sections
MORE

ബ്ലാക്‌ബെറി ഫോണുകള്‍ക്ക് ഇനി പ്രസക്തിയുണ്ടോ? പ്രതാപം വീണ്ടെടുക്കുമോ?

blackberry-key2
SHARE

നോക്കിയയുടെ പ്രതാപകാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാന്‍ഡ് ആയിരുന്നു ബ്ലാക്‌ബെറി. തിരുവനന്തപുരം എംപി ശശി തരൂര്‍ അടക്കം ഒട്ടേറെ പ്രമുഖരുടെ പോക്കറ്റുകളെ അലങ്കരിച്ചത് ബ്ലാക്‌ബെറിയാണ്. നോക്കിയ സാധാരണക്കാരുടെ താരമായിരുന്നപ്പോള്‍ ബ്ലാക്‌ബെറി വമ്പന്‍ ബിസിനസുകാരുടെയും മറ്റും ബ്രാൻഡായി. 

ഐഫോൺ, മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകൾ തുടങ്ങിയ ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകളുടെ പ്രളയത്തില്‍ നോക്കിയയ്ക്കൊപ്പം ഒലിച്ചു പോയ ബ്രാന്‍ഡാണ് ബിബി എന്നറിയപ്പെട്ടിരുന്ന ബ്ലാക്‌ബെറി. (ആപ്പ് സംസ്‌കാരം എന്നു വേണമെങ്കിലും പറയാം. ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ആപ്പ് നിര്‍മാതാക്കള്‍ കൂടുകെട്ടിയപ്പോള്‍, ബ്ലാക്ക്‌ബെറിക്കും വിന്‍ഡോസിനും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആപ്പുകളുടെ അഭാവമാണ് പഴയ ബ്ലാക്‌ബെറിയുടെ അന്തകന്‍.) നോക്കിയയെ മൈക്രോസോഫ്റ്റും, നോക്കിയ എന്ന ബ്രാന്‍ഡ് നാമം മറ്റൊരു കമ്പനിയും ഏറ്റെടുത്തതോടെ പഴയ നോക്കിയ പൂര്‍ണ്ണമായും ഇല്ലാതെയായി. ബ്ലാക്‌ബെറി ഇപ്പോഴും നിലവിലുണ്ടെങ്കിലും അതു ടിസിഎല്ലുമൊത്ത് (TCL) പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയാണ്. 2016ല്‍ തങ്ങള്‍ക്ക് ആപ്പിളിനോടോ, സാംസങ്ങിനോടോ മറ്റു വമ്പന്‍ കമ്പനികളോടോ ഏറ്റുമുട്ടാനുള്ള ത്രാണിയില്ല എന്ന് വിനയപൂര്‍വ്വം സമ്മതിച്ച് തങ്ങള്‍ ഇനി സ്വന്തമായി ഫോണ്‍ നിര്‍മ്മിക്കില്ല എന്നു പ്രഖ്യാപിക്കുകയായിരുന്നു ബ്ലാക്‌ബെറി.

രസമെന്തെന്നാല്‍, അവരുടെ ഫോണുകള്‍ ഇപ്പോഴും മാര്‍ക്കറ്റിലുണ്ട്. ചില ഉപയോക്താക്കള്‍ ഇപ്പോഴും അവരുടെ ഫോണുകള്‍ താത്പര്യത്തോടെ വാങ്ങുന്നുണ്ട്. ചിലര്‍ ബ്ലാക്‌ബെറി വാങ്ങുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്? ഈ കാലത്തും ബ്ലാക്‌ബെറിക്ക് പ്രസക്തിയുണ്ടോ?

സുരക്ഷ

ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് മിനുക്കിയെടുത്താണ് തങ്ങളുടെ ഹാര്‍ഡ്‌വെയറിന് ജീവന്‍ കൊടുക്കുന്നത്. എങ്കിലും തങ്ങളുടെ ഫോണ്‍ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ മറ്റാര്‍ക്കും പിന്നിലല്ല എന്നാണ് ബ്ലാക്‌ബെറി അവകാശപ്പെടുന്നത്. ബ്ലാക്‌ബെറി ബ്രൗസര്‍ ഉപയോക്താക്കളുടെ വെബ് സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്താറില്ല. ഫയര്‍ഫോക്‌സ് ഫോക്കസ് ബ്രൗസര്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യാത്ത ചുരുക്കം ചില ബ്രൗസറുകളില്‍ ഒന്നാണ്. ഇത് പുതിയ ബ്ലാക്‌ബെറി ഫോണുകളിലും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, വൈറസ് സ്‌കാനിങും, ഫോട്ടോകളും, ഡോക്യുമെന്റുകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ മറ്റാര്‍ക്കും തുറക്കാനാകാത്ത രഹസ്യ ഫോള്‍ഡറുകളും ഉണ്ട്.

കീബോർഡ്

കീബോർഡാണ് ബ്ലാക്‌ബെറിയെ എല്ലാക്കാലത്തും വേറിട്ടു നിറുത്തിയ ഫീച്ചറുകളില്‍ ഒന്ന്. ഫിസിക്കല്‍ കീബോർഡ് താത്പര്യമുള്ളവരാണ് ബ്ലാക്‌ബെറിയെ ഓമനിക്കാന്‍ ഇപ്പോഴും താത്പര്യപ്പെടുന്നവര്‍. അത്തരക്കാര്‍ 50 രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ ഫോണ്‍ വാങ്ങിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ മോഡലായ കീവണ്‍ (KeyOne) വിജയമായിരുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വര്‍ഷം ഇറക്കിയിരിക്കുന്ന കീ2 (Key2) മോഡലിനും ആവശ്യക്കാരുണ്ട് എന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ ഫിസിക്കല്‍ കീബോർഡ് ഫീച്ചര്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പറയുന്നത്. ലംബമായി പിടിച്ച്, പെരുവിരല്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നവര്‍ക്ക് ഒരു പരിധിവരെ ഫിസിക്കല്‍ കീബോർഡ് തന്നെയാണ് നല്ലത് എന്നു വേണമെങ്കിലും പറയാം. ഫിസിക്കല്‍ കീബോർഡ് ബ്ലാക്‌ബെറി ഡിഎന്‍എയുടെ ഭാഗമായി തുടരും എന്നാണ് കമ്പനി പറയുന്നത്. ഈ കാലത്ത് ബ്ലാക്‌ബെറി ഫോണുകള്‍ കഴിഞ്ഞകാലത്തിന്റെ ശേഷിപ്പുകളാണ്. കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്കും ഫിസിക്കല്‍ കീബോഡ് ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി കമ്പനി തങ്ങളുടെ ഫോണുകള്‍ ഇറക്കുന്നു.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറുകവഴി, ആപ്പ് ഇല്ലായ്മയുടെ വരള്‍ച്ചയില്‍ നിന്ന് ബ്ലാക്‌ബെറി മുക്തമായി എന്നും കാണാം. ഒറിയോ 8.1 ആണ് കീ2ന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

എന്താണ് ബ്ലാക്‌ബെറി ഫോണുകളുടെ പ്രധാന ന്യൂനത? തങ്ങളുടെ ഫോണിനു സവിശേഷമയതെന്ന് എടുത്തു പറയാവുന്ന ഒരു ഫീച്ചറാണ് പൊതുജന ശ്രദ്ധയില്‍ നിന്ന് ബ്ലാക്‌ബെറിയെ മാറ്റിനിർത്തുന്ന ഘടകങ്ങളില്‍ ഒന്ന്. സുരക്ഷ എന്നൊക്കെ സാധാരണക്കാരെ പറഞ്ഞു മനസിലാക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍, പ്രകടനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കാമറ പോലെ എന്തെങ്കിലും ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ ഒരു പക്ഷെ, ബ്ലാക്‌ബെറി വീണ്ടും ഉയര്‍ത്തെഴുന്നേറ്റേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA