sections
MORE

ഗൂഗിളിനെതിരായ വിധി ഫോണുകൾക്ക് ഭീഷണിയാകുമോ?

Smartphone
SHARE

ഓൺലൈൻ സേര്‍ച്ചിന്റെയും ആന്‍ഡ്രോയിഡിന്റെയും അധിപരായി കഴിഞ്ഞിരുന്ന ഗൂഗിളിന് കിട്ടിയ ഒരടിയാണ് യൂറോപ്യന്‍ കമ്മിഷന്റെ വിധി. പ്രത്യക്ഷത്തില്‍ ഗൂഗിളിന് ഈ പൈസ നിസ്സാരമാണ്. എന്നാല്‍, ഈ വിധി നടപ്പാക്കപ്പെട്ടാല്‍ സ്മാർട് ഫോൺ നിർമാണ മേഖലയിലെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അന്ത്യം കുറിച്ചതില്‍ പോലും ഗൂഗിളിന്റെ കൈ ആരോപിക്കാവുന്നതാണ്. ഗൂഗിള്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പൈസ നല്‍കിയിരുന്നുവെന്നത് യൂറോപ്യന്‍ കമ്മിഷന്‍ ഗൗരവമായി കണ്ട മൂന്നു കാര്യങ്ങളില്‍ ഒന്നാണ് എന്നോര്‍ക്കുക. പല ആപ്പ് നിര്‍മാതാക്കളും വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ താത്പര്യം കാണിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നതും പഠിക്കേണ്ട കാര്യമാണ്. 

അതോടൊപ്പം, വിന്‍ഡോസ് മൊബൈലിനേറ്റ ഒരടി കൂടെ ഓര്‍ക്കട്ടെ: തങ്ങള്‍ക്ക് ഒരു യുട്യൂബ് ആപ്പ് (ഗൂഗിളിന്റെ സ്വന്തമാണല്ലോ യുട്യൂബ്) വേണമെന്ന് മൈക്രോസോഫ്റ്റ് ഗൂഗിളിനോടു പറയുന്നു. അവര്‍ ആഴ്ചകളോളം അതു കേട്ടതായി നടിച്ചില്ല. അവസാനം മൈക്രോസോഫ്റ്റ് തന്നെ ഒരെണ്ണം സൃഷ്ടിച്ച് വിന്‍ഡോസ് മൊബൈലില്‍ ഒഎസിനു നല്‍കുന്നു. എന്തൊക്കെയോ കാരണം പറഞ്ഞ് ഗൂഗിള്‍ അതിലേക്കുള്ള യുട്യൂബ് വിഡിയോയുടെ ഒഴുക്കു തടഞ്ഞു. അവസാനം പ്രശ്‌നം എങ്ങനെ പരിഹരിച്ചുവെന്ന് ഓര്‍മയില്ല. തങ്ങളുടെ തന്‍പോരിമ, ഗൂഗിള്‍ സേര്‍ച്ചിന്റെ കാര്യത്തിലാണെങ്കിലും മറ്റു കാര്യങ്ങളിലാണെങ്കിലും എക്കാലത്തും കമ്പനി പ്രകടിപ്പിച്ചിട്ടുണ്ട്. പൂത്ത കാശുള്ള മൈക്രോസോഫ്റ്റിന്റെ ഗതി ഇതായിരുന്നെങ്കില്‍ ചെറിയ കമ്പനികള്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാകുമെന്നു മനസ്സിലാക്കാന്‍ വിഷമം ഉണ്ടാവില്ല.

ഓപ്പണ്‍ സോഴ്‌സ് എന്ന പേരിലൊക്കെയാണ് ആന്‍ഡ്രോയിഡ് ഗൂഗിള്‍ കൊണ്ടുനടക്കുന്നതെങ്കിലും, ആരെങ്കിലും ഗൂഗിളിന്റെ പിടിവിടുവിച്ച് അല്‍പ്പം മാറ്റമുള്ള ഒരു ഒഎസ് (ഫോര്‍ക്ഡ് ആന്‍ഡ്രോയിഡ്) ഉണ്ടാക്കിയാല്‍ പോലും ഗൂഗിള്‍ അതിനെ പൂര്‍ണ്ണമായും അംഗീകരിക്കില്ല. ആദ്യകാലം മുതല്‍ നല്ല ഫോണുകള്‍ നിര്‍മിച്ചിരുന്ന സാംസങ്ങിനെ അവരുടെ സ്വന്തം വഴി വെട്ടിത്തുറന്ന് വളാരാന്‍ അനുവദിക്കാതെ തങ്ങളുടെ ചൊല്‍പ്പടിക്കു നിറുത്തിയിരുന്നതും ഗൂഗിള്‍ ആണെന്നും ആരോപണമുണ്ട്.

പുതിയ വിധി മൈക്രോസോഫ്റ്റ്, സാംസങ്, ആമസോണ്‍ (സോഫ്റ്റ്‌വെയര്‍ ഡിവലപ്പ്‌മെന്റില്‍ വളരെ താത്പര്യമുള്ള കമ്പനിയാണ് ആമസോണ്‍) എന്നീ പഴയ താപ്പാനകള്‍ മുതല്‍ വാവെയ്, ഷവോമി, വൺപ്ലസ്, ഒപ്പോ, വിവോ തുടങ്ങിയ ഇന്നലെ കുരുത്ത കമ്പനികള്‍ക്കു പോലും പുതുജീവന്‍ നല്‍കിയേക്കാമെന്നും ചിലര്‍ പറയുന്നു. പക്ഷേ, അവര്‍ക്കാര്‍ക്കും ഗൂഗിളിനെതിരെ യുദ്ധം ചെയ്യാനുള്ള ശേഷി തത്കാലം ഉണ്ടായേക്കില്ലെന്നും വ്യവസായ മേഖലയിലുള്ളവര്‍ ഓര്‍മിപ്പിക്കുന്നു. ഉപയോക്താക്കളെ പല കാര്യങ്ങളിലും ഗൂഗിള്‍ തങ്ങളുടെ രീതികള്‍ ശീലിപ്പിച്ചു കഴിഞ്ഞല്ലോ. വിധിക്കെതിരെ തിരിച്ചടിക്കാന്‍ ഗൂഗിളിന്റെ ആവനാഴിയില്‍ എന്ത് അസ്ത്രമാണ് ഉള്ളതെന്നും കാത്തിരുന്നു കാണാം.

യൂറോപ്യന്‍ കമ്മിഷന്റെ പ്രധാനപ്പെട്ട ഒരു കണ്ടെത്തല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ നിര്‍മിക്കുന്നവരെക്കൊണ്ട് ഗൂഗിള്‍ സേര്‍ച് ആപ്പ് 2011 മുതല്‍ ബലമായി ഇന്‍സ്റ്റോള്‍ ചെയ്യിപ്പിച്ചു എന്നാണ്. അതോടൊപ്പം ഗൂഗിളിന്റെ ക്രോം ബ്രൗസറും, ഗൂഗിള്‍ പ്ലേയും കൂടെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവത്രെ. ഇവയൊന്നും അണ്‍ഇന്‍സറ്റോള്‍ ചെയ്യാന്‍ ഉപയോക്താവിനും സാധിക്കില്ല. ഇതിനു വിപരീതമായി ഏതെങ്കിലും ഫോണ്‍ നിര്‍മാതാവു പ്രവര്‍ത്തിച്ചാല്‍ ഗൂഗിള്‍ അവരെ ബ്ലോക് ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. (ആന്‍ഡ്രോയിഡിലൂടെ ഗൂഗിള്‍ നടത്തിവരുന്ന ഉപയോക്താക്കളുടെ ഡേറ്റാ കടത്തല്‍ കമ്മിഷന്റെ പരിഗണനാ വിഷയമായിരുന്നില്ല.)

വിധി, സാംസങ്, ലെനോവോ തുടങ്ങിയ ഫോണ്‍ നിര്‍മാതക്കള്‍ക്കു ഗുണകരമായേക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഗൂഗിള്‍ അടിച്ചേല്‍പ്പിക്കുന്ന ആപ്പുകള്‍ക്കു പകരം അവര്‍ക്ക് ആമസോണിനോ മൈക്രോസോഫ്റ്റിനോ ഒപ്പം നിന്ന് തങ്ങളുടെ ഫോണുകള്‍ നിര്‍മിക്കാനായേക്കും. ഇതാകട്ടെ, ഉപകരണ നിര്‍മാതാക്കള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്കും ഗുണകരമായേക്കാമെന്നാണ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചത്. മുഴുവന്‍ ആന്‍ഡ്രോയിഡിന്റെ ഗുണവും തുറന്നു കിട്ടുമ്പോള്‍ തന്നെ, ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് അവരുടെ രീതിയില്‍ മാറ്റങ്ങള്‍ വരുത്താനും അനുവദിക്കുന്നതാണ് പുതിയ മാറ്റങ്ങള്‍. (മറ്റൊരു രസകരമായ കാര്യം, ഒരിക്കല്‍ ഗൂഗിള്‍ ഓടിച്ചു വിട്ട മൈക്രോസോഫ്റ്റ് ഒരു ആന്‍ഡ്രോയിഡ് ഫോണിന്റെ പണിപ്പുരിയിലാണ് ഇപ്പോള്‍ എന്നു കേള്‍ക്കുന്നു. പുതിയ വിധി പ്രകാരം, ഒരു പക്ഷേ, അവര്‍ക്കിനി തങ്ങളുടെ രീതിയില്‍ ഫോണ്‍ ഇറക്കാനായേക്കും.)

സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് മറ്റു സോഫ്റ്റ്‌വെയര്‍ സൃഷ്ടാക്കളുടെ ബ്രൗസറുകളും മറ്റും പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചേക്കും. അതിനായി ആവര്‍ക്കു പൈസയും വാങ്ങാമെന്നാണ് ഓപ്പണ്‍ സിഗ്നലിന്റെ (OpenSignal) വിദഗ്ധൻ ഇയന്‍ ഫോഗ് പറഞ്ഞത്. ആമസോണിന്റെ അലക്‌സയോ, മൈക്രോസോഫ്റ്റിന്റെ ബിങോ ആയി ഇറങ്ങുന്ന ഫോണുകള്‍ക്കും ഗൂഗിളിന്റെ യുട്യൂബും, മാപ്‌സുമൊക്കെ അടങ്ങുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായേക്കുമെന്നാണ്. അതാണ് യൂറോപ്യന്‍ യൂണിയന്‍ വിധിയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്. വിധിയെക്കുറിച്ചു പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ്, ആമസോണ്‍, സാംസങ്, ലെനോവോ എന്നീ കമ്പനികള്‍ വിസമ്മതിച്ചു.

ഒന്നും സംഭവിക്കില്ല?

ഉപയോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള സേര്‍ച് എൻജിന്‍ ഉപയോഗിക്കാം. പക്ഷേ, ചിലരെങ്കിലും ഡിഫോള്‍ട്ട് ആപ്പുകള്‍ ഉപയോഗിക്കുമെന്നാണ് തങ്ങളുടെ കണ്ടെത്തല്‍ എന്നാണ് കമ്മിഷന്‍ പറയുന്നത്. എന്നാല്‍, പ്രധാന സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ ഗൂഗിളിന്റെതിനേക്കാള്‍ മോശപ്പെട്ട ആപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഒരു പ്രധാന സ്മാര്‍ട് ഫോണ്‍ നിര്‍മാതാവു പറഞ്ഞത്. പക്ഷേ, അപ്പോഴും പുതിയ ഒരു പ്രതീക്ഷ വന്നിട്ടുണ്ടെന്നു കാണാം. ഇപ്പോഴത്തെ നിലയില്‍ എത്ര നല്ല ആപ്പ് ഉണ്ടാക്കിയാലും ആന്‍ഡ്രോയിഡില്‍ പ്രധാന റോളുകളിലേക്കു പ്രവേശനം ലഭിക്കില്ല. നാളെ അതു മാറാം. ഉദാഹരണം പറഞ്ഞാല്‍ ആമസോണിന്റെ അലക്‌സ നാളെ ഗൂഗിള്‍ വോയ്‌സ് സേര്‍ചിനെക്കാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നിരിക്കട്ടെ. ഒരു സ്മാര്‍ട് ഫോണ്‍ നിര്‍മാതാവിന് വേണമെങ്കില്‍ അലക്‌സയുടെ സേവനം നല്‍കാം. അതിലൂടെ ആമസോണിന്റെ കയ്യില്‍ നിന്നു പൈസ പോലും വാങ്ങാന്‍ പറ്റിയേക്കും. എന്നാല്‍, ഇതൊന്നും ഇന്റര്‍നെറ്റിലെ ഗൂഗിളിന്റെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കള്‍ക്കു സാധിക്കില്ലെന്നം വിലയിരുത്തലുകളുണ്ട്.

ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കള്‍ക്കു പൈസ കൊടുത്ത്, കാശിനു ക്ഷാമമില്ലാത്ത ഗൂഗിളിന് തങ്ങളുടെ സേര്‍ച്ചും മറ്റും വീണ്ടും പഴയതു പോലെ കൊണ്ടു നടക്കാമെന്നും വിലയിരുത്തപ്പെടുന്നു. സേര്‍ചിലൂടെയാണ് ഗൂഗിള്‍ തങ്ങളുടെ പൈസയില്‍ സിംഹഭാഗവും വാരുന്നത്. (ഐഫോണില്‍ ഡിഫോള്‍ട്ട് സേര്‍ച് എൻജിനാകാന്‍ ഗൂഗിള്‍ ആപ്പിളിനു പൈസ കൊടുക്കുന്നുണ്ട്. പക്ഷേ, സ്വകാര്യതയെക്കുറിച്ചു ചെറിയ ബോധമെങ്കിലുമുള്ള ഉപയോക്താക്കള്‍ക്ക് ഡക്ഡക്‌ഗോ തുടങ്ങിയ സേര്‍ച് എൻജിനുകള്‍ മാറി ഉപയോഗിക്കാന്‍ ആപ്പിള്‍ അനുവദിക്കുന്നുണ്ട്.) പുതിയ മാറ്റങ്ങള്‍ക്കു ശേഷവും ഗൂഗിള്‍ തന്നെ തങ്ങളുടെ ഭരണം ചിട്ടയായി തുടരുകതന്നെ ചെയ്യുമെന്നാണ് മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ മുന്‍ പ്രതിനിധി റോബര്‍ട്ട് മാര്‍ക്കസ് പ്രതികരിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം ഇനി വേണമെങ്കില്‍ ആമസോണിന്റെ ഫയര്‍ ഒഎസ് ഉപയോഗിച്ച് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കാം. ആന്‍ഡ്രോയിഡിന്റെ ഒരു ഫോര്‍ക്ക്ഡ് ഫോം ആണ് ഫയര്‍ ഒഎസ്. ഗൂഗിള്‍ ഇത്തരം ഫോര്‍ക്കു ചെയ്ത ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ അനുവദിച്ചിരുന്നുവെങ്കിലും പല ലൈസന്‍സുകളും നല്‍കിയിരുന്നില്ല. എന്നാല്‍, ഫയര്‍ ഒഎസ് പോലെയുള്ള ഫോര്‍ക്ഡ് ഒഎസുകള്‍ക്ക്, ഗൂഗിള്‍ മാപ്‌സ് പോലെയുള്ള ഗൂഗിള്‍ ആപ്പുകള്‍ ആവശ്യമാണെങ്കില്‍ ഉപയോഗിക്കാന്‍ ആനുവദിക്കണമെന്ന് പറയാന്‍ മറന്നു പോയോ എന്ന്, റോപ്യന്‍ കമ്മിഷന്റെ വിധി ശരിയാണെന്നു പറയുന്നവര്‍ പോലും ചോദിക്കുന്നു. ഈ ഒരു കാര്യത്തിലൂടെ മാത്രം യൂറോപ്യന്‍ കമ്മിഷന്റെ വിധി ഒരു നിരീക്ഷണം നടത്തിയതു പോലെയെ ഉള്ളു. അതില്‍ നടപ്പാക്കാന്‍ കാര്യമായി ഒന്നുമില്ലെന്നു പറയുന്നവരും ഉണ്ട്. ഫോര്‍ക്ക്ഡ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവരെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും പ്രോത്സാഹിപ്പിച്ചേക്കില്ലെന്നു പറയുന്നവരും ഉണ്ട്.

എന്നാല്‍, ആന്‍ഡ്രോയിഡില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഗൂഗിളിന്റെ ട്രാക്കിങ് പേടിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ വേണ്ടെന്നു തീരുമാനിച്ചിരിക്കുന്നവര്‍ക്ക് ഒരു പക്ഷേ, മൈക്രോസോഫ്‌റ്റോ മറ്റൊ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മിക്കുന്നുണ്ടെങ്കില്‍ അതു പരിഗണിക്കാവുന്നതാണ്. ഒപ്പം ഡ്ക്ഡക്‌ഗോ പോലെയുള്ള സേര്‍ച് എൻജിനുകള്‍ക്ക് ഇതൊരു പ്രോത്സാഹനവുമായി തീരാം. ആമസോണിന്റെ അലക്‌സ കുറച്ചു ഫോണുകളിലെങ്കിലും സ്മാര്‍ട് അസിസ്റ്റന്റ് ആയേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA