sections
MORE

ഗ്യാലക്‌സി നോട്ട് 9 ഐഫോണിന് വെല്ലുവിളിയാകുമോ?

galaxy-note9
SHARE

ഈ വര്‍ഷത്തെ സുപ്രധാന ടോപ്-എന്‍ഡ് ഫോണുകളില്‍ ഒന്നായ സാംസങ് ഗ്യാലക്‌സി നോട്ട് 9 താമസിയാതെ അവതരിപ്പിക്കുമെന്നറിയുന്നു. സാധാരണഗതിയില്‍ സാംസങ്ങിന്റെ പ്രധാന മോഡലുകള്‍ ഐഫോണ്‍ അവതരണത്തിന് അപ്പുറവും ഇപ്പുറവും ആയിരിക്കും എത്തുക. അതായത്, സാംസങ്ങിന്റെ മറ്റൊരു പ്രധാന മോഡലായ ഗ്യാലകസി S9 ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. ഇനി നോട്ട് സീരിസിലെ നോട്ട് 9 മോഡലുകള്‍ സെപ്റ്റംബറിലെ ഐഫോണ്‍ അവതരണത്തിനു ശേഷമായിരിക്കും എത്തുക. ഈ വര്‍ഷം സാംസങ് ആ രീതിക്കു മാറ്റം വരുത്തുകയാണ്. ഓഗസ്റ്റ് 9ന് നോട്ട് 9 അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

പുതിയ മോഡലുകളുടെ ഏകദേശ വിലയും പുറത്തായിട്ടുണ്ട്. ഇന്തൊനീഷ്യന്‍ വിപണിയിൽ എത്താനിരിക്കുന്ന 128GB/512GB മോഡലുകളുടെ വിലയാണ് പുറത്തായിരിക്കുന്നത്. അവയുടെ പരസ്യ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ എത്തുകയായിരുന്നു. 128 GB സംഭരണശേഷിയുള്ള കുറഞ്ഞ വേരിയന്റിന് ഏകദേശം 64,000 രൂപയായിരിക്കാം വില. കൂടിയ മോഡലിന് ഏകദേശം 83,000 രൂപ വന്നേക്കും.

എന്നാല്‍, സാധാരണ ഗതിയില്‍ കാണുന്ന 64GB/256GB മോഡലുകളെക്കുറിച്ച് സൂചനകള്‍ ഇല്ല. ഒരു പക്ഷേ, 4K വിഡിയോയും മറ്റും റെക്കോഡു ചെയ്യാവുന്ന ഫ്‌ളാഗ്ഷിപ് ഫോണുകള്‍ക്ക് 64GB തീരെക്കുറവാണെന്ന് തീരുമാനിച്ചതിനാലാകാം അത്. സാംസങ്ങിന്റെ S പെന്നിനും (S Pen) ചെറിയ ഡിസൈന്‍ വ്യത്യാസം ഈ വര്‍ഷമുണ്ട്. (ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡല്‍ ഐഫോണിന് ഒരു സ്‌റ്റൈലസ് കണ്ടേക്കാമെന്നും ചില അഭ്യൂഹങ്ങളുണ്ട്.)

സാംസങ് ഗ്യാലക്‌സി നോട്ട് 9 ല്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍:

18.5:9 അനുപാതത്തിലുള്ള, 6.4-ഇഞ്ച് ക്വാഡ് എച്ഡി പ്ലസ് (QHD+) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെയാണ് ഈ മോഡലിനു പ്രതീക്ഷിക്കുന്നത്. ഡിസ്‌പ്ലെ നിര്‍മാണത്തില്‍ സാംസങ്ങിനുള്ള കഴിവുകള്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലായിരിക്കുമിത് എത്തുന്നത്. 8GB വരെ റാമും 512GB വരെ സംഭരണ ശേഷിയുമുള്ള വേരിയന്റുകളും പ്രതീക്ഷിക്കുന്നു.

നവീകരിച്ച ഇരട്ട ക്യാമറകളായിരിക്കും മറ്റൊരു ആകര്‍ഷണീയത. നോട്ട് 9ല്‍ എടുക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും ഗുണമേന്മ ഉയര്‍ത്താനുള്ള ചില ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. രാജ്യാന്തര വിപണിയിൽ സാംസങ്ങിന്റെ എക്‌സിനോസ് 9810 പ്രൊസസറോ അല്ലെങ്കില്‍ അതിലും പുതിയ എക്‌സിനോസ് 9820 പ്രൊസസറോ (Exynos 9810/9820 SoC) ആയിരിക്കാം ശക്തി പകരുന്നത്. എന്നാല്‍ അമേരിക്കന്‍ വിപണിയിൽ എത്തിക്കാനുള്ള മോഡലുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറായിരിക്കും ഉണ്ടാകുക.

പുതിയ ഫീച്ചറുകളുള്ള ഫോണ്‍ കാണിച്ച് പൊതുവെ ഐഫോണ്‍ പ്രേമികളുടെ മനമിളക്കാന്‍ സാംസങ്ങിനു സാധിക്കുമോ എന്നു കാത്തിരുന്നു കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA