sections
MORE

45,000 രൂപയ്ക്ക് 2018 ഐഫോൺ, ഫുള്‍ ആക്ടീവ് ഡിസ്‌പ്ലെ, 6.1 ഇഞ്ച് വലുപ്പം?

iphone-2018
SHARE

ഈ വര്‍ഷം മൂന്ന് ഐഫോണുകള്‍ വിപണിയിൽ എത്തുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. രണ്ട് ഓലെഡ് (OLED) സ്‌ക്രീനുള്ള മോഡലുകളും ഒരു എല്‍സിഡി സ്‌ക്രീനുള്ള മോഡലും. ഇവയില്‍ എല്‍സിഡി സ്‌ക്രീനുള്ള മോഡലായരിക്കും വിലകുറഞ്ഞ ഐഫോണ്‍. എന്നാല്‍ കുറഞ്ഞ മോഡലിലും മാറ്റത്തിന്റെ പെരുമഴ പ്രതീക്ഷിക്കുന്നു. 

പുതിയ ഫോണിന് 6.1-ഇഞ്ച് വലിപ്പമുള്ള ഫുള്‍ ആക്ടീവ് ഡിസ്പ്ല ആയിരിക്കും നല്‍കുക എന്നാണ് ഒരു അവകാശവാദം. ഈ മോഡലിന്റെ പേര് ഐഫോണ്‍ 9 എന്നായിരിക്കാം. (ഇപ്പോഴുള്ള ഐഫോണ്‍ 8/8 പ്ലസ് മോഡലുകള്‍ പോലെ രണ്ടു വേരിയന്റുകള്‍ ഉണ്ടാവില്ലെന്നാണ് അഭ്യൂഹം.) ഈ വര്‍ഷത്തെ ഏറ്റവും വില കുറഞ്ഞ മോഡല്‍ ഇതായിരിക്കാം. ജപ്പാനിലെ ബ്ലോഗായ മകോടാകര (Macotakara) ആണ് ഈ വേരിയന്റിന്റെ ഡിസ്‌പ്ലെയെ വിളിക്കുന്നത് ഫുള്‍ ആക്ടീവ് (FULL ACTIVE) എന്നായിരിക്കുമെന്നു പറയുന്നത്. 

എല്‍ജി, സാംസങ് തുടങ്ങിയ കമ്പനികളായിരുന്നു ആപ്പിളിന് എല്‍സിഡികള്‍ ഇതു വരെ നല്‍കിയിരുന്ന കമ്പനികള്‍. എന്നാല്‍, പുതിയ ഐഫോണിന്റെ ഡിസ്‌പ്ലെ നിര്‍മിക്കുന്നത് ജപ്പാന്‍ ഡിസ്‌പ്ലെ (Japan Display) ആയിരിക്കുമെന്നും പറയുന്നു. ജപ്പാന്‍ ഡിസ്‌പ്ലെ കമ്പനിയുടെ, മൂന്നാം തലമുറയിലെ ജപ്പാന്‍ പിക്‌സല്‍ ഐസ് ടച് സെന്‍സര്‍ സിസ്റ്റം സാങ്കേതികവിദ്യയായിരിക്കും ഇതില്‍ കാണുകയെന്നു പറയുന്നു.

എന്നാല്‍, ഈ ഡിസ്‌പ്ലെയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം തുടങ്ങിയത് ജൂലൈയില്‍ മാത്രമാണെന്നും അതുകൊണ്ട് ഈ മോഡല്‍ വിപണിയിലെത്താന്‍ അല്‍പ്പം വൈകിയേക്കുമെന്നും പറയുന്നു. (ഐഫോണ്‍ അവതരണം സെപ്റ്റംബറില്‍ തന്നെ നടന്നേക്കും. പക്ഷേ, വിപണിയിലെത്തുന്നതു നവംബറില്‍ ആയിരിക്കുമെന്നാണ് കേള്‍വി.) നേരത്തെ മോര്‍ഗന്‍ സ്റ്റാന്‍ലി കമ്പനിയില്‍ നിന്നുള്ള കാറ്റി ഹ്യൂബെര്‍ട്ടിയും ഈ കാര്യം പ്രവചിച്ചിട്ടുണ്ട്. ഈ ഡിസ്‌പ്ലെയ്ക്ക് ബാക്‌ലൈറ്റ് ലീക്കു ചെയ്യുന്ന പ്രശ്‌നമുണ്ട്. അതുകൊണ്ട് നിര്‍മാണം ഒരു മാസം വൈകിയേക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, മറ്റൊരു ആപ്പിള്‍ വിശകലനവിദഗ്ദ്ധനായ മിങ് ചി-കുവോ (Ming Chi-Kuo) പറയുന്നത് ഡിസ്‌പ്ലെയ്ക്കു പ്രശനമുണ്ടെങ്കിലും ഫോണ്‍ ഇറക്കുന്നതില്‍ വലിയ കാലതാമസം നേരിട്ടേക്കില്ലെന്നാണ്.

ഫോണിന്റെ ഡിസ്‌പ്ലെയ്ക്ക് വളരെ നേര്‍ത്ത ബെസല്‍ ആയിരിക്കും ഉണ്ടായിരിക്കുക. അത് ഇതുവരെയുള്ള എല്‍സിഡി സ്‌ക്രീനുള്ള ഐഫോണുകളെക്കാളേറെ ആകര്‍ഷകമായിരിക്കുമെന്നും പറയുന്നു. ഐഫോണ്‍ Xല്‍ മാത്രമാണ് ഇത്രയും നേര്‍ത്ത ബെസലുള്ള സ്‌ക്രീന്‍ ആപ്പിള്‍ ഇതുവരെ പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, അതൊരു ഓലെഡ് സ്‌ക്രീനുള്ള മോഡലാണല്ലോ. എല്‍സിഡി മോഡല്‍ ഐഫോണ്‍ 8/8പ്ലസ് മോഡലുകളുടെ പുതുക്കിയ വേര്‍ഷനായിരിക്കും. അതേസമയം, ആപ്പിള്‍ ഓലെഡ് സ്‌ക്രീനുള്ള രണ്ടു മോഡലുകളായിരിക്കും ഈ വര്‍ഷം ഇറക്കുക എന്നും കേള്‍ക്കുന്നു.

പുതിയ മോഡലുകളുടെ വില 

ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കായിരിക്കാം അടുത്ത തലമുറ മോഡലുകള്‍ എത്തുന്നതെന്നാണ് പുതിയ പ്രവചനം. ഏറ്റവും കുറഞ്ഞ മോഡലായ 6,1-ഇഞ്ച് വലിപ്പമുളള ഫോണിന് പ്രതീക്ഷിക്കുന്ന വില ഏകദേശം 45,000 രൂപ മുതല്‍ 55,000 രൂപ വരെയാണ്. ഇപ്പോള്‍ വിപണിയിലുളള മോഡലുകളേക്കാള്‍ ഫീച്ചറുകളും പുതിയ മോഡലിന് ഉണ്ടായരിക്കുമെന്നത് ഐഫോണ്‍ ആരാധകരെ ആകാംക്ഷയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. 

ഐഫോണ്‍ Xന്റെ പുതുക്കിയ പതിപ്പ് ഏകദേശം 60,000 രൂപയ്ക്കും 70,000 രൂപയ്ക്കും ഇടയില്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മോഡലിന് 5.8-ഇഞ്ച് ഓലെഡ് സ്‌ക്രീനും, ഇപ്പോഴത്തെ ഐഫോണ്‍ Xല്‍ ഇല്ലാത്ത നിരവധി ഫീച്ചറുകളും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഈ വര്‍ഷത്തെ ഏറ്റവും വിലകൂടിയ മോഡലായ 6.5-ഇഞ്ചു വലുപ്പമുള്ള, ഏറ്റവും മുന്തിയ ഐഫോണിന് ഏകദേശം 70,000- 80,000 രൂപ വിലയായാണ് പ്രതീക്ഷിക്കുന്നത്. 

പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ആപ്പിള്‍ തങ്ങളുടെ ഫോണുകള്‍ക്ക് വിലകുറയ്ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ മറ്റു നിര്‍മാതാക്കളും അവരുടെ ഫോണുകളുടെ വില കുറയ്ക്കാന്‍ നര്‍ബന്ധിതരായേക്കും. കഴിഞ്ഞ വര്‍ഷം ആപ്പിളിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനങ്ങളിലൊന്ന് ഒരു വര്‍ഷത്തേക്കു മാത്രം പുതുമ നില്‍ക്കുന്ന ഒരു ഫോണിന് 1,000 ഡോളര്‍ വാങ്ങുന്നത് ശരിയല്ല എന്നാണ്. 

കൂടാതെ, മാര്‍ക്കറ്റ് നിരീക്ഷകര്‍ പറയുന്നത് വില കൂടുന്നത്, കൂടുതല്‍ എണ്ണം ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുന്നതിന് തടസ്സമാണെന്നാണ്. സ്മാര്‍ട് ഫോണ്‍ വിപണിയ്ക്ക് ഇനി അതികം മുന്നേറാനില്ല. വില കൂട്ടിയാല്‍ പലരും അവരുടെ മുന്‍വര്‍ഷത്തെ മോഡലുകള്‍ അപ്‌ഗ്രേഡു ചെയ്യാന്‍ വിസമ്മതിക്കും എന്നതാണ് ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഉള്‍ക്കൊണ്ട പാഠം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA