sections
MORE

ഷവോമിയുടെ ഐപിഒ വരും; മുതലാളിമാര്‍ ശതകോടീശ്വരരാകും, വിലരഹസ്യം പുറത്ത്

Xiaomi-shop
SHARE

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിശ്വാസമാര്‍ജ്ജിച്ച സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഷവോമി. മറ്റു കമ്പനികളുടെ ഫോണുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഷവോമിയുടെ ഫോണ്‍ വാങ്ങിയാല്‍ കാശു മുതലാകുന്നുവെന്ന തോന്നലാണ് ഇന്ത്യന്‍ ഉപയോക്താക്കളെ ഈ ചൈനീസ് ബ്രാന്‍ഡിലേക്ക് വലിച്ചടുപ്പിച്ചത്. എന്നാല്‍, കമ്പനി തുടങ്ങിയപ്പോള്‍ അടിത്തറയായി പാകിയ ആശയവും അതു തന്നെയായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം? ചുരുങ്ങിയ കാലത്തിനിടെ ഷവോമിയുടെ വളര്‍ച്ച അതിശയിപ്പിക്കുന്ന രീതിയിലായിരുന്നല്ലൊ. ഷവോമി ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ അവരുടെ ഐപിഒ (Initial Public Offering) ഇറക്കാന്‍ ഒരുങ്ങുന്ന വേളയില്‍ നടത്തിയ ഒരു തിരിഞ്ഞു നോട്ടമാണ് കമ്പനിയുടെ ഉപകരണങ്ങളുടെ വിലയിടുന്നതിലെ രഹസ്യം പുറത്തുവിട്ടത്.

ഷവോമി കോര്‍പറേഷന്റെ സ്ഥാപകര്‍ ബെയ്ജിങ്ങിനടുത്തുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവര്‍ ആ ആശയം ചര്‍ച്ച ചെയ്തത്. ഒരു സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് തുടങ്ങുക, ഹാന്‍ഡ്‌സെറ്റുകള്‍ 'സത്യസന്ധമായ' വിലയ്ക്കു വില്‍ക്കുക. എട്ടു വര്‍ഷത്തിനു ശേഷം ലെയ് ജൂനും (Lei Jun) മറ്റ് ഏഴു സ്ഥാപകരും ചേര്‍ന്നു സൃഷ്ടിച്ച കമ്പനി ആപ്പിളും സാംസങും അടക്കമുള്ള കമ്പനികള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ സജ്ജമാണ് എന്നാണ് ബിസിനസ് അവലോകര്‍ വിലയിരുത്തുന്നത്. ഐപിഒയിലൂടെ ഷവോമി 50 മുതല്‍ 100 ബില്ല്യന്‍ ഡോളര്‍ വരെ (ഏകദേശം 3.37 ലക്ഷം കോടി രൂപ മുതല്‍  6.7 കോടി രൂപ വരെ) മൂല്ല്യമുള്ള ഒരു കമ്പനിയായി തീര്‍ന്നേക്കാമെന്നും പറയുന്നു. 2014 നു ശേഷം ലോകത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.

കമ്പനിയുടെ ഏറ്റവുമധികം ഷെയറുകള്‍ കൈയ്യിലുള്ളത് ഷവോമിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ലെയ് ജൂന് തന്നെയാണ്- 31.4 ശതമാനം അദ്ദേഹത്തിന്റേതാണ്. മറ്റു സ്ഥാപകാംഗങ്ങള്‍ക്കെല്ലാം കൂടെ 27 ശതമാനം ഷെയറാണ് ഉള്ളത്. കമ്പനിയുടെ ലെയ് ജൂനും കമ്പനിയുടെ പ്രസിഡന്റായ ലിന്‍ ബിനും ഇപ്പോള്‍ തന്നെ ബില്ല്യനയര്‍മാരാണ്. എന്നാല്‍, ഐപിഒയിലൂടെ 50 ബില്ല്യന്‍ ഡോളറെങ്കിലും മൂല്ല്യമുള്ള കമ്പനിയായി തീരാന്‍ ഷവോമിക്കു സാധിച്ചാല്‍ മൂന്നു ബില്ല്യനയര്‍മാര്‍ കൂടെ ഉണ്ടാകുമെന്നാണ് പറയുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചൈനയുടെ വളര്‍ച്ചയുടെ ഒരു പ്രതിഫലനവും കൂടെയാണിത്. ലോകത്തെ 500 അതിസമ്പന്നരുടെ ലിസ്റ്റില്‍ 40 പേര്‍ ഇപ്പോള്‍ തന്നെ ചൈനക്കാരാണ്. അമേരിക്കയ്ക്കു തൊട്ടുപിന്നിലാണ് ചൈന.

ഷവോമിയുടെ മുതലാളിമാര്‍ എത്രയധികം സമ്പന്നരാകുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. ഐപിഒ എത്ര വിജയകരമാകുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. ഇതൊക്കെ ആണെങ്കിലും കമ്പനിയുടെ വിറ്റുവരവു കണക്കുകള്‍ സൂചിപ്പിക്കുന്നത് ഷവോമി ഫോണ്‍ വിറ്റ് വന്‍ ലാഭമുണ്ടാക്കുന്നില്ലെന്നു തന്നെയാണ്. 2017ല്‍ ഷവോമിയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ കമ്പനിയുടെ വിറ്റുവരവ് കുത്തനെ ഉയരുകയും ചെയ്ത വര്‍ഷമാണിത്. അതേസമയം, 2016ല്‍ കമ്പനി ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. സത്യസന്ധമായ വില്‍പ്പനയിലൂടെ കുറെ ഉപയോക്താക്കളുടെയെങ്കിലും വിശ്വാസമാര്‍ജ്ജിക്കാന്‍ സാധിച്ചതു തന്നെയാകണം കമ്പനിയുടെ മുഖ്യമൂലധനം. 

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു ബിസിനസ് വ്യാപിപ്പിച്ച് അധികം ലാഭമുണ്ടാക്കാന്‍ കമ്പനി ശ്രമിക്കും. അമേരിക്കയിലേക്കുള്ള പ്രവേശനത്തിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍, വാവെയ്ക്കും മറ്റും കല്‍പ്പിച്ച ചൈനീസ് കമ്പനിയെന്ന അയിത്തം ഷവോമിക്കും തിരിച്ചടിയാകാനാണു വഴി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും കമ്പനി നല്ല പ്രകടനം കാഴ്ചവച്ചേക്കും. വിവേചന ബുദ്ധിയുള്ള സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ഇന്ന് പരസ്യങ്ങളുടെ മാസ്മരിക വലയത്തില്‍ വീഴാന്‍ വിസമ്മതിക്കുന്നുവെന്നു കാണാം. വമ്പന്‍ കമ്പനികള്‍ തങ്ങള്‍ നടത്തുന്ന ചെറിയ അപ്‌ഗ്രേഡിനെ പര്‍വ്വതീകരിച്ചു കാണിച്ചാണ് കാശു കൊണ്ടുപോകുന്നതെന്ന് പ്രായോഗിക ബുദ്ധിയുള്ളവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. 

കൊട്ടിഘോഷിക്കപ്പെടുന്ന ഫീച്ചറുകളില്‍ പലതും തങ്ങളുടെ ദൈനംദിന ഉപയോഗത്തെ സ്വാധീനിക്കുന്നവയല്ലെന്നും അവര്‍ക്കു മനസ്സിലായിത്തുടങ്ങിയതാണ് ഷവോമിയെ പോലെയുള്ള കമ്പനികളുടെ വിജയരഹസ്യം. ഇന്ന് 50,000 രൂപയ്ക്കു മേല്‍ വിലയുള്ള ഫോണുകളിലെ ഫീച്ചറുകളില്‍ 80 ശതമാനവും 15,000 രൂപയിലില്‍ താഴെയുള്ള ഫോണുകളില്‍ ലഭ്യമാണ്. സ്‌റ്റാറ്റസ് സിംബല്‍ എന്ന നിലയില്‍ മാത്രമാണ് കൂടുതല്‍ വില നല്‍കുന്നതിനെ ന്യായീകിരിക്കാനാകൂ. പ്രായോഗിഗ ബുദ്ധി ഉപയോഗിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ ഷവോമി പോലെയുള്ള ബ്രാന്‍ഡുകളോടു പ്രിയം കാണിക്കുന്നതിന്റെ കാര്യവും മറ്റൊന്നല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA