sections
MORE

ഈ ചാര്‍ജര്‍ വാങ്ങുന്നവർക്ക് ഒരു ലക്ഷത്തിന്റെ ഐഫോണ്‍ X ഫ്രീ!

iphonex
SHARE

ഫോണ്‍ വാങ്ങിയാൽ ചാര്‍ജര്‍ കൂടെ കിട്ടുന്ന സ്ഥിരം പരിപാടി എത്ര കാലമായി തുടരുന്നു. എന്നാല്‍ ചാര്‍ജര്‍ വാങ്ങിയാല്‍ ഫോണ്‍ കൂടെ കിട്ടുന്ന രീതിയെ കുറിച്ച് എന്തു തോന്നുന്നു? ചാര്‍ജര്‍ വാങ്ങുമ്പോള്‍ ഒരു പൈസ പോലും നല്‍കാതെ നമുക്കു കിട്ടുന്നത് ഒരു ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ X ആണെങ്കിലോ? സംശയിക്കേണ്ട, സംഗതി സത്യമാണ്! അതെ, ഊഹം ശരിയാണ്. ചാര്‍ജറിനു വില വളരെ കൂടുതലാണ്. പൈസ അട്ടിയിട്ടു വച്ചിട്ടുണ്ടെങ്കില്‍ മാത്രം ഈ ചാര്‍ജര്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ മതി. വാങ്ങാന്‍ പറ്റില്ലെന്ന കാരണം പറഞ്ഞ് വായന നിറുത്തേണ്ട. കാര്യങ്ങള്‍ കൂടുതല്‍ രസകരമാണ്.

'ഐഫോണ്‍ X ടെസ്‌ല' എന്നാണ് ചാര്‍ജറിന്റെ പേര്. നിര്‍മിക്കുന്നത് റഷ്യന്‍ അക്‌സസറി നിര്‍മാണ കമ്പനിയായ കാവിയാർ (Caviar) ആണ്. ഏതാനും വര്‍ഷം മുൻപ് ഐഫോണ്‍ 5sല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പടം സ്വര്‍ണ്ണത്തില്‍ ആലേഖനം ചെയ്തിറക്കി വാര്‍ത്തയില്‍ ഇടം പിടിച്ചതും അതേ കമ്പനി തന്നെയാണ് ഇപ്പോള്‍ ഐഫോണ്‍ Xനായി സ്വര്‍ണ്ണവും കൂട്ടി നിര്‍മിച്ച ഒരു സോളാര്‍ ചാര്‍ജറുമായി വന്നിരിക്കുന്നത്.

ഐഫോണ്‍ X ടെസ്‌ല കെയ്‌സ് വാങ്ങുമ്പോള്‍ കിട്ടുന്നത്, ഐഫോണ്‍ Xനായി നിര്‍മിച്ച ഒരു കെയ്‌സും അതിനുള്ളില്‍ ഇരിക്കുന്ന ആപ്പിള്‍ നിര്‍മിച്ച ഫോണുമാണ്. ഫോണിനു പിന്നില്‍ പിടിപ്പിച്ചിരിക്കുന്ന കെയ്സ് കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു നിര്‍മിച്ചതാണ്. കെയ്‌സില്‍ സ്വര്‍ണ്ണം മേമ്പോടിയായി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ കൂടെ ചാര്‍ജിങ്ങിനായി ഒരു സോളാര്‍ പാനലും ഉണ്ട്. കെയ്‌സ് ഉപയോഗിക്കുമ്പോള്‍ ഫോണ്‍ വലുപ്പമുള്ളതായി തോന്നും കൂടാതെ അല്‍പ്പം പ്രൗഢിയും കൈവരും. പക്ഷേ, പ്രായോഗികമായി ചിന്തിച്ചാല്‍ സോളാര്‍പാനല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മാത്രമാണ് ഉപയോക്താവിനു ലഭിക്കുന്നത്. ഫോണിന് സോളാര്‍ പവര്‍ സിപ്പു ചെയ്തിരിക്കാമെന്നാണ് സങ്കല്‍പ്പം. യാഥാർഥ്യം വേറെയായിരിക്കാമെന്നു കരുതുന്നവരും ഉണ്ട്.

ഇനി വില പരിശോധിക്കാം. 64 ജിബി സംഭരണശേഷിയുള്ള ഐഫോണ്‍ X ഉള്ളില്‍ വച്ച ടെസ്‌ലയുടെ വില ഏകദേശം 4,600 ഡോളറാണ്. അതു പോരെങ്കില്‍ 256 ജിബി വേര്‍ഷനുമുണ്ട് അതിന് 4,929 ഡോളറായിരിക്കും വില. 64ജിബി ഐഫോണ്‍ Xഉം 256 ജിബി ഐഫോണ്‍ Xഉം തമ്മില്‍ വിപണിയിൽ വില വ്യത്യാസം 149 ഡോളറെയുള്ളല്ലോ, പിന്നെന്താ കെയ്‌സിനൊപ്പം വരുമ്പോള്‍ 329 ഡോളറിന്റെ വ്യത്യാസം എന്നൊന്നും ചോദിക്കരുത്.
ആരായിരിക്കാം ഇത്തരം കെയ്സിന്റെ ആവശ്യക്കാര്‍?
ഐഫോണ്‍ Xനു തീരെ വില കുറവാണെന്നു കരുതുന്നവരായിരിക്കും ഇതു വാങ്ങുകയത്രെ. വാങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഉടന്‍ ഓര്‍ഡര്‍ കൊടുക്കണം. കാരണം ആകെ 999 എണ്ണം മാത്രമേ നിര്‍മിച്ചിട്ടുള്ളു. ഷിപ്പിങ് ഫ്രീയാണ്. സ്വന്തം രാജ്യത്തെത്തുമ്പോള്‍ ടാക്‌സ് ഈടാക്കിയാൽ അതിന് നിര്‍മാണ കമ്പനി ഉത്തരവാദിയല്ല. അതു ന്യായം.

999 എണ്ണത്തില്‍ ഒരെണ്ണം ടെസ്‌ല ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഇലോൺ മസ്‌കിന് അയച്ചു കൊടുക്കാനും തീരുമാനമായിട്ടുണ്ട്. ഈ കെയ്‌സില്‍ 'ഭൂമിയില്‍ മനുഷ്യര്‍ നിര്‍മിച്ചത്' ('Made on Earth by Humans' ) എന്ന് എഴുതിയിട്ടുമുണ്ടത്രെ.

ഇനി മറ്റൊരു കാര്യം കൂടെയുണ്ട്. പിന്നിലെ സോളാര്‍ ചാര്‍ജറില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കേണ്ട കാര്യമില്ലെന്നാണ് നിഗമനം. അത്ര ചെറിയ പാനലിന് ഫോണിനു വേണ്ട ചാര്‍ജു കൊടുക്കാന്‍ പറ്റില്ലെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഇനി, ഉപയോക്താവ് തന്റെ ഐഫോണ്‍ Xന് ഒരു സോളാര്‍ പാനലുള്ള സാധാരണ കെയ്‌സ് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏകദേശം 46 ഡോളര്‍ മുതല്‍ പരമാവധി 256 ഡോളര്‍ വരെ വിലയുള്ള കെയ്‌സുകള്‍ വിപണിയിൽ ലഭ്യമാണു താനും.

ഐഫോണ്‍ X ടെസ്‌ലയെ കുറിച്ചു കേട്ട ഒരു കമന്റും കൂടെ എഴുതാം- ഐഫോണ്‍ Xന് ഒപ്പം കിട്ടുന്ന ചെറിയ സോളാര്‍ പാനലിനു വേണ്ടി മുടക്കുന്ന കാശിന്റെ കൂടെ കുറച്ചു കൂടെ പൈസ ഇട്ടാല്‍ വീടിനു മുകളില്‍ മുഴുവന്‍ സോളാര്‍ പാനല്‍ നിരത്തി വീട്ടിലേക്ക് ആവശ്യമുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA