sections
MORE

61,990 രൂപയുടെ ഗ്യാലക്സി ഫോണിന് 51,000 രൂപ ഡിസ്കൗണ്ട്, ഓൺലൈൻ ഓഫർ

galaxy-s9
SHARE

സാംസങ് ഫ്ലാഗ്ഷിപ്പ് ഫോൺ ഗ്യാലക്സി എസ്9, എസ്9 പ്ലസ് ഹാൻഡ്സെറ്റുകൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നത് തുടരുന്നു. ഇന്ത്യയിലെ വിപണി തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടെ വൻ ഓഫറുകളും ക്യാഷ്ബാക്കുകളാണ് സാംസങ് ഓഫർ ചെയ്യുന്നത്. സാംസങ്ങിന്റെ ഓൺലൈൻ വെബ്സൈറ്റ് വഴിയാണ് വൻ ഡിസ്കൗണ്ടുകൾ നൽകി വിലകൂടിയ ഫോണുകൾ വിൽക്കുന്നത്.

ഗ്യാലക്സി എസ്9 സീരീസിലുള്ള ഹാൻഡ്സെറ്റുകൾക്കെല്ലാം ഡിസ്കൗണ്ടുണ്ട്. 12,000 രൂപ വരെയാണ് സാംസങ് നേരിട്ടു നൽകുന്ന ക്യാഷ്ബാക്ക് തുക. എക്സ്ചേഞ്ച് ഓഫറുകളും വേറെയും. എച്ച്ഡിഎഫ്സി കാർഡ് വഴി വാങ്ങുന്നവർക്ക് 6000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗ്യാലക്സി എസ് 9 പ്ലസ് ഓഫറുകൾ

ഗ്യാലക്സി എസ് 9 പ്ലസ് വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3,000 രൂപയും സാംസങ് അപ്ഗ്രേഡ് പ്രോഗ്രാമിൽ 6,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യവും ലഭിക്കും. പഴയ ഫോൺ തിരിച്ചു നൽകുന്നവർക്ക് 33,000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. സാംസങ് അപ്ഗ്രേഡ് പ്രോഗ്രാമിന് കീഴിൽ 6,000 രൂപയുടെ അധിക ഇളവുമുണ്ട്. 68,990 രൂപ വിലയുള്ള ഗ്യാലക്സി എസ് 9 പ്ലസിന് എല്ലാം കൂടി 48,000 രൂപ വരെ ഡിസ്കൗണ്ടാണ് നൽകുന്നത്.

ഗ്യാലക്സി എസ് 9 ഓഫറുകൾ

ഗ്യാലക്സി എസ് 9 ന് (128 ജിബി) 61,990 രൂപയാണ് വില. സാംസങ്ങിന്റെ വക 6,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുടമകൾക്ക് 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫർ വഴി 33,000 രൂപ ലഭിക്കും. ഇതോടൊപ്പം സാംസങ് അപ്ഗ്രേഡ് പ്രോഗ്രാമിൽ 6,000 രൂപയുടെ അധിക എക്സ്ചേഞ്ച് മൂല്യവും ഉണ്ട്. ഗ്യാലക്സി എസ് 9ന് ആകെ 51,000 രൂപ വരെയാണ് ഡിസ്കൗണ്ട് നല്‍കുന്നത്.

6,000 രൂപയുടെ എക്സ്ചേഞ്ച് മൂല്യം ലഭിക്കുന്ന മോഡലുകൾ ഇവയാണ്: സാംസങ് നോട്ട് 8 (64GB), ഗ്യാലക്സി എസ് 8 (64 ജിബി), ഗ്യാലക്സി എസ് 8 പ്ലസ് (64 ജിബി), ഗ്യാലക്സി എസ് 7 (32 ജിബി). ഇതോടൊപ്പം സാംസങ് ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളും നൽകുന്നുണ്ട്.

ഗ്യാലക്‌സി S9 

കഴിഞ്ഞ ഫെബ്രുവരിയിലാണ് സാംസങിന്റെ സുപ്രധാന മോഡലുകൾ ഗ്യാലക്‌സി S9, ഗ്യാലക്‌സി S9+ എന്നിവ എത്തിയത്. എസ് സീരിസില്‍, പതിവു തെറ്റിച്ച് രണ്ടു മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ആപ്പിളിന്റെ പാത പിന്തുടര്‍ന്ന് ആദ്യ മോഡലിന് ഒരു ക്യാമറയും രണ്ടാമത്തെ മോഡലിന്, ആദ്യ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ വലിയ സ്‌ക്രീനും ഇരട്ട പിന്‍ ക്യാമറകളും കൊണ്ടുവന്നു. ഇളക്കി മറിക്കുന്ന ഡിസൈന്‍ മാറ്റമൊന്നും പുതിയ മോഡലുകള്‍ക്കില്ല. കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഗ്യാലക്‌സി S8ന്റെ രീതിയില്‍ തന്നെയാണ് പുതിയ മോഡലുകളും നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, ആന്തരിക ഘടകങ്ങളിലും ക്യാമറയിലും പുതിയ തലമുറയുടെ വരവ് വിളംബരം ചെയ്യുന്നുമുണ്ട്. ഇന്നു വരെ ഇറങ്ങിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും പ്രകാശം സ്വീകരിക്കാന്‍ കഴിവുള്ള ലെന്‍സാണ് ഗ്യാലക്‌സി S9+ന്റെ ക്യാമറകളില്‍ ഒന്നിന് എന്നത് ഒരു എൻജിനിയറിങ് മികവു തന്നെയാണ്. എന്നാല്‍, ഗ്യാലക്‌സി S9+ലൂടെ ഐഫോണ്‍ X എന്ന നിലവിലെ യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ സാംസങിനാകുമോ? നോക്കാം: 

ആപ്പിള്‍ തങ്ങളുടെ പ്രധാന ഐഫോണ്‍ മോഡലുകളുടെ അവതരണം വർഷത്തിൽ ഒരു തവണയാണ് നടത്തുന്നതെങ്കില്‍, ഫോണ്‍ നിര്‍മ്മാണത്തില്‍ അവരുടെ പ്രധാന എതിരാളിയായ സാംസങ് ഒരു വര്‍ഷം രണ്ടു തവണയായാണ് തങ്ങളുടെ പ്രധാന മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഐഫോണ്‍ അവതരണത്തിനു മുമ്പ്, വര്‍ഷാദ്യം പുതുമകളുമായി ഇറക്കുന്ന ഗ്യാലക്‌സി S സീരിസും. ഐഫോണുകള്‍ അവതരിപ്പിച്ച ശേഷം ഇറക്കുന്ന നോട്ട് സീരിസും. ടെക് പ്രേമികളും ആപ്പിളടക്കമുള്ള മറ്റു കമ്പനികളും ഉറ്റു നോക്കിയ ഒരു മൂഹൂര്‍ത്തമാണ് ഗ്യാലക്‌സി S9ന്റെ അവതരണം. സമൂലമാറ്റവുമായി ഇറങ്ങുന്ന ആദ്യ സാംസങ് ഫോണ്‍ അടുത്ത വര്‍ഷങ്ങളിലായിരിക്കും (2019/2020) എത്തുക. ഗ്യാലക്‌സി S9, അതിന്റെ മുന്‍ഗാമിയായ ഗ്യാലക്‌സി S9ന്റെ ഡിസൈന്‍ രീതി പിന്‍പറ്റുന്ന മോഡലുകളാണ്. 

സ്‌ക്രീന്‍ നിര്‍മ്മാണത്തില്‍ സാംങിന്റെ വൈദഗ്ധ്യം അപാരമാണ്. പക്ഷെ, അല്‍പ്പം സാച്യുറേഷന്‍ കൂടുതല്‍ തോന്നുന്ന അവരുടെ രീതി എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. പക്ഷെ, ഈ രീതിക്ക് അതിന്റെ ആരാധകരുമുണ്ട്. അതുകൊണ്ടാണല്ലോ സാംസങ് അവരുടെ വഴിമാറി നടക്കാത്തത്. 

ഗ്യാലക്‌സി S9ന് 5.77-ഇഞ്ച് വലിപ്പമുള്ള, സൂപ്പര്‍ അമോഡലെഡ് ഇന്‍ഫിനിറ്റി ക്യൂഎച്ഡി പ്ലസ് (super AMOLED Infinity QHD+) ഡിസ്‌പ്ലെയാണ് ഉള്ളത്. എന്താണ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ? ബെസല്‍ കുറച്ചുള്ള സ്‌ക്രീനിനെ സാംസങ് വിളിക്കുന്നത് അങ്ങനെയാണ് എന്നു മനസിലാക്കിയാല്‍ മതി. 18:5:9 അനുപാതമുള്ള സ്‌ക്രീനിന് 2960x1440 റെസലൂഷനാണ് ഉള്ളത്. ഗ്യാലക്‌സി S9 പ്ലസിനാകട്ടെ ഡിസ്‌പ്ലെ 6.2 ഇഞ്ചാണ്. മറ്റു ചേരുവകള്‍ ആദ്യ മോഡിലിന്റെതു തന്നെയാണ്.  

സാംസങ് തന്നെ നിര്‍മ്മിച്ച എക്‌സിനൊസ് 9810 ആണ് ഒരു കൂട്ടം ഫോണുകളുടെ പ്രോസസര്‍. ഇവയായിരിക്കും യൂറോപ്പിലെയും ഏഷ്യയിലെയും മാര്‍ക്കറ്റുകളില്‍ എത്തുക. പ്രമുഖ ചിപ് നിര്‍മ്മാതാക്കളായ സ്‌നാപ്ഡ്രാഗന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രൊസസറായ 845 ശക്തി പകരുന്നതായിരിക്കും മറ്റു മാര്‍ക്കറ്റുകളില്‍ എത്തുന്ന ഫോണുകള്‍. (ആപ്പിള്‍ സ്വന്തം ആലയില്‍ പണിതെടുക്കുന്ന പ്രൊസസറുകളാണ് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അവയ്ക്ക് ചില സവിശേഷ ഫീച്ചറുകളും ഉണ്ടാകും. എന്നാല്‍ മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളും സ്‌നാപ്ഡ്രാഗനെയാണ് പ്രൊസസറുകള്‍ക്കായി ആശ്രയിക്കുക. ആന്‍ഡ്രോയിഡ് കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കാന്‍, ഭാവിയില്‍ സാംസങ് സ്വന്തം പ്രൊസസറുകളെ ആശ്രയിക്കുന്ന കമ്പനിയായി തീര്‍ന്നേക്കും. സ്വന്തം പ്രൊസസറുമായി എത്തുന്ന മറ്റൊരു കമ്പനി വാവെയ് ആണ്.) 4GB റാമും 64GB സംഭരണശേഷിയുമുള്ളതും, 6GB റാമും 64GB സംഭരണശേഷിയുമുള്ളതുമാണ് ഈ വര്‍ഷത്തെ മോഡലുകള്‍. 

ആന്‍ഡ്രോയിഡ് 8നു മേല്‍ സാസംങിന്റെ സ്വന്തം മേലാടയായ എക്‌സ്പീരിയന്‍സ് UI (Samsung Experience UI) അണിഞ്ഞാണ് ഫോണുകള്‍ എത്തുന്നത്.   

കഴിഞ്ഞ വര്‍ഷം ഇറക്കിയ ഡെക്‌സ് ഡോകിന്റെ ഉപയോഗത്തിലും അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഫോണിനെ ബാഹ്യ മോണിറ്ററുമായി കണക്ടു ചെയ്യാം. അങ്ങനെ ഒരു ലാപ്‌ടോപ്പെന്ന പോലെ ഉപയോഗിക്കാം. ഡ്രാഗ് ആന്‍ഡ് ഡ്രോപ്, തുറന്നിരിക്കുന്ന വിന്‍ഡോയുടെ വലിപ്പം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുക തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്. 

ഇത്ര വിലയുള്ള ഫോണ്‍ സാധാരണക്കാരെ ലക്ഷ്യമിട്ടല്ല എന്ന് സാംസങ് കരുതിയെങ്കില്‍ അതു നല്ല കാര്യം. ഒരു പക്ഷെ, മറ്റ് പല കമ്പനികളും ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ബിസിനസുകാരുടെ കാര്യം. ബിസിനസുകാരെ ആകര്‍ഷിക്കാനുള്ള ഫീച്ചറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാലു കൊല്ലം വരെ ഫോണിന് സെക്യുരിറ്റി അപ്‌ഡേറ്റ് നല്‍കും എന്നതാണ് ഒരു വാഗ്ദാനം. ഓഫിസ് കംപ്യൂട്ടര്‍ സുരക്ഷിതമല്ല എന്ന് തോന്നുന്നവര്‍ക്ക് സ്വന്തം പോക്കറ്റ് കംപ്യൂട്ടര്‍ പോലെ, ഡെക്‌സ് ഡോക് ഉപയോഗിച്ച് രഹസ്യാത്മകമായ ഫയലുകള്‍ പരിശോധിക്കാം. 

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ക്യാമറയുടെ ശേഷി. സാംസങ് ആകട്ടെ തങ്ങളുടെ പുതിയ ഫോണിനു വേണ്ട ശ്രദ്ധ പിടിക്കാനിറക്കിയ പരസ്യങ്ങളിലെല്ലാം ശ്രദ്ധിച്ച കാര്യം ക്യാമറ പുന:വിഭാവനം ചെയ്ത കാര്യം പറയാനാണ്. ഇരട്ട പിന്‍ക്യാമറകളാണ് S9+ മോഡലിന്. ഇതില്‍ ഒന്നിന് f/1.5 അപര്‍ചര്‍ ആണ് ഉള്ളത്. ലോകത്ത് ഇന്നുള്ള മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ ഏറ്റവുമധികം പ്രകാശം സ്വീകരിക്കാന്‍ ശേഷിയുള്ള മൊഡ്യുളുകളാണ് ഇത്. എല്‍ജി കഴിഞ്ഞ വര്‍ഷം ഇറക്കിയ f/1.6ന്റെ റെക്കോഡാണ് സാംസങ് ഇവിടെ മറികടന്നിരിക്കുന്നത്. രണ്ടാമത്തെ ക്യാമറയ്ക്കാകട്ടെ f/2.4 അപര്‍ചര്‍ ആണ് ഉള്ളത്. ഒന്ന് ടെലീ ലെന്‍സ് ആണ്. അതായത് ബോ-കെ സൃഷ്ടിക്കാന്‍ പൂര്‍ണ്ണമായും സോഫ്റ്റ്‌വെയറിനെയല്ല ആശ്രയിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിക്കായി സജ്ജമാണ് ഈ ക്യമറകള്‍ എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഗ്യാലക്‌സി S9ന് ഒറ്റ ക്യാമറയെ ഉള്ളു. രണ്ടു മോഡലുകളുടെയും പിന്‍ ക്യാമറകള്‍ 12MP ''സൂപ്പര്‍ സ്പീഡ''് സെന്‍സര്‍ ഉള്ളവയാണ്. ഇവയോട് DRAMനെ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പ്രൊസസിങ് കരുത്ത് വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്. ക്യാമറയുടെ കംപ്യൂട്ടേഷണല്‍ ഇമെജിങ് മികവ് നോയ്‌സ് കുറയ്ക്കുന്നതിനു പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നോയ്‌സ് റിഡക്ഷനായി 12 ചിത്രങ്ങള്‍ എടുത്ത് സ്റ്റിച് ചെയ്യുന്ന രീതിയും ഉണ്ട്.  

സെല്‍ഫി ക്യാമറകളോടും സ്‌നേഹം കാണിച്ചിട്ടുണ്ട്. രണ്ടു ഫോണുകള്‍ക്കും f1.7 ഉള്ള 8MP സെന്‍സറാണ് പിടിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ Xന്റെതു പോലെയുള്ള ട്രൂഡെപ്ത് ക്യാമറാ സിസ്റ്റമോ, 3D ക്യാമറാ സിസ്റ്റമോ കൊണ്ടുവരാന്‍ സാംസങിനു സാധിച്ചട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. 

പ്രകാശം കുറഞ്ഞ ഇടങ്ങളില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് മികവു വരുത്താനാണ് സാംസങ് ശ്രദ്ധിച്ചിരിക്കുന്നത്. നിലവല്‍ വാവെയ്‌യും ഗൂഗിള്‍ പിക്‌സല്‍ 2/XL മോഡലുകളുമാണ് ആന്‍ഡ്രോയിഡ് മോഡലുകളില്‍ ലോലൈറ്റ് മികവു കാണിച്ച ഫോണുകള്‍. 

വേരിയബ്ള്‍ അപേര്‍ചര്‍ അഥവാ അപേര്‍ചര്‍ മാറ്റാന്‍ അനുവദിക്കുക എന്നതാണ് മറ്റൊരു പ്രധാന ക്യാമറാ ഫീച്ചര്‍. പക്ഷെ, ഇത് ഒരു ക്യാമറാ മൊഡ്യൂളില്‍ തന്നെയല്ല നടക്കുന്നത് എന്നാണ് പ്രാഥമിക വിവരം. അതായത്, രണ്ടു ക്യാമറാ മൊഡ്യൂളുകളാണല്ലൊ ഉള്ളത്. ഒന്നിന് f/1.5 വും രണ്ടാമത്തെതിന് f/2.4 ഉം അപേര്‍ചര്‍ ഉള്ളത്. ഫോട്ടോഗ്രാഫര്‍ക്ക് f/1.5/f2.4 അപേര്‍ചര്‍ തിരഞ്ഞെടുക്കാം. പക്ഷെ, ഇവിടെ അപേര്‍ചര്‍ അല്ല മാറുന്നത് മറിച്ച് ക്യാമറയാണ് മാറുന്നത് എന്നാണ് ആദ്യ സൂചനകള്‍. ഫലത്തില്‍ ഒന്നാണെങ്കിലും, DSLRകളിലെ പോലെ, ഒരു ക്യാമറയുടെ അപേര്‍ചര്‍ തന്നെയാണ് മാറുന്നതെങ്കില്‍ അതൊരു എൻജിനിയറിങ് മികവായി എണ്ണാമായിരുന്നു. 

വെളിച്ചക്കുറവുള്ള സ്ഥലത്ത് f/1.5 അപേര്‍ചറും നല്ല പ്രകാശമുള്ളപ്പോള്‍ f/2.4ഉം ക്യാമറ സിലക്ടു ചെയ്യും. പ്രോ മോഡില്‍ ഫോട്ടോഗ്രാഫര്‍ക്കു തന്നെ ഇതു സിലക്ടു ചെയ്യാം. 

പ്രധാന ക്യാമറയ്ക്ക് ഒപ്ടിക്കല്‍ ഇമെജ് സ്റ്റബിലൈസേഷനും, ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ഉണ്ട്. 

അടുത്തിടെ പുറത്തിറങ്ങിയ സോണി എക്‌സ്പീരിയ സീരിസില്‍ സാധ്യമായതു പോലെ പുതിയ ഗ്യാലക്സി സഹോദരങ്ങള്‍ക്കും എച്ഡി വിഡിയോ, സെക്കന്‍ഡില്‍ 960 ഫ്രയിം റെക്കോഡു ചെയ്യാനുള്ള ശേഷിയുണ്ട്. വെറും 0.2 സെക്കന്‍ഡ് നേരത്തേക്ക് ഇത് എടുക്കാന്‍ സാധിക്കൂ, എങ്കിലും അത് വലിയൊരു നേട്ടമാണ്. 0.2 സെക്കന്‍ഡ് നേരം റെക്കോഡു ചെയ്യുന്ന വിഡിയോ പ്ലെ ബാക് ചെയ്യുമ്പോള്‍ 6 സെക്കന്‍ഡ് നേരത്തേക്ക് ഉണ്ട് എന്നതു തന്നെ എന്തുമാത്രം ഡേറ്റയാണ് ഫോണ്‍ കൈകാര്യം ചെയ്യേണ്ടിവരുന്നത് എന്ന് പറഞ്ഞു തരും. ഇങ്ങനെ റെക്കോഡു ചെയ്യുന്ന വിഡിയോ GIF ആയി കണ്‍വേര്‍ട്ട് ചെയ്യാം. ഇത് ഫോണില്‍ ബാഗ്രൗണ്ട് വിഡിയോ ആയി സെറ്റും ചെയ്യാം. 

വേണ്ടത്ര പ്രകാശമുള്ള സമയത്തു റെക്കോർഡു ചെയ്യുന്ന വിഡിയോ ഗംഭീരമാണ്. 

ഐഫോണ്‍ Xന്റെ അനിമോജി പോലെ സാംസങിന്റെ വക അനിമേറ്റഡ് മെസെജും എത്തുന്നു. ഐഫോണിനെ പോലെയല്ലാതെ, ഇവിടെ ഉപയോക്താവിന്റെ ഒരു കാര്‍ട്ടുണ്‍ ഭാവമാണ് റെക്കോഡു ചെയ്യാവുന്നത്. എന്നാല്‍, ഇത് അത്ര സുഗമമല്ല. ഇത് നന്നായി വര്‍ക്കു ചെയ്യുമ്പോള്‍ അനിമോജിയെക്കാള്‍ മികവുറ്റാതാണെങ്കില്‍ അല്ലാത്തപ്പോള്‍ നിരാശപ്പെടുത്തും. ഉപയോക്താവിന്റെ ഭാവമില്ലാത്ത കാര്‍ട്ടൂണ്‍ രൂപമായിരിക്കും ചിലപ്പോള്‍ ഇതു സൃഷ്ടിക്കുക. ഈ പ്രശ്‌നം മനസിലാക്കിയതു കൊണ്ടായിരിക്കാം ആപ്പിള്‍ ഇമോജികളിലേക്ക് ഉപയോക്താവിന്റെ ഭാവങ്ങള്‍ സന്നിവേശിപ്പിക്കാന്‍ തീരുമാനിച്ചത്. 

എല്ലാവരും ശ്രദ്ധിക്കുന്ന മറ്റൊരു ഫീച്ചര്‍ ബാറ്ററിയുടെ ശേഷിയാണ്. സാംസങിന്റെ ഇരട്ടകള്‍കളില്‍ S9ന് 3000 mAh ബാറ്ററിയാണെങ്കില്‍ S9+ന് 3500mAh ബാറ്ററിയാണ് ഉളളത്. ക്വിക് ചാര്‍ജിങും വയര്‍ലെസ് ചാര്‍ജിങും സാധ്യമാണ് എന്നത് ബാറ്ററിയുടെ കാര്യത്തില്‍ പുതിയ മോഡലുകള്‍ പലരേയും നിരാശപ്പെടുത്തിയേക്കില്ല എന്നു  കരുതാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA