sections
MORE

ഇന്ത്യയ്ക്കാരുടെ ‘കണ്ണിൽ പൊടിയിടാൻ’ ആപ്പിളിന്റെ സൂത്രം, ഐഫോൺ 6s ഫലിക്കുമോ?

iPhone6s
SHARE

വിന്‍സ്ട്രണ്‍ കമ്പനിയുമൊത്ത് ഐഫോണ്‍ SE മോഡല്‍ ഇന്ത്യയില്‍ തന്നെ ആപ്പിള്‍ നിര്‍മിച്ചിറക്കിയത് ടെക്‌ പ്രേമികള്‍ക്ക് സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു. ചൈനയ്ക്കു വെളിയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ ആപ്പിള്‍ മറ്റൊരു രാജ്യം തിരഞ്ഞെടുത്തത് ഇന്ത്യയാണ് എന്നതായിരുന്നു സന്തോഷത്തിനു കാരണം. പിന്നീട് അതിലേറെ ആവേശം പകര്‍ന്ന വാര്‍ത്തയാണു വന്നത്- ഐഫോണ്‍ SE 2 ഇന്ത്യയില്‍ ആയിരിക്കും പൂര്‍ണ്ണമായും നിര്‍മിക്കുക. പക്ഷേ, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പക്ഷേ ഇനിയൊരു ഐഫോണ്‍ SE മോഡല്‍ ഇറങ്ങിയേക്കില്ല എന്നാണ്. 

എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പുതിയതായി ഒരു മോഡല്‍ കൂടെ നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുന്നു. മോഡല്‍ ഏതാണെന്നോ- മൂന്നു വര്‍ഷം പഴക്കമുള്ള ഐഫോണ്‍ 6s! ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഐഫോണ്‍ SEയ്ക്കൊപ്പം ഇനി ആപ്പിള്‍ ഐഫോണ്‍ 6s മോഡലും താമസിയാതെ ഇന്ത്യന്‍ വിപണിയിലെത്തിക്കും.

കൂടുതല്‍ നിരാശാജനകമായ വാര്‍ത്ത എന്താണെന്നുവച്ചാല്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണ്‍ 6sനും വിലയില്‍ ഒരു രൂപ പോലും കുറയുകയുമില്ല എന്നതാണ്. 32 ജിബി ഫോണ്‍ 6s പതിപ്പിന്  42,900യും 128 ജിബി പതിപ്പിന് 52,100 രൂപയുമാണ് നിലവിലുള്ള വില. ഇന്ത്യന്‍ നിര്‍മിത ഫോണുകള്‍ക്കും ആ വില തന്നെ തുടരുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 6s മറ്റൊരു രാജ്യത്തും വില്‍ക്കില്ലെന്നും പറയുന്നു. എന്തിനാണ് ഈ മോഡല്‍ തന്നെ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തിരഞ്ഞെടുത്തതെന്നു ചോദിച്ചാല്‍ ആപ്പിള്‍ അതിന് ഇന്ത്യയില്‍ ധാരാളം വില്‍പ്പന സാധ്യത കാണുന്നുവെന്നതാണ് ഉത്തരം. ഐഫോണ്‍ 6sന് ഒപ്പമോ, ശേഷമോ ഇറക്കിയ മോഡലുകളൊന്നും ഈ വിലയ്ക്കു പോലും വില്‍ക്കാന്‍ ഒക്കില്ലെന്നും അവ വാങ്ങാന്‍ ഇവിടെ അധികം ആളുകള്‍ കാണില്ല എന്നതുമായിരിക്കണം കാരണം. ഏതായാലും ഐഫോണ്‍ 6s ഇനി മത്സരിക്കാന്‍ പോകുന്നത് വണ്‍പ്ലസ് 6 തുടങ്ങിയ ഹാന്‍ഡ്‌സെറ്റുകളോടായിരിക്കും. 

എന്നാല്‍, ഇവിടെ നിര്‍മിക്കുന്ന ഐഫോണ്‍ 6s കൊണ്ട് ഇന്ത്യയ്ക്കാര്‍ക്ക് മെച്ചം ഉണ്ടാകുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. സർക്കാർ ഇനി ടാക്‌സ് ഉയര്‍ത്തിയാലും ഈ മോഡലിന്റെ വില ഉയരില്ലത്രെ. പക്ഷേ, നികുതി വര്‍ധിപ്പിച്ചുവെന്ന കാരണം പറഞ്ഞ് ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഐഫോണ്‍ മോഡലുകളുടെയും (SE ഒഴികെ) വില കഴിഞ്ഞ 7 മാസത്തിനുള്ളില്‍ രണ്ടു തവണ ആപ്പിള്‍ വര്‍ധിപ്പിച്ചിരുന്നു. വര്‍ധിപ്പിക്കുന്നതിനു മുൻപുള്ള വിലയെങ്കിലും ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 6s ന് ഇടാത്തത് എന്തെന്ന ചോദ്യം ന്യായമാണ്. 

ഇന്ത്യയ്ക്കാര്‍ കൂടുതല്‍ വാങ്ങുന്നത് ഐഫോണ്‍ 6 സീരിസിലെ ഫോണുകളാണ് എന്നതാണ് ഈ മോഡല്‍ തിരഞ്ഞെടുക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. വിചിത്രമായ മറ്റൊരു കാര്യം എന്താണെന്നു ചോദിച്ചാല്‍ ഐഫോണ്‍ 6sന്റെ അതേ പ്രൊസസറാണ് ഐഫോണ്‍ SEയ്ക്കും. ഈ മോഡല്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18,000 രൂപയ്ക്കു പോലും വിറ്റിട്ടുണ്ടെന്നും ഓര്‍ക്കണം. ഐഫോണ്‍ SE യുടെ സ്‌ക്രീന്‍ സൈസ് 4-ഇഞ്ചാണ്. ഐഫോണ്‍ 6sന്റെത് 4.7-ഇഞ്ചാണ്. സ്‌ക്രീനിലുള്ള ചെറിയ വ്യത്യാസം ഒഴിച്ചാല്‍ പ്രകടനത്തില്‍ കാര്യായ മാറ്റം ഇവ തമ്മില്‍ ഇല്ലെന്നും കാണാം. എന്നു പറഞ്ഞാല്‍, .7-ഇഞ്ചിന്റെ വലിപ്പ വ്യത്യാസത്തിന് നല്‍കേണ്ടത് ഇരട്ടിയിലേറെ വിലയാണ്.

ഫോണ്‍ വിപണിയിലെത്താൻ ഇനിയും സമയം എടുക്കുമെന്നാണ് പറയുന്നത്. 6s എന്ന ഈ പഴയ മോഡല്‍ ഇന്ത്യയില്‍ നിര്‍മിച്ചിറക്കുന്ന സമയത്തെങ്കിലും കമ്പനി വില പുനഃപരിശോധിക്കും എന്നാശിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA