sections
MORE

വിവോ നെക്സ് എസിൽ പോപ്‌-അപ് സെല്‍ഫി ക്യാമറ, കുത്തിനിറച്ചു ഫീച്ചറുകൾ

Vivo-NEX-S-and-Vivo-NEX
SHARE

വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്‌ സ്മാര്‍ട് ഫോണുകളായ വിവോ നെക്സ് എസും നെക്സ് എയും ചൈനയില്‍ പുറത്തിറക്കി. ഇതുവരെ ഇറങ്ങിയിട്ടുള്ള ഫോണുകളില്‍ ഏറ്റവും മികച്ച ബേസല്‍ലെസ് ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഇരു ഫോണുകളും. പ്രീമിയം മോഡലായ നെക്സ് എസിന്റെ പ്രധാന പ്രത്യേകതകള്‍ സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍, 8 ജിബി റാം, 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ എന്നിവയാണ്. മൂന്നാം തലമുറ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്‌ സെന്‍സറുമായാണ് വിവോ നെക്സ് എസ് വരുന്നത്. 10 ശതമാനം വേഗതയേറിയതും 50 ശതമാനം കൂടുതല്‍ കൃത്യതയുമുള്ളതാണ് ഈ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ എന്നാണ് കമ്പനിയുടെ അവകാശവാദം.

അതേസമയം നെക്സ് എ, സ്നാപ്ഡ്രാഗണ്‍ 710 SoC പ്രോസസര്‍, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ സവിശേഷതകളോടെയാണ് വരുന്നത്. ഇതിന്റെ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ ഡിസ്പ്ലേയില്‍ നല്‍കുന്നതിന് പകരം പുറകിലാണ് നല്‍കിയിരിക്കുന്നത്. ഇരു ഫോണുകളും പോപ്‌-അപ് സെല്‍ഫി ക്യാമറയോടെയാണ് വരുന്നത്. ഇരുഫോണുകളുടെയും ബോഡി-ടു-സ്ക്രീന്‍ അനുപാതം 91.24 ശതമാനമാണ്.

വിവോ നെക്സ് എസും നെക്സ് എയും പുതിയ യുഐ ആയ എനര്‍ജി യുഐയിലാണ് വരുന്നത്. ചുവപ്പ് നിറത്തിലുള്ള തീമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇരു ഹാന്‍ഡ്സെറ്റുകളിലും ജോവി എഐ അസിസ്റ്റന്റുമുണ്ട്. എന്‍എല്‍യു (നാച്ചുറല്‍ ലാംഗ്വേജ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) എഎസ്ആര്‍ (ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നീഷ്യന്‍) ഇമോഷന്‍ ഡിറ്റക്‌ഷന്‍, ടെക്സ്റ്റ് ടു സ്പീച്ച് തുടങ്ങിയവ ഈ എഐ അസിസ്റ്റന്റിന്റെ ഫീച്ചറുകളാണ്. എഐ ഫീച്ചറുകളോടും ഫില്‍ട്ടറുകളോടും കൂടിയതാണ് നെക്സിന്റെ ക്യാമറകളെന്ന് വിവോ അവകാശപ്പെടുന്നു. എച്ച്ഡിആര്‍ മോഡുമുണ്ട്. 7.1 ചാനല്‍ 3 ഡി ഓഡിയോയാണ് ഈ ഹാന്‍ഡ്‌സെറ്റുകളുടെ മറ്റൊരു സവിശേഷത. അണ്‍റീയല്‍ എൻജിന്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഗെയിമുകള്‍ കളിക്കുന്നതിനായി ഇത് ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. കൂടാതെ ടാന്‍സെന്റ്‌ ഗെയിംസുമായി ചേര്‍ന്ന് നിര്‍മിച്ച വിവോയുടെ സ്വന്തം ഗെയിം എന്‍ജിനും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നെക്സ് ഹാന്‍ഡ്സെറ്റുകളുടെ മറ്റൊരു പ്രധാന പുതിയ സവിശേഷത സ്ക്രീന്‍ സൗണ്ട് കാസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്. പൂര്‍ണ്ണമായും ബെസല്‍ലെസ് ഡിസ്പ്ലേ ഉറപ്പാക്കുന്നതിനായി ഈയര്‍പീസ്‌ ഡിസ്പ്ലേയുടെ ഭാഗത്ത് നിന്നും മുകള്‍ വശത്തേക്ക് മാറ്റിയിട്ടുണ്ട്. മൗത്ത് പീസ്‌ താഴെ ബെസലിലുമാണ് നല്‍കിയിരിക്കുന്നത്.

വിവോ നെക്സ് എസിന്റെയും നെക്സ് എയുടെയും വില

6 ജിബി റാം, 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയോടെ വരുന്ന വിവോ നെക്സ് എയ്ക്ക് 3,898 ചൈനീസ് യുവാന്‍ (ഏകദേശം 41,000 ഇന്ത്യന്‍ രൂപ) ആണ് വില. അതേസമയം, വിവോ നെക്സ് എസിന്റെ 8  ജിബി റാം, 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്  വേരിയന്റിന് 4,498 ചൈനീസ് യുവാനും (ഏകദേശം 47,400 ഇന്ത്യന്‍ രൂപ), 8 ജിബി റാം, 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റിന് 4,998 ചൈനീസ് യുവാനും (ഏകദേശം 52,600 ഇന്ത്യന്‍ രൂപ) ആണ് വില.

രണ്ട് സ്മാര്‍ട് ഫോണുകളും കറുപ്പ്, ചുവപ്പ് നിറങ്ങളില്‍ ലഭ്യമാകും. എന്നാല്‍ 8 ജിബി/256 ജിബി സ്റ്റോറേജ് വേരിയന്റ് കറുപ്പ് നിറത്തില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. 

വിവോ നെക്സ് എസിന്റെ സവിശേഷതകള്‍

ഡുവല്‍ സിം (നാനോ) വിവോ നെക്സ് എസ് ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 4.0 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.59 ഇഞ്ച്‌ ഫുള്‍ എച്ച് ഡി+ (1080x2136 പിക്സല്‍സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ വരുന്നത്. ഡിസ്പ്ലേയുടെ ആസ്പെക്റ്റ് റേഷ്യോ 19.3:9. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബിയാണ് റാം. 

ക്യാമറയിയിലേക്ക് വന്നാല്‍, 4-ആക്സിസ് ഒഐഎസ്, ഡുവല്‍-കോര്‍ പിക്സല്‍സ് എന്നീ സവിശേഷതകളോടു കൂടിയ 12 മെഗാപിക്സല്‍ സോണി IMX363 പ്രാഥമിക സെന്‍സറും 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങിയ ഡുവല്‍ ക്യാമറ സംവിധാനമാണ് പുറകിലുള്ളത്. മുന്‍വശത്ത് 8 മെഗാപിക്സലിന്റെ പോപ്‌-അപ് സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 128 ജിബി അല്ലെങ്കില്‍ 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് സൗകര്യത്തോടെയാണ് നെക്സ് എസ് വരുന്നത്. 4ജി LTE, ഡുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂട്ടൂത്ത് 5.0, യുഎസ്ബി 2.0 പോര്‍ട്ട്‌, ഒറ്റിജി പിന്തുണ എന്നിവയാണ് ഈ സ്മാര്‍ട് ഫോണിലെ പ്രധാന കണക്ടിവിറ്റി ഒപ്ഷനുകള്‍. 4000 എംഎച്ച് ആണ് ബാറ്ററി.  162x77x7.98 എംഎം ആണ് വിവോ നെക്സ് എസിന്റെ വലുപ്പം.

വിവോ നെക്സ് എയുടെ സവിശേഷതകള്‍

ഡുവല്‍-സിം (നാനോ) വിവോ നെക്സ് എ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 4.0 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.59 ഇഞ്ച്‌ ഫുള്‍ എച്ച് ഡി+ (1080x2136 പിക്സല്‍സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. ഡിസ്പ്ലേയുടെ ആസ്പെക്റ്റ് റേഷ്യോ 19.3:9 ആണ്. ഈ സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത് ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ്. 6 ജിബി റാം ഇതുമായി പെയര്‍ ചെയ്തിരിക്കുന്നു.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍, വിവോ നെക്സ് എസിന്റെ അതേ ക്യാമറ സംവിധാനമാണ് നെക്സ് എയിലുമുള്ളത്. 128 ജിബിയാണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്. നെക്സ് എയുടെ വലുപ്പവും, കണക്ടിവിറ്റി സൗകര്യങ്ങളും, ബാറ്ററി കപ്പാസിറ്റിയുമെല്ലാം വിവോ നെക്സ് എസിന്റെ പോലെ തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA