി 500 സീനുകള്‍ തിരിച്ചറിയാന്‍ ക്യാമറയ്ക്കാകുമെന്ന് വാവെയ് പറയുന്നു. 4K/30p വിഡിയോ റെക്കോഡിങ്, 3D പാനോരമ, മോണോക്രോം, HDR, ടൈം-ലാപ്‌സ്, സ്ലോമോഷന്‍, AI ഫൊട്ടോഗ്രഫി സ്റ്റിക്കറുകളുടെ ഉപയോഗം എന്നിവയെല്ലാം ഈ ഫോണില്‍ സാധ്യമാണ്. പ്രാഥമിക വിലയരുത്തലില്‍ ഓണര്‍ 10ന്റെ ചിത്രങ്ങള്‍ ഓണര്‍ വ്യൂ 10നെക്കാള്‍ അല്‍പ്പം മെച്ചമാണ്. വെളിച്ചക്കുറവുള്ള സമയത്ത് ചിത്രീകരിക്കുമ്പോള്‍ നോയ്‌സ് കടന്നു വരുന്നതായി തോന്നുന്നു.

3,400mAh ബാറ്ററിയാണ് ഫോണിനുള്ളത്. ക്വിക് ചാര്‍ജിങ് ഫീച്ചറാണ് മറ്റൊരു മികവ്. 50 ശതമാനം ചാര്‍ജ് 25 മിനിറ്റു കൊണ്ട് നിറയ്ക്കാം.

ഇന്ത്യയിലെ പ്രീമിയം സെഗ്‌മെന്റ് (50,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍) ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് എന്നീ കമ്പനികളുടെ കുത്തകയാണ്. അതില്‍ വണ്‍പ്ലസിന്റെ ഏറ്റവും മികച്ച ഫോണിന് ഇട്ടേക്കാവുന്ന വിലയോടു മത്സരിക്കാന്‍ പാകത്തിനാണ് ഓണര്‍ 10ന്റെ വിലയിട്ടിരിക്കുന്നത്.

തുടക്കത്തില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായി വില്‍പ്പനയ്ക്ക് എത്തുന്ന ഫോണിന്റെ വില 32,999 രൂപയായിരിക്കും. ട്രിപ്പിള്‍ ക്യാമറയുടെ സേവനം വേണ്ടെങ്കില്‍ 65,000 രൂപയുടെ വാവെയ് P20 പ്രോയുടെ ഫീച്ചറുകളും ഏകദേശ പ്രകടനവും ഈ ഫോണില്‍ പ്രതീക്ഷിക്കാം. ഫീച്ചര്‍ ധാരാളിത്തമുള്ള ഈ ഫോണ്‍ മിക്കവാറും ഏത് ആധുനിക സ്മാര്‍ട് ഫോണിനോടും കിടപിടിക്കുന്നതായിരിക്കുമെന്നാണ് ആദ്യ വിലയിരുത്തല്‍. വിലക്കുറവോടെ എത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷിയുമായി ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഓണര്‍ 10 ആണെന്നു പറയാം. ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമേ ഇതിന്റെ പോരായ്മകള്‍ കണ്ടെത്താനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.